Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരണം കാണിക്കൽ നോട്ടീസ് തനിക്ക് കിട്ടുന്നതിന് മുമ്പ് പത്രത്തിൽ അടിച്ചുവന്നു; ലക്ഷ്യം മാനഹാനിയുണ്ടാക്കുക തന്നെയെന്ന് വ്യക്തം; എട്ട് വർഷം മുമ്പത്തെ അവധിക്കാര്യത്തിൻ മേലുള്ള ചീഫ് സെക്രട്ടറിയുടെ നടപടി ശുപാർശയെ നിയമപരമായി നേരിടാനുറച്ച് ജേക്കബ് തോമസ്; ഡിജിപിയുടെ ആദ്യ പ്രതികരണം മറുനാടൻ മലയാളിക്ക്

കാരണം കാണിക്കൽ നോട്ടീസ് തനിക്ക് കിട്ടുന്നതിന് മുമ്പ് പത്രത്തിൽ അടിച്ചുവന്നു; ലക്ഷ്യം മാനഹാനിയുണ്ടാക്കുക തന്നെയെന്ന് വ്യക്തം; എട്ട് വർഷം മുമ്പത്തെ അവധിക്കാര്യത്തിൻ മേലുള്ള ചീഫ് സെക്രട്ടറിയുടെ നടപടി ശുപാർശയെ നിയമപരമായി നേരിടാനുറച്ച് ജേക്കബ് തോമസ്; ഡിജിപിയുടെ ആദ്യ പ്രതികരണം മറുനാടൻ മലയാളിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാനുള്ള നീക്കം സജീവമാണ്. അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും ഡിജിപി സെൻകുമാർ നൽകി കഴിഞ്ഞു. നേരത്തെ ഫയർഫോഴ്‌സ് മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം നടത്തിയ ചില പാർമർശങ്ങളിൽ അച്ചടക്ക നടപടിക്ക് ശ്രമം നടത്തിയിരുന്നു. എന്നാൽ അത് എന്തുകൊണ്ടോ നടക്കാതെ പോയി. എന്നിട്ടും പകമാറാതെയുള്ള നീക്കങ്ങൾ ജേക്കബ് തോമസിനെതിരെ സജീവമാണ്. അതിന്റെ ഭാഗമായാണ് പുതിയ കാരണം കാണിക്കൽ നോട്ടീസ്. എന്നാൽ ഇതിനെ നിയമപരമായി നേരിടാനാണ് ജേക്കബ് തോമസിന്റെ തീരുമാനം.

എനിക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് അറിയുകയുമില്ല. എന്നാൽ തനിക്കെതിരെ അത്തരമൊരു നോട്ടീസ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത് എനിക്ക് ലഭിക്കും മുമ്പേ മംഗളം പത്രത്തിൽ അടിച്ചു വന്നു. ഇതിന് പിന്നിലുള്ള വികാരം തനിക്ക് മനോഹാനിയുണ്ടാക്കുകയാണ്. അല്ലാത്ത പക്ഷം പത്രത്തിന് ലഭിക്കുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് തനിക്ക് കിട്ടുമായിരുന്നു-മറുനാടൻ മലയാളിയോടെ പുതിയ വിവാദത്തെ കുറിച്ച് ജേക്കബ് തോമസ് പ്രതികരിച്ചത് ഇങ്ങനെയാണ്. നടപടികളെ നിയമപരമായി നേരിടുമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ടുയരുന്ന വാർത്തകളോട് മറ്റ് തലത്തിൽ ഈ ഘട്ടത്തിൽ പ്രതികരിക്കാനും അദ്ദേഹം തയ്യാറല്ല. എന്നാൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ക്ലോസ് ചെയ്ത ഫയൽ പൊടിതട്ടിയെടുക്കുന്നതിന് പിന്നിൽ ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുകയെന്ന ലക്ഷ്യമാണുള്ളതെന്ന് പൊലീസിലെ ഒരു വിഭാഗം വിമർശനം ഉയർത്തിക്കഴിഞ്ഞു.

ഫയർഫോഴ്‌സ് മേധാവി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പരസ്യ പ്രസ്താവനകളിൽ ജേക്കബ് തോമസ് നിയമനടപടിക്ക് അനുമതി തേടിയിരുന്നു. എന്നാൽ അത് അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിൽ വ്യക്തിപരമായി നീങ്ങാൻ ജേക്കബ് തോമസ് തയ്യാറെടുക്കുന്നുവെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ പുതിയ നീക്കമെന്നും വിലയിരുത്തലുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ സമ്മർദ്ദത്തിൽപ്പെടുത്തി കാര്യസാധ്യത്തിനാണ് ശ്രമെന്നാണ് ആക്ഷേപം. എന്നാൽ ഇക്കാര്യങ്ങളിൽ പരസ്യ പ്രതികരണത്തിന് ജേക്കബ് തോമസ് ഈ ഘട്ടത്തിൽ തയ്യാറുമല്ല.

സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്ത് മാസംതോറും ഒന്നരലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നമുള്ള ആരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടപടി എടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം കുത്തിപ്പൊക്കിയാണ് ഇപ്പോൾ സർക്കാറിന് തലവേദനയായ ഉദ്യോഗസ്ഥനെ ഒതുക്കാൻ ശ്രമം ആരംഭിച്ചത്. ഗവേഷണം നടത്താനെന്ന പേരിൽ മൂന്നു തവണയായി ഒമ്പതു മാസത്തെ അവധിയെടുത്ത ജേക്കബ് തോമസ് കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ അദ്ധ്യാപകനായി ജോലി നോക്കി എന്നാണ് ആരോപണം. ഇതിനുള്ള പ്രതിഫലമായി മാസംതോറും 1,69,500 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയെന്നുമാണ് റിപ്പോർട്ട്.

എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥനായ കെ എം എബ്രഹാം സമാനമായ രീതിയിൽ സർക്കാരിൽ നിന്ന് ലീവെടുത്തിട്ടുണ്ട്. അതേ രീതിയാണ് ജേക്കബ് തോമസും പിന്തുടർന്നത്. ജേക്കബ് തോമസ് അഴിമതിക്കാരനാണെന്ന് വരുത്തുന്ന ഹർജി ലോകായുക്തയിൽ കോൺഗ്രസ് നേതാവ് നൽകിയിരുന്നു. ഇതിലെ ഭൂമി കൈയേറ്റവും മറ്റും തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കം. അനധികൃതമായി ശമ്പളം വാങ്ങിയ കേസിൽ വിജിലൻസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ജേക്കബ് തോമസ് കള്ളക്കളി നടത്തിയെന്നാണ് ചീഫ് സെക്രട്ടറിയുടെ ഇപ്പോഴത്തെ ആരോപണം. പണം തിരിച്ചടച്ച് അച്ചടക്ക നടപടികളിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും തികഞ്ഞ അച്ചടക്ക ലംഘനവുമാണ് ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ റിപ്പോർട്ടിൽ പറയുന്നു.

ചീഫ് സെക്രട്ടറി ജിജി തോംസന്റെ റിപ്പോർട്ടിന്മേൽ നടപടി വേണ്ടെന്ന നിലപാടിലാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ. സർവീസ് ചട്ടം ലംഘിക്കുകയും സർക്കാരിനെ കബളിപ്പിക്കുകയും ചെയ്ത ഡി.ജി.പിക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ പൊലീസിന്റെ മനോവീര്യം തകർക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസൺ ഫയലിൽ കുറിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി. അച്ചടക്ക നടപടിക്ക് മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടിസ് ജേക്കബ് തോമസിനു നൽകാനായി കഴിഞ്ഞ ദിവസം രാത്രി തയ്യാറായി. ചീഫ് സക്രട്ടറി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ മുഖാന്തിരം കാരണംകാണിക്കൽ നോട്ടീസ് ജേക്കബ് തോമസിന് കൈമാറാൻ ശ്രമവും തുടങ്ങി. ഇന്ന് രാവിലെ ഓഫീസിലെത്തുമ്പോൾ അദ്ദേഹത്തിന് അത് ലഭിക്കും.

പണം തിരിച്ചടച്ച സ്ഥിതിക്ക് നടപടി വേണ്ടെന്നായിരുന്നു ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഈ ഫയലിൽ രേഖപ്പെടുത്തിയത്. 2008 ഡിസംബർ പത്തിനാണ് ഗവേഷണ സംബന്ധമായ ആവശ്യങ്ങൾക്കായി ജേക്കബ് തോമസ് അവധി അപേക്ഷ നൽകിയത്. മൂന്നുമാസത്തിനുശേഷം വീണ്ടും അദ്ദേഹം അവധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. അതിനുശേഷം 2009 ജൂലൈ 20ന് അസാധാരണ അവധിക്കു അപേക്ഷ നൽകി. ഗവേഷണത്തിനുള്ള പ്രബന്ധം തയാറാക്കുന്നതിനായി നിരവധി പേരെ കാണേണ്ട ആവശ്യമുണ്ടെന്നു അദ്ദേഹം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ അദ്ദേഹം അദ്ധ്യാപകനായി ജോലിചെയ്യുകയായിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

കുടുങ്ങുമെന്നുറപ്പായപ്പോൾ തുക തിരിച്ചടച്ചു. പക്ഷേ, അഖിലേന്ത്യാ സർവീസ് നിയമ പ്രകാരം ഗുരുതര അച്ചടക്ക ലംഘനമാണ് ജേക്കബ് തോമസ് നടത്തിയത്. വിജിലൻസ് റിപ്പോർട്ട് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കുമേൽ തൂങ്ങിയപ്പോഴാണ് പണം തിരിച്ചടച്ച് രക്ഷപ്പെടാൻ ജേക്കബ് തോമസ് ശ്രമിച്ചതെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. പണം തിരിച്ചടച്ചെങ്കിലും അത് ചെയ്ത് തെറ്റിനു പരിഹാരമാകുന്നില്ല. കീഴുദ്യോഗസ്ഥർക്ക് മാതൃകയാകേണ്ടവർ സേനയുടെ മനോവീര്യം തകർക്കുന്നത് ഗുരുതരമായ കുറ്റമാണ് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിയമപരമായി പ്രവർത്തിക്കുന്നവരെ തകർക്കുന്ന നീക്കങ്ങളാണ് സേനയുടെ ആത്മബലത്തെ തകർക്കുകയെന്നതാണ് പൊലീസിലെ വലിയൊരു വിഭാഗം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP