Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരത്തെ ബിജെപി ഓഫിസ് ആക്രമിച്ച സി.പി.എം കൗൺസിലറെ അറസ്റ്റു ചെയ്തു; ഐപി ബിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് മുഖം നോക്കാതെ നടപടി വേണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ; പിടിയിലായവരിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയടക്കം നാലുപേർ

തിരുവനന്തപുരത്തെ ബിജെപി ഓഫിസ് ആക്രമിച്ച സി.പി.എം കൗൺസിലറെ അറസ്റ്റു ചെയ്തു; ഐപി ബിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് മുഖം നോക്കാതെ നടപടി വേണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ; പിടിയിലായവരിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയടക്കം നാലുപേർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ഓഫിസ് ആക്രമണത്തിന് നേതൃത്വം നൽകിയ സി.പി.എം കൗൺസിലർ ഐ പി ബിനു പൊലീസ് കസ്റ്റഡിയിൽ. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണയടക്കം മൂന്നുപേർ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന് പിന്നാലെ ഇതിന് നേതൃത്വം നൽകിയത് ഐപി ബിനുവും എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ സാജ് കൃഷ്ണയും ചേർന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഇതിന് നേതൃത്വം നൽകിയത് ഐപി ബിനുവാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ബിജെപിയുടെ പാർട്ടി ഓഫിസിനുനേരെ ആക്രമണം നടത്തിയവരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് ബിനുവിനെ കസ്റ്റഡിയിൽ എടുത്ത കാര്യം പൊലീസ് അറിയിക്കുന്നത്.

ബിനുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായിട്ടും ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്‌ച്ച വരുത്തിയ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷനും ഉണ്ട്. സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ ബിനുവിനെയും പ്രജിൻസാജ് കൃഷ്ണയെയും വ്യക്തമായി കാണാം.

തിരുവനന്തപുരത്തെ ഡിവൈഎഫ്ഐയുടെ മുഖമാണ് ബിനു. കുന്നുകുഴി വാർഡിലെ കൗൺസിലറായ ബിനുവിനെ ഭാവിയിലെ നേതാവായാണ് സി.പി.എം അവതരിപ്പിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ബിജെപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. അക്രമത്തിന് ആദ്യം എത്തിയതും ബിനുവാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് രാത്രി ഒന്നരയോടെ ബിനുവും കൂട്ടരും ബിജെപി ഓഫിസ് തല്ലിത്തകർത്തത്. സംസ്ഥാന സമിതി ഓഫീസിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരെ കാഴ്ചക്കാരാക്കിയായിരുന്നു സിപിഎമ്മിന്റെ അഴിഞ്ഞാട്ടം.

കോഴ ആരോപണത്തിൽ പ്രതിരോധത്തിലായിരുന്നു ബിജെപി. സംസ്ഥാന സമിതി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതായി ആരോപിക്കുന്നു. ഇതിന് പിന്നിലും സ്ഥലം കൗൺസിലർ ബിനുവാണെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കിട്ടാത്തതു കൊണ്ട് ആരും ഒന്നും തിരിച്ചറിഞ്ഞില്ല. ഈ ആക്രമണത്തോടെ 24 മണിക്കൂറും സംസ്ഥാന സമിതി ഓഫീസിലെ ക്യാമറക്കണ്ണുകൾ പ്രവർത്തിക്കുമായിരുന്നു. ഇതുകൊണ്ട് മാത്രമാണ് രാത്രിയിലെ അക്രമത്തിലെ പ്രതികളെ പിടികൂടാനായത്. പാതിരാത്രിയിൽ ബിജെപി ഓഫീസിന്റെ മുന്നിലേക്ക് ബൈക്കിൽ ഐപി ബിനു എത്തുന്നു. വലിയൊരു വടിയും കൈയിലുണ്ട്. സൈഡിൽ ഒതുക്കി ഇട്ടിരുന്ന പൊലീസ് വാനിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവരുമായി വാക്കേറ്റം. മിനിറ്റുകൾക്ക് അകം കൂടുതൽ ബൈക്കുകൾ എത്തുന്നു. ഈ സമയം പൊലീസിനെ തള്ളി മാറ്റി കമ്പുമായി ബിനു ഓഫീസിന് അകത്തേക്ക് കയറുകയായിരുന്നു.

ബിജെപി ഓഫീസിലേക്ക് തുരുതുരാ കല്ലുകളും വീഴുന്നു. മിനിറ്റുകൾ നീണ്ട അക്രമത്തിന് ശേഷം ഓഫീസിൽ നിന്ന് ബിനു ഇറങ്ങി വരുന്നു. ഈ സമയം ഒരു പൊലീസുകാരൻ ഇയാളെ തടയാൻ ശ്രമിക്കുന്നു. ബൈക്കിലേക്ക് കയറാൻ അനുവദിക്കുന്നില്ല. ഈ പൊലീസുകാരനെ ബിനു കൈയേറ്റം ചെയ്യുന്നുമുണ്ട്. ഇതെല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ അക്രമികൾ അടിച്ചു തകർത്തു. ഡിെൈവഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ഐപി ബിനു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നും വ്യക്തം.

ഈ സമയം ഓഫീസിനു മുന്നിൽ മ്യൂസിയം എസ്ഐ അടക്കം 5 പേരാണ് ഉണ്ടായിരുന്നത്. എന്നിട്ടും പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയതെന്ന് ബിജെപി ആരോപിക്കുന്നു. മൂന്നു ബൈക്കുകളിലായാണ് അക്രമികൾ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഓഫീസിനു നേരെ അക്രമികൾ കല്ലെറിയുകയും ചെയ്തു. കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഓഫീസിലെത്തിയ അദ്ദേഹം ഈ സമയം ഫയലുകൾ പരിശോധിക്കുന്നുണ്ടായിരുന്നു.

സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ, കന്റോൺമെന്റ് അസി കമ്മീഷണൽ കെ ഇ ബൈജു എന്നിവർ സ്ഥലത്തെത്തി. സംസ്ഥാന അദ്ധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞിരുന്നു. മണക്കാട് ബിജെപിയുടെ കൊടിമരം സി.പി.എം തകർത്തു. ഇതേ തുടർന്നാണ് അക്രമങ്ങൾ ആരംഭിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വീട്ടിന് നേരെയും കല്ലേറുണ്ടായിരുന്നു. എന്നാൽ ബിജെപി സംസ്ഥാന സമിതി ഓഫീസിന് മുമ്പിലുണ്ടായ ആക്രമത്തിൽ സി.പി.എം കൗൺസിലർ പങ്കെടുത്തത് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. ഇത് അക്രമത്തിന് പുതിയ മാനം നൽകും.

എംജി കോളേജിൽ എസ് എഫ് ഐ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഘർഷഘങ്ങൾ. ബിജെപി-സി.പി.എം നേതാക്കളുടെ വീടുകൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP