Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202208Thursday

'വിവേകമില്ലാത്ത തലകൾ മുറിച്ചു മാറ്റപ്പെടട്ടെയെന്ന്' ലേഖനമെഴുതിയതിന് അടക്കം മാപ്പ്; സഭ ചെയ്ത തെറ്റിന് ക്ഷമചോദിച്ച് ഐറിഷ് സീറോ മലബാർ കമ്മ്യൂണിറ്റി; മാപ്പ് എല്ലാവരും ഏറ്റുചൊല്ലിയത് കൈ വെട്ടിമാറ്റപ്പെട്ട അദ്ധ്യാപകന്റെ മുന്നിൽവെച്ച്; പ്രൊഫ ടി ജെ ജോസഫിന് അയർലണ്ടിൽ വികാരഭരിത സ്വീകരണം

'വിവേകമില്ലാത്ത തലകൾ മുറിച്ചു മാറ്റപ്പെടട്ടെയെന്ന്' ലേഖനമെഴുതിയതിന് അടക്കം മാപ്പ്; സഭ ചെയ്ത തെറ്റിന് ക്ഷമചോദിച്ച് ഐറിഷ് സീറോ മലബാർ കമ്മ്യൂണിറ്റി; മാപ്പ് എല്ലാവരും ഏറ്റുചൊല്ലിയത് കൈ വെട്ടിമാറ്റപ്പെട്ട അദ്ധ്യാപകന്റെ മുന്നിൽവെച്ച്; പ്രൊഫ ടി ജെ ജോസഫിന് അയർലണ്ടിൽ വികാരഭരിത സ്വീകരണം

എം റിജു

ഡബ്ലിൻ: കേരള മനസാക്ഷിയുടെ നൊമ്പരമാണ്, പ്രൊഫസർ ടി ജെ ജോസഫ്. തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകനായ അദ്ദേഹത്തെ, ചോദ്യപേപ്പർ വിവാദത്തെ തുടർന്ന്, ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി ആക്രമിക്കയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇസ്ലാമിക തീവ്രവാദികൾ ചെയ്തതിനേക്കാൾ വലിയ, ക്രൂരതയാണ്, സഭ ജോസഫ് മാഷിനോട് ചെയ്തതെന്ന് പിൽക്കാലത്ത് വലിയ വിമർശനങ്ങൾ ഉയർന്നു. അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും, പീഡിപ്പിക്കാൻ മൗനാനുവാദം നൽകുകയുമായിരുന്നു സീറോ മലബാർ സഭാ നേതൃത്വം ചെയ്തത്. ഇസ്ലാമിക തീവ്രവാദികൾ വൈകാതെ ആക്രമിക്കുമെന്ന കൃത്യമായ വിവരം, സഭാ അധികൃതർക്ക് അറിയാമായിരുന്നുവെന്നും, അവർ തന്റെ മരണം കാത്തിരിക്കയായിരുന്നെന്നും, പ്രൊഫസർ ജോസഫ് തന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകളിൽ' എഴുതിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ സലോമി, ഡിപ്രഷൻ ബാധിച്ച് ആത്മഹത്യ ചെയ്യാനുള്ള കാരണവും ഈ സാമ്പത്തിക പ്രതിസന്ധിയായിരുന്നു.

എന്നാൽ ഇപ്പോൾ ജോസഫ് മാഷോട് ചെയ്ത കൊടിയ തെറ്റിനോട് ഒരിക്കലും മാപ്പുപറയാൻ സീറോ മലബാർ സഭ തയ്യാറായിട്ടില്ല. എന്നാൽ അയർലണ്ടിലെ സീറോ മലബാർ സഭയിലെ അൽമായ കൂട്ടായ്മ സീറോ മലബാർ കമ്മ്യൂണിറ്റി,ഈ അദ്ധ്യാപകനോട്, സഭ ചെയ്ത ക്രൂരതകൾക്ക് പരസ്യമായി മാപ്പു പറഞ്ഞിരിക്കയാണ്.

മാപ്പ് എല്ലാവരും ഏറ്റുചൊല്ലി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രൊഫ. ടി.ജെ ജോസഫ് അയർലണ്ടിലാണ്. അവിടെ ജോലിചെയ്യുന്ന തന്റെ മകൾക്ക് ഒപ്പമാണ് അദ്ദേഹം. ഈ സമയത്താണ് അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റി അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. അയർലണ്ടിലെ സീറോ മലബാർ സഭയിലെ അൽമായ കൂട്ടായ്മയുടെ പ്രഥമ പൊതുസമ്മേളനം ജൂലായ് 17 ഞായറാഴ്‌ച്ച അഷ്‌ബോണിലെ ജിഎഎ ക്ലബ്ബിൽ നടന്നപ്പോഴാണ് ജോസഫ് മാസ്റ്റർ മുഖ്യാഥിതിയായി എത്തിയത്. അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡന്റ് ജോർജ്ജ് പാലിശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചൂ.

2010ൽ നടന്ന സംഭവം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും ജോസഫ്മാഷ് വിശദീകരിച്ചത് സദസ്സ് സസൂക്ഷ്മം ശ്രവിച്ചു. എല്ലാവിധത്തിലും തകർന്ന തന്റെ കുടുംബത്തിനു താങ്ങായത് വിദേശമലയാളികൾ അടക്കമുള്ളവരിൽനിന്നുള്ള പിന്തുണയാണ്. സാമ്പത്തികമായും അല്ലാതെയും ലഭിച്ച പിന്തുണയ്ക്ക്, ആദ്യമായി വിദേശത്ത് സന്ദർശനം നടത്തുന്ന ഈയവസരത്തിൽ നന്ദി പറയുന്നുവെന്നും തന്റെ മറുപടി പ്രസംഗത്തിൽ വികാരഭരിതനായി ജോസഫ് മാഷ് പറഞ്ഞു. തനിക്ക് അതുവരെ നേരിട്ടു അറിയുക പോലുമില്ലാതിരുന്ന അക്രമികളോട് ക്ഷമിക്കാൻ സാധിച്ചത് തന്റെ മാനസിക സംഘർഷം കുറയ്ക്കാൻ ഇടയാക്കിയെന്നു ചോദ്യത്തിനുത്തരമായി ജോസഫ് മാഷ് പറഞ്ഞു. അതേസമയം അന്നത്തെ സംഭവത്തിൽ കോളേജ് മാനേജ്‌മെന്റ് എന്തുകൊണ്ട് അങ്ങനെയൊരു നടപടിയെടുത്തുവെന്നു തനിക്കറിയില്ലെന്നും മാഷ് വ്യക്തമാക്കി.

മതതീവ്രവാദികൾ ജോസഫ് മാഷിനെ ശാരീരികമായി ആക്രമിച്ചപ്പോൾ സഭാ നേതൃത്വം മാനസികമായി അക്രമിക്കുകയായിരുന്നെന്നു ജോർജ്ജ് പാലിശ്ശേരി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വിവേകമില്ലാത്ത തലകൾ മുറിച്ചു മാറ്റപ്പെടട്ടെയെന്നു ഒരു പുരോഹിതൻ ലേഖനമെഴുതിയപ്പോൾ മൗനംപാലിച്ച നേതൃത്വം, സഭയിലെ പീഡനങ്ങൾ കണ്ടില്ലെന്നു നടിക്കുകയും നേതൃത്വത്തിന്റെ തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന വിവേകമാണോ വിശ്വാസികളിൽ വളർത്താൻ ഉദ്ദേശിക്കുന്നതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

തുടർന്ന്, തങ്ങളുൾപ്പെടുന്ന സീറോ മലബാർ സഭയുടെ നേതൃത്വം ഈ വിഷയത്തിൽ എടുത്ത നിലപാടുകൾ തെറ്റായിരുന്നെന്ന് തുറന്നു സമ്മതിച്ചുകൊണ്ടു സഭാ നേതൃത്വത്തിന് വേണ്ടി അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റി പൊതുയോഗത്തിൽ വച്ചു ജോസഫ് മാഷിനോട് ക്ഷമ ചോദിച്ചു. സഭയും സർക്കാരും സമൂഹവും നോക്കുകുത്തികളായ ദൗർഭാഗ്യകരമായ സംഭവത്തിൽ, കമ്മ്യുണിറ്റിയുടെ ട്രഷർ ലൈജു ജോസഫ് ചൊല്ലിക്കൊടുത്ത മാപ്പ് എല്ലാവരും ഏറ്റുചൊല്ലി.

സ്വതന്ത്ര അൽമായ സംഘടന

സീറോ മലബാർ കമ്മ്യുണിറ്റി എന്ന സ്വതന്ത്ര അൽമായ സംഘടന രൂപീകൃതമാകാനുണ്ടായ സാഹചര്യങ്ങൾ ജോസൻ ജോസഫ് വിശദീകരിച്ചു. അയർലണ്ടിലെ സീറോ മലബാർ വിശ്വാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങൾ ഉദാഹരണസഹിതം അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഒരു കത്തോലിക്ക വിശ്വാസി സ്വന്തം നിലയ്ക്ക് സ്വീകരിക്കുന്ന വിവാഹമെന്ന കൂദാശപോലും പണത്തിനും അധികാരപ്രയോഗത്തിനുമുള്ള മാർഗ്ഗമായി ദുരുപയോഗിച്ചാൽ പുരോഹിതരെ എങ്ങനെയാണ് അടുത്ത തലമുറ അംഗീകരിക്കുകയെന്നു സഭാനേതൃത്വം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിതമായി സ്ഥാപനവൽക്കരിക്കപ്പെട്ട സഭയിൽ പണത്തിനും അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള വടംവലിയാണ് പല പ്രശ്‌നങ്ങൾക്കും മൂലകാരണമെന്നു തുടർന്ന് സംസാരിച്ച ബിനു തോമസ് പറഞ്ഞു. പുരോഹിതർക്ക് തെറ്റു ചെയ്യാനുള്ള പിന്തുണ ലഭിക്കുന്നത് വിശ്വാസികളിൽ തന്നെയുള്ള ചിലരിൽ നിന്നാണെന്നാണ് അടുത്തകാലത്ത് അയർലണ്ടിൽ സീറോ മലബാർ സഭ ഒന്നടങ്കം നാണംകെടാനിടയാക്കിയ സംഭവങ്ങൾ തെളിയിക്കുന്നത്. അതിൽനിന്ന് പാഠമുൾക്കൊണ്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സഭാവിരോധികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും സഭാസ്നേഹികളെന്നു നടിക്കുന്നവരാണ് സഭയെ നശിപ്പിക്കുന്നതെന്നും മനസ്സിലാക്കാനുള്ള വിവേകം മെത്രാന്മാർക്ക് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

മുൻകാലങ്ങളിലേതുപോലെ വിശ്വാസികളെ ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ നടത്തുന്ന രീതി ഇനിയുണ്ടാകരുതെന്നും അതിനായി അയർലണ്ടിലെ എല്ലാ സീറോ മലബാർ വിശ്വാസികളും ഒരുമിക്കണമെന്നും പരിപാടിയുടെ കോർഡിനേറ്റർ സാജു ചിറയത്ത് ആഹ്വാനം ചെയ്തു. സഭാവിരുദ്ധരാവാനല്ല മറിച്ചു തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന നല്ല വിമർശകരായി സഭയിൽ ഒരു തിരുത്തൽ ശക്തിയെന്ന നിലയിൽ പ്രവർത്തിക്കാനാണ് അയർലണ്ടിലെ സീറോ മലബാർ കമ്മ്യുണിറ്റി ലക്ഷ്യമിടുന്നതെന്നും, കമ്മ്യുണിറ്റിയുടെ പ്രവർത്തനഫലമായി ഉണ്ടായ ചില നല്ല മാറ്റങ്ങൾ സന്തോഷം പകരുന്നുവെന്നും നന്ദി പ്രസംഗത്തിൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ സൂചിപ്പിച്ചു. അയർലൻഡ് സീറോമലബാർ കമ്യൂണിറ്റിയുടെ ഉപഹാരവും ജോസഫ് മാഷിന് സമ്മാനിച്ചു. കേരളത്തിൽവെച്ച് തിരുത്താൻ കഴിയാത്ത ഒരു തെറ്റ് തിരുത്തി ചരിത്രം കുറിച്ചാണ് ഈ യോഗം അവസാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP