Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശത്തിലെ ബലാബലത്തിന്‌ കോൺഗ്രസ് ചാനലിനെ പ്രതീക്ഷിക്കേണ്ട! എന്ന് സ്വന്തം വോട്ടറുമായി മുന്നോട്ട് പോകാൻ സാങ്കേതിക തടസ്സം; സുധീരൻ-ഹസ്സൻ പോരിൽ ജയ്ഹിന്ദിൽ പ്രതിസന്ധി രൂക്ഷം; പ്രചരണച്ചൂടിൽ ശമ്പളം നൽകാനും ആരുമില്ല

തദ്ദേശത്തിലെ ബലാബലത്തിന്‌ കോൺഗ്രസ് ചാനലിനെ പ്രതീക്ഷിക്കേണ്ട! എന്ന് സ്വന്തം വോട്ടറുമായി മുന്നോട്ട് പോകാൻ സാങ്കേതിക തടസ്സം; സുധീരൻ-ഹസ്സൻ പോരിൽ ജയ്ഹിന്ദിൽ പ്രതിസന്ധി രൂക്ഷം; പ്രചരണച്ചൂടിൽ ശമ്പളം നൽകാനും ആരുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമ്പോഴാണ് കേരളത്തിലെ ചാനൽ രാഷ്ട്രീയം മറനീക്കി പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കുക തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള ടിവി ചാനലുകളുടെ മുഖ്യ ലക്ഷ്യം. സിപിഎമ്മിന് കൈരളിയും കോൺഗ്രസിന് ജയ്ഹിന്ദും സംഘപരിവാറിന് ജനം ടിവിയുമെന്നാണ് വിശ്വാസം. കേരളത്തിൽ അട്ടിമറികൾ നടത്തി ചുവടുറപ്പിക്കാൻ ജനം ടിവിയുമായി ആർഎസ്എസ് എത്തിയതോടെ ചാനൽ പോരിന് ത്രികോണം കൈവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു മത്സരത്തിന് കോൺഗ്രസിന്റെ ജയ്ഹിന്ദ് ചാനൽ ഉണ്ടാകില്ല. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിൽ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് പ്രത്യേക പരിപാടികൾ ജയ്ഹിന്ദ് ചാനൽ വേണ്ടെന്ന് വച്ചു. സാങ്കേതിക കാരണങ്ങളാലാണ് തീരുമാനമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരുടെ മനസ്സ് അറിയാനുള്ള ജയ്ഹിന്ദ് ടിവിയിലെ രണ്ട് പരിപാടികളായിരുന്നു ബലാബലവും എന്ന് സ്വന്തം വോട്ടറും. രാഷ്ട്രീയ പാർട്ടികളുടെ നിലപാട് വിശദീകരണവും ശക്തി ദൗർബ്ബല്യവും കോൺഗ്രസിന് അനുകൂലമായി മാറ്റിയെടുക്കുകയായിരുന്നു ബലാബലത്തിന്റെ ലക്ഷ്യം. എന്ന് സ്വന്തം വോട്ടറിലൂടെ ജനങ്ങളുടെ മനസ്സിനെ അടുപ്പിക്കുകയായിരുന്നു രണ്ടാമത്തെ പിരിപാടിയുടെ ഉദ്ദേശ ലക്ഷ്യം. ഇതു രണ്ടുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടെന്ന് വയ്ക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണെന്ന് പറയുമ്പോഴും സാമ്പത്തിക പ്രശ്‌നമാണ് പരിപാടി റദ്ദാക്കാൻ കാരണം. ചാനൽ ചെയർമാനായ കെപിസിസി അധ്യക്ഷൻ വി എം സുധീരനും ചാനൽ എംഡി എംഎം ഹസ്സനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇതിന് വഴിവച്ചത്. ചാനലിലേക്കുള്ള ഫണ്ട് ഒഴുക്കിന് സുധീരൻ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഈ മാസം ഇതുവരെ ജീവനക്കാർ ശമ്പളം നൽകാൻ ജയ്ഹിന്ദിന് കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് കേരളം മുഴുവൻ ചുറ്റിക്കറങ്ങി ചെയ്യേണ്ട രണ്ട് തെരഞ്ഞെടുപ്പ് പരിപാടികൾ ജയ്ഹിന്ദ് വേണ്ടെന്ന് വയ്ക്കുന്നത്. സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ ശേഷം രാഷ്ട്രീയമായി വലിയ ഇടപെടലുകൾ മതിയെന്നാണ് ഹസ്സന്റെ പക്ഷം. അതു തന്നെയാണ് ബലാബലവും എന്ന് സ്വന്തം വോട്ടറും വേണ്ടെന്ന് വയ്ക്കുന്നതിലൂടെ പ്രതിഫലിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസുകാർ നിർബന്ധമായും വീക്ഷണം പത്രത്തിന്റെ വരിക്കാരാകണമെന്നാണ് സുധീരന്റെ നിർദ്ദേശം. ഇതേ കെപിസിസി അധ്യക്ഷൻ തന്നെ എല്ലാ ജില്ലാ കമ്മറ്റികളോടും ജയ്ഹിന്ദിനായി രണ്ട് കോടി രൂപ വീതം പിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ചില്ലി കാശുപോലും നൽകിയില്ല. പിന്നെ എന്തിന് പണം മുടക്കണമെന്ന് ജയ്ഹിന്ദ് ടിവിയിലെ ഉന്നതൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

മാനേജ്‌മെന്റിലെ ഉന്നതരും ഹസ്സനെയാണ് പിന്തുണയ്ക്കുന്നത്. ചാനൽ സിഇഒയുടെ ധൂർത്തിനെതിരേയും മറ്റും സുധീരൻ നിലപാട് എടുത്തിരുന്നു. രണ്ട് മാസം മുമ്പ് ചാനലിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിക്കാൻ സിഇഒയെ സുധീരൻ നേരിട്ട് വിളിച്ചിരുന്നു. അപ്പോഴും രൂക്ഷ ഭാഷയിലായിരുന്നു വിമർശനം. അതിന് ശേഷമാണ് ഓണത്തിന് ശമ്പളം നൽകാനുള്ള തുക പോലും ജയ്ഹിന്ദിലേക്ക് എത്തിയത്. ചാനൽ ചുടങ്ങി വർഷങ്ങളായിട്ടും സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നില്ലെന്നാണ് സുധീരന്റെ പക്ഷം. ചാനൽ തുടങ്ങി നാല് കൊല്ലം കൊണ്ട് സിപിഎമ്മിന്റെ കൈരളി ടിവി ലാഭത്തിലായി. അറേബ്യ ഉൾപ്പെടെ നാല് ചാനലുകൾ കൈരിളിക്കുണ്ട്. ഈ വളർച്ച എന്തുകൊണ്ട് ജയ്ഹിന്ദിനുണ്ടാകുന്നില്ലെന്നതാണ് ചോദ്യം. ഇഷ്ടക്കാരെ തിരുകി കയറ്റി പ്രൊഫഷണലിസം ഇല്ലാതാക്കിയെന്നാണ് സുധീരന്റെ നിലപാട്.

ചില നിയമനങ്ങളേയും സുധീരൻ ചോദ്യം ചെയ്തു. ജീവനക്കാരുടെ യോഗ്യതാ പരിശോധനയ്ക്ക് നിർദ്ദേശം നൽകി ആറു മാസമായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടെന്ന് ആരോപണമുള്ള ഉന്നതനെതിരേയും നടപടിയെടുത്തില്ല. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ ഇടപെടിലൂടെ ഫണ്ട് ഒഴുക്ക് സുധീരൻ തടഞ്ഞത്. ഇതോടെ ഹസ്സനും സുധീരനും തമ്മിൽ ഭിന്നത മൂർച്ഛിച്ചു. കോൺഗ്രിസൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പക്ഷത്തുള്ള ഹസ്സൻ പലപ്പോഴും സുധീരനെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതും ജയ്ഹിന്ദിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. അതിനിടെ ശമ്പളം കിട്ടാതെ ജീവനക്കാർ ദുരിതത്തിലാണ്. എന്തു ചെയ്യണമെന്ന് ആർക്കും അറിയില്ല. ഉത്തരവാദിത്തപ്പെട്ട ആരേയും ചോദിക്കാനും കിട്ടുന്നില്ല. എല്ലാ ശരിയാകുമെന്ന അക്കൗണ്ട്‌സ് വിഭാഗത്തിന്റെ മറുപടി മാത്രമാണുള്ളത്.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാകുമ്പോഴാണ് ഹസ്സന്റെ നേതൃത്വത്തിൽ ജയ്ഹിന്ദ് തുടങ്ങുന്നത്. പിന്നാലെ ചാനലിന്റെ നിയന്ത്രണം കെപിസിസിക്കായി. ചെന്നിത്തലയുടെ കാലത്ത് ഹസ്സനുമായി നല്ല ബന്ധമുണ്ടായിരുന്നു. അന്ന് ചാനലും സുഗമമായി മുന്നോട്ട് പോയി. എന്നാൽ സുധീരൻ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇതോടെ ജയ്ഹിന്ദ് ജീവനക്കാരുടെ കഷ്ടകാലവും തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി എംഎം ഹസ്സൻ സജീവമായതോടെ ഈ മാസം ശമ്പളം വൈകിയപ്പോൾ പരാതി കേൾക്കാനും അദ്ദേഹമില്ല. സിഇഒയും കൈമലർത്തുന്നു. ന്യൂസ് വിഭാഗം തലവൻ അമേരിക്കൻ പര്യടനത്തിലും. ഇതോടെ ദുഃഖം ആരോട് പറയുമെന്ന വിഷമത്തിലാണ് ജീവനക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP