Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓഫീസിൽ പോകാൻ കാറില്ല; വിളിക്കാൻ ഫോണില്ല; മേശ തുടക്കാൻ പ്യൂണില്ല; എന്തെങ്കിലും പറഞ്ഞ് ചെയ്യിക്കാൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമില്ല; റിസപ്ഷൻ ഇല്ലാത്തതിനാൽ ആർക്കും എത് സമയവും ആരോടും ചോദിക്കാതെ കയറി ചെല്ലാം; ചെയ്യാനുള്ളത് എന്ത് പണിയെന്ന് ആർക്കുമൊട്ടറിയില്ല താനും; എന്നിട്ടും മീറ്റിങ് വിളിച്ച് ഇരുമ്പു വിലയെ കുറിച്ച് ചർച്ച ചെയ്തും സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപി ഇവിടെ ഉണ്ട്; പിണറായി സർക്കാർ ഡിജിപി റാങ്കിലേക്ക് ഉയർത്തി ജേക്കബ് തോമസിനെ നിയമിച്ച ഓഫീസിലെ സ്ഥിതി ഇങ്ങനെ

ഓഫീസിൽ പോകാൻ കാറില്ല; വിളിക്കാൻ ഫോണില്ല; മേശ തുടക്കാൻ പ്യൂണില്ല; എന്തെങ്കിലും പറഞ്ഞ് ചെയ്യിക്കാൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമില്ല; റിസപ്ഷൻ ഇല്ലാത്തതിനാൽ ആർക്കും എത് സമയവും ആരോടും ചോദിക്കാതെ കയറി ചെല്ലാം; ചെയ്യാനുള്ളത് എന്ത് പണിയെന്ന് ആർക്കുമൊട്ടറിയില്ല താനും; എന്നിട്ടും മീറ്റിങ് വിളിച്ച് ഇരുമ്പു വിലയെ കുറിച്ച് ചർച്ച ചെയ്തും സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപി ഇവിടെ ഉണ്ട്; പിണറായി സർക്കാർ ഡിജിപി റാങ്കിലേക്ക് ഉയർത്തി ജേക്കബ് തോമസിനെ നിയമിച്ച ഓഫീസിലെ സ്ഥിതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ശമ്പളമില്ല... കാറില്ല... ജീവനക്കാരില്ല... ഓഫീസില്ല.... കടലാസ് വാങ്ങാനും പണമില്ല.... പിണറായി വിജയന്റെ പ്രതികാര വാഞ്ചയിൽ പീഡിപ്പിക്കപ്പെട്ട സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ സസ്‌പെൻഷനിൽ സർവ്വീസിന് പുറത്തു നിന്നപ്പോൾ അവസ്ഥ ഇതായിരുന്നു. പിണറായി സർക്കാരിന്റെ പകയുടെ ഇരയായ ജേക്കബ് തോമസ് ഇന്നലെ പുതിയ പദവിയിൽ നിയമിതനായി. ഉത്തരവ് കിട്ടിയപ്പോൾ തന്നെ ചുമതല ഏൽക്കുകയും ചെയ്തു. ഷൊർണൂരിൽ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷവും ജേക്കബ് തോമസിന് ഒന്നുമില്ലാത്ത അവസ്ഥയാണ്. അതായത് സസ്‌പെൻഷൻകാലത്തെ സൗകര്യങ്ങൾ മാത്രമേ ജേക്കബ് തോമസിന് ഇനിയും ഉണ്ടാകൂ. ശമ്പളവും ഇരിക്കാൻ ഒരു ഓഫീസും മാത്രമാണ് നിയമ പോരാട്ടത്തിൽ ജയിച്ച ജേക്കബ് തോമസിന് സർക്കാർ ഇന്നലെ നൽകിയത്. ഒരു ഐപിഎസുകാരൻ കേരളത്തിൽ അനുഭവിക്കുന്ന ആനുകൂല്യമൊന്നും ഷൊർണ്ണൂരിലെ ഓഫീസിൽ ജേക്കബ് തോമസിന് ഇല്ല.

ഓഫീസിൽ പോകാൻ കാറില്ല. അതുകൊണ്ട് തന്നെ ഡ്രൈവറുമില്ല. ഓഫീസ് മുറിയിൽ ആരെയെങ്കിലും വിളിക്കാൻ ലാൻഡ് ഫോണുമില്ല. വെറും മേശയും കസേരയും മാത്രം. ചായ കൊടുക്കാനോ മേശ തുടക്കാനോ പ്യൂണുമില്ല. അതായത് ചായ കുടിക്കണമെങ്കിൽ പുറത്ത് പോകണം. ഓഫീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞ് ചെയ്യിക്കാൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമില്ല. റിസപ്ഷൻ പോലും ഇല്ലാത്തതിനാൽ ആർക്കും എത് സമയവും ആരോടും ചോദിക്കാതെ കേരളത്തിലെ മുതിർന്ന ഡിജിപിക്ക് അടുത്തേക്ക് കയറി ചെല്ലാം. ഈ ഓഫീസിൽ ചെയ്യാനുള്ളത് എന്ത് പണിയെന്ന് ആർക്കുമൊട്ടറിയില്ല താനും. എന്നിട്ടും മീറ്റിങ് വിളിച്ച് ഇരുമ്പു വിലയെ കുറിച്ച് ചർച്ച ചെയ്തും മറ്റും സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപി ഇവിടെ തന്നെ കഴിയുകയാണ്. അഴിമതിക്കെതിരെ ജേക്കബ് തോമസിനൊപ്പം നിന്ന് പൊരുതിയവർ പോലും ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥയോട് പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല. തീർത്തും ഫാസിസ്റ്റ് സമീപനമാണ് ഇടത് സർക്കാർ ജേക്കബ് തോമസിനോട് കാട്ടുന്നത്.

101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തികളും അരിവാളും കോടാലിയുമൊക്കെ കർഷകർക്കും മറ്റ് ആവശ്യക്കാർക്കും ഉണ്ടാക്കിക്കൊടുത്തു കേരളത്തെ വികസിപ്പിക്കലാണു തന്റെ ലക്ഷ്യമെന്നും കത്തിക്കു മൂർച്ച കൂടിയതിന്റെ പേരിൽ മാത്രമേ തന്നെ മാറ്റാൻ സാധ്യതയുള്ളൂ എന്നും ജേക്കബ് തോമസ് ചുമതലയേറ്റ ശേഷം പരിഹസിച്ചിരുന്നു. ഈ പരിഹാസത്തിന്റെ അർത്ഥം വ്യക്തമാക്കുന്ന തരത്തിലാണ് സർക്കാർ ജേക്കബ് തോമസിന് പുതിയ നിയമനം നൽകിയിരിക്കുന്നതെന്നതാണ് വസ്തുതയും. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലൻസ് മേധാവിയുടേതിനു തുല്യമാക്കിയതു സർക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇതു പ്രധാന തസ്തികയായി മാറിയതോടെ വലിയ ഐപിഎസ് ഉദ്യോഗസ്ഥർ ഇങ്ങോട്ടു വരാൻ തിടുക്കം കാട്ടിയാൽ തനിക്ക് എത്രകാലം ഇവിടെ തുടരാൻ കഴിയുമെന്നു പറയാനാകില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നതു വ്യവസായ വകുപ്പിലാണെന്ന സർക്കാരിന്റെ അഭിപ്രായം കൂടിയാകാം തീരുമാനത്തിനു പിന്നിലെന്നും ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങൾക്ക് അപ്പുറം പുതിയ പദവിയിൽ ജേക്കബ് തോമസിന് ചെയ്യാൻ ഒന്നുമില്ല. ചെയ്യാൻ അനുവദിക്കുകയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓഫീസിലെ സൗകര്യങ്ങൾ. വെറുതെ വന്നിരുന്നു പോകാം. എങ്ങനെ എത്തുന്നവെന്ന് പോലും സർക്കാർ ആലോചിക്കുന്നില്ല.

അതിനിടെ ജേക്കബ് തോമസ് കൃത്യസമയത്ത് ഓഫീസിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓഫീസ് സമയം പാലിച്ചില്ലെങ്കിൽ അതിന്റെ പേരിൽ നടപടി എടുക്കാം. ഈ സ്ഥാപനത്തിൽ ജേക്കബ് തോമസ് ഒന്നും ചെയ്തില്ലെന്ന് വരുത്തി സർവ്വീസ് ബുക്കിൽ കളങ്കം രേഖപ്പെടുത്താനും നീക്കമുണ്ട്. അതിന് വേണ്ടി കൂടിയാണ് ആരുമില്ലാത്ത സ്ഥാപനത്തിലെ നിയമനം. ജേക്കബ് തോമസിനെ നിരീക്ഷിക്കാൻ പാലക്കാട്ടെ ഉഗ്രൻ സഖാക്കൾ സദാ സമയവും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയെ ചുറ്റിപ്പറ്റിയുണ്ട്. ഇന്നലെയാണ് ജേക്കബ് തോമസ് ചുമതല ഏറ്റത്. ഗേറ്റിനു പുറത്തു മാധ്യമ പ്രവർത്തകരുടെ തിരക്കു കണ്ടപ്പോഴാണു മെറ്റൽ ഇൻഡസ്ട്രീസിലെ ജീവനക്കാർ അറിയുന്നത്- സ്ഥാപനത്തിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ പദവിയിലേക്കു നിയമിതനായ ജേക്കബ് തോമസ് ചുമതലയേൽക്കാൻ വരുന്നുവെന്ന്. രാവിലെ പതിനൊന്നരയോടെയാണു ഡിജിപി റാങ്കിന്റെ സന്നാഹവും പരിവാരങ്ങളുമൊന്നുമില്ലാതെ അദ്ദേഹം കാറിൽ വന്നിറങ്ങിയത്.

വെള്ള മുണ്ടും കറുപ്പ് ഷർട്ടുമായിരുന്നു വേഷം. സെക്യൂരിറ്റി ജീവനക്കാർ ഓഫിസിലേക്കു വഴികാണിച്ചപ്പോൾ അദ്ദേഹം തിരിഞ്ഞു സ്ഥാപനത്തിലെ പണിശാലയിലേക്കു നടന്നു. കാർഷികോപകരണങ്ങൾ നിർമ്മിക്കുന്ന പണിശാലയും റോഡിന് അഭിമുഖമായുള്ള ഷോറൂമും കണ്ടു. ഷോറൂമിലെ മൺവെട്ടിയും ചിരവയും കൊടുവാളും അരിവാൾ തോട്ടിയുമൊക്കെ കൈയിലെടുത്ത്, ഉറപ്പും മൂർച്ചയും പരിശോധിച്ച ശേഷമായിരുന്നു '101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തികൾ ഉണ്ടാക്കലാണു ലക്ഷ്യം' എന്ന ഇരുതല മൂർച്ചയുള്ള പ്രസ്താവന. ഓഫിസ് മുറിയിൽ കയറിയതോടെ, മുൻവശത്തെ ബോർഡ് ജീവനക്കാർ അഴിച്ചുമാറ്റി.എംഡിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ജെ. ചന്ദ്രബോസിന്റെ പേരായിരുന്നു ബോർഡിൽ. ജേക്കബ് തോമസ് വരുന്ന വിവരം അറിയാതെ ചന്ദ്രബോസ് പാലക്കാട്ടേക്കു പോയിരുന്നു. ഒന്നര മണിക്കൂറിനു ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്. ചന്ദ്രബോസ് എത്തിയതോടെ ഔദ്യോഗികമായ ചുമതല കൈമാറൽ പൂർത്തിയായി.

വിജിലൻസ് കേസിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡി.ജി.പി. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർക്കു തുല്യമായ തസ്തികയിൽ തിരിച്ചെടുത്ത് വിവാദം അവസാനിപ്പിക്കുന്ന തട്ടിപ്പ് രീതിയാണ് സർക്കാർ കൈക്കൊണ്ടത്. സസ്പെൻഷനെതിരേ ജേക്കബ് തോമസ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ, അദ്ദേഹത്തെ ഡി.ജി.പി. പദവിക്കു തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു വിധി. തുടർന്ന്, താരതമ്യേന ചെറിയസ്ഥാപനമായ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ട്രിബ്യൂണൽ വിധി പാലിക്കുന്നതിനായി ഈ തസ്തിക വിജിലൻസ് ഡയറക്ടറുടേതിനു തുല്യമായ കേഡർ തസ്തികയാക്കി. മന്ത്രി ഇ.പി. ജയരാജൻ ചുമതല വഹിക്കുന്ന വ്യവസായവകുപ്പിനു കീഴിലാണു ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ്. ജയരാജൻ ബന്ധുനിയമനവിവാദത്തിൽ കുടുങ്ങി രാജിവയ്ക്കേണ്ടിവന്ന സംഭവത്തിൽ കേസ് ശക്തമാക്കിയത് അന്നു വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസായിരുന്നു.

തുടർന്ന് അദ്ദേഹത്തെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. അതേ ജേക്കബ് തോമസ് നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തുന്നതു ജയരാജനു കീഴിലാണെന്നതാണു കൗതുകകരം. ജേക്കബ് തോമസിനു വിജിലൻസ് ഡയറക്ടർ പദവി നൽകിക്കൊണ്ടുള്ള ഉത്തരവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഒപ്പുവച്ചത്. എന്നാൽ ഈ ഓഫീസിൽ കേരളത്തിലെ മറ്റ് ഐപിഎസുകാർക്ക് കിട്ടുന്ന സൗകര്യമൊന്നും സർക്കാർ ഒരുക്കാതെ പീഡനം തുടരുകയാണ്.

ഇത് സ്രാവുകൾക്കെതിരെ നീന്തിയതിന്റെ പ്രതികാരം

സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ് എല്ലാം തകിടം മറിച്ചു. സ്പോർട്സ് കൗൺസിൽ അഴിമതി കൂടി വിജിലൻസ് ഡയറക്ടറുടെ മുന്നിൽ എത്തിയപ്പോൾ ജേക്കബ് തോമസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അധികാര കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനം പോയി. ആദ്യം അവധി. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടർ സ്ഥാനം. അതിലും തീർന്നില്ല പക. അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ സസ്‌പെന്റ് ചെയ്തു. ഓഖിയിലെ പ്രസംഗമായിരുന്നു ഇതിന് കാരണം. പിന്നീട് വീണ്ടും സസ്‌പെൻഷൻ. അത് ആത്മകഥ എഴുതിയതിന്റെ പേരിൽ. ജേക്കബ് തോമസിനെ ആവേശത്തോടെ കൊണ്ടു നടന്ന അഴിമതി വിരുദ്ധരെന്ന് അവകാശപ്പെടുന്ന സാമൂഹ്യ നേതാക്കൾ പോലും ന്നും മിണ്ടിയില്ല. അങ്ങനെ കൂട്ടിലടയ്ക്കാനാവാത്ത തത്ത ഏകനായി. പിന്നെ ജേക്കബ് തോമസിന്റെ നിയമ പോരാട്ടം. ഒടുവിൽ സർക്കാർ മുട്ടുമടക്കി തിരിച്ചെടുത്തു. അപ്പോഴും നിറയുന്നത് പിണറായിയുടെ മനസ്സിലെ പ്രതികാരമാണ്.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്താക്കലുകൾ. ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്‌പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം. പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ജേക്കബ് തോമസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

ഡ്രഡ്ജർ പ്രശ്‌നത്തിൽ ഐപിഎസ്-ഐഎഎസ് ചേരിപ്പോരിന് ജേക്കബ് തോമസ് ഇരയായെന്നാണ് പിണറായി സർക്കാർ മുൻപ് വിലയിരുത്തിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് അത് ബോധ്യമാവുകയും ചെയ്തു. ഡ്രഡ്ജർ ആരോപണം ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വിജിലൻസ്ഡയറക്ടർ ആയി മാറ്റുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ആണ് സർക്കാർ ആ സമയത്ത് പരിഗണിച്ചത്. ഡ്രെഡ്ജർ പർച്ചേസ് ചെയ്യാൻ ചെയ്യാൻ തീരുമാനമെടുത്തതാര്? ജേക്കബ് തോമസ് ആണോ ഈ തീരുമാനം പൂർണമായി എടുത്തത്. അന്ന് സർക്കാർ വൃത്തങ്ങളിൽ ആലോചന സജീവമായിരുന്നു. സർക്കാർ വൃത്തങ്ങൾ ഈ കാര്യങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുമ്പോൾ ജേക്കബ് തോമസിന് അനുകൂലമായി സർക്കാർ പരിഗണിച്ച വാദങ്ങൾ ഇപ്രകാരമായിരുന്നു.

ഒരു തുറമുഖ വകുപ്പ് ഡയറക്ടർക്ക് 15 ലക്ഷം രൂപയിൽ കൂടുതൽ പർച്ചേസ് നടത്താൻ അനുമതിയുണ്ടോ? ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആണ്. . ഡിജിപിക്ക് തന്നെ 25 ;ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കാൻ അനുമതിയില്ല. പർച്ചേസ് നടത്താൻ സർക്കാർ തല പർച്ചേസ് കമ്മറ്റിയുണ്ട്. ഡിപ്പാർട്ട്‌മെന്റ് തല പർച്ചേസ് കമ്മറ്റിയുണ്ട്. സർക്കാർ സെക്രട്ടറി ചെയർമാൻ ആയ കമ്മറ്റിയാണ് പർച്ചേസിങ് കാര്യങ്ങൾ നോക്കുന്നത്. സർക്കാരിന് ഡ്രഡ്ജിങ് ന ടത്താൻ കൊച്ചി ആസ്ഥാനമായ മാരിടൈം കമ്പനിയുണ്ട്. കേരളാ സ്റ്റേറ്റ് മാരിടൈം കോർപറേഷൻ. തുറമുഖ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്. ആ കമ്പനിയാണ് ഡ്രഡ്ജിങ് നടത്തിക്കൊണ്ടിരുന്നത്, 1970 ലാണ് ഡ്രഡ്ജർ സർക്കാർ ആ കമ്പനിക്ക് വാങ്ങി നൽകുന്നത്. അത് കണ്ടം ചെയ്യാൻ 2009 ൽ അവർ പ്രൊപ്പോസൽ നൽകിയതാണ്.

ഇത്തരം പരിഗണനകൾക്കിടയിലാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുന്നതും. അന്ന് മുഖ്യമന്ത്രി നടത്തിയ അവലോകനമാണ് ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ നൽകുമ്പോൾ മുഖ്യമന്ത്രിയെ തന്നെ തിരിഞ്ഞുകുത്തി. അപ്പോഴും തിരുത്താൻ തയ്യാറായില്ല. ഫാസിസ്റ്റ് രീതിയിലൂടെ ജേക്കബ് തോമസിനെ വേട്ടക്കാരനെ പോലെ സർക്കാർ പിന്തുടരുകയാണ്. പുതിയ നിയമനത്തിലും നിറയുന്നത് ഇത് തന്നെ.

ഷൊർണ്ണൂരിലെ മുങ്ങുന്ന കപ്പൽ

കാർഷിക ഉപകരണങ്ങൾ നിർമ്മിക്കാൻ 1928ൽ ആരംഭിച്ചതാണ് മെറ്റൽ ഇൻഡസ്ട്രീസ്. എന്നാൽ ഇന്ന് ഇതിന് പറയാനുള്ളത് കഷ്ടതയുടെ കഥയാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കുറവു ശമ്പളം നൽകുന്ന ഇവിടെ നിലവിൽ 42 ജീവനക്കാരുണ്ട്. ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത സാഹചര്യം. അതു കൊണ്ട് തന്നെ പുതിയ ബിസിനസ്സിലേക്ക് കടക്കുകയാണ്. പെട്രോൾ പമ്പ് ആരംഭിക്കുന്നതിന് ഇന്നലെ ഹിന്ദുസ്ഥാൻ പെട്രോളിയവുമായി കരാർ ഒപ്പുവച്ചു. മൺവെട്ടിയും കൈക്കോട്ടും കത്രികയുമൊക്കെ നിർമ്മിക്കുന്ന സ്ഥാപനം സ്വകാര്യ മേഖലയിലാണ് ആരംഭിച്ചത്. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

നേരത്തെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎംഡിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നു. ഇരുമ്പുണ്ടാക്കുന്നത് താൻ പഠിച്ചിട്ടില്ലെന്നും ഡിജിപി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്‌നം ഇരുമ്പുണ്ടാക്കുന്നിടത്തുണ്ടോ എന്ന് തനിക്കറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. എന്നാൽ ഇവിടെ ഇരുമ്പു പോയിട്ട് തുരുമ്പ് പോലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ആരു വിചാരിച്ചാലും രക്ഷപ്പെടുത്താനാകാത്ത സ്ഥാപനം. ഇതിലേക്ക് എന്തിനാണ് ജേക്കബ് തോമസിനെ വിടുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. കോടതി വിധി അനുസരിക്കേണ്ട ബാധ്യത തീർക്കാൻ വേണ്ടി മാത്രമുള്ള നടപടിയാണ് ഇതെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ഇത്തരമൊരു മുങ്ങുന്ന കപ്പലിലെ ചെയർമാൻ പദവിയെയാണ് ജേക്കബ് തോമസിന് വേണ്ടി വിജിലൻസ് ഡയറക്ടർ പദവിയായി ഉയർത്തുന്നത്.

1981ൽ പി.സി. ചാക്കോ വ്യവസായ മന്ത്രിയായിരിക്കെയാണു ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥാപനം സർക്കാർ ഏറ്റെടുത്തത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം സമീപകാലത്തു നടത്തിയ പ്രധാന ബിസിനസ് ഭാഗ്യക്കുറി വകുപ്പിനു നറുക്കെടുപ്പു യന്ത്രം നൽകിയതാണ്. അതാകട്ടെ ഇവിടെ നിർമ്മിച്ചതല്ല, സ്വകാര്യ സ്ഥാപനത്തിൽ നിന്നു വാങ്ങി നൽകുകയായിരുന്നു. ഇതിനു ചെറിയ കമ്മിഷനും കിട്ടി. ഇതൊന്നും കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് പെട്രോൾ കച്ചവടം തുടങ്ങുന്നത്. ഇവിടേക്കാണ് സാക്ഷാൽ ജേക്കബ് തോമസ് ഐപിഎസിനെ സർക്കാർ നിയമിക്കുന്നത്. മെറ്റൽ ഇൻഡസ്ട്രീസിന്റെ ചെയർമാൻ, എംഡി സ്ഥാനത്തെത്തുന്ന ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണു ജേക്കബ് തോമസ്.

ഇതിനു മുൻപു രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്. മുസ്ലിം ലീഗിൽ നിന്നു മരയ്ക്കാർ മാരായമംഗലം ചെയർമാനായി. ഒ.കെ മൊയ്തു, മുഹമ്മദ് അനൂപ് നഹ എന്നിവർ എംഡിമാരായി. ഇടതുപക്ഷത്തു നിന്നു സിപിഎമ്മിലെ മുൻ എംപി എസ്.ശിവരാമനും കോൺഗ്രസ് എസിലെ മുൻ എംഎൽഎ വി.കെ ബാബുവും ചെയർമാന്മാരായി. സിഡ്‌കോ എംഡിയായിരിക്കെ വിജിലൻസ് കേസുകളിൽ ഉൾപ്പെട്ട സജി ബഷീർ മെറ്റൽ ഇൻഡസ്ട്രീസിന്റെ എംഡി സ്ഥാനം കൂടി വഹിച്ചിരുന്നു. ഡിജിപി ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് തലവനായി സർക്കാർ നിയമിച്ചതിലൂടെ പകപോക്കലിന്റെ മറ്റൊരു രാഷ്ട്രീയമാണ് പിണറായി സർക്കാർ പയറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP