Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടയലേഖനത്തെ നേരിടാൻ അരയന്മാരുടെ അരമന ഉപരോധം; വിഴിഞ്ഞത്തെ തർക്കത്തിൽ അദാനിക്ക് വേണ്ടി ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ; പ്രതിരോധിക്കുമെന്ന് ലത്തീൻ സഭ; തുറമുഖ പദ്ധതിയെ ചൊല്ലി കടലിന്റെ മക്കളിൽ ചേരിപ്പോര്

ഇടയലേഖനത്തെ നേരിടാൻ അരയന്മാരുടെ അരമന ഉപരോധം; വിഴിഞ്ഞത്തെ തർക്കത്തിൽ അദാനിക്ക് വേണ്ടി ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ; പ്രതിരോധിക്കുമെന്ന് ലത്തീൻ സഭ; തുറമുഖ പദ്ധതിയെ ചൊല്ലി കടലിന്റെ മക്കളിൽ ചേരിപ്പോര്

തിരുവനന്തപുരം: മത്സ്യബന്ധനത്തിന്റെ പേരിൽ തീരദേശ ഹൈന്ദവ രക്ഷാ സമിതിയും ലത്തീൻ സമുദായം തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയെ ചോദ്യം ചെയ്ത് ലത്തീൻ സഭ രംഗത്ത് എത്തിയതിന്റെ അടുത്ത ദിവസം സഭാ ആസ്ഥാനത്തേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ അരയസമുദായാംഗങ്ങൾ ധർണ്ണ നടത്തി. എല്ലാ മുഖ്യധാര പത്രങ്ങളും ഈ വാർത്ത നൽകിയില്ല. എന്നാൽ ഹിന്ദു ഐക്യവേദിയുടെ ധർണ്ണയ്‌ക്കെതിരായ പ്രതിഷേധം പത്രങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഇതിന് തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തു വന്നത്.

വിഴിഞ്ഞത്തിൽ തീരവാസികളുടെ എതിർപ്പ് നേരത്തെ പുറത്തുവന്നിരുന്നു. റിസോർട്ട് മാഫിയയുടെ ഇടപെടലുകളും ചർച്ചയായി. അപ്പോഴും ലത്തീൻ സഭ നിലപാട് പരസ്യമാക്കിയിരുന്നില്ല. എന്നാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഏറ്റെടുക്കുമെന്ന് വ്യക്തമായതോടെ ലത്തീൻ സഭ പരസ്യ നിലപാട് എടുത്തു. മത്സ്യബന്ധനത്തെ ഇല്ലാതാക്കുന്ന പദ്ധതി വേണ്ടെന്ന് വ്യക്തമാക്കി ഇടയലേഖനവും വന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള ക്രൂരതയാണ് തുറമുഖ പദ്ധതിയെന്നാണ് പ്രചരണം. ഇതിനെ സമർത്ഥമായി പ്രതിരോധിക്കാൻ തുറമുഖ പദ്ധതിയെ അനുകൂലിക്കുന്നവരും സജീവമായി. ഇതോടെയാണ് വിഴഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ ലത്തീൻ സമുദായാംഗങ്ങളുടെ കുത്തകയെ തുറന്നുകാട്ടാൻ ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയത്. ഇതോടെ വിവാദം കൊഴുക്കുകയാണ്. എന്ത് വിലകൊടുത്തും തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് സംഘ പരിവാർ സംഘടനകളുടെ നിലപാട്.

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലിൽ നിന്ന് മത്സ്യബന്ധനത്തിന് എത്തുന്നവരെ ലത്തീൻ സമുദായത്തിൽ പെട്ട മത്സ്യബന്ധനത്തൊഴിലാളികൾ പീഡിപ്പിക്കുന്നതായിട്ടാണ് ഹിന്ദു ഐക്യവേദിയുടെ പിന്തുണയുള്ള തീരദേശ ഹൈന്ദവ രക്ഷാ സമിതിയുടെ ആരോപണം. എന്നാൽ വിഴിഞ്ഞം തുറുമുഖത്തിന്റെ സംസ്ഥാന വർഗീയതയിലൂടെ ഭീകരാന്തരീക്ഷം സൃഷ്ിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ലത്തീൻ കാത്തലിക് വിഭാഗത്തിന്റെ നിലപാട് . കൊല്ലം, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികൾ അടക്കം കൊല്ലി വല ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം സർക്കാർ നിരോധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹൈന്ദവ മത്സ്യബന്ധന സംഘനകൾ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഇരുവിഭാഗവും തമ്മിൽ നിലനിന്നിരുന്ന ഭിന്നത പ്രതിഷേധ മാർച്ചിലൂടെ മറനീക്കി വന്നു. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചത് സർക്കാർ വിവിധ സംഘനകളുമായി നടത്തിയ സംയുക്ത ചർച്ചയ്ക്ക് ശേഷമാണ്.

വിഴിഞ്ഞം തുറുമുഖം കേന്ദ്രീകരിച്ച് ലത്തീൻ സമുദായംഗങ്ങൾ മത്സ്യബന്ധനത്തിന്റെ മറവിൽ നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തറിയാതിരിക്കാനാണ് സർക്കാരിനെ സ്വാധീനിച്ച് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയതെന്ന് ഹിന്ദു ഐക്യവേദി സെക്രട്ടറി ഭാർഗവ റാം ആരോപിക്കുന്നു. വിഴിഞ്ഞം തീരത്ത് മത്സ്യബന്ധനം നടത്തിയിരുന്ന ആറു മത്സ്യത്തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ച് കഴക്കൂട്ടം ഫാത്തിമമാതാ പള്ളിയിൽ പൂട്ടിയിട്ടതും തിരുവനന്തപുരത്തെ ബിഷപ്പുമാരുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നാണ് തീരദേശ ഹൈന്ദവരക്ഷാസമിതിയുടെ ആരോപണം. മതത്തിന്റെ പേരിൽ കടൽ വിഭജിക്കാനുള്ള ലത്തീൻ വിഭാഗക്കാരുടെ നീക്കം അനുവദിക്കില്ലെന്നും പറയുന്നു. ഇതിൽ വ്യക്തമാകുന്നത് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വസ്തുതകൾ തന്നെയാണ്.

ഉപജീവനത്തിന് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളുകളെ മാനസികമായോ, ശാരീരികമായോ പീഡിപ്പിക്കുന്നത് തുടർന്നാൽ ശക്തമായി നേരിടുമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആഹ്വാനം. കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളെ മർദ്ദിക്കുകയും ബന്ദികളാക്കി പട്ടിണിക്കിട്ട സംഭവത്തിൽ പൊലീസും നടപടിയെടുക്കാതെ മാറിനിൽക്കുകയാണെന്നും രക്ഷാസമിതി ഭാരവാഹികൾ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഹൈന്ദവ മത്സ്യത്തൊഴിലാളികൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതു തടയാനുള്ള ലത്തീൻവിഭാഗത്തിന്റെയും പദ്ധതിക്കെതിര് നിൽക്കുന്നവരും ചേർന്നുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു.

എന്നാൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് ആരും എതിരല്ല. മത്സ്യകുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന അടക്കം കൊല്ലി വലകൾ ഉൾപ്പെടെയുള്ള അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് എല്ലാ മത്സ്യബന്ധനത്തൊഴിലാളി സംഘടനകളും എതിരാണ്. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി സംസ്ഥാനത്ത് വർഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ് മത്യബന്ധനത്തിന്റെ പേരിൽ ചില സംഘടനകൾ നടത്തുന്നതെന്നും ലത്തീൻ വിഭാഗ സംഘടനകൾ ആരോപിക്കുന്നു. സർക്കാരും -സംഘടനകളും സംയുക്തമായി എടുത്ത തീരുമാനമാണിത്. ഇതിന്റെ പേരിൽ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത് പ്രശ്‌നം ഊതിപ്പെരുപ്പിക്കാൻ മത്സ്യബന്ധനത്തൊഴിലാളികളുടെ പേരിൽ പെട്ടെന്നുണ്ടാക്കിയ സംഘടനയാണെന്നും ലത്തീൻ സമുദായ രാഷ്ട്രീയ കാര്യ സമിതി ആരോപി്ക്കുന്നു.

അതേസമയം വിഴിഞ്ഞം പദ്ധതിക്കെതിരെ കഴിഞ്ഞ ഞായറാഴ്ച ലത്തീൻ കാത്തലിക് പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു. തീരദേശജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമം എന്തുവില കൊടുത്തും തടസപ്പെടുത്തുമെന്നാണ് ഇടയലേഖനം ആഹ്വാനം ചെയ്തത്. പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ട് മുന്നോട്ട് പദ്ധതി തീരദേശമേഖലയിലെ ജനങ്ങളെ പാടേ അവഗണിച്ചു കൊണ്ടാണ് നടപ്പിലാക്കാൻ പോകുന്നു. 32 തീരദേശ മേഖലകളിലായി അരലക്ഷത്തോളം പേർക്ക് നഷ്ടമാകുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിനെതിരെ ലത്തീൻ സഭയും വിഴിഞ്ഞത്തിനുകൂലമായി ഹൈന്ദവസംഘടനകളും നിലപാടെടുത്തതോടെ മത്സ്യബന്ധനത്തിന്റെ പേരിൽ പരസ്യമായി കൊമ്പുകോർക്കുകയാണ് ഇരുസംഘടനകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP