Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തങ്കുബ്രദർ മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് ദൈവപുത്രന് തുല്യനോ? സുവിശേഷകന്റെ ഗുണ്ടകൾ മർദ്ദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സഹിതം വാർത്താസമ്മേളനം നടത്തിയിട്ടും പ്രസിദ്ധീകരിക്കാതെ പത്രമുത്തശ്ശിമാർ; ആഘോഷമാക്കാനുള്ള അവസരം വേണ്ടെന്ന് വച്ച് ചാനലുകളും

തങ്കുബ്രദർ മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് ദൈവപുത്രന് തുല്യനോ? സുവിശേഷകന്റെ ഗുണ്ടകൾ മർദ്ദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സഹിതം വാർത്താസമ്മേളനം നടത്തിയിട്ടും പ്രസിദ്ധീകരിക്കാതെ പത്രമുത്തശ്ശിമാർ; ആഘോഷമാക്കാനുള്ള അവസരം വേണ്ടെന്ന് വച്ച് ചാനലുകളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാദ്ധ്യമപ്രവർത്തകനും സ്ഥാപനങ്ങൾക്കും പണം നൽകി വായടപ്പിക്കാനുള്ള വിരുതിൽ തങ്കുബ്രദർ എന്ന ആത്മീയ വ്യാപാരിക്ക് വളരെയധികം മിടുക്കുണ്ട്. പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യം നൽകുകയാണ് ഇതിന്റെ മാർഗ്ഗം. ആത്മീയ വിരുന്നിന്റെ പേരിൽ വിശ്വാസത്തെ മറയാക്കി പണപ്പിരിവു നടത്തുന്ന തങ്കുബ്രദറിന് എതിരായി വാർത്താസമ്മേളനം വിളിച്ച് തെളിവുകൾ നൽകിയിട്ടും വാർത്ത നൽകാതെ മലയാളത്തിലെ പത്രമുത്തച്ഛിമാർ ആത്മീയ വ്യാപാരിയോടുള്ള കൂറ് ആവർത്തിച്ചു തെളിയിച്ചു. വ്യാഴാഴ്‌ച്ച രാവിലെ കോട്ടയം പ്രസ് ക്ലബിൽ വച്ച് നടന്ന വാർത്താസമ്മേളന വാർത്തയാണ് മുഖ്യധാരാ മാദ്ധ്യമങ്ങൾ മുക്കിയത്.

മുണ്ടക്കയം സ്വദേശിയും, മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു പി കെ രാജൻ, ഭാര്യ ബീനാ രാജൻ എന്നിവരാണ് ആത്മീയ വിരുന്നിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് തെളിവുകൾ സഹിതം വാർത്താസമ്മേളനം നടത്തിയത്. അഞ്ച് വർഷത്തോളം വർഷമായി സ്വർഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന ഇവർ ഏതാനും മാസങ്ങൾക്കു മുമ്പ് സ്വർഗീയ വിരുന്നിൽ മാറിയതോടെയാണ് ഇവർക്കെതിരെ തങ്കു ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടായിരുന്നു വാർത്താസമ്മേളനം.

2000 രൂപാ ഫീസ് നൽകിയായിരുന്നു രാജൻ വാർത്താസമ്മേളനം നടത്തിയത്. എന്നാൽ, സ്വർഗീയ വരുന്നിന്റെ തലവൻ തങ്കു പാസ്റ്റർക്കെതിരെയായതിനാൽ മനോരമയും മംഗളവും മാതൃഭൂമിയും ഇത് വാർത്തയാക്കിയില്ല. വീഡിയോ സഹിതം നടത്തിയ വാർത്താസമ്മേളനം ആയിരുന്നതിനാൽ ചാനലുകൾക്കും ഇക്കാര്യം വാർത്തായാക്കാമായിരുന്നു. എന്നാൽ മാദ്ധ്യമ ധർമ്മം ഉയർത്തിപ്പിടിക്കുന്നു എന്ന് പറയുന്ന റിപ്പോർട്ടർ ചാനലിൽ പോലും ഇക്കാര്യം വാർത്തായായില്ല. മാദ്ധ്യമവും, ജന്മഭൂമിയും ഒഴികെയുള്ള മിക്ക മാദ്ധ്യമങ്ങളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. തങ്കുവിന്റെ ഗുണ്ടകൾ ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചതിന്റെയും, ഭീഷണിപ്പെടുത്തിയതിന്റെയും ദൃശ്യങ്ങൾ തെളിവായി നൽകി നടത്തിയ വാർത്താ സമ്മേളനം മുഖ്യാധാരാ മാദ്ധ്യമങ്ങൾ ബോധപൂർവ്വം അവഗണിക്കുകയായിരുന്നു.

ഹെവൻലി ഫീസ്റ്റ് അഥവാ സ്വർഗ്ഗീയ വിരുന്നു എന്നറിയപ്പെടുന്ന സുവിശേഷ പ്രഘോഷക കേന്ദത്തിലാണ് യുക്തിക്കു നിരക്കാത്ത അധിക്രമങ്ങൾ നടക്കുന്നതെന്ന് വെളിപ്പെടുത്തിയായിരുന്നു 5 വർഷമായി സ്വർഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന രാജനും ബീനയും രംഗത്തെത്തിയത്. തങ്കുബ്രദറിന്റെ തട്ടിപ്പുകൾ അറിയാവുന്നവരാണ് എന്നതിനാൽ പ്രതികരിച്ചതിന്റെ പേരിൽ തങ്ങൽക്കെതിരെ പ്രതികാര നടപടിയുമായി ഇവർ രംഗത്തെത്തുകയായിരുന്നു എന്നാണ് ഇവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

സ്വർഗീയ വിരുന്നിന്റെ പേരിൽ വൻ തോതില് പണം പിരിക്കുന്നതായും, ആരാധനയ്‌ക്കെത്തുന്നവരിൽ നിന്നും സ്‌ത്രോത്ര കാഴ്ചയ്ക്കു പുറമെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കവറുകൾ നൽകി അതിലൂടെ പണം സമാഹരിക്കുകയാണെന്നും ഇവർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. മിഷൻ മന്ത്, ഫെയ്ത്ത് സീഡ്, കിങ്ഡം സീഡ് തുടങ്ങിയ വിവിധ പേരുകളിലാണ് കവറുകളിൽ എഴുതുന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളിൽ നിന്ന് ഓരോ ആഴ്ചയും ലക്ഷക്കണക്കിന് രൂപയാണ് ശേഖരിക്കുന്നത്. സ്വർഗിയ വിരുന്ന് സഭയിൽ ആത്മീയതയ്ക്ക് എതിരായ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇത് ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ വിട്ട് നിശബ്ദരാക്കുകയാണ് തങ്കു ബ്രദർ ചെയ്തതെന്നാണ് ആരോപണം. വിശ്വാസികൾക്ക് വീടുകളും, ഫ്‌ലാറ്റുകളും, നൽകണമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരാൾക്ക് പോലും വീട് നൽകിയിട്ടില്ല. ഇത്തരത്തിൽ പരുന്തുംപാറയിലും, മണർകാടും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. കൂടാതെ വിശ്വാസികളിൽ നിന്ന് പിരിക്കുന്ന പണം ഉപയോഗിച്ചാണ് ഇയാൾ കോടികൾ മുടക്കി തിരുവഞ്ചിയൂരിലെ വാട്ടർ സപ്ലെ റോഡിലെ ആറ്റുതീരത്ത് ആഡംബര സൗധം പണിയുന്നത്. ഇത്തരം അനീതികൾ ചോദ്യം ചെയ്ത് സഭ വിട്ടു പോയ രാജനെയും, ഭാര്യയെയും ബുധനാഴ്ച രാത്രി 11 മണിയോടെ വെള്ള നിറത്തിലുള്ള റിറ്റ്‌സ് കാറിൽ രാജന്റെ വീട്ടിലെത്തിയ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാനെന്ന പേരിലെത്തിയ ഇവർ രാജനെയും, ഭാര്യയെയും ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും അടക്കമുള്ള വീഡിയോ ക്ലിപ്പുകളും രാജൻ മാദ്ധ്യമപ്രവർത്തകർക്ക് നല്കി.

സ്വർഗീയ വിരുന്നിലെ വിശ്വാസികൾ രാജൻ ബ്രദറിന്റെ കൂട്ടായ്മയിൽ പങ്കെടുത്താൽ കൈയും കാലും വെട്ടിക്കളയുംമെന്നും, ഇപ്പോൾ പറയുന്നത് മര്യാദയുടെ ഭാഷയിലാണെന്നും ഇനി ഇങ്ങനെ ആയിരിക്കുക ഇല്ലെന്നു പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വളരെ വ്യക്തമായി കാണാം. ഞങ്ങൾ വന്നത് പോലെ തന്നെ വീട്ടിൽ പോയി കിടന്നുറങ്ങുമെന്നും, ഞങ്ങളെ അയച്ചവർ ഞങ്ങൾക്ക് പിന്തുണ തരുമെന്നും ഗുണ്ടകൾ പറയുന്നുണ്ട്. രാജന്റെ ഭാര്യയെ എടീയെന്നും മറ്റും വിളിക്കുന്നതോടൊപ്പം, രാജന്റെ കൈയിൽ ബലമായി പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതിനിടെ അതിക്രമത്തെ കുറിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ രാജനിൽ നിന്ന് പരാതി വാങ്ങുവാനും കേസ് രജിസ്റ്റർ ചെയ്യുവാനും പൊലീസ് മടിച്ചെന്ന ആരോപണവും ശക്തമാണ്. ആദ്യം കേസെടുക്കാൻ മടിച്ച പൊലീസ താൻ നിലപാടിൽ ഉറച്ചു നിന്നതോടെയാണ് കേസെടുത്തതെന്നും പി കെ രാജൻ പറഞ്ഞു. തീർത്തും ദുർബലമായ വകുപ്പുകൾ ചേർത്താണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തങ്കപ്പൻ പാസ്റ്ററിന്റെ ഡ്രൈവറും, കാര്യസ്ഥനുമായ ഇവർ കൊലക്കേസടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന മുൻകാല ചരിത്രങ്ങൾ പോലും പൊലീസ് പരിഗണിച്ചില്ലെന്ന രാജൻ പരാതിപ്പെട്ടു.

8 വർഷങ്ങൾക്കു മുമ്പ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടിയെ കൈവയ്പ് ശുശ്രൂഷയ്‌ക്കെന്ന പേരിൽ തങ്കുപാസ്റ്റർ പീഡിപ്പിക്കാൻ ശ്രമിച്ചത് വൻവിവാദമായിരുന്നു. വൻ തോതിൽ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി, എസ്എൻഡിപിഎന്നിവ അടക്കമുള്ള ഹൈന്ദവ സംഘടനകൾ വളരെക്കാലമായി പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വൻ തോതിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും, ശുശ്രൂഷകനെ മർദ്ദിക്കാൻ ശ്രമിച്ചതിന്റെയും, ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകളും പുറത്തുവന്നിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് കോട്ടയം പട്ടണത്തിൽ പൊട്ടിയ ഒരു ചിട്ടി കഥയിലെ കേന്ദ്ര കഥാപാത്രമായിരുന്നു തങ്കു ബ്രദർ എന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് മാത്യു കുരുവിള എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേർ. കോട്ടയം സിഎംഎസ് കോളേജിൽ നിന്നും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രീ ഡിഗ്രി മാത്രം കൈമുതലായുള്ള തങ്കു സഹോദരന്റെ പേരിന് മുൻപിലുള്ള ഡോക്റ്റർ പദവി പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. തങ്കു ബ്രദറിലേക്കുള്ള ജീവിതയാത്രയുടെ തുടക്കത്തിൽ കോളേജ് രാഷ്ട്രീയത്തിലെ സജീവ എസ്എഫ്‌ഐ പ്രവർത്തകനിൽ നിന്നുമായിരുന്നു., ചിട്ടി നടത്തിപ്പുകാരനായി ജീവിതം കരുപ്പിടിവിക്കുവാൻ തങ്കുബ്രദർ ശ്രമിച്ചു. ചിട്ടി എട്ടുനിലയിൽ പൊളിയുകയും, അവസാനം വിദേശത്തേക്ക് നാടുവിടുകയുമായിരുന്നു തങ്കു.

ചിട്ടി പൊട്ടിയതിനെ തുടർന്ന് വിദേശത്തേക്ക് പോയ ഇയാൾ വർഷങ്ങൾക്ക് ശേഷം തങ്കു ബ്രദറായി പുനരവതരിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. ദൈവവഴിയിൽ ആയതോടെ പൂർവാശ്രമ കഥകളൊക്കെ ബ്രദർ മറന്നു എന്നാണ് നാട്ടുകാരുടെ പരാതി. രോഗശാന്തിയുടെ പേരിൽ കൺവെൻഷനുകൾ സംഘടിപ്പിച്ച് ബ്രദർ വളർന്നു. ആറ് വർഷം കോണ്ട് തങ്കു ബ്രദർ കോടീശ്വരനായി. കോട്ടയത്തെ സ്വർഗീയ വിരുന്നിന്റെ ആസ്ഥാനം പടർന്ന് പന്തലിച്ചു. ഇതിനിടയിലെപ്പോഴോ മാത്യു കുരുവിള ഡോ. മാത്യു കുരുവിളയായി. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് പണം നിക്ഷേപിക്കാൻ പന്തലിൽ പ്രത്യേകം പെട്ടി സ്ഥാപിച്ചാണ് ഇവിടെ പ്രാർത്ഥന നടക്കുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തുള്ള സ്വർഗ്ഗീയ വിരുന്നിൽ കേരളാ പൊലീസ് ക്രൈം ബ്രാഞ്ച് കയറിയിറങ്ങിയപ്പോൾ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അനധികൃത സ്വത്ത് വിവരങ്ങളുടെ വിശദ്ധമായ കണക്കുൾക്കൊപ്പം വിദേശത്തുനിന്നും സ്വീകരിക്കപ്പെടുന്ന അനധികൃത ഫണ്ട് വിവരങ്ങളും അവയുടെ വ്യാപ്തിയും കണ്ട് കേരളജനത ഞെട്ടി. ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത അന്നത്തെ കേസുകളിൽ പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. തായ്‌വാൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും തങ്കു ബ്രദർ സ്വീകരിക്കുന്ന കണക്കിൽപെടാത്ത പണത്തിന്റെ സ്രോതസിനെക്കുറിച്ച് ഐബി സൂക്ഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

വിഘടിച്ച് നിൽക്കുന്ന വിവിധ ക്രിസ്ത്യൻ സമുദായങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി അശ്രാന്തപരിശ്രമം നടത്തുകയാണ് താനൈന്നാണ് തങ്കു ബ്രദറിന്റെ പക്ഷം. അതിനടെ കേരളത്തിലെ ആം ആദ്മി പാർട്ടിയെ നയിക്കാൻ തങ്കു ബ്രദറിന് താൽപ്പമുണ്ടെന്ന വിധത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇങ്ങനെ രാഷ്ട്രീയ നീക്കങ്ങൾ കൂടി നടത്തുന്നതിന് ഇടെയാണ് അഞ്ച് വർഷത്തോളം കാലം തങ്കുബ്രദറിനൊപ്പം പ്രവർത്തിച്ചിരുന്നവർ തന്നെ തട്ടിപ്പുകളുടെ കഥകൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മാതാ അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ ശിഷ്യ രംഗത്തെത്തിയപ്പോൾ അത് ഏറ്റെടുക്കാൻ കൈരളി ചാനലെങ്കിലും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത്തവണ കൈരളി ചാനലും തങ്കുബ്രദരിന് എതിരായ ആക്ഷേപത്തെ ഏറ്റുപിടിക്കാൻ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP