Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയ ബാസ്റ്റിൻ സാബു അൺഫിറ്റ്; വധശ്രമക്കേസും മേലുദ്യോഗസ്ഥനെ തല്ലിയതും അടക്കം നിരവധി പോരായ്മകളുള്ള അബ്ദുൾ റഷീദും ഇല്ലാത്ത കൊലക്കേസിൽ നാലു പേരെ കുടുക്കിയ കിഷോർ കുമാറും വെരിഗുഡ്; ബാസ്റ്റിന്റേത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത വീഴ്ചയെന്ന് യുപിഎസ്‌സിയും; കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഐപിഎസ് പട്ടിക തയാറാക്കിയതിന്റെ മിനുട്സ് മറുനാടന്

സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയ ബാസ്റ്റിൻ സാബു അൺഫിറ്റ്; വധശ്രമക്കേസും മേലുദ്യോഗസ്ഥനെ തല്ലിയതും അടക്കം നിരവധി പോരായ്മകളുള്ള അബ്ദുൾ റഷീദും ഇല്ലാത്ത കൊലക്കേസിൽ നാലു പേരെ കുടുക്കിയ കിഷോർ കുമാറും വെരിഗുഡ്; ബാസ്റ്റിന്റേത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത വീഴ്ചയെന്ന് യുപിഎസ്‌സിയും; കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഐപിഎസ് പട്ടിക തയാറാക്കിയതിന്റെ മിനുട്സ് മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 16 വർഷം മുൻപ് സിപിഎം നേതാവിനോട് മോശമായി പെരുമാറിയ ബാസ്റ്റിൻ സാബു എന്ന ഉദ്യോഗസ്ഥൻ ഐപിഎസ് പട്ടികയിൽ ഇടം നേടാൻ അൺഫിറ്റ്. അതേ സമയം, ഉണ്ണിത്താൻ വധശ്രമക്കേസും മേലുദ്യോഗസ്ഥനെ ഓഫീസിൽ കയറിയ തല്ലിയതും അടക്കം നിരവധി പോരായ്മകളുള്ള എൻ. അബ്ദുൾ റഷീദും ഇല്ലാത്ത കൊലക്കേസിൽ നാലു നിരപരാധികളെ ജയിലിൽ അടച്ച ജെ. കിഷോർ കുമാറും വെരിഗുഡ്.

കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഐപിഎസിന് പരിഗണിക്കുന്നതിന് വേണ്ടി ചേർന്ന യുപിഎസ്‌സി സെലക്ഷൻ കമ്മറ്റി യോഗത്തിന്റെ മിനുട്സ് കണ്ടാൽ ആരും ഞെട്ടിപ്പോകും. സ്റ്റേഷനിൽ വന്ന രാഷ്ട്രീയക്കാരനെ ബഹുമാനിക്കാതിരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത കുറ്റമായി ഇവർ വിലയിരുത്തുന്നു. ഇതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥന് ഐപിഎസ് നിഷേധിക്കുന്നു. അതേ സമയം, വധശ്രമം, മേലുദ്യോഗസ്ഥനെ ഓഫീസിൽ കയറി തല്ലിയത്, കീഴുദ്യോഗസ്ഥന്റെ മുഖത്ത് തുപ്പിയത്, സ്റ്റോപ്പില്ലാത്ത ട്രെയിൻ ചങ്ങല വലിച്ചു നിർത്തിയത്, സിബിഐ ഉദ്യോഗസ്ഥരെ ആക്രമിച്ചത് എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ചാർത്തപ്പെട്ട എൻ. അബ്ദുൾ റഷീദിനെ സ്വീകരിച്ചാനയിക്കുന്നു. താലത്തിൽ വച്ച് ഐപിഎസ് നൽകുന്നു. അവസാന നിമിഷം വിവാദമായതിനാൽ നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയ കിഷോർ കുമാറിനെ മാറ്റി നിർത്തുന്നു. നിലവിലുള്ള വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയാൽ അയാൾക്കും കിട്ടും ഐപിഎസ്.

2019, 20 വർഷങ്ങളിൽ കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഐപിഎസിന് പരിഗണിക്കുന്നതിന് വേണ്ടി ചേർന്ന യുപിഎസ്‌സി സെലക്ഷൻ കമ്മറ്റി മീറ്റിങിന്റെ മിനുട്സ് മറുനാടന് ലഭിച്ചു. അതിൽ ബാസ്റ്റിൻ സാബുവെന്ന മോശം റെക്കോഡുകൾ ഒന്നും തന്നെയില്ലാത്ത എസ്‌പിയെ ഒഴിവാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ള അബ്ദുൾ റഷീദിനെ തിരുകാനും കാണിച്ചിട്ടുള്ള വ്യഗ്രത ആർക്കും മനസിലാകും. ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐ പ്രത്യേക കോടതി വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ ആളാണ് റഷീദ്. ഇതിനെതിരേ സിബിഐ, മാധ്യമ പ്രവർത്തകൻ വി.ബി ഉണ്ണിത്താൻ, കൊല്ലത്തെ മാധ്യമപ്രവർത്തകൻ ജി. വിപിനൻ, കേസിലെ മാപ്പുസാക്ഷി സന്തോഷ് കുമാർ എന്നിവർ ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ ഫയൽ ചെയ്തിരുന്നു. ഇത് തന്റെ ഐപിഎസിന് വിഘാതമാകുമെന്ന് കണ്ട റഷീദ് ഹൈക്കോടതിയെ സമീപിച്ചു. അബ്ദുൾ റഷീദിന്റെ ഐപിഎസിന് ഉണ്ണിത്താൻ കേസിലെ റിവിഷൻ പെറ്റിഷൻ തടസമാകരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ ചുവട് പിടിച്ച് നടന്ന നാടകങ്ങൾ മുഴുവൻ യുപിഎസ്‌സിയുടെ മിനുട്സിൽ വ്യക്തമാണ്.

യുപിഎസ് സി അംഗം ഭരത് ഭൂഷൺ വ്യാസ് പ്രസിഡന്റായിട്ടുള്ള സെലക്ഷൻ കമ്മറ്റിയിൽ കേരള ചീഫ് സെക്രട്ടറി വി.പി ജോയി, കേരള ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡി.ജി.പി അനിൽ കാന്ത്, സിഐഎസ്എഫ് ഐജി അലോക് കുമാർ, സിആർപിഎഫ് ഐജി അൻഷുമാൻ യാദവ് എന്നിവർ അംഗങ്ങളായിരുന്നു.

2019 ലെ സെലക്ട് ലിസ്റ്റിൽ നമ്പർ 10 സി. ബാസ്റ്റിൻ സാബു, 13. ജെ. കിഷോർ കുമാർ 14. എൻ. അബ്ദുൾ റഷീദ് എന്നിങ്ങനെ ഉൾപ്പെടുത്തിയെങ്കിലും ഓവറോൾ അസസ്മെന്റിൽ അബ്ദുൾ റഷീദും ബാസ്റ്റിൻ സാബുവും അൺഫിറ്റായി. കിഷോർകുമാറിന് വെരിഗുഡ് നൽകി. 2020 ലെ സെലക്ട് ലിസ്റ്റിൽ നമ്പർ 2. ബാസ്റ്റിൻ സാബു, 5. കിഷോർ കുമാർ, 6. എൻ. അബ്ദുൾ റഷീദ് എന്നിങ്ങനെ മൂവരെയും ഉൾപ്പെടുത്തി. എന്നാൽ, ഓവറോൾ അസസ്മെന്റിൽ ബാസ്റ്റിൻ സാബു മാത്രം അൺഫിറ്റ്. മറ്റ് രണ്ടു പേരും വെരിഗുഡ് നേടി.

ബാസ്റ്റിൻ സാബു അൺഫിറ്റായത് ഇങ്ങനെ..

2006 ൽ പയ്യോളി സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന ബാസ്റ്റിൻ സാബു കേസുമായി ബന്ധപ്പെട്ട് വന്ന സിപിഎം പ്രാദേശിക നേതാവിനോട് മോശമായി പെരുമാറിയത്രേ. നേതാവിനെ അസഭ്യം വിളിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നേതാവ് അക്കാലത്തെ വൈദ്യുതി മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചത് പ്രകാരം കോഴിക്കോട് റൂറൽ എസ്‌പി ബാസ്റ്റിൻ സാബുവിനെതിരേ അന്വേഷണം നടത്തി. വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്ത് റിപ്പോർട്ടും സമർപ്പിച്ചു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാസ്റ്റിനെതിരേ തുടരന്വേഷണത്തിന് ഉത്തരമേഖലാ ഐജി നിർദേശിച്ചു. അന്വേഷണത്തിൽ ബാസ്റ്റിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തി. ബാസ്റ്റിന്റെ ഇൻക്രിമെന്റ് ഒരു വർഷത്തേക്ക് തടഞ്ഞു കൊണ്ട് നടപടി വന്നു. ഇതേ സമയം തന്നെ സർക്കാരിനും ബാസ്റ്റിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ ഒരു വാച്യാന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഉത്തരമേഖലാ ഐജി ഇതു സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കിയതും നടപടി എടുത്തതും അറിയാതെയായിരുന്നു സർക്കാരിന്റെ നടപടി ക്രമം.

സർക്കാർ തലത്തിലുള്ള അന്വേഷണ ഉത്തരവ് കിട്ടിയതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ബാസ്റ്റിനെതിരേ ചുമത്തിയ നടപടി ക്രമങ്ങൾ റദ്ദാക്കാൻ ഉത്തരമേഖലാ ഐജിയോട് നിർദേശിച്ചു. ഇതിൻ പ്രകാരം ഐജി ആ നടപടി ക്രമങ്ങൾ റദ്ദാക്കുകയും ചെയ്തു. ഈ വിവരം സംസ്ഥാന പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചതുമില്ല.

ഐപിഎസിന് പരിഗണിക്കപ്പെടുമെന്ന് അറിയാമായിരുന്ന ബാസ്റ്റിൻ സാബു, 2006 ലെ തനിക്കെതിരായ സർക്കാരിന്റെ അച്ചടക്ക നടപടി (വാച്യാന്വേഷണ ഉത്തരവ്) അതിനൊരു തടസമാകാതിരിക്കാൻ ആ നടപടി ക്രമങ്ങൾ കാൻസൽ ചെയ്യുന്നതിന് വേണ്ടി 2016 ൽ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സർക്കാരിന്റെ വാച്യാന്വേഷണം റദ്ദാക്കി. ഇതോടെ ബാസ്റ്റിനെതിരായ രണ്ട് അന്വേഷണങ്ങളും റദ്ദായി. ആദ്യത്തേത് നോർത്ത് സോൺ ഐജി നടത്തിയ അന്വേഷണം ഡിജിപിയുടെ നിർദേശ പ്രകാരം 2006 ൽ തന്നെ റദ്ദാക്കപ്പെട്ടു. രണ്ടാമത്തേതത് സർക്കാർ ഉത്തരവിട്ട വാച്യാന്വേഷണം 2016 ലെ ഹൈക്കോടതി വിധി പ്രകാരവും റദ്ദാക്കപ്പെട്ടു.

അതിന് ശേഷം, ഉത്തരമേഖലാ ഐജിയുടെ 2006 ലെ അന്വേഷണത്തിൽ തനിക്കെതിരായി ശിപാർശ ചെയ്ത നടപടികളെ കുറിച്ചുള്ള പരാമർശം ഒഴിവാക്കി കിട്ടാൻ വേണ്ടി ബാസ്റ്റിൻ സാബു സർക്കാരിൽ അപേക്ഷ നൽകി. രണ്ട് അച്ചടക്ക നടപടികളും റദ്ദാക്കപ്പെട്ടുവെങ്കിലും ഈ ഉദ്യോഗസ്ഥനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് നിലനിൽക്കുന്നുവെന്ന് മനസിലാക്കിയ സർക്കാർ 2006 ലെ ഉത്തരമേഖലാ ഐജിയുടെ അച്ചടക്ക നടപടി പുനഃസ്ഥാപിച്ചു. ഒരു വർഷത്തെ ശമ്പള വർധനവ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പുനഃസ്ഥാപിച്ചതോടെ അധിക ശമ്പളമായി കൈപ്പറ്റിയ 5016 രൂപ തിരികെ അടയ്ക്കാൻ ബാസ്റ്റിനോട് നിർദേശിച്ചു. 2021 മാർച്ച് 12 ന് ബാസ്റ്റിൻ പണം അടച്ചു.

കുഴപ്പം തന്റെയല്ല...ബാസ്റ്റിൻ ക്യാറ്റിൽ

സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്ത് നിന്ന് വന്ന വീഴ്ചയുടെ പേരിൽ തന്നെ ക്രൂശിക്കരുതെന്നും ഐപിഎസ് ലിസ്റ്റിൽ പരിഗണിക്കണമെന്നും കാട്ടി ബാസ്റ്റിൻ സാബു സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) സമീപിച്ചതോടെ കളി മാറി. ഹർജി പരിഗണിച്ച ക്യാറ്റ് ബാസ്റ്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. മറ്റ് തടസമില്ലെങ്കിൽ ബാസ്റ്റിനെ പരിഗണിക്കണം. അല്ലെങ്കിൽ അയാൾക്കുള്ള ഒരു തസ്തിക നീക്കി വച്ചിട്ട് നിയമനം നടത്തണമെന്നും ഉത്തരവിട്ടു.

യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസലിന്റെ ഉരുണ്ടു കളി

ക്യാറ്റിനെ സമീപിച്ചത് ബാസ്റ്റിൻ സാബു മാത്രമായിരുന്നില്ല. എൻ. അബ്ദുൾ റഷീദ്, ജെ. കിഷോർ കുമാർ എന്നിവരും ഉണ്ടായിരുന്നു. യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസൽ ആയ അഡ്വ. തോമസ് മാത്യു നെല്ലിമുട്ടിൽ ക്യാറ്റിൽ ബാസ്റ്റിന്റെ ഹർജിയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. അതേ സമയം, കിഷോർ കുമാറിനും അബ്ദുൾ റഷീദിനും അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തു. ഇതേ നിലപാട് കേരളത്തിൽ നിന്നുള്ള സെലക്ഷൻ കമ്മറ്റിയംഗങ്ങളും സ്വീകരിച്ചതാണ് റഷീദിന് ഐപിഎസ് കിട്ടാൻ കാരണമായത്. ക്യാറ്റ് പറഞ്ഞിട്ടും ബാസ്റ്റിൻ സാബുവിന് ഐപിഎസ് കൊടുത്തിട്ടുമില്ല.

മണിക്കൂറുകളുടെ ഇടവേളകളിൽ രണ്ടു തരം ഉത്തരവ് ഇറക്കി യുപിഎസ്‌സി

കേരളാ കേഡർ ഐപിഎസുകാരുടെ നിയമനം വിജ്ഞാപനം ചെയ്തു കൊണ്ട് രണ്ടു തരം ഉത്തരവാണ് യുപിഎസ്‌സി ഇറക്കിയത്. അത് തന്നെ കെടുകാര്യസ്ഥതയ്ക്ക് തെളിവാണ്. നവംബർ 16 ന് വൈകിട്ട് ആദ്യമിറങ്ങിയ ഉത്തരവിൽ 2020 ലെ സെലക്ട് ലിസ്റ്റിൽ 14 പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ടാമത്തെ പേര് ജെ. കിഷോർ കുമാറിന്റേതായിരുന്നു. പേരിന് നേരെ നക്ഷത്രചിഹ്നം ചാർത്തിയിട്ട് അതിന് അടിയിലായി വിശദീകരണവും നൽകിയിരുന്നു.

 

അച്ചടക്ക നടപടി നേരിടുന്നതിനാൽ താൽക്കാലികമായി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നും അത് പൂർത്തിയാക്കി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്ക് ഐപിഎസ് നൽകുമെന്നും അതിൽ പറഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷമിറങ്ങിയ രണ്ടാമത്തെ വിജ്ഞാപനത്തിൽ കിഷോർ കുമാർ ഒഴിവായി. പട്ടിക 13 പേരുടേതായി ചുരുങ്ങുകയും ചെയ്തു. അബ്ദുൾ റഷീദ് രണ്ടാം സ്ഥാനത്തേക്ക് കടക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി അധികാര കേന്ദ്രങ്ങളിൽ മാധ്യമപ്രവർത്തകൻ ജി. വിപിനൻ പരാതി അയച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP