Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ

കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ

അർജുൻ സി വനജ്

ഇടുക്കി: കേരളത്തിൽ നിന്ന് കുഞ്ഞിനെ നോക്കാൻ എന്ന് പറഞ്ഞ് ഗൾഫിൽ കൊണ്ടുപോയ വീട്ടമ്മയെ അവിടെയെത്തിയപ്പോൾ ഫ്‌ളാറ്റിൽ എത്തിച്ച് മാറിമാറി പീഡിപ്പിച്ച് മൂന്നുപേർ. കൂട്ടബലാത്സംഗത്തിന് ശേഷം പ്രശ്‌നം രൂക്ഷമാകുമെന്ന് കണ്ട് അന്നുതന്നെ തിരികെ നാട്ടിലേക്ക് വിമാനം കയറ്റിവിട്ട യുവതിയെ നാട്ടിലെത്തിയപ്പോൾ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ്. എന്നാൽ ഈ വിവരങ്ങളെല്ലാം കാണിച്ച് പരാതി നൽകിയെങ്കിലും നേതാവിനെതിരെയും നാട്ടിൽ നിന്ന് വീട്ടുജോലിക്കെന്ന് പറഞ്ഞ് കയറ്റിവിട്ട് പീഡനത്തിന് ഒത്താശ ചെയ്ത ഏജന്റിനും എതിരെ കേസെടുക്കാതെ ഗൾഫിലെ പീഡകർക്കെതിരെ മാത്രം കേസെടുത്ത് കാര്യമായ അന്വേഷണം പോലും നടത്താതെ ഒതുങ്ങിക്കൂടി പൊലീസും.

ലൈംഗിക പീഡന ആരോപണ കഥകൾ നിരന്തരം ഉയരുന്ന കേരളത്തിൽ സമാനതകളില്ലാത്ത മറ്റൊരു ഞെട്ടിക്കുന്ന പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത് പീരുമേട്ടിൽ നിന്നാണ്. കൂട്ടബലാത്സംഗത്തിന് ഇരയായ വീട്ടമ്മയോട് എസ്.എഫ്ഐ ഇടുക്കി മുൻ ജില്ലാ പ്രസിഡന്റ് വീണ്ടും കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടതായ പരാതിയാണ് പുറത്തുവരുന്നത്. നിലവിലെ ഡിവൈഎഫ്ഐ എലപ്പാറ ബ്ലോക്ക് കമ്മിറ്റിയംഗവും, സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പിഎസ് സജിമോനെതിരെയാണ് പ്രദേശത്തെ വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതാനം മാസങ്ങൾക്ക് മുമ്പ് ദുബായിലെ വീട്ടിലേക്ക് കുഞ്ഞിനെ നോക്കാൻ എന്ന പേരിൽ ജോലി നൽകി എത്തിച്ചതിന് ശേഷം, മലയാളികളായ മൂന്നുപേർ ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കിയ വീട്ടമ്മയോടാണ് സജിമോൻ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടതെന്നാണ് ആരോപണം.

നാട്ടിലെത്തിയ വീട്ടമ്മ മാനക്കേട് ഭയന്ന് പൊലീസിൽ പരാതി നൽകാൻ മടിച്ചിരുന്നപ്പോളാണ്, ട്രാവൽ ഏജന്റിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ ഡിവൈഎഫ്ഐ നേതാവ് ഇരയോട് കേസ് നൽകാതിരിക്കാൻ പണം തരാമെന്നും, വാഗമണ്ണിലെ റിസോർട്ടിൽ വന്ന് തങ്ങൾക്കുകൂടി വഴങ്ങണമെന്നും ആവശ്യപ്പെടുന്നത്. പീരുമേട് സിഐയ്ക്ക് വീട്ടമ്മ നൽകിയ പരാതിയിൽ സജിമോനെതിരെ ഗുരുതര ആരോപണങ്ങളുണ്ടെങ്കിലും ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. താൻ നേരിട്ട ദുരനുഭവങ്ങളെ പറ്റി വീട്ടമ്മ മറുനാടന് നൽകിയ വീഡിയോ അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടമ്മ എല്ലാം തുറന്നുപറയുന്നു.

സംഭവത്തെ പറ്റി വീട്ടമ്മ പറയുന്നതിങ്ങനെ...

ഏലപ്പാറയിലെ ട്രാവൽ ഏജന്റ് വഴിയെത്തിയ ജോലി

മനോരമ പത്രത്തിൽ വന്ന പരസ്യം കണ്ടാണ് ഏലപ്പാറയിലെ ട്രാവൽ ഏജന്റായ ശശിയെ കോൺടക്റ്റ് ചെയ്യുന്നത്. സംസാരിച്ചപ്പോൾ ഏലപ്പാറയിലെ ഓഫീസിൽ നേരിട്ട് വരാൻ പറഞ്ഞു. ദുബായിലേക്ക് വീട്ടുജോലിക്കാരുടെ വിസയുണ്ട്. കോട്ടയം ജില്ലക്കാരുടെ കുട്ടിയെ നോക്കുകയാണ് ജോലി. 20,000 രൂപയാണ് ശമ്പളം പറഞ്ഞത്. പോകുന്നത് വരെയുള്ള എല്ലാ ചിലവും ഓഫീസ് വഹിക്കാമെന്നും അവിടെ ചെന്നിട്ട് 40,000 രൂപ ജോലി ചെയ്ത് വീട്ടിയാൽ മതിയെന്നുമാണ് ട്രാവൽ ഏജന്റ് ശശി പറഞ്ഞത്. അബുദാബിയിലാണ് താമസിക്കേണ്ട ഫ്ളാറ്റ് എന്നാണ് അറിയിച്ചത്. ഒരു മാസത്തിനുള്ളിൽ വിസ വന്നു. ട്രാവൻ ഏജന്റ് തന്നെ ടിക്കറ്റ് എടുത്ത് തന്നു. കയറുന്നതിന് മുമ്പ് വാട്ട്സ് ആപ്പിലേക്ക് ഒരു മെസേജ് അവർ അയച്ചിരുന്നു. അജിത്ത് കുമാർ എന്നയാളുടെ പോസ്പോർട്ടിന്റെ കോപ്പിയായിരുന്നു. അജിത്തിന്റെ സഹോദരി ആണെന്ന് പറഞ്ഞ് വരണമെന്നായിരുന്നു പറഞ്ഞത്. എന്നാൽ എയർപോർട്ടിലെ ചെക്കിംങ്ങിനിടെ അവർക്ക് സംശയം തോന്നി, അവർ പോകാൻ അനുവദിക്കില്ലന്ന് പറഞ്ഞു. പിന്നീട് ഹൗസ് മെയ്ഡ് ആയാണ് പോകുന്നതെന്ന സത്യവും, കഷ്ടപ്പാടുകളും അവരെ ബോധ്യപ്പെടുത്തിയതോടെ അവർ പോകാൻ അനുവദിച്ചു.

ട്രാവൽ ഏജന്റിൽ നിന്നെ വിറ്റതാണെന്ന് പറഞ്ഞ് ബലാത്സംഗം

പുലർച്ചെ മൂന്നുമണിയോടെ അവിടെ ചെന്ന് ഇറങ്ങി. മൂന്നേ മുക്കാലോടെ ലിന്റോയും മറ്റൊരു പെൺകുട്ടിയും കാറിൽ വന്ന് പിക്ക് ചെയ്ത് ഫ്ളാറ്റിലേക്ക് കൊണ്ടുവന്നു. ഫ്ളാറ്റിൽ വേറെ ആരും ഇല്ലായിരുന്നു. ആ പെൺകുട്ടി പോകുന്ന സമയത്ത് ഞാൻ ചോദിച്ചു, കുട്ടിയും കുടുംബവും എവിടെയന്ന്. അവരിപ്പോൾ വരുമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ, ലിന്റോ വന്നു. പിന്നാലെ അജിത്ത് കുമാറും ഷെമീറും വന്നു. ലിന്റോയോട് സാറിന്റെ ഭാര്യയും കുട്ടിയും എവിടെന്ന് ചോദിച്ചപ്പോൽ അങ്ങനെയൊരു ഫാമിലി എനിക്കിവിടെ ഇല്ലെന്നാണ് അവർ പറഞ്ഞത്. ശശി 50,000 രൂപയ്ക്ക് ലിന്റോയ്ക്ക് വിറ്റതാണെന്ന് അവർ തുറന്ന് പറഞ്ഞു. പിന്നീട് വഴങ്ങി തരണമെന്ന് പറഞ്ഞപ്പോൾ, ഞാൻ പ്രതിരോധിച്ചു.

അപ്പോൾ ലിന്റോ എന്റെ ചെവിക്കല്ലിനിട്ട് അടിച്ചു. പിന്നാലെ ലിന്റോ ഡ്രസ്സുകൾവലിച്ച് കീറാൻ ശ്രമിച്ചു. റൂമിലുണ്ടായിരുന്ന അജിത്ത് കുമാറും, ഷെമീറും ലിന്റോയും ചേർന്ന് മാറി മാറി ഉപയോഗിച്ചു. നിങ്ങളുടെ കൈയിൽ നിന്ന് ഞാൻ പണം വാങ്ങിയിട്ടില്ല, എന്നെ കേരളത്തിൽ എത്തിക്കണം എന്ന് പറഞ്ഞ് കരഞ്ഞിട്ടും അവർ വിട്ടില്ല. രണ്ട് മണിക്കൂറോളം അവർ മാറി മാറി ഉപയോഗിച്ചു. അപ്പോൾ ഞാൻ സ്വയ രക്ഷയ്ക്ക് വേണ്ടി തല ഭിത്തിക്കിട്ട് ഇടിച്ചു. അങ്ങനെ അവർ മാറിപ്പോയി. ആ സമയം അവരുടെ ഫോണെടുത്ത് ശശിയെ വിളിച്ചു. നിങ്ങളെന്തിനാണ് എന്നെ ഈ നരകത്തിലെക്ക് വിട്ടതെന്ന് ചോദിച്ച് കരഞ്ഞപ്പോൾ, ഇവിടുന്ന് പോകുന്നത് വരെയുള്ള ഉത്തരവാദിത്വമേ എനിക്കുള്ളുവെന്നും, ഇനി എന്നെ വിളിക്കരുതെന്നും പറഞ്ഞ് ശശി ഫോൺ വെച്ചു. പിന്നീട് വീണ്ടും അവർ ഉപയോഗിച്ചു.

ഇതിന് ശേഷം നാട്ടിലെ അനീഷ് എന്ന സുഹൃത്തിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അനീഷ് ഉടനെതന്നെ ശശിയുടെ അടുത്ത് ചെന്നു. അനീഷ് അവിടെ പ്രശ്നമാക്കിയപ്പോൾ, ലിന്റോയുടെ വാട്ട്സ് ആപ്പിലേക്ക് ശശി ഉച്ചയോടെ മെസ്സേജ് അയച്ചു. അവരെ പെട്ടന്ന് നാട്ടിലേക്ക് കയറ്റിവിടണം. ഇല്ലെങ്കിൽ എനിക്ക് ഇവിടെ പ്രശ്നമാണ്. നാട്ടുകാർ എന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും വേഗം വിട്ടില്ലേൽ പാർട്ടിക്കാരും പൊലീസുമെല്ലാം ഇപ്പോ വരും എന്നും മെസ്സേജ് അയച്ചു. യഥാർത്ഥത്തിൽ ഫ്ളാറ്റിൽ നിന്ന് പുറത്തിറക്കുന്ന മൂന്നു മണി വരെ അവർ വെള്ളമോ ഭക്ഷണമോ തരാതെ മാറി മാറി ഉപയോഗിച്ചു. പിന്നീട് അഞ്ചരയോടു കൂടി അബുദാബി എയർപോർട്ടിൽ എത്തിക്കുകയായിരുന്നു. ആ കീറിയ ഡ്രസ്സോടെയാണ് എയർപോർട്ടിൽ എത്തുന്നത്. അവിടെവച്ച് ഇന്ത്യൻ എയർലൈൻസിൽ ജോലി ചെയ്യുന്ന പാല സ്വദേശിയായ വ്യക്തി എന്താണ് എന്ന് അന്വേഷിക്കുകയും 9 മണിയുടെ വിമാനത്തിൽ നാട്ടിലേക്ക് വരേണ്ട ഒരു സ്ത്രീയോടൊപ്പം ബാത്ത് റൂമിൽ വിട്ട് ഡ്രസ്സ് മാറ്റാൻ സഹായങ്ങൾ ചെയ്തുതരികയും ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയതിന് ശേഷമാണ് 24 മണിക്കൂറിനുള്ളിൽ വെള്ളമോ ഭക്ഷണമോ കഴിക്കുന്നത്.

വാഗമൺ റിസോർട്ടിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്‌ഐ നേതാവ്

മാർച്ച് 24 ന് നാട്ടിലെത്തിയപ്പോൾ, മാനസികമായും ശാരീരികമായും ആകെ തളർന്നിരുന്നു. എയർപോർട്ടിൽ എത്തിയപ്പോൾ, ഒരു ദിവസം കൊണ്ട് തിരിച്ചുവന്നത് കണ്ട് അവർക്ക് സംശയം തോന്നി, എന്നോട് കാര്യങ്ങൾ ആരാഞ്ഞു. പറഞ്ഞ കാര്യങ്ങളെല്ലാം അവർ റെക്കോഡ് ചെയ്ത് സൂക്ഷിച്ച് പരാതി എഴുതി വാങ്ങി. കേരള പൊലീസിൽ ഉടനെ പരാതി നൽകണമെന്നും അവർ പറഞ്ഞു. സംഭവിച്ചതെല്ലാം ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോയെന്നും പിന്നെ പീഡിപ്പിക്കപ്പെട്ട സ്ത്രീ എന്ന കണ്ണോടെയല്ലെ എന്നെ ജനം കാണുകയുള്ളൂ എന്നുമായിരുന്നു ആശങ്ക. ഇതോടെ ആരോടും ഒന്നും പറയാതെ വീട്ടിൽ കഴിച്ചുകൂട്ടി.

ഇതിനിടെയാണ് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് കമ്മിറ്റി അംഗം പിഎസ് സജിമോൻ എന്നെ ഫോണിൽ വിളിക്കുന്നത്. ഞാൻ പീഡനത്തിന് ഇരയായ വിവരവും അയാൾ അറിഞ്ഞിരുന്നു. 20,000 രൂപ തരാം വാഗമൺ റിസോർട്ടിൽ വരണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. വൈകിട്ട് ആറ് മണിക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടത്. സജിയടക്കം മൂന്നുപേർ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞത്. ശരീരം വിറ്റ് കിട്ടുന്ന പണം എനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് ഫോൺ വെയ്ക്കാൻ തുടങ്ങിയപ്പോൾ, സജി പറഞ്ഞു, ഗൾഫിൽ പോയപ്പോൽ മൂന്നുപേർ പീഡിപ്പിച്ചപ്പോൾ നീ അനങ്ങിയില്ലല്ലോ അവർക്ക് നിന്ന് കൊടുത്തില്ലേ അതുപോലെ ഇവിടേയും നിന്ന് തന്നാൽ മതിയെന്നായിരുന്നു സജിയുടെ വാക്കുകൾ. ഇനി നീ വിളിച്ചാൽ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞു. ആരാണ് നമ്പർ തന്നതെന്ന് ചോദിച്ചപ്പോൾ ശശിയും അനിയനുമാണെന്ന് പറഞ്ഞു. പിന്നീട് ആ നമ്പർ റിജക്ട് ലിസ്റ്റിൽ ഇട്ടു. പിഎം സജിമോൻ നിലവിൽ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി അംഗവും മുൻ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റുമാണ്.

പീഡനം നടന്നതിന് തെളിവില്ലെന്ന് പൊലീസ്

ശശിയുടെ അടുത്ത് ഇക്കാര്യം ചോദിക്കാൻ ഓഫീസിൽ പോയപ്പോൾ, അയാളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഇനി ഇക്കാര്യവും പറഞ്ഞ് അവിടെ വരരുതെന്നും അയാൾ പറഞ്ഞു. ശശി ഈ സമയം രണ്ട് മൂന്ന് പേരെ വിളിച്ചുവരുത്തി. അവർ പറഞ്ഞു. ഗൾഫിൽ നടന്ന സംഭവം ആയതിനാൽ അവിടുത്തെ പൊലീസിനെ ബന്ധപ്പെടണം. കേരളത്തിൽ വന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞു. പിന്നാലെ ഏലപ്പാറ സിപിഎമ്മിലെ തന്നെ പലരും എന്നെ വിളിച്ചു. കേസ് കൊടുക്കാതിരിക്കാൻ ഓഫർ തന്നു. ഇതോടെയാണ് പീരുമേട് സിഐയുടെ അടുത്ത് പ്രദേശത്തെ ഒരു അഭിഭാഷകൻ വഴി, സജിയുടെ പേരടക്കം പരാതി നൽകിയത്. അപ്പോൾ തന്നെ അവർ പരാതി സ്വീകരിച്ച്, മെഡിക്കലിന് വിട്ടു. ചെക്ക് അപ്പ നടത്തിയ ഗൈനക്കോളജിസ്റ്റിന് മുമ്പാകെ ശരീരത്തിൽ ഉണ്ടായ മുറിവുകളും മറ്റും കാണിച്ച് കൊടുത്തു. അന്ന് കീറിയ വസ്ത്രവും പൊലീസിന് കൊടുത്തു. പിന്നാലെ പീരുമേട് മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകി.

ഇതനുസരിച്ച് പൊലീസ് കേസെടുത്തു. പക്ഷെ ഇതുവരെ എഫ്.ഐ.ആറിന്റെ പകർപ്പ് എനിക്ക് തന്നിട്ടില്ല. പല തവണ ആവശ്യപ്പെട്ടതാണ്. തരാൻ നിയമം ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഞാൻ അറിഞ്ഞത് എഫ്.ഐ.ആറിൽ ഗൾഫിൽ വെച്ച് ആക്രമിച്ചവരുടെ പേരും ശശിയുടെ പേരും മാത്രമേ ഉള്ളുവെന്നാണ്. സജിയുടെ പേരും, എല്ലാത്തിനും കൂട്ട് നിന്ന ശശിയുടെ അനിയന്റെ പേരും പൊലീസ് ഒഴിവാക്കി. ശശിയുടെ അനിയൻ പറഞ്ഞിട്ടായിരുന്നു ഒത്തുതീർപ്പിനും കൂടെ കിടക്കാനും വേണ്ടി പലരും വിളിച്ചത്. ഇക്കാര്യം സിഐയോട് ചോദിച്ചപ്പോൾ മുകളിൽ നിന്ന് വിളിച്ചുപറഞ്ഞതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് അവർ തുറന്ന് പറഞ്ഞു. എന്നാലിപ്പോൾ പൊലീസ് പറയുന്നത്, പീഡനം നടന്നുവെന്നതിന് തെളിവ് എന്താണെന്നാണ്. അപ്പോൾ തന്നെ പൊലീസ് ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞിരുന്നു, ഏത് നുണ പരിശേധനയ്ക്കും വിധേയമാകാൻ ഞാൻ തയ്യാറാണെന്ന്. എന്നിട്ടും, പ്രതികളെ വിളിച്ച് ചോദ്യം ചെയ്യാനോ, എയർപോർട്ടിൽ നൽകിയ പരാതി സംബന്ധിച്ചോ, അവർ ഒരു അന്വേഷണവും നടത്തിയിട്ടില്ല.

നിരാലംബയായി ബി.എസ്.സി ബയോടെക്നോളജി കഴിഞ്ഞ വീട്ടമ്മ

ഭർത്താവിന്റെ മദ്യപാനവും മർദ്ദനവും കാരണം രണ്ട് വർഷം മുമ്പ് നിയമപ്രകാരം വിവാഹ മോചനം നേടിയ വീട്ടമ്മയ്ക്കാണ് ഈ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. നാല് വയസ്സുള്ള മകനിപ്പോൾ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പമാണ്. സ്വന്തമായി വീടോ, സമ്പത്തോ, ഇവർക്കില്ലാത്തതിനാലാണ് കോടതി അത്തരം വിധി പുറപ്പെടുവിച്ചതെന്ന് വീട്ടമ്മ പറയുന്നു. ഗൾഫിൽ പോയി അധ്വാനിച്ച് മകനെ സ്വന്തമാക്കുക മാത്രമായിരുന്നു ഏക ലക്ഷ്യം. അതിന് വേണ്ടിയാണ് പോകാൻ തീരുമാനിച്ചത്.

സ്വന്തം അമ്മ ചെറുപ്പത്തിലേ, മരിച്ചു. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ്. അതിൽ ഒരു മകളുണ്ട്. പിന്നീട് അച്ഛനും മരിച്ചു.(16 വർഷം മുമ്പ്) ഇപ്പോൾ രണ്ടാനമ്മയുടെ പേരിലുള്ള വീട്ടിലാണ് അഗതിയെപ്പോലെ ജീവിക്കുന്നത്. ബിഎസ്.സി ബയോടെക്നോളജി സെക്കന്റ് ക്ലാസ്സോടെ പാസായ ഇവർ ലാബ് ടെക്നീഷ്യൻ കോഴ്സും കഴിഞ്ഞ് നാട്ടിലെ ആശുപത്രിയിൽ ജോലി നോക്കിയിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റടക്കം ഏല്ലാം കത്തിച്ചു കളഞ്ഞതായി ഇവർ പറയുന്നു. നിലവിൽ ഒരു ജോലിയും ഇല്ലാതെ രണ്ടാനമ്മയുടെ വീട്ടിൽ കഴിയുകയാണ് ഈ വീട്ടമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP