Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ 15 മണ്ഡലങ്ങളിൽ എൽഡിഎഫിന് 8 സീറ്റും യുഡിഎഫിന് 7 സീറ്റും ലഭിക്കും; അഞ്ചിടങ്ങളിൽ ആര് ജയിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല; വടകരയിൽ ഇപ്പോഴത്തെ അവസ്ഥയിൽ വിജയം പി ജയരാജന് തന്നെ; ഇനി മുരളി വിജയിച്ചാൽ അദ്ദേഹം കേരളത്തിൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി മാറും; മോദി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന് താൻ പറയുന്നത് ഒറ്റകക്ഷി ഭരണമാണ് നല്ലത് എന്നുള്ളതുകൊണ്ട്: തെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തി മറുനാടനോട് ഡോ. ഡി ബാബുപോൾ

കേരളത്തിലെ 15 മണ്ഡലങ്ങളിൽ എൽഡിഎഫിന് 8 സീറ്റും യുഡിഎഫിന് 7 സീറ്റും ലഭിക്കും; അഞ്ചിടങ്ങളിൽ ആര് ജയിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല; വടകരയിൽ ഇപ്പോഴത്തെ അവസ്ഥയിൽ വിജയം പി ജയരാജന് തന്നെ; ഇനി മുരളി വിജയിച്ചാൽ അദ്ദേഹം കേരളത്തിൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി മാറും; മോദി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന് താൻ പറയുന്നത് ഒറ്റകക്ഷി ഭരണമാണ് നല്ലത് എന്നുള്ളതുകൊണ്ട്: തെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തി മറുനാടനോട് ഡോ. ഡി ബാബുപോൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: കേന്ദ്രത്തിൽ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന് പറയുന്നത് ബിജെപിയോടും മോദിയോടുമുള്ള സ്‌നേഹം കൊണ്ട് അല്ലെന്നും, അത് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും പുരോഗമനത്തിനും ഒറ്റകക്ഷി ഭരണമാണ് നല്ലത് എന്നുള്ളതുകൊണ്ട് മാത്രമാണ് എന്നും ഡോ. ഡി ബാബുപോൾ. മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ അദ്ദേഹം മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കാര്യങ്ങൾ വിശദമാക്കിയത്. രാജ്യം മുന്നേറണമെങ്കിൽ ശക്തവും ദൃഢവുമായി തീരുമാനമെടുക്കാൻ ഭരണ വിഭാഗത്തിന് കഴിയണം. കോൺഗ്രസ് 1999 വരെ ഈ അവസ്ഥയിലായിരുന്നു. അവർ തിരിച്ച് ഒരു ബദലായി വരണമെന്ന് ആഗ്രഹിക്കുമെന്നും, എന്നാൽ ഇപ്പോഴുള്ള സഖ്യത്തിലെ എല്ലാവരും പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുമ്പോൾ അത് രാജ്യത്തിന് നല്ലതല്ലെന്നും ബാബു പോൾ പറയുന്നു.

കേരളത്തിൽ കനത്ത മത്സരമാണ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ ആര് വിജയിക്കും എന്ന് പറയാൻ കഴിയില്ല. എന്നാൽ ബാക്കിയുള്ള 15 മണ്ഡലങ്ങളിൽ ഇടതിന് എട്ട് സീറ്റും യുഡിഎഫിന് ഏഴ് സീറ്റും ലഭിക്കും. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രാഹുൽ ഗാന്ധി വലിയ നേതാവായി മാറിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയാകാൻ അത് മതിയാകുമോ എന്ന് പറയാൻ കഴിയില്ല. മോദിയും തന്റെ ഇമേജ് വർധിപ്പിക്കുന്നു. കേരളത്തിൽ ശബരിമല വിഷയം ചർച്ച ചെയ്യരുത് എന്ന് പറയുന്നെങ്കിലും ജനങ്ങളുടെ മനസ്സിൽ അത് ഉണ്ടാകുമെന്നും ബാബു പോൾ പറയുന്നു.
വടകരയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പി ജയരാജൻ വിജയിക്കും. പക്ഷേ ഇത് മാറാൻ സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഇനി മുരളി വിജയിച്ചാൽ അദ്ദേഹം കേരളത്തിൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി മാറും എന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എന്തൊക്കെ വിഷയങ്ങളാണ് ചർച്ചയാവുക?

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ദേശീയ വിഷയങ്ങൾ മാത്രമാണ്. അപ്പോൾ ഇന്ത്യയിൽ ചർച്ച ചെയ്യേണ്ടതാണ് എന്ന് ബുദ്ധിജീവികൾക്കും രാഷ്ട്രീയ ചിന്തകർക്കും തോന്നേണ്ടത് പ്രധാനമായും സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയമായ സുസ്ഥിരതയുമാണ്. ആളുകൾ സാധാരണ ഗതിയിൽ പ്രാദേശിക കാര്യങ്ങളൊക്കെ ആലോചിച്ച് പോകും. പക്ഷേ അതിന്റെ ഒരു ഉദാഹരണമാണ് ശബരിമല. ശബരിമല കേരളീയരായ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ സംഭവമാണെങ്കിലും വടക്ക് കിഴക്കും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അത് ഒരു ചർച്ചാ വിഷയമേ അല്ല. എന്നാൽ ഇത് മറന്നുകൊണ്ട് കേരളത്തിൽ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. കാരണം കേരളത്തിൽ ഇത് വലിയ ഒരു സംഭവം തന്നെയാണ്. അങ്ങനെ വരുമ്പോൾ സാമ്പത്തിക രാഷ്ട്രീയ കാര്യങ്ങൾക്ക് പുറമെ പ്രാദേശികമായ വിഷയങ്ങളും ചർച്ചയാകും. പ്രാദേശിക വിഷയങ്ങൾ എല്ലായിടത്തും ചർച്ചാ വിഷയങ്ങളാകും എന്നത് ശരി തന്നെയാണ്.

പുൽവാമ പോലെയുള്ള കാര്യങ്ങൾ രാഷ്ട്രീയവത്കരിക്കുന്നതിനെ കുറിച്ച്

അല്ലാ അതിനെ പൊളിറ്റിക്കലായും കാണേണ്ടതുണ്ട്. അതുപോലെ തന്നെ പൊളിറ്റിക്കൽ മാനം കൈവരുന്ന സംഭവങ്ങളുമുണ്ട്. കൃത്യമായി ഒരു വേർതിരിവ് ഇതിൽ പ്രയാസമാണ്. മതപരായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കരുത് എന്ന് വർഷങ്ങളായി എഴുതി വച്ചിരിക്കുന്ന കാര്യമാണ്. പക്ഷേ കേരളത്തിൽ ഹിന്ദു മതത്തിൽ പെട്ട പലർക്കും ശബരിമല ചിന്തയിലുണ്ടാകും. അപ്പോ ഇതൊക്കെ ഉറക്കെ പറയരുത് എന്ന് പറഞ്ഞാലും ഇതൊക്കെ ജനങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങളാണ്. അത്‌പോലെ തന്നെയാണ് പുൽവാമയിലെ കാര്യവും. പക്ഷേ രാഷ്ട്രീയത്തിൽ അതിന്റെ ഇംപാക്റ്റ് വരും. അത് ഒഴിവാക്കാൻ പറ്റില്ല. രണ്ട് കൂട്ടരും ഉപയോഗിക്കുന്ന വിഷയങ്ങളാണല്ലോ. അത് ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞാലും അതിന്റെ ഡയമെൻഷൻസ് ചർച്ചയാകും.

മോദിയും രാഹുലും 2014ൽ നിന്നും 2019ലേക്ക് എത്തുമ്പോൾ

മോദിയെയും രാഹുൽ ഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യുന്നത് അത്ര എളുപ്പമല്ല. ഇവർ ഒരേ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന ആളുകളല്ല. പ്രായം കൊണ്ടും അവരുടെ രാഷ്ട്രീയം കൊണ്ടും ഒരു പ്ലാറ്റ്‌ഫോമിൽ അല്ല. അതുകൊണ്ട് അവരെ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. പിന്നെ വ്യക്തിപരമായി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രാഹുൽ ഗാന്ധി എന്ന വ്യക്തി വളരെ മിടുക്കനായി എന്നതിൽ സംശയമില്ല. പക്ഷേ അത്രയും മിടുക്കനായാൽ മതിയോ എന്നതിൽ ചോദ്യങ്ങൾ ഉയരാം. പക്ഷേ 40 മാർക്ക് ലഭിച്ചിരുന്ന കുട്ടി അത് 60 ആക്കി ഉയർത്തി എന്ന് പറയുന്നത് മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും സന്തോഷമുള്ള കാര്യമാണ്. പക്ഷേ മറ്റ് കുട്ടികൾക്ക് അപ്പോൾ 70ഉം 80ഉം മാർക്ക് കിട്ടിയിട്ടുണ്ട് എന്ന് മറക്കരുത്. രാഹുൽ ഗാന്ധി അഞ്ച് വർഷം മുൻപുള്ള രാഹുൽ ഗാന്ധിയല്ല. ഒരു അനുഗ്രഹം കിട്ടിയത് പോലെ ആ മനുഷ്യൻ നന്നായിട്ടുണ്ട്. നമ്മുടെ കേരളത്തിൽ തന്നെ അതിന്റെ ഉദാഹരണമുണ്ട്.

ആദ്യം മുരളീധരന് ടിക്കറ്റ് കൊടുത്തപ്പോൾ കവി രമേശൻ നായർ കിങ്ങിണിക്കുട്ടൻ എന്നൊരു കവിത എഴുതി. മുരളി ഇതിന് പറ്റിയ ആളല്ല എന്ന് സ്ഥാപിക്കാൻ തന്നെയാണ് പലപ്പോഴും ശ്രമം നടന്നിട്ടുള്ളതും. ഇന്നിപ്പോൾ മുരളിയെക്കുറിച്ച് ആരെങ്കിലും അങ്ങനെ പറയുമോ.. ഇല്ലല്ലോ? ഇത്രയും കാലം കൊണ്ട് ആ മനുഷ്യൻ മാറിയതിന്റെ തെളിവാണ് വടകരയിൽ നടത്തിയ പ്രസംഗം. ഇതൊന്നും ആരും പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങളല്ല. ഒരു അനുഗ്രഹമായി കിട്ടുന്നതാണ്. ഒന്നുകിൽ കരുണാകരന്റെ അനുഗ്രഹമായിരിക്കാം അല്ലെങ്കിൽ കല്ല്യാണിക്കുട്ടിയമ്മയുടെ അനുഗ്രഹമായിരിക്കാം. ആ പറഞ്ഞത്‌പോലെ തന്നെയാണ് രാഹുൽ ഗാന്ധിയുടെ കാര്യവും. പക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഇത്രയും മതിയോ എന്ന് ചോദിച്ചാൽ അത് പോര. പക്ഷെ വ്യക്തിപരമായി അയാൾ ഒരുപാട് വളർന്ന് കഴിഞ്ഞു.

മറുവശത്ത് മോദിയുടെ കാര്യം നോക്കിയാൽ അഞ്ച് വർഷം മുൻപ് വളരെ പ്രതീക്ഷകളുയർത്തി പ്രധാനമന്ത്രിയായ മോദിയെകുറിച്ച് എതിർ അഭിപ്രായങ്ങൾ ഉണ്ടാകം. അതിൽ ഒന്നാമത്തേതും പ്രധാനവുമായ കാരണം വാജ്‌പേയ് എന്ന വ്യക്തിയുമായുള്ള താരതമ്യമാണ്. വാജ്‌പേയ് എല്ലാവരേയും ഒപ്പം നിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകനും പ്രചാരകനുമൊക്കെ ആയിരുന്നെങ്കിലും അതിൽ ഒന്നും ഒതുങ്ങിയില്ല. അതുകൊണ്ട് വാജ്‌പേയ് എന്ന വ്യക്തിയുമായി താരതമ്യം ചെയ്തവർക്ക് അല്ലെങ്കിൽ അതുപോലെ പ്രതീക്ഷിച്ചവർക്ക് പ്രതീക്ഷിച്ചത് പോലെ അല്ല കാര്യങ്ങൾ. ആജ്ഞാശക്തി ഉള്ള ഒരു പ്രധാനമന്ത്രിയാണ്. ഉദാഹരണത്തിന് കേരളത്തിലെ മന്ത്രിമാർ പിണറായി വിജയനെ വിളിക്കുന്നത് ഹെഡ്‌മാസ്റ്റർ എന്നാണ്. ഏതെങ്കിലും ഒരു മന്ത്രിയോട് നമുക്ക് പോയി ഗൗരവമുള്ള ഒരു കാര്യം ചോദിച്ചാൽ അവർ പറയുക അത് ഹെഡ്‌മാസ്റ്ററോട് കൂടി ചോദിക്കട്ടെ എന്നാണ്.

അത്തരത്തിൽ പ്രധാനമന്ത്രിയുടെ കാര്യം പരിശോധിച്ചാൽ ഇന്ദിരാ ഗാന്ധിക്ക് ശേഷം അത്രയും ആജ്ഞാശക്തിയുള്ള ഒരു പ്രധാനമന്ത്രി ഉണ്ടാവുന്നത് മോദിയാണ്. മോദിയുടെ ആജ്ഞാ ശക്തി, ദൃഢനിശ്ചയം ഒക്കെ കാരണം എല്ലാ ഉദ്യോഗസ്ഥരും വളരെ ശ്രദ്ധാലുക്കളാണ്. ഒരു എഫക്റ്റീവ് അഡ്‌മിനിസ്‌ട്രേറ്ററാണ് അദ്ദേഹം. പിന്നെ യാത്ര കൂടിപ്പോയെന്നും ഉടുപ്പിന്റെ നിറം മാറിപ്പോയെന്നും ഒക്കെ ഉള്ളത് പറയുന്നവർക്ക് പറയാം എന്ന് മാത്രം. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി എന്ന പദത്തിനോട് നീതിപുലർത്തി. തെറ്റുകൾ ഉണ്ടായിട്ടില്ല എന്നല്ല. മോദിയും രാഹുലും അഞ്ച് വർഷം കൊണ്ട് അവരവരുടെ പ്രതിച്ഛായ വർധിപ്പിച്ചവരാണ്. രാഹുൽ അദ്ദേഹത്തിന്റെ മാർക്ക് 40ൽ നിന്ന് 60 ആക്കിയപ്പോൾ മോദി അത് 70ൽ നിന്ന് 80 ആക്കി.

കേരളത്തിലെ മുന്നണികളുടെ സാധ്യതകൾ

ഏകപക്ഷീയമായി 20 സീറ്റുകളും കോൺഗ്രസ് കൊണ്ടുപോയ കാലം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നു 12-8 എന്ന നിലയിൽ എത്തുമെന്ന്. അതുകൊണ്ടാണ് പാർട്ടിയിൽ പലരും ആഗ്രഹിച്ചിട്ടും ഉമ്മൻ ചാണ്ടിയെ ഇറക്കാൻ കഴിയാത്തത്. അന്ന് ഉമ്മൻ ചാണ്ടിയെ പുറത്താക്കാൻ പാർട്ടിയിൽ നിന്ന് തന്നെ ആളുകളുണ്ടായിരുന്നു. പക്ഷേ രാജ്യം മുഴുവൻ കോൺഗ്രസ് തോൽക്കുകയും ഇവിടെ വിജയിക്കുകയും ചെയ്തതും ഉമ്മൻ ചാണ്ടിക്ക് ഗുണമായി. ഉമ്മൻ ചാണ്ടിയുടെ കഴിവും ഭാഗ്യവും ഒത്ത് വന്ന ഒരു സമയമായിരുന്നു അന്ന്. ഇന്നത്തെ അവസ്ഥയിൽ ഇതുവരെ കാര്യങ്ങൾ ഒന്നും പറയാൻ കഴിയില്ല. വടകരയിൽ മുരളിയുടെ പേരിലും വയനാട്ടിൽ സിദ്ദിഖിന്റെ പേരിലും കോൺഗ്രസ് അധ്യക്ഷൻ ഒപ്പ് വെച്ചിട്ടില്ല. ബിജെപിയുടെ ലിസ്റ്റ് ഇനിയും വന്നിട്ടില്ല. പത്തനംതിട്ടയുടെ കാര്യത്തിൽ അവർ എന്തുകൊണ്ടാണ് തീരുമാനമെടുത്തത് എന്ന് എല്ലാവർക്കും അറിയാം. സുകുമാരൻ നായർ പറയാതെ അവിടെ ആരെ നിർത്തിയിട്ടും കാര്യമില്ല.

കേരളത്തിൽ കഴിഞ്ഞ ഒരു 77 വർഷം ജീവിച്ച ആളെന്ന നിലയ്ക്കും എല്ലാ ദിവസവും 10, 14 പത്രങ്ങൾ വായിക്കുന്ന ആളെന്ന നിലയ്ക്കും ചില കണക്കുകൾ കൂട്ടുമ്പോൾ, 15 മണ്ഡലങ്ങളിലെ കാര്യം എന്റെ മനസ്സിൽ ഏകദേശ ധാരണയുണ്ട്. ഇതിൽ ഒരു എട്ടെണ്ണം എൽഡിഎഫും ഏഴെണ്ണം യുഡിഎഫും വിജയിക്കും. ബാക്കി അഞ്ചെണ്ണത്തിന്റെ കാര്യം പറയാൻ ഇനിയും കുറച്ച് സമയം കൂടി എടുക്കും. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും വേണം. ഇതിനകത്ത് അളക്കാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമുണ്ട്. ഉദാഹരണത്തിന് ദിവാകരൻ എന്ന സ്ഥാനാർത്ഥിയുടെ ഭാര്യ ബ്രാഹ്മണ സ്ത്രീയാണ്. അവരുടെ വോട്ട് കിട്ടുമെങ്കിലും അഗ്രഹാരത്തിലെ മറ്റ് സ്ത്രീകളുടെ വോട്ട് കിട്ടണം എന്നില്ല. പത്തനംതിട്ട, വടകര ഒക്കെ പറയാൻ പറ്റാത്ത കാര്യങ്ങളാണ്. അവിടെ ശബരിമല ഒന്നും വലിയ ചർച്ചയാകും എന്ന് കരുതുന്നില്ല. ഓരോ മണ്ഡലങ്ങളിലെ കണക്ക് പരിശോധിച്ച ശേഷം മാത്രമെ പറയാൻ കഴിയുകയുള്ളു. ഏപ്രിൽ 15 ഒക്കെ കഴിയുമ്പോൾ കൃത്യമായി പറയാം. അടിയൊഴുക്കുകളും പ്രചാരണങ്ങളും ഒക്കെ മുറുകുമ്പോൾ മാത്രമെ പറയാൻ കഴിയൂ.

അഭിപ്രായ സർവ്വേകളും മുന്നണികളുടെ സാധ്യതകളും

സർവ്വേകളിൽ ഒന്നും വലിയ ഒരു കാര്യവും ഇല്ല എന്നതാണ് സത്യം. ഈ സർവ്വേ എടുക്കുമ്പോൾ തന്നെ നമുക്ക് അറിയാം അത് അതിന്റെ സാമ്പിൾ ഒക്കെ എടുക്കും പോലെ ഇരിക്കും. ആ സാമ്പിളിന്റെ സെലക്ഷൻ കഴിഞ്ഞാൽ പിന്നെ പ്രധാനപ്പെട്ടത് ആ ചോദ്യം ചോദിച്ച ആൾ പറയുന്ന ഉത്തരം സത്യസന്ധമായിരിക്കണം എന്നതാണ്. ഇപ്പോ ഒരു പ്രത്യേക സാഹചര്യത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ ഒരു പാർട്ടി ഗ്രാമത്തിൽ ഉള്ള ഒരു ബിജെപി അനുഭാവി ഏത് സർവ്വേക്കാരൻ വന്നാലും അവൻ ബിജെപിക്ക് വോട്ട് ചെയ്യും എന്ന് പറയില്ല. അപ്പോൾ പിന്നെ ഒരു കാര്യവും അത്തരം സർവ്വേകളിൽ ഇല്ല. എക്‌സിറ്റ് പോളുകളിൽ പോലും ഇത് ബാധകമാണ്.

കേരളത്തിലെ ഭരണത്തിന്റെ വിലയിരുത്തലാകുമോ?

ഈ ഭരണത്തെ പ്രകീർത്തിച്ച് വിലയിരുത്തിയ ആളാണ് ഞാൻ. പിണറായി നല്ല മുഖ്യമന്ത്രിയാണ്. പ്രളയ കാലത്ത് നാം കണ്ടതാണ്. ഇപ്പോൾ പ്രളയത്തിന്റെ കാര്യം തന്നെ എടുത്താൽ പിണറായിയെ പോലെ പ്രവ്രർത്തിക്കാൻ മറ്റൊരു വ്യക്തി ഉമ്മൻ ചാണ്ടി മാത്രമാണ്. പ്രസ്താവന ഇറക്കുന്ന കോൺഗ്രസിലെ കൊലകൊമ്പന്മാരിൽ, ഉമ്മൻ ചാണ്ടി അല്ലാതെ കേരളത്തിലെ ഒരു നേതാവിനും, പ്രളയ സമയത്ത് പിണറായി നയിച്ചത് പോലെ നയിക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടിയുടെ സ്‌റ്റൈൽ തന്നെ വ്യത്യസ്തമായിരുന്നേനെ. ജനങ്ങൾക്ക് ഇടയിൽ മാത്രമാണ് ഉമ്മൻ ചാണ്ടി കഴിയുന്നത്. കെ കരുണാകരന് ശേഷം അങ്ങനെ ഒരു നേതാവ് വരുന്നത് കേരളത്തിൽ ആദ്യമാണ്. പിണറായി പ്രളയകാലത്ത് സ്വന്തം അസുഖം പോലും അതായത് ക്യാൻസർ പോലും മാറ്റിവച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്. ഓഖി സമയത്ത് ചില പോരായ്മകൾ ഉണ്ടായിരുന്നുവെന്ന ആരോപണം പോലും തിരുത്തുന്നതാണ്. വസ്തുനിഷ്ഠമായി പറയുകയാണെങ്കിൽ പിണറായിയുടെ നേട്ടം ഇടതുപക്ഷത്തിന്റെ നേട്ടം തന്നെയാണ്.

പിന്നെ ഇതിനകത്ത് മറ്റൊരു കാര്യം കൂടി പറയാനുള്ളത്, ഇവിടെ എത്ര സീറ്റ് വിജയിച്ചാലും ദേശീയ തലത്തിൽ എത്തുമ്പോൾ ചെറിയ പാർട്ടി തന്നെയാണ്. പത്ത് പേരെങ്കിൽ പത്ത് പേർ ആയിക്കോട്ടെ എന്ന് കരുതുന്നവരും ഉണ്ടായിരിക്കും. പ്രകാശ് കാരാട്ട് മണ്ടത്തരം കാണിച്ച് യുപിഎയിൽ നിന്ന് ഇറങ്ങാതിരുന്നെങ്കിൽ ഒരു തിരുത്തൽ ശക്തിയായി മുന്നോട്ട് വരാമായിരുന്നു ഇടത്പക്ഷത്തിന്. ആ മനുഷ്യൻ ചുമ്മാ ഇറങ്ങിപ്പോയി. അതിന്റെ ഫലം അനുവിച്ചത് യുപിഎ ആണ്. എന്താണ് സംഭവിച്ചത് എന്ന് നമ്മൾ എല്ലാവരും കണ്ടതാണ്.

കേന്ദ്രത്തിൽ മോദി തുടരുന്നതാണ് നല്ലത് എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്?

അത് വളരെ നിസ്സാര കാര്യമാണ്. നെഹ്‌റുവിന്റെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും ഒക്കെ നമ്മൾ ഇത് കണ്ടതാണ്. കാലുമാറ്റവും കാലുവാരലും ഒക്കെ സജീവമായിരുന്നു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നതുകൊണ്ട് മാത്രമാണ് സർവ്വത്ര പ്രശ്‌നങ്ങളായിട്ടും അന്ന് പിടിച്ച് നിന്നത്. അത് തന്നെയാണ് 1977ലും സംഭവിച്ചത്. അതായത് പിന്നീട് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച് ഇന്ദിരാ ഗാന്ധി തിരിച്ച് വന്നപ്പോൾ മാത്രമാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടത്. 77ലെ അവസ്ഥ മാറിയതും സമാനമായി തന്നെയാണ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ പക്ഷേ എല്ലായ്‌പ്പോഴും ഒരു കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോൾ മാത്രമാണ് രാജ്യത്തിന് ഗുണമുണ്ടായത്. 1999 വരെ ഇത് സാധിച്ചിരുന്നത് കോൺഗ്രസിനാണ്. ഇന്നിപ്പോൾ നിർഭാഗ്യവശാൽ കോൺഗ്രസ് ഇല്ല. മോദിയോടോ ബിജെപിയോടോ ഉള്ള സ്നേഹം കൊണ്ടല്ല ഇങ്ങനെ പറഞ്ഞത്.

മറ്റുള്ളവരുടെ കാര്യം പരിശോധിച്ചാൽ പല പല ഗ്രൂപ്പുകളായി നിൽക്കുകയാണ്. മായാവതി, മമത, അഖിലേഷ്, ദ്രാവിഡ പാർട്ടികൾ തുടങ്ങിയവർ അങ്ങനെ നിൽക്കുകയാണ്. അഖിലേഷ് മത്സരിക്കുന്നില്ലെങ്കിലും മുലായം മത്സരിക്കുന്നുണ്ട്. ഇങ്ങനെ എല്ലാ മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിയാകണമെന്ന് കരുതുന്ന ഒരു കാലം. അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തിന് നല്ലതല്ല. കോൺഗ്രസ് തിരിച്ച് വരണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാരണം വേറെ ഒരു പാർട്ടിക്കും ബദലായി മാറാൻ കഴിയില്ല. പക്ഷേ അവർ വളർന്ന് വരുന്നത്വരെ രാജ്യം ശിഥിലീകരിക്കപ്പെടാതിരിക്കാൻ മോദി വരുന്നതാണ് നല്ലതെന്ന് പറയുന്നത്. പകരം വേറെ ആളില്ലാത്തതുകൊണ്ട് ആണ്. കോൺഗ്രസ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത് സംഘടനാ ശക്തി ആർജ്ജിച്ച് കൂടുതൽ ശക്തരാവാനും കൂട്ട് കക്ഷികൾ കുറ്റം പറയാനും അനവസരമായി ചോദ്യം ചെയ്യാനും മുതിരാത്തത്ര വലിയ പാർട്ടി ആകുന്നതിനുമാണ്.

എംഎൽഎമാർ മത്സരിക്കുന്നതിനെ കുറിച്ച്

ഏത് പാർട്ടിയിലായാലും എംഎൽഎമാർ മത്സരിക്കുന്നത് മുന്നണികളിലേയും പാർട്ടികളിലേയും നേതൃനിരയിലെ താര ദാരിദ്ര്യം കൊണ്ടാണ്. മാത്രമല്ല ഇത് ഗതികേടിന്റെ കുമ്പസാരമാണ്. എംഎൽഎമാർ ഏത് പാർട്ടിയിൽ നിന്ന് മത്സരിച്ചാലും അത് ഗതികേടാണ്.

വടകരയിൽ ആര് വിജയിക്കും

വടകരയിൽ ഇപ്പോൾ അനിശ്ചിതാവസ്ഥയാണ്. പക്ഷേ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാൽ പി. ജയരാജൻ തന്നെ വിജയിക്കും. ആളുകൾ കരുതുന്നത് പോലെ ഒന്നും ഇല്ല. രണ്ട് ആഴ്ച കഴിഞ്ഞാൽ പക്ഷേ അത് മാറി എന്ന് വരാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP