Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടി ബ്രാൻഡ് അംബാസഡർ ആയ സ്ഥാപനം ഇങ്ങനെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങും എന്നൊന്നും കരുതിയില്ല; ആദ്യം ഡിപ്പോസിറ്റ് ചെയ്തത് 13 ലക്ഷം; വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്.. അതും കൂടി ഇവിടെ ഇട്ടാൽ ലാഭം സഹിതം തിരികെ തരാം എന്നും വാഗ്ദാനം; അവതാർ ഗോൾഡിൽ ഇട്ട 40 പവൻ കൂടി പോയി; പോയപ്പോൾ ഒരുമിച്ച് പോയത് അബൂബക്കറിന് മാത്രമല്ല ആയിരത്തോളം പേർക്ക്; പോപ്പുലർ പോലെ 200 ഓളം കോടി രൂപയുടെ തട്ടിപ്പും സിബിഐക്ക് വിടണമെന്ന് നിക്ഷേപകർ

മമ്മൂട്ടി  ബ്രാൻഡ് അംബാസഡർ ആയ സ്ഥാപനം ഇങ്ങനെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങും എന്നൊന്നും കരുതിയില്ല; ആദ്യം ഡിപ്പോസിറ്റ് ചെയ്തത് 13 ലക്ഷം; വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്.. അതും കൂടി ഇവിടെ ഇട്ടാൽ ലാഭം സഹിതം തിരികെ തരാം എന്നും വാഗ്ദാനം; അവതാർ ഗോൾഡിൽ ഇട്ട 40 പവൻ കൂടി പോയി; പോയപ്പോൾ ഒരുമിച്ച് പോയത് അബൂബക്കറിന് മാത്രമല്ല ആയിരത്തോളം പേർക്ക്; പോപ്പുലർ പോലെ 200 ഓളം കോടി രൂപയുടെ തട്ടിപ്പും സിബിഐക്ക് വിടണമെന്ന് നിക്ഷേപകർ

എം മനോജ് കുമാർ

തിരുവനന്തപുരം: ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നിക്ഷേപക തട്ടിപ്പ് കേസ് ഇഴയുന്നു. അഞ്ച് വർഷമായിട്ടും ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുകയോ അവതാർ ഗോൾഡ് ഉടമകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികളോ വന്നിട്ടില്ല. പോപ്പുലർ നിക്ഷേപതട്ടിപ്പ് കേസ് പോലെ ഈ കേസും സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു നിക്ഷേപകർ 2017-ൽ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാർ നിലപാടാണ് നിക്ഷേപകർക്ക് തിരിച്ചടിയായത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന് സർക്കാർ കോടതിയിൽ നിലപാട് എടുക്കുകയായിരുന്നു. 1998 മുതൽ തട്ടിപ്പിന് തുടക്കമിട്ടു 2016 തുടക്കത്തോടെ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പൂട്ടി ഉടമകൾ മുങ്ങുമ്പോൾ 200 കോടിയോളം രൂപയാണ് ഉടമകളായ അബ്ദുള്ള സഹോദരങ്ങളായ അബ്ദുൽ നാസർ, ഫൈസൽ ബാബു എന്നിവർ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത്.

മറയാക്കിയത് കേരളത്തിലും ഗൾഫിലുമുള്ള 12 ഓളം ബ്രാഞ്ചുകൾ

കേരളത്തിലും ഗൾഫിലുമായുള്ള 12 ഓളം ജൂവലറി ഷോറൂമുകളാണ് ഇവർ തട്ടിപ്പിനു മറയാക്കിയത്. ലാഭവീതം തരാമെന്നു പറഞ്ഞു ലക്ഷങ്ങളുടെ നിക്ഷേപങ്ങളും നിക്ഷേപകരുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും ഇവർ കൈവശമാക്കി. പിന്നീട് ജൂവലറി ഷോ റൂമുകൾ പൂട്ടി മുങ്ങുകയും ചെയ്തു. രണ്ടായിരം കോടിയോളം രൂപ നിക്ഷേപകരെ തട്ടിച്ച് മുങ്ങിയ പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ തട്ടിപ്പ് സർക്കാർ കണ്ണും അടച്ച് സിബിഐയ്ക്ക് വിട്ടു. ലീഗ് എംഎൽയും ലീഗ് കാസർകോട് ജില്ലാ ചെയർമാനുമായ എംസി കമറുദ്ദീൻ നടത്തിയ ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പ് അന്വേഷിക്കുന്നത് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. മമ്മൂട്ടി ബ്രാൻഡ് അംബാസഡറായിരുന്ന അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 200 കോടി തട്ടിപ്പ് നടത്തിയപ്പോൾ ഇതേ ഇടത് സർക്കാർ സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിൽ എതിർക്കുകയാണ് ചെയ്തത്. ഇത് ഇരട്ടത്താപ്പാണെന്നും ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നിക്ഷേപക തട്ടിപ്പ് കേസും സിബിഐയ്ക്ക് വിടണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്.

അന്വേഷണം പ്രഹസനമാക്കി ക്രൈംബ്രാഞ്ച്

തൃശൂർ മലപ്പുറം ജില്ലകളിലെ ജൂവലറികൾ വഴിയാണ് കൂടുതൽ നിക്ഷേപങ്ങളും ഉടമകൾ സ്വീകരിച്ചത്. എറണാകുളം പാലക്കാട് ഇടുക്കി ആലപ്പുഴ എന്നീ ജില്ലയിൽ നിന്നുള്ള നിക്ഷേപകരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തൃശൂരിൽ രണ്ടു ഷോ റൂമുകൾ ഇവർ തുറന്നിരുന്നു. മലപ്പുറം ഇടപ്പാളിലും കൊച്ചിയിലും, ദുബായിലും അബുദാബിയിലും ഇവർക്ക് ഷോപ്പുകൾ ഉണ്ടായിരുന്നു. ഒടുവിൽ ഉടമകൾ മുങ്ങിയപ്പോഴാണ് ഇരുനൂറു കോടിയോളം രൂപയുടെ തട്ടിപ്പുകൾ ആണ് ഇവർ നടത്തിയത് എന്ന് നിക്ഷേപർക്ക് മനസിലായത്. നിക്ഷേപതട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമായപ്പോൾ പ്രതികൾ ഇപ്പോഴും ജാമ്യത്തിൽ ഇറങ്ങി സുഖജീവിതം നയിക്കുകയാണ്. ക്രൈംബ്രാഞ്ച് സത്വര നടപടികൾ സ്വീകരിക്കാത്തത് കാരണം കേസുകളിൽ ഇതുവരെ കുറ്റപത്രസമർപ്പണം പോലും നടന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ജൂവലറികൾ അബ്ദുള്ളയും കൂട്ടരും പേര് മാറ്റി നടത്തുവെന്ന് നിക്ഷേപകർ

ആയിരത്തോളം നിക്ഷേപകർ നെഞ്ച് പൊള്ളി തെരുവിൽ അലയുമ്പോൾ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പേരിൽ നിക്ഷേപകരുടെ കോടികൾ തട്ടിയ അബ്ദുള്ളയും കൂട്ടരും സുഖവാസം നടത്തുകയാണ് എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. കേസിൽ നാല് വർഷമായിട്ടും ഒരു പുരോഗതിയും വന്നില്ല. ക്രൈംബ്രാഞ്ച് സംഘം ഉടമകളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുകയോ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടിയും സ്വീകരിച്ചിട്ടില്ല. അബ്ദുള്ളയും സഹോദരങ്ങളും ആണെങ്കിൽ ജൂവലറി സ്ഥാപനങ്ൾ പേരുമാറ്റി എല്ലാം നടത്തിക്കൊണ്ടു പോവുകയും ചെയ്യുന്നുവെന്ന് നിക്ഷേപകർ ആരോപിക്കുന്നു. വൻ വഞ്ചനയിൽ കുടുങ്ങിയ നിക്ഷേപകർ നീതി തേടി അലയുകയാണ്.

കണ്ണ് മഞ്ഞളിച്ചത് മമ്മൂട്ടിയെ മറയാക്കിയുള്ള കസർത്തുകളിൽ

അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ബ്രാൻഡ് അംബാസഡർ മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു. ഇവരുടെ ദുബായ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്തതും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ മുന്നിൽ നിർത്തി അബ്ദുള്ളയും കൂട്ടരും നടത്തിയ കണ്ണ് മഞ്ഞളിക്കുന്ന ഷോയിൽ കുടുങ്ങിയാണ് നിക്ഷേപർക്ക് കാശ് നഷ്ടമായത്. പലരും തങ്ങൾ മാത്രമാണ് തട്ടിപ്പിൽ കുരുങ്ങിയത് എന്നാണ് കരുതിയത്. പക്ഷെ പരാതികൾ വിവിധ ജില്ലകളിൽ നിന്ന് ഒരേപോലെ പ്രവഹിച്ചപ്പോഴാണ് 200 കോടിയോളം രൂപയാണ് മമ്മൂട്ടിയെ മുന്നിൽ നിർത്തി ഉടമകൾ കളിച്ച കളിയിൽ നിക്ഷേപകർക്ക് നഷ്ടമായതെന്നു പലരും മനസിലാക്കുന്നത്. ലക്ഷങ്ങളാണ് ഇവർ പല നിക്ഷേപകരിൽ നിന്നും കവർന്നത്. പ്രവർത്തന ലാഭം വർഷാവർഷം ലാഭവീതമായി നൽകാമെന്നാണ് ഇവർ നിക്ഷേപകർക്ക് ഉറപ്പ് നൽകിയത്.

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് എന്ന് ചോദിച്ചപ്പോൾ:

നിക്ഷേപകമായി ലക്ഷങ്ങൾ സ്വീകരിക്കുമ്പോൾ ഇവർ കണ്ണ് വെച്ചത് നിക്ഷേപകരുടെ വീടുകളിലെ ഗോൾഡും കൂടിയായിരുന്നു. ലക്ഷങ്ങൾ ഇവർക്ക് സ്വന്തം കയ്യിൽ നിന്ന് നഷ്ടമായപ്പോൾ 50 ഉം നൂറും പവൻ സ്വർണ്ണവും ഇവർ ഒരേസമയം നിക്ഷേപകരിൽ നിന്നും കവർന്നു. ആവശ്യം വരുമ്പോൾ ഒരു മാസം മുൻപ് പറഞ്ഞാൽ നിലവിലെ ഗോൾഡും ലാഭവിഹിതമായ ഗോൾഡും കൂടി തിരികെ നൽകാമെന്നാണ് പറഞ്ഞത്. നിക്ഷേപകർക്ക് കയ്യിലിരുന്ന ലക്ഷങ്ങളും സ്വർണ്ണമായി ഉണ്ടായിരുന്ന നീക്കിയിരിപ്പും ഒരേ സമയം നഷ്ടമായി. നൂറു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഒരു കേസ്. എന്ന രീതിയിൽ പൊലീസ് ഈ കേസ് കൈകാര്യം ചെയ്തപ്പോൾ നിക്ഷേപകർക്ക് പൊലീസിലുള്ള വിശ്വാസം കൂടി നഷ്ടമായി. ഒടുവിൽ കേസ് ഇഴയുന്നത് കണ്ടു മനംമടുത്താണ് ഇവർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ കേസിൽ സർക്കാർ നിലപാട് കാരണം വന്നത് ക്രൈംബ്രാഞ്ച് അന്വേഷണവും. ഫലവത്തായ അന്വേഷണം ഈ കേസിൽ വരാത്തതിനാൽ ഇപ്പോഴും കേസ് ഇഴയുകയാണ്. വഞ്ചന നടത്തിയ അബ്ദുള്ളയും കൂട്ടരും സുഖ ജീവിതം നയിക്കുകയും ചെയ്യുന്നു.

കേസുകൾ രജിസ്റ്റർ ചെയ്യാതെ പൊലീസിന്റെ കള്ളക്കളി

വിവിധ പൊലീസ് സ്റ്റെഷനുകളിലായി അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനെതിരെ നിരവധി പേർ പരാതികളുമായി വന്നെങ്കിലും പൊലീസ് ഗൗനിച്ചില്ല. പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് മടിക്കുകയും ചെയ്തു. ഇതെല്ലാം തട്ടിപ്പ് നടത്തി മുങ്ങാൻ അബ്ദുള്ളയ്ക്ക് കൂട്ടർക്കും അവസരം നൽകുകയും ചെയ്തു. 2016-ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 260 പരാതികൾ വന്നപ്പോൾ പൊലീസ് രജിസ്റ്റർ ചെയ്ത് വെറും മുപ്പത് കേസുകൾ മാത്രമാണ് എന്നാണ് സമരസമിതി ആരോപിച്ചത്. മലപ്പുറം ചങ്ങരംകുളം സ്റ്റേഷനിൽ 140 പരാതികൾ വന്നപ്പോൾ അതിൽ ആദ്യം രജിസ്റ്റർ ചെയ്തത് അഞ്ചു കേസുകൾ മാത്രവും.

പൊലീസ് നടപടി തട്ടിപ്പ് വീരർക്ക് രക്ഷപ്പെടാനുള്ള അവസരമായി മാറി പലപ്പോഴും. 2016 തുടക്കത്തിൽ തന്നെ ഉടമകൾ ജൂവലറികൾ പൂട്ടി മുങ്ങി. ഇതോടെയാണ് ഫെബ്രുവരിയിൽ നിക്ഷേപകർ പ്രത്യക്ഷ സമരത്തിനു ഇറങ്ങിയത്. തൃശൂർ കളക്ടർക്ക് നിക്ഷേപകർ കൂട്ടം ചേർന്ന് പരാതി നൽകിയപ്പോഴാണ് കേസ് എടുത്തത്. പക്ഷെ അപ്പോഴും നിക്ഷേപകരുടെ സ്വർണവും പണവും തിരികെ ലഭിച്ചില്ല. അന്വേഷണം എഴയുന്നത് മനസിലാക്കിയാണ് നിക്ഷേപകർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പരാതി നൽകിയത്. പക്ഷെ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനെ സഹായിക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ച് തലത്തിൽ ഒതുങ്ങുകയും ചെയ്തു. പക്ഷെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമായപ്പോൾ നിക്ഷേപകരുടെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്.

തട്ടിപ്പിനെക്കുറിച്ച് സമരസമിതി കൺവീനർ അബൂബക്കർ മറുനാടനോട് പറഞ്ഞത്:

ഷോ കാണിച്ച് നിക്ഷേപം വാങ്ങുക എന്നതായിരുന്നു അബ്ദുള്ളയുടെയും കൂട്ടരുടെ ലക്ഷ്യം. ഇത് തിരിച്ചറിയാൻ ഞങ്ങൾ വൈകിപ്പോയി-അബൂബക്കർ മറുനാടനോട് പറഞ്ഞു. 13 ലക്ഷംരൂപയും നാല്പത് പവനോളം സ്വർണവുമാണ് എനിക്ക് നഷ്ടമായത്. ഈ പണം തിരികെ വാങ്ങിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇതിന്നിടയിൽ 2016 ആദ്യം ഇവർ എല്ലാ ഷോ റൂമുകളും പൂട്ടി മുങ്ങുകയും ചെയ്തു. നടൻ മമ്മൂട്ടിയായിരുന്നു ബ്രാൻഡ് അംബാസഡർ. മമൂട്ടി ബ്രാൻഡ് അംബാസഡർ ആയ സ്ഥാപനം ഇങ്ങനെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങും എന്നൊന്നും കരുതിയില്ല.

ആദ്യം 13 ലക്ഷമാണ് ഡിപ്പോസിറ്റ് ചെയ്തത്. വീട്ടിലെ ഗോൾഡ് എന്തിനു വെറുതെ വെച്ചിരിക്കുന്നു. അതും കൂടി ഇവിടെ നിക്ഷേപിക്കൂ. ഗോൾഡ് ആവശ്യം വരുമ്പോൾ ലാഭം സഹിതം തിരികെ തരാം എന്നും പറഞ്ഞു. ഇതോടെയാണ് വീട്ടിലെ നാല്പത് പവൻ സ്വർണം കൂടി കൊണ്ടുപോയി അവതാർ ഗോൾഡിൽ നിക്ഷേപിച്ചത്. പോയപ്പോൾ മുഴുവൻ ഒരുമിച്ച് പോയി. പരാതി നൽകാനും സമരസമിതി രൂപീകരിക്കാനും ഇടയായപ്പോഴാണ് 200 ഓളം കോടി രൂപയുടെ തട്ടിപ്പ് ആണെന്ന് മനസിലാകുന്നത്. സി ബി ഐ അന്വഷിച്ചാൽ നീതി കിട്ടും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു-അബൂബക്കർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP