Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ ഐസിസ് തലവൻ കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശി; ഐടിയിൽ അസാമാന്യ വൈദഗ്ധ്യമുള്ള എൻഐടി എഞ്ചിനീയറിംങ് ബിരുദധാരി; കുടുംബത്തിലെ ഏക സലഫി വിശ്വാസി അവിവാഹിതനും; തീവ്രവാദവുമായി അടുക്കുന്നത് ദുബായിലെ ഉന്നത ജോലിക്കിടെ; സജീർ അബ്ദുള്ളയെന്ന ഐസിസുകാരന്റെ കഥകേട്ട്‌ ഞെട്ടി നാട്ടുകാരും

ഇന്ത്യയിലെ ഐസിസ് തലവൻ കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശി; ഐടിയിൽ അസാമാന്യ വൈദഗ്ധ്യമുള്ള എൻഐടി എഞ്ചിനീയറിംങ് ബിരുദധാരി; കുടുംബത്തിലെ ഏക സലഫി വിശ്വാസി അവിവാഹിതനും; തീവ്രവാദവുമായി അടുക്കുന്നത് ദുബായിലെ ഉന്നത ജോലിക്കിടെ; സജീർ അബ്ദുള്ളയെന്ന ഐസിസുകാരന്റെ കഥകേട്ട്‌ ഞെട്ടി നാട്ടുകാരും

എംപി റാഫി

കോഴിക്കോട്: ഐസിസ് ആശയം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിലെ പ്രധാനിയും അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയുമായ കോഴിക്കോട്ടുകാരൻ സജീർ അബ്ദുള്ള(35) എഞ്ചിനീയറിംങ് ബിരുദധാരിയും ഐടി രംഗത്തെ വിദഗ്ദനുമായിരുന്നു. കോഴിക്കോട് ചെലവൂരിനടുത്ത മൂഴിക്കൽ ചാലിയാർ കുന്ന് സ്വദേശിയാണ് എടക്കുളത്തൂർ പറമ്പ് വീട്ടിൽ സജീർ. സജീറിന്റെ വീട്, വീട്ടുകാർ, നാട്, അയൽവാസികൾ, ബന്ധുക്കൾ എന്നിവരെയെല്ലാം കേന്ദ്രീകരിച്ച് മറുനാടന്മലയാളി നടത്തിയ അന്വേഷണ റിപ്പോർട്ടാണിത്.

മലയാളികളടക്കമുള്ളവരെ ഐസിസിലേക്കു റിക്രൂട്ട് ചെയ്യുന്നതിനിലെ പ്രധാനിയായ സജീർ തീവ്രവാദ സംഘവുമായി അടുക്കുന്നത് ദുബായിൽ ജോലിയിലുള്ളപ്പോയാണ്. സജീർ ഇപ്പോൾ അഫ്ഗാനിസ്ഥാനിലാണെന്നാണ് അന്വേഷണ സംഗത്തിന്റെ നിഗമനം. നാട്ടിൽ ആരുമായും സൗഹൃദമോ ഇടപഴക്കമോ ഇല്ലാത്ത സജീർ സലഫി ആശയക്കാരനായിരുന്നു. കെ എസ് ആർ ടി ഡ്രൈവറായിരുന്ന പരേതനായ ബത്തേരി സ്വദേശി മംഗലശേരി അബ്ദുള്ളയുടെ മകൻ ഐസിസുമായി ബന്ധമുണ്ടെന്നത് ബന്ധുക്കൾക്കും അയൽവാസികൾക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.

ആഗോള ഭീകര സംഘടനയായ ഐസിസുമായുള്ള മലയാളി ബന്ധം കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളം ചർച്ച ചെയ്തുകൊണ്ടിരുന്നു. കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും കുട്ടികളും ദമ്പദികളുമടങ്ങുന്ന 21 അംഗ മലയാളിസംഗത്തിന്റെ തിരോധാനവും അനുബന്ധ കേസുകളും പുറത്തുവന്നതോടെയാണ് ഐസിസ് ചർച്ചകൾ കൂടുതൽ സജീവമായത്. നാടുകടന്ന സംഘം ഐസിസ് ക്യാമ്പിൽ എത്തിയതായും ഖിലാഫത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും കുടുംബാംഗങ്ങൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഐസിസ് ആശയങ്ങൾ മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നതും റിക്രൂട്ട് ചെയ്യുന്നതും ആരെന്ന ചോദ്യം മാത്രം ബാക്കിയായിരുന്നു. ഈ സാഹചര്യത്തിലായിരു എൻ.ഐ.എ നിരീക്ഷിച്ചിരുന്ന ഐസിസ് ബന്ധമുള്ള ചിലരെ കനകമലയിൽ നിന്നും ഒക്‌ടോബർ രണ്ടിന് അറസ്റ്റു ചെയ്തത്.

ഈ അറസ്റ്റോടെ ഇന്ത്യയിലെ ഐസിസ് പ്രചാരകരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു ലഭിച്ചു. തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഐസിസ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായിരുന്നു ഐസിസ് കേസിലെ സുബ്ഹാനി മൊയ്തീൻ ഹാജയുടെ അറസ്റ്റ്. നിലവിൽ രജിസ്റ്റർ ചെയ്ത ഐസിസ് കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട്ടുകാരൻ സജീർ അബ്ദുള്ളക്കെതിരെയുള്ള അന്വേഷണവും. മാത്രമല്ല, സജീർ നേരത്തേ എൻ.ഐ.എയുടെ നിരീക്ഷണ ലിസ്റ്റിലുള്ളയാളാണ്. സമീർ അലി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഐസിസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും വേറെയും ചില വ്യാജ ഐഡികളിലൂടെ മലയാളികൾക്ക് ഐസിസ് ആശയങ്ങൾ അയച്ചതുമാണ് സജീറിനു മേൽ എൻ.ഐ.എ നിരീക്ഷണം ശക്തമാക്കാൻ ഇടയാക്കിയത്.

ഐസിസിന്റെ മലയാളം വെബ്‌സൈറ്റായ അൽമുഹാജിറൂന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നതിൽ ഒരാൾ സജീർ ആണെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സജീർ റൈറ്റ് തിങ്കേഴ്‌സ്, ഫ്രീ തിങ്കേഴ്‌സ്, എസ്.ഡി.പിഐ കേരളം തുടങ്ങിയ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും അംഗമായിരുന്നു. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് 2014 ഒക്‌ടോബറിൽ യുഎയിൽ സംഘടിപ്പിച്ച മീറ്റിൽ സജീർ പങ്കെടുത്തിരുന്നു. സജീറുമായി ബന്ധമുള്ള ചില ഫേസ്‌ബുക്ക് ഐഡികൾ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണ്. ഇതിൽ പലരും ഇപ്പോഴും സജീറുമായി ബന്ധം തുടരുന്നുണ്ട്. ഇതിൽ എൻ.ഐ.എയുടെ നിരീക്ഷണ വലയത്തിൽ നേരത്തെയുള്ളവരുമുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തോളമായി സ്വന്തം പേരിലുള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്ത ശേഷം വ്യാജ അക്കൗണ്ടുകളിൽ എത്തിയാണ് സജീർ ഐസിസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും കൈമാറുകയും ചെയ്തിരുന്നത്.

ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നെന്നും അസാമാന്യ ബുദ്ധി വൈഭവമുള്ളയാളാണെന്നുമാണ് ബന്ധുക്കൾക്കും അയൽവാസികൾക്കും സജീറിനെ കുറിച്ചു പറയാനുള്ളത്. വയനാട് സുൽത്താൻ ബത്തേരിയിലെ പിതാവിന്റെ വീട്ടിലായിരുന്നു സജീറിന്റെ ചെറുപ്പകാലം. പത്താംക്ലാസ് വരെ ഇവിടെയായിരുന്നു പഠനം. പിന്നീട് കോഴിക്കോട് ചെലവൂരിലെ ഉമ്മയുടെ തറവാടു വീട്ടിലായിരുന്നു താമസം. പത്തിലും +2വിലും നല്ല മാർക്കോടു കൂടി വിജയിച്ച സജീർ മുക്കം ചാത്തമംഗലം എൻ.ഐ.ടിയിൽ തുടർ പഠനം നടത്തി. 1998-2002 ബാച്ചിലാണ് ഇവിടെ നിന്നും സിവിൽ എഞ്ചിനീയറിംങ് പഠനം പൂർത്തിയാക്കുന്നത്. പഠനകാലത്തു തന്നെ ഐടി, എഞ്ചിനീയറിംങ് മേഖലഖളിൽ കഴിവ് തെളിയിച്ചിരുന്നു. എഞ്ചിനീയറിംങിലും ഐടിയിലും സാധ്യതകളേറെയുണ്ടായിരുന്ന കാലത്ത് സജീറിനു ജോലിക്കായി അലയേണ്ടി വന്നിരുന്നില്ല. പഠനകാലത്തു തന്നെ പാഠ്യവിഷയത്തിൽ വൈദഗ്ധ്യം തെളിയിച്ച സജീറിനെ റാഞ്ചാനായി സ്ഥാപനങ്ങൾ കാമ്പസിൽ വരെ എത്തിയിരുന്നു. പഠിച്ചിറങ്ങിയ ശേഷം ദുബായിലെ കമ്പനിയിൽ ജോലി ലഭിച്ചതോടെയാണ് പ്രവാസ ജീവിതത്തിന് തുടക്കമിട്ടതും പിന്നീട് അപായമേഖലയിലെത്തപ്പെട്ടതും.

2004ൽ കോഴിക്കോട് നിന്നും പാസ്‌പോർട്ട് എടുത്തതായി രേഖകളിൽ നിന്നും വ്യക്തമാണ്. ഗൾഫിൽ ജോലിയിൽ പ്രവേശിച്ചതോടെ സജീറിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനിടെ പിതാവ് മരണപ്പെട്ടു. സ്വന്തമായി വീടും സ്ഥലവും വാങ്ങി താമസം ചെലവൂരിൽ നിന്നും അടുത്ത പ്രദേശമായ ചാലിയാർ കുന്നിലേക്കു മാറ്റി. തരക്കേടില്ലാത്ത ജോലിയുമായി സജീർ മുന്നോട്ടു പോയി. യുഎയിൽ കമ്പനി വക കാറും സെക്രട്ടറിയും ഉയർന്ന ശമ്പളവുമെല്ലാമായി ജീവിച്ചു. ദുബായിലെ ജോലിക്കിടെയാണ് തീവ്രവാദ സംഘവുമായി സജീർ ബന്ധം സ്ഥാപിച്ചതെന്നാണ് നിഗമനം. ഓൺലൈൻ വഴിയുള്ള ഖുർആൻ ഹദീസ് പഠനങ്ങളും ഐസിസ് സംഘങ്ങളുമായുള്ള നിരന്തര ഓൺലൈൻ ബന്ധവുമാണ് ഇത്തരം ആശയങ്ങളിലേക്കു എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

യുഎഇയിൽ നിന്നും ഇതിനിടെ പലതവണ നാട്ടിൽ വന്നിട്ടുണ്ട്. അതിസമർത്ഥമായിട്ടായിരുന്നു കേരളത്തിലേക്കുള്ള വരവും പോക്കുമെല്ലാം. പ്രത്യേക ലക്ഷ്യവുമായി നാട്ടിലെത്തുന്ന ഓരോ വരവിലും ലക്ഷ്യം പൂർത്തിയാക്കി മടങ്ങുകയും ചെയ്യും. കഴിഞ്ഞ മൂന്ന് വർഷമായി സജീർ കൂടുതൽ ദുരൂഹമായിരുന്നു. വീട്ടിലുള്ളപ്പോൾ പുറത്തു പോകാറെയില്ല. പുറത്തിറങ്ങിയാൽ തന്നെ ആരുമായി സൗഹൃദത്തിലാവുകയും സംസാരിക്കുകയോ ചെയ്തിരുന്നില്ല. സജീറിന്റെ അടുത്ത ബന്ധു മറുനാടൻ മലയാളിയോടു പങ്കുവച്ചതിങ്ങനെ: ' പഠനത്തിൽ തൽപരനും അതിബുദ്ധിമാനുമായിരുന്നു സജീർ. ആരുമായും സംസാരിക്കുകയോ കൂട്ടുകാരോടൊപ്പം നടക്കുന്നതോ കണ്ടിട്ടില്ല. കാണുമ്പോൾ ചിലപ്പോൾ ഒന്ന് ചിരിക്കും, അത്രമാത്രം. കുടുംബാംഗങ്ങളോടു പോലും സംസാരിച്ചിരുന്നില്ല. അവന്മാത്രമേ വീട്ടിൽ സലഫി ആശയക്കാരനുണ്ടായിരുന്നുള്ളൂ. അവിവാഹിതനാണ്. ഇതുവരെ വിവാഹം കഴിച്ചതായി അറിയില്ല. ' .

സജീറിനെ കുറിച്ച് അയൽവാസിയുടെ പ്രതികരണമിങ്ങനെയാണ്: ' അവർ ഇവിടേക്ക് താമസം മാറുന്നത് പത്തു വർഷം മുമ്പാണ്. വല്ലപ്പോഴും മാത്രമാണ് സജീർ വീടിനു പുറത്ത് ഇറങ്ങി കണ്ടിരുന്നുള്ളൂ. അവസാനമായി കണ്ടത് ഏകദേശം രണ്ടു വർഷം മുമ്പാണ്. അടുത്തിടപഴകാത്തതു കൊണ്ട് ഇവന്റെ ബന്ധമോ ചിന്തകളോ അറിയില്ല. കമ്പ്യൂട്ടർ വിദഗ്ദനാണെന്ന് പണ്ടു മുതലേ കേട്ടിരുന്നു. ഗൾഫിൽ നിന്നും വന്നാൽ പോലും ആരോടും സംസാരിച്ചിരുന്നില്ല. ദുർനടപ്പുകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തീരെ മോഡേൺ അല്ലാതെയാണ് നടപ്പ്. ഇവനെ പറ്റി ഇപ്പോൽ കേൾക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല.' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP