Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദ് കൊണ്ടു വന്ന സ്വർണം എത്തിയത് പാനൂരിലെ 'സ്വർണ്ണ മഹലിൽ'; മകളുടെ വിവാഹത്തിന് സദാനന്ദന്റെ ഒപ്പിൽ പൊലീസ് കാവൽ നിന്ന പ്രവാസി മുതലാളിയുടെ കടയിൽ നിന്നും തൊണ്ടി മുതൽ പിടിച്ചെടുത്തു; മലപ്പുറത്തെ കാണാതാകലിനൊപ്പം അൻസാറിനെ കുടുക്കി മറ്റൊരു അന്വേഷണവും; മലബാറിലെ സ്വർണ്ണക്കടത്തിന് പിന്നിൽ പൊലീസിന്റെ കൂട്ടുകാരനോ?

പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദ് കൊണ്ടു വന്ന സ്വർണം എത്തിയത് പാനൂരിലെ 'സ്വർണ്ണ മഹലിൽ'; മകളുടെ വിവാഹത്തിന് സദാനന്ദന്റെ ഒപ്പിൽ പൊലീസ് കാവൽ നിന്ന പ്രവാസി മുതലാളിയുടെ കടയിൽ നിന്നും തൊണ്ടി മുതൽ പിടിച്ചെടുത്തു; മലപ്പുറത്തെ കാണാതാകലിനൊപ്പം അൻസാറിനെ കുടുക്കി മറ്റൊരു അന്വേഷണവും; മലബാറിലെ സ്വർണ്ണക്കടത്തിന് പിന്നിൽ പൊലീസിന്റെ കൂട്ടുകാരനോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് സ്വർണ്ണക്കടത്തു സംഘം കൊലപ്പെടുത്തിയ ഇർഷാദ് കൊണ്ടു വന്ന സ്വർണം വിറ്റത് പാനൂരിലെ ജൂവലറിയിൽ. സ്വർണ്ണക്കടത്തു സംഘങ്ങളെ കബളിപ്പിച്ച സ്വർണ്ണമാണ് പാനൂരിലെ സ്വർണമഹൽ ജൂവലറിയിൽ എത്തിച്ചതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പാനൂരിലെ സ്വർണ്ണ മഹൽ ജ്വലറി ഉടമയെ പൊലീസ് ചോദ്യം ചെയ്തു. സ്വർണം കണ്ടെടുക്കുകയും ചെയ്തു. ഇതോടെ മലബാറിലെ കടത്തു സ്വർണ്ണമെല്ലാം വരുന്നത് പൊലീസിന് ഏറ്റവും വേണ്ടപ്പെട്ട മുതലാളിക്കാണെന്നും വ്യക്തമായി. സ്വർണ്ണക്കടത്തിൽ ജൂവലറിയിലെ ആർക്കെങ്കിലും പങ്കുണ്ടോ എന്നു പൊലീസ് പരിശോധിക്കുകയാണ്. പാനൂരിലും കുത്തുപറമ്പിലും ശാഖകൾ ഉള്ള ജൂവലറിക്കു സിപിഎം- ലീഗ് നേതാവുമായി ബന്ധമുണ്ടെന്നും സൂചനകളുണ്ട്. ഇതേ ജൂവലറി ഉടമയുടെ വീട്ടിലെ വിവാഹത്തിനാണ് പൊലീസ് സുരക്ഷയൊരുക്കിയതും വിവാദമായതും.

വിവാഹത്തിലെ പൊലീസ് സാന്നിധ്യം ചർച്ചയായപ്പോൾ തന്നെ ഇതേ വ്യക്തിയുടെ സ്വർണ്ണ കടയിലേക്കാണ് മലബാറിലെ കടത്തു സ്വർണ്ണമെല്ലാം എത്തുന്നതെന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതിനിടെയാണ് ഇർഷാദ് കൊലയിലെ സ്വർണ്ണവും പാനൂരിലെ അൻസാർ കെയുടെ വീട്ടിലേക്കാണ് എത്തിയതെന്ന് വ്യക്തമാകുന്നത്. അൻസാറിനെ അടക്കം പൊലീസ് ചോദ്യം ചെയ്തു. തൊണ്ടി കണ്ടെടുത്തത് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ ഈ വാർത്തയും പുറംലോകത്ത് ചർച്ചയായില്ല. കണ്ണൂരിലെ അഡീഷണൽ എസ് പി പി പി സദാനന്ദനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അൻസാറിന്റെ വീട്ടിലെ വിവാഹത്തെ ചർച്ചയാക്കിയത്. ഇതിനൊപ്പം മലപ്പുറത്ത് കാണാതായ യുവാവ് സ്വർണം കൊണ്ടു വന്നത് സ്വർണ്ണ മഹലിനാണെന്ന വാദവും എത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സ്വർണ്ണ മഹലിലേക്കാണ് ഈ സ്വർണ്ണവും എത്തേണ്ടിയിരുന്നതെന്ന് വ്യക്തമായത്.

കണ്ണൂരിൽ ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണ് അൻസാർ. 1400 രൂപ വാടക വാങ്ങി നാല് പൊലീസുകാരെ ഇയാളുടെ മകളുടെ കല്യാണത്തിന് സുരക്ഷയൊരുക്കാനാണ് അയച്ചത് പൊലീസിലെ സുഹൃത്തുക്കളാണ് കണ്ണൂർ പാനൂർ മൊകേരി എളങ്ങോട് പാലക്കൂൽ കരഞ്ചിന്റെവിട കെ.അൻസാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു പൊലീസിനെ അയച്ചത്. 31ന് നടന്ന കല്യാണത്തിനെത്തുന്ന വി.ഐ.പികളുടെ സുരക്ഷയ്ക്കായി രാവിലെ 9 മുതൽ വൈകിട്ട് 5വ രെ നാലു പൊലീസുകാരെയാണ് അയച്ചത്. ഇതിനായി ആളൊന്നിന് 1400 രൂപ വീതം 5600 രൂപ ട്രഷറിയിൽ അടയ്ക്കുകയും ചെയ്തു. കണ്ണൂർ അഡി.സൂപ്രണ്ട് പി.പി.സദാനന്ദനാണ് വാടകയ്ക്ക് പൊലീസിനെ അനുവദിച്ച് ഉത്തരവിറക്കിയത്. ഇത് ഏറെ വിവാദമായി. ഈ സമയം വിചിത്ര ന്യായവുമായി സദാനന്ദൻ എത്തി.

എന്നാൽ തന്റെ അറിവോടെയല്ല ഇങ്ങനെയൊരു ഉത്തരവിറങ്ങിയതെന്ന് സദാനന്ദൻ വ്യക്തമാക്കി. അൻസാർ സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോയ്ക്ക് നൽകിയ പരാതിയിൽ, പൊലീസുകാരെ കല്യാണത്തിന്റെ സുരക്ഷയ്ക്ക് അയയ്ക്കാമെന്ന് ഉത്തരവിട്ടിരുന്നു. കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് പൊലീസുകാരെ അയച്ചത്. തന്റെ അറിവോടെയല്ല ഇങ്ങനെയൊരു ഉത്തരവിറങ്ങിയതെന്നും വിശദീകരിച്ചു. ചില പൊലീസുകാരെ നടപടിക്ക് വിധേയമാക്കുകയും ചെയ്തു. എന്നാൽ കല്യാണത്തിന് പൊലീസിനെ അയച്ചതിന് പിന്നിലും ചില സംശയങ്ങൾ ഉയരുന്നുണ്ട്. കല്യാണം അലങ്കോലപ്പെടുത്താൻ സ്വർണ്ണക്കടത്തിലെ എതിരാളികൾ എത്തുമെന്ന് അൻസാർ ഭയന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസിനെ സുരക്ഷയ്ക്ക് നിയോഗിച്ചതെന്നാണ് സൂചന. ഇതിന് തെളിവാണ് സ്വർണ്ണ മഹലിൽ നിന്നും ഇർഷാദ് കൊണ്ടു വന്ന സ്വർണം പിടിച്ചെടുക്കുന്നതും.

പഴയ സ്വർണം കടകൾ വാങ്ങാറുണ്ട്. എന്നാൽ ഇങ്ങനെ വാങ്ങുന്ന സ്വർണ്ണത്തിന്റെ ഉറവിടത്തിൽ കടക്കാരൻ വ്യക്തത വരുത്തണം. ഇർഷാദിന്റെ സ്വർണം കട്ടികളായിരുന്നു. പഴയ ആഭരങ്ങൾ വിലയ്ക്ക് വാങ്ങുന്ന ലാഘവത്തിൽ അത് സ്വർണ്ണ കടകൾ വാങ്ങാൻ പാടില്ല. എന്നാൽ സ്വർണ്ണ മഹൽ ജ്വലറി ഇതൊന്നും പരിശോധിക്കാതെ സ്വർണം വാങ്ങി. അതാണ് പിടിച്ചെടുത്തത്. കേസിൽ നിയമ പ്രകാരം സ്വർണ്ണ കടമുതലാളി സാക്ഷിയാകും. അതിന് അപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ല. സ്വർണ്ണ കടത്തിന് പിന്നിൽ ഈ ജ്വലറിയുടെ പങ്കും അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ അതൊന്നും നടക്കുന്നില്ല. പൊലീസിലെ ഉന്നത ബന്ധങ്ങൾ തന്നെയാണ് ഇതിന് കാരണം. ഇർഷാദിന്റെ മരണത്തിൽ ഇനിയും ദുരൂഹത മാറിയിട്ടില്ല. കടലിൽ മുങ്ങി മരിച്ച നിലയിലാണ് ഇർഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദ് താമസിച്ചത് വയനാട് വൈത്തിരിയിൽ ലോഡ്ജിലായിരുന്നു അവസാനമായി താമസിച്ചത്. ജൂൺ രണ്ടിന് ഇർഷാദിന്റെ സുഹൃത്ത് ഷെമീർ ലോഡ്ജിൽ റൂം എടുത്തതായി ലോഡ്ജ് ഉടമ വ്യക്തമാക്കി. ജൂലൈ നാലിനാണ് സംഘം ഇർഷാദിനെ ലോഡ്ജിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും ലോഡ്ജ് ഉടമ വെളിപ്പെടുത്തി. ചികിത്സയ്ക്കെന്ന് പറഞ്ഞാണ് ഇർഷാദും ഷമീറും റൂം എടുത്തത്. പൊലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി. ഷമീർ റൂം എടുത്തത് ജൂൺ രണ്ടിനായിരുന്നു. ഇർഷാദിനെ ലോഡ്ജിലെത്തിച്ചത് ജൂൺ 16-നും. കാറിലെത്തിയ സംഘം ജൂലൈ നാലിന് ഉച്ചയ്ക്ക് ഇർഷാദിനെ കൂട്ടിക്കൊണ്ട് പോയതായാണ് വിവരം. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹമാണ് ഡി.എൻ.എ. പരിശോധനയിൽ ഇർഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

പുഴയിൽ നീന്തുക എന്നത് ഇർഷാദിനെ സംബന്ധിച്ച് അത്ര പ്രയാസകരമായ കാര്യമല്ല എന്നാണ് വീട്ടുകാർ പറയുന്നത്. ചെറുപ്പം മുതൽക്കെ മണലെടുക്കാൻ പോകുന്നവരെ സഹായിക്കാൻ പോയിരുന്നതു കൊണ്ട് നീന്തലിൽ നല്ല പരിചയമുണ്ട്. ഒന്നുകിൽ നീന്തിക്കയറാൻ പറ്റാത്ത രീതിയിലുള്ള എന്തെങ്കിലും കഴിപ്പിക്കുകയോ മർദ്ദിച്ചതോ ആകാമെന്നാണ് നിഗമനം. അല്ലെങ്കിൽ രക്ഷപ്പെട്ട് പുഴ നീന്തിക്കടക്കാം എന്ന ആത്മവിശ്വാസത്തിൽ ചെയ്തതാകാം, തെറ്റിദ്ധരിപ്പിച്ച് പാലത്തിലെത്തിച്ച് കൊല്ലാനുള്ള ഉദ്ദേശത്തോടെവാഹനത്തിൽ നിന്ന് ഇറക്കിയതാണോ എന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്.

മെയ്‌ 13-നാണ് ഇർഷാദ് ദുബായിൽനിന്ന് നാട്ടിലേക്കെത്തിയത്. 23-ന് വീട്ടിൽനിന്ന് ജോലിക്കെന്നു പറഞ്ഞ് വയനാട്ടിലേക്കുപോയി. ജൂലായ് മാസം എട്ടിനാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വർണം തിരികെനൽകിയില്ലെങ്കിൽ ഇർഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി. സൂപ്പിക്കട സ്വദേശി ഷെമീറുൾപ്പടെ മൂന്നുപേർക്കാണ് സ്വർണം കൈമാറിയതെന്നായിരുന്നു മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ സുഹൃത്തുക്കളെയും മുഹമ്മദ് സാലിഹുമായി ബന്ധമുള്ളവരെയുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതിൽ നിന്നാണ് ജ്വലറിയിലേക്ക് അന്വേഷണം എത്തിയത്.

ഇർഷാദിനെ കാണാതായ സംഭവത്തിൽ കൽപ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീൽ (26), പൊഴുതന സ്വദേശി സജീർ (27) പിണറായി സ്വദേശി മർസീദ് എന്നിവരാണ് അറസ്റ്റിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തിൽ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പൊലീസ് കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP