Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

60ലക്ഷം രൂപ മുടക്കി ജീവൻ രക്ഷിച്ച ബന്ധുക്കളെ മാദ്ധ്യമങ്ങൾ എന്റെ ശത്രുക്കളാക്കി; അന്യജാതിക്കാരിയുടെ വൃക്ക വാങ്ങിയതിന് ഒറ്റപ്പെടുത്തിയെന്നത് ചിലരുടെ നുണക്കഥ; എനിക്കൊരു ജീവൻ നൽകിയ ലേഖയെ വേദനിപ്പിക്കാൻ വയ്യാത്തതുകൊണ്ട് ഒക്കെ ഞാൻ കരഞ്ഞു തീർക്കുന്നു; ലേഖാ നമ്പൂതിരിയുടെ വൃക്ക സ്വീകരിച്ച ഷാഫിയെ കുറിച്ചുള്ള കഥകൾ സത്യമോ?

60ലക്ഷം രൂപ മുടക്കി ജീവൻ രക്ഷിച്ച ബന്ധുക്കളെ മാദ്ധ്യമങ്ങൾ എന്റെ ശത്രുക്കളാക്കി; അന്യജാതിക്കാരിയുടെ വൃക്ക വാങ്ങിയതിന് ഒറ്റപ്പെടുത്തിയെന്നത് ചിലരുടെ നുണക്കഥ; എനിക്കൊരു ജീവൻ നൽകിയ ലേഖയെ വേദനിപ്പിക്കാൻ വയ്യാത്തതുകൊണ്ട് ഒക്കെ ഞാൻ കരഞ്ഞു തീർക്കുന്നു; ലേഖാ നമ്പൂതിരിയുടെ വൃക്ക സ്വീകരിച്ച ഷാഫിയെ കുറിച്ചുള്ള കഥകൾ സത്യമോ?

എം പി റാഫി

പാലക്കാട്: ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്ന കാലത്ത് മതങ്ങളുടെ അതിർവരമ്പുകളില്ലാതെ വൃക്ക കൈമാറ്റം നടത്തിയ ലേഖ എം നമ്പൂതിരിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മിക്ക മാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്നത്. സാമ്പത്തിക പരാതീനതകളാൽ നട്ടെല്ലിനേറ്റ ക്ഷതം ചികിത്സിക്കാനാവാതെ കഴിയുന്ന ലേഖയെ ആയിരുന്നു മാദ്ധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞത്. മതം നോക്കാതെ സൗജന്യമായി വൃക്ക നൽകിയ വ്യക്തികൂടിയായതോടെ ലേഖയെ സഹായിക്കാനായി മലയാളികളും വിവിധ ദിക്കിൽ നിന്നും കൈകോർത്തു. ഇതിനിടയിൽ ലേഖാ നമ്പൂതിരിയുടെ ശസ്ത്രക്രിയയും കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി.

എന്നാൽ ലേഖയിൽ നിന്നും വൃക്ക സ്വീകരിച്ച ഷാഫി നവാസ് എന്ന യുവാവിന്റെ വിങ്ങൽ സോഷ്യൽ മീഡിയകളിലെ ചില പോസ്റ്റുകളൊഴിച്ചാൽ മറ്റെവിടെയും എത്തപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു മറുനാടൻ മലയാളി ഷാഫിയെ സമീപിച്ചത്. എന്നാൽ അഭിമുഖം നൽകാൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തയ്യാറായി. ലേഖയെ ഒരിക്കലും തെറ്റിദ്ധരിക്കാൻ ഇടവരുത്തരുത് എന്ന അപേക്ഷയായിരുന്നു ഉണ്ടായിരുന്നത്.

ചില പത്രവാർത്തകളും പ്രചരണങ്ങളുമയിരുന്നു ഷാഫിയെ വേദനിപ്പിച്ചത്. ഈ ഭീതി ഷാഫിയെ വിട്ടൊഴിഞ്ഞിരുന്നില്ല. വൃക്ക സൗജന്യമായി ഷാഫിക്ക് നൽകിയെന്നായിരുന്നു മിക്ക പത്രങ്ങളിലും വന്നത് എന്നാൽ ഷാഫിക്ക് വെളിപ്പെടുത്താനുണ്ടായിരുന്നത് മറിച്ചായിരുന്നു. മാത്രമല്ല, മതത്തിന്റെ പേരു പറഞ്ഞ് വൃക്ക നിഷേധിച്ചിരുന്നതായും ചില പത്രവാർത്തകൾ ഷാഫിയെ കുറിച്ചു വരികയുണ്ടായി. ഇത് സമൂഹത്തിൽ ഷാഫിയെ അവമതിപ്പുണ്ടാക്കി എന്നു മാത്രമല്ല, തികഞ്ഞ മതേതരവാദിയായ പൊതുപ്രവർത്തകൻ കൂടിയായ ഷാഫിയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു.

ലേഖാ നമ്പൂതിരി എന്ന യുവതിയെ ദൈവം തന്റെ മുന്നിലെത്തിച്ചതാണെന്നും എത്ര കോടികൾ നൽകിയാലും ലേഖയുടെ മഹാമനസ്‌കതക്കു പകരമാകില്ലെന്നും വിശ്വസിക്കുകാണ് ഇന്നും ഷാഫി. ലേഖാ നമ്പൂതിരിയെ കുറിച്ചു പറയുമ്പോൾ ഏറെ വാചാലനാണ് ഷാഫി. എന്നാൽ ലേഖക്കു പിന്നിൽ ചില കറുത്ത കരങ്ങൾ ഉള്ളതായും ഇത് ദുരൂഹതയുണ്ടെന്നുമായിരുന്നു ഷാഫിയുടെ തുറന്നു പറച്ചിൽ. സോഷ്യൽ മീഡിയകളിൽ വിവിധ കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതിയിൽ ലേഖ എം നമ്പൂതിരിയിൽ നിന്നും വൃക്ക സ്വീകരിച്ച പട്ടാമ്പി വിളയൂർ ഓടുപാറ സ്വദേശി വൈലിശേരി പറമ്പിൽ ഷാഫി നവാസ് സംഭവങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്ക് മറുനാടൻ മലയാളിയോടു മനസ് തുറക്കുകയാണിവിടെ:

2006 ൽ ആണ് വൃക്ക സംബന്ധമായ അസുഖം എന്നെ പിടികൂടിയത്. രോഗം ഇതിനു മുമ്പേ പിടിപെട്ടിട്ടുണ്ടെങ്കിലും അപ്പോഴാണ് രോഗം തിരിച്ചറിയുന്നത്.അപ്പോഴേക്കും രണ്ട് കിഡ്‌നിയും ചുരുങ്ങിയിട്ടുണ്ടായിരുന്നു. അന്നേ പൊതു പ്രവർത്തന രംഗത്തും മറ്റുമായി ഞാൻ സജീവമായിരുന്നു. ദൈവാധീനം കൊണ്ട് കിഡ്‌നി മാറ്റത്തിനു ശേഷം ഇപ്പോൾ എനിക്ക് യാതൊരു കുഴപ്പവുമില്ല. എല്ലാ രംഗത്തും സജീവമായി തന്നെ ഇടപെടാൻ സാധിക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞ ശേഷം 2006 അവസാന ഘട്ടത്തിലാണ് ഡയാലിസിസ് ആരംഭിക്കുന്നത്. ഈ സമയത്ത് പരിജയത്തിൽ ആർക്കും ഈ രോഗം വന്നതായി അറിവില്ല. 25ാം വയസ്സിൽ എനിക്കുണ്ടായ വിധിയോർത്ത് ഞാൻ തളർന്നു. രണ്ട് വർഷത്തോളം ഡയാലിസിസ് തുടർന്നു. പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലായിരുന്നു ഡലാലിസിസ് നടത്തിയിരുന്നത്. ഈ സമയത്താണ് എന്റെ സുഹൃത്ത് മുഖാന്തരം ലേഖ നമ്പൂതിരിയെ പരിജയപ്പെടുന്നത്. കിഡ്‌നി നൽകാൻ അവർക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചായിരുന്നു സുഹൃത്ത് ബന്ധപ്പെടുത്തിയത്.

കിഡ്‌നി നൽകാനായി ലേഖാ നമ്പൂതിരി എന്ന സുമനസ്‌ക തയ്യാറാണെന്ന് എന്നെയും കുടുംബത്തെയും അറിയിച്ചതോടെ ഞങ്ങൾക്ക് പ്രതീക്ഷ നൽകി. ഇതിനു വേണ്ട നടപടികൾ ആരംഭിച്ചു. കേരളത്തിന് പുറത്ത് പോയി മാറ്റിവെയ്ക്കൽ നടത്താനായിരുന്നു ഉദ്ദേശിച്ചത്. ഇതിനായി ആദ്യം കോയമ്പത്തൂരിലെ ഒരു ആശുപത്രയിൽ പോയി ടെസ്‌റ്റെല്ലാം നടത്തി. എന്റെ കുടുംബത്തോടൊപ്പം ലേഖാ നമ്പൂതിരിയും ലേഖയുടെ അമ്മാവന്റെ മകനാണെന്ന് പരിചയപ്പെടുത്തിയ മഹേഷും ഉണ്ടായിരുന്നു. ആ മഹേഷ് എന്ന വ്യക്തി സാജൻ ആണെന്ന് അറിയുന്നത് പിന്നീടാണ്.

കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിൽ വന്ന വാർത്തകളിലും ഭർത്താവ് സാജൻ എന്നാണ് കണ്ടത്. പിന്നെ, അന്ന് ഇവർ ആരാണെന്നോ ഇവരുടെ ബന്ധം എന്താണെന്നോ എനിക്ക് ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ..എനിക്ക് ഒരു ജീവിതം കിട്ടുക മാത്രമായിരുന്നു ലക്ഷ്യം. അങ്ങിനെ ഞങ്ങൾ കോയമ്പത്തൂരിൽ ആശുപത്രിയിൽ പോയി വൃക്ക അനുയോജ്യമാണെന്ന് മനസിലായി. ഇതുമായി ബന്ധപ്പെട്ട പകുതി ടെസ്റ്റ് നടത്തിയപ്പോഴാണ് അവർ പറഞ്ഞത് കിഡ്‌നി മാറ്റിവെയ്ക്കൽ നിർത്തിയെന്നും നൽകുന്നയാൾ റിലേഷനല്ലാത്തതുകൊണ്ടും ഇവിടെ നിയമ പ്രശ്‌നം ഉണ്ടെന്നും പറഞ്ഞു.

അന്ന് കിഡ്‌നി മാറ്റിവെയ്ക്കൽ നടക്കാതെ ഞങ്ങൾ മടങ്ങി. പിന്നീട് ഒരു വർഷത്തോളം വീണ്ടും എനിക്ക് ഡയാലിസീസ് തുടർന്നു. ലേഖയെ ബന്ധപ്പെടുത്തിയ സഹൃത്ത് വീണ്ടും 2009ൽ മറ്റൊരു ആശുപത്രിയിൽ പോകാമെന്നു പറഞ്ഞു. ഇതനുസരിച്ച് വീണ്ടും ഞങ്ങളെല്ലാവരും ഒന്നിച്ച് ബാംഗ്ലൂരിലെ എംവി ആശുപത്രിയിൽ പോയി. അവിടെന്നും മാറ്റിവെയ്ക്കൽ നടക്കില്ലെന്നായിരുന്നു പറഞ്ഞത്. പിന്നെ കൂടുതൽ ടെസ്റ്റ് ഒന്നും നടത്താതെ അവിടന്ന് മടങ്ങി. പിന്നീട് 2010 അവസാനത്തിൽ ഞങ്ങൾ മംഗലാപുരം എ.ജെ ആശുപത്രിയിൽ പോയി. അവിടെ അഡ്‌മിറ്റ് ചെയ്‌തെങ്കിലും കിഡ്‌നി മാറ്റാവുന്ന കണ്ടീഷനല്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ വീണ്ടും നാട്ടിലേക്കെത്തി ബ്ലഡ് കയറ്റിയ ശേഷം വീണ്ടും മംഗലാപുരത്തേക്ക് പോയി. മൂന്ന് മാസത്തോളം ഇവിടെ അഡ്‌മിറ്റ് ചെയ്തിരുന്നു. അവിടന്ന് മാറ്റിവെക്കൽ നടത്താമെന്നു പറഞ്ഞ് കുറച്ച് തുകയെല്ലാം ആശുപത്രിയിൽ നിൽകിയിരുന്നു. പിന്നീട് പറഞ്ഞു ലീഗലായിട്ടുള്ള കുറച്ചു പേപ്പറുകൾ വേണമെന്ന്, ഇതോടെ അവിടെ നിന്നും ഞങ്ങൾ തിരിച്ചു പോന്നു. ഓരോ യാത്രയിലും വലിയ തുക ചിലവഴിക്കേണ്ടി വന്നിരുന്നു. എന്റെ കൂടെയുള്ളവരുടെയും ലേഖയ്ക്കും അവരോടൊപ്പമുള്ളവരുടേതടക്കം വലിയ തുക ചെലവായിരുന്നു. രണ്ടു പേർക്കുമുള്ള ടെസ്റ്റുകൾക്കു തന്നെ ലക്ഷത്തിന് മുകളിൽ വരുമായിരുന്നു. ഒരു ജീവിതം ലഭിക്കുകയല്ലേ എന്നു കരുതി എത്ര തുകയും ചിലവഴിക്കാൻ ഞങ്ങൾ തയ്യാറായി. എന്റെ വീട്ടുകാരും സഹോദരങ്ങളുമെല്ലാമാണ് ഈ ചെലവ് വഹിച്ചത്. അവരെല്ലാം നല്ല സാമ്പത്തിക നിലയുള്ളവരായിരുന്നു.

വൃക്കമാറ്റാനായി ഓരോ ആശുപത്രികളിൽ പോകുന്നതിനിടയിലും ഞാൻ സ്ഥിരമായി കാണിച്ചിരുന്ന എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രയിൽ ഡോക്ടറെ കാണുമായിരുന്നു. ഈ ആശുപത്രിയിൽ നിന്നു തന്നെ കിഡ്‌നി മാറ്റിവെയ്ക്കാനുള്ള സാഹചര്യം ഒത്തുവന്നു. അതിനായി ലേഖയുടെ ഭർത്താവിന്റെ ഒപ്പ് വേണമായിരുന്നു. അദ്ദേഹത്തിനെ മഹേഷും ലേഖയും സമ്മതിപ്പിച്ച ശേഷം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചു നടത്താനുള്ള ഒരുക്കങ്ങൾ നടത്തി. രണ്ടു പേരുടെയും മെഡിക്കൽ ടെസ്റ്റകളെല്ലാം നടത്തിയപ്പോൾ ഓകെ ആയിരുന്നു. അപ്പോഴേക്കും എന്റെ സ്ഥിതി വഷളായിക്കൊണ്ടിരുന്നു. ടെസ്റ്റുകളെല്ലാം റെഡിയാണെങ്കിലും ഒരുപാട് പേപ്പറുകൾ വിവധ അഥോറിറ്റികളിൽ നിന്നും കരസ്ഥമാക്കേണ്ടതുണ്ടായിരുന്നു. വൃക്ക കൊടുക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും വില്ലേജ് ഓഫീസ്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പലതവണ കയറി ഇറങ്ങിയാണെങ്കിലും പേപ്പറുകളെല്ലാം ഞാൻ റെഡിയാക്കിയിരുന്നു. ലേഖയുടെ അമ്മയും കുടുംബവുമെല്ലാം ഇതിനു സഹകരിച്ചു. ഇതിനായി അവിടെ പോവുമ്പോഴൊക്കെ ലേഖയും ഭർത്താവും മഹേഷും(സാജൻ) താമസിച്ചിരുന്ന വീട്ടിലേക്ക് പോയിരുന്നു. എല്ലാ പേപ്പറുകളും ശരിയാക്കിയ ശേഷമാണ് ആശുപത്രിയിൽ സമർപ്പിക്കേണ്ടത്.

 പിന്നീട് വൃക്ക മാറ്റുന്നതിനു മുമ്പായി എന്നെയും ലേഖയെയും അവരുടെ ഭർത്താവായ ജയൻ നമ്പൂതിരിയെയും ഡോക്ടർമാർ കൗൺസിലിംങിന് വിധേയമാക്കി. ഇതെല്ലാം എത്തിയപ്പോഴേക്കും 2011 അവസാനമായിരുന്നു. 2012ൽ ആശുപത്രിയിൽ വച്ചുള്ള ടെസ്റ്റുകളെല്ലാം തുടങ്ങി നവംബർ മാസം 15ാം തിയ്യതി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നു. അപ്പോഴേക്കും ഞങ്ങൾ ഇരു വീട്ടുകാരും പരസ്പരം അടുത്തിരുന്നു. രണ്ടു പേരും കുറച്ച് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. എല്ലാം കഴിഞ്ഞപ്പോഴേക്കും അവരുടെ ചെലവും വൃക്ക മാറ്റി വെക്കുന്നതിനടക്കം വന്നത് ഏഴ് ലക്ഷത്തിൽ അധികം രൂപയാണ്. അപ്പോഴൊക്കെ എന്റെ ജീവിതമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. ലേഖക്കു സഹായമായി നൽകിയ തുക ഒരിക്കലും അവരുടെ നല്ലമനസിന് പകരം വെക്കാൻ പറ്റാത്തതായിരുന്നു. ഇതിനു ശേഷം ഞങ്ങൾ നല്ല ബന്ധമായിരുന്നു തുടർന്നത്. ഇവിടന്ന് പിരിഞ്ഞതിനു ശേഷവും ആബന്ധം ഞങ്ങൾ നിലനിർത്തിയിരുന്നു. ഒരു വർഷത്തിനു ശേഷം ഞാനും അവരുടെ ഫാമിലിയുമെല്ലാം ഒന്നിച്ച് മീറ്റ് ചെയ്യുകയും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചുമാണ് പിരിഞ്ഞത്.

പക്ഷെ, പിന്നീട് 2014 ആയപ്പോൾ എന്നെ വളരെ അധികം തെറ്റിദ്ധരിക്കുന്ന രൂപത്തിലായിരുന്നു ചില പത്രങ്ങളിൽ വാർത്തകൾ വന്നത്. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. മുസ്ലിം യുവാവിന് നമ്പൂതിരി സ്ത്രീ വൃക്ക ദാനം ചെയ്‌തെന്നായിരുന്നു ആ വാർത്ത. മാതൃഭൂമിയുടെ ലേഖകൻ വരുന്നത് എന്നെ ലേഖ വിളിച്ച് അറിയിച്ചിരുന്നു. അപ്പോഴൊന്നും എന്റെ അസുഖം കൂടുതൽ പേർ അറിഞ്ഞിരുന്നില്ല, അതുകൊണ്ട് ഞാൻ വാർത്ത കൊടുക്കരുതെന്ന് അവരോടു കെഞ്ചിപ്പറഞ്ഞു. പക്ഷെ അവർ അത് കേട്ടില്ല, പാലക്കാട് ഒഴികെയുള്ള ജില്ലയിൽ അടുത്ത ദിവസം വാർത്ത വന്നു. അതിന്റെ അടുത്ത ദിവസം പാലക്കാടും വാർത്ത വന്നു. ലേഖ നമ്പൂതിരി പ്രതിഫലം ഒന്നും ഇല്ലാതെയാണ് വൃക്ക നൽകിയത് എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. മത സൗഹാർദവുമായി ബന്ധപ്പെട്ട വാർത്ത അല്ലേ എന്ന് കരുതി ഞാൻ ഇതിനെതിരെ പ്രതികരിക്കാൻ പോയില്ല. പിന്നീടായിരുന്നു ഹരിപ്പാടുള്ള മധു എന്ന അദ്ധ്യാപകൻ വരുമെന്ന് ലേഖ വിളിച്ചു പറയുന്നത്. അങ്ങിനെ ഹോസ്പിറ്റലിൽ ചെക്കപ്പിനു പോയ ദിവസം മധു കാണാനായി എത്തിയിരുന്നു. അദ്ദേഹം വന്നത് പത്രത്തിൽ കൊടുക്കാനാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ കരുതിയത് ഡയാലിസിസുമായി ബന്ധപ്പെട്ട് കുട്ടികൾക്കു പറഞ്ഞു കൊടുക്കാൻ വന്നതായിരിക്കും ഈ അദ്ധ്യാപകനെന്നാണ്. പക്ഷ, പിന്നീട് കണ്ടത് 2014 ജൂൺ ഒന്നിന് മാദ്ധ്യമത്തിന്റെ ഞായർ പേജിൽ ഇത് വാർത്തയായി വന്നത്. ആരോരും നോക്കാനില്ലാത്ത അവസ്ഥയിലുള്ള യുവാവിന് ലേഖ നമ്പൂതിരി വൃക്ക ഫ്രീയായി നൽകുകയായിരുന്നെന്നും ഇതിന്റെ പേപ്പർ വർക്കുകൾ ചെയ്യാനായി ലേഖയുടെ വള വിറ്റ വകയിലുള്ള നാലായിരം രൂപ ചിലവഴിച്ചാണെന്നുമായിരുന്നു മാദ്ധ്യമത്തിൽ വന്നത്.

ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ലേഖയെ വിളിച്ചപ്പോൾ അത് മധു സാർ എഴുതിയതാണെന്നും ലേഖ അങ്ങിനെ പറഞ്ഞില്ലെന്നുമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മഹേഷ് (സാജൻ) എന്നെ വിളിച്ച് ഒരുപാട് തെറി പറയുകയും ഇനി ലേഖക്ക് വിളിക്കരുതെന്നും പറഞ്ഞു. വിഷയം ചോദിച്ച് എഴുതിയ മധുവിനെയും വിളിച്ചു അപ്പോൾ എന്റെ തന്തക്ക് വിളിച്ച് എന്നെ തെറി വിളിച്ചു. ഞാൻ അങ്ങോട്ടും ചൂടായിരുന്നു. കാരണം എന്നെ അതു വരെ 60 ലക്ഷത്തോളം രൂപ ചിലവഴിച്ച് വീട്ടുകാർ ചികിത്സിച്ചിട്ടും അയാൾ എഴുതിയത് ആരും നോക്കാനില്ലാത്ത അവസ്ഥയിൽ എന്നായിരുന്നു. ഇത് എന്റെ വീട്ടുകാർക്കും വിഷമമുണ്ടാക്കി. ഞാൻ ഇന്നെ വരെ ലേഖയുമായി മുഖം കറുപ്പിച്ച് സംസാരിക്കുക പോലും ചെയ്തിരുന്നില്ല. ലേഖയെ കൊണ്ട് ഇവരാണ് ഇതെല്ലാം ചെയ്യിക്കുന്നത്. ഇതിനു ശേഷം ജന്മഭൂമിയിൽ വന്നത് ഹിന്ദു സ്ത്രീയുടെ കിഡ്‌നിയായതു കൊണ്ട് ഞാൻ വേണ്ടെന്നു പറഞ്ഞെന്നും ലേഖയെ അപമാനിച്ചെന്നുമായിരുന്നു. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ലേഖ ഇത് ചെയ്യില്ല, മഹേഷ് എന്ന് എന്നെ തെറ്റിദ്ധരിപ്പിച്ച സാജനും മധുവും ചേർന്നാണ് ഇത് ഒരുക്കിയത് എന്നാണ്. ഇവർ ഇത് കച്ചവടമാക്കിമാറ്റുകയായിരുന്നു. ഞാൻ ഒരുപാട് ദിരിതം അനുഭവിച്ച ശേഷം എനിക്ക് ജീവൻ തിരിച്ചു നൽകിയത് ലേഖയിലൂടെയാണ് അത് എനിക്ക് ഒരിക്കലും പറഞ്ഞാൽ തീരുന്നതല്ല കടപ്പാട്.

പിന്നീട് പലപ്പോഴും ഞങ്ങൾ ബന്ധപ്പെടാറുണ്ടെങ്കിലും ഇനി വിളിക്കരുതെന്ന് പറഞ്ഞ് മഹേഷ് (സാജൻ ) എന്നെ ഭീഷണിപ്പെടുത്തി. പക്ഷെ ഞാനുമായി നല്ല ബന്ധമാണ് ഇതേ വരെ ലേഖയും കാത്തു സൂക്ഷിച്ചിട്ടുള്ളത്. വാട്‌സ് ആപ്പിലൂടെയും ഞങ്ങൾ സൗഹൃദം നിലനിർത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസം മാത്രമെ ആയിരുന്നുള്ള ലേഖയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങൾ നിലച്ചിട്ട്. പിന്നീട് അസുഖബാധിതയായെന്ന പത്രവാർത്ത അറിഞ്ഞ ശേഷമായിരുന്നു ഞാൻ ലേഖയെ വിളിച്ചത്. ഇതറിഞ്ഞതിനു ശേഷം 1996ലെ എന്റെ സ്‌കൂൾ ബാച്ചിലെ കൂട്ടുകാർ ഒരുമിച്ച് എന്തെങ്കിലും സഹായം ലേഖക്ക് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു.അപ്പോഴേക്കും പലരും സഹായം ഏറ്റെടുത്ത് ചികിത്സക്കുള്ള നടപടി തുടങ്ങി. ലേഖയുടെ അസുഖം എത്രയുംപെട്ടെന്ന് ഭേദമാവണേ എന്നാണ് എന്റെ പ്രാർത്ഥന. ലേഖക്കു വേണ്ടി എന്നും എന്റെ പ്രാർത്ഥനയുണ്ട്. എന്നെ ഒരു വർഗീയ വാദിയായി ചിത്രീകരിച്ചു കൊണ്ടുള്ള വാർത്തകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. എന്റെ മതേതരത്വം എങ്ങിനെ ഞാൻ അളന്നു കാണിക്കും.

പക്ഷെ, കഴിഞ്ഞ ദിവസങ്ങളിലും ജന്മഭൂമി, മാതൃഭൂമി പത്രങ്ങളിൽ വന്നത് വൃക്ക സ്വീകരിച്ച യുവാവ് ലേഖയെ തള്ളി പറഞ്ഞെന്നും അന്യ മതസ്ഥയായ സ്ത്രീയിൽ നിന്നും വൃക്ക സ്വീകരിച്ചതിനാൽ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും എനിക്ക് അവമതിപ്പുണ്ടായെന്നുമായിരുന്നു എഴുതിപ്പിടിപ്പിച്ചത്. ഇതിനെതിരെ ഞാൻ നിയമ നടപടി സ്വീകരിക്കുകയാണ്. ഇനി വൃക്ക തകരാറിലായ ഒരു രോഗിക്കും മതം ഒരു തടസമാവരുതേ എന്നാണ് എന്റെ ആഗ്രഹം. വർഗീയമായി ഇതിനെ ചിത്രീകരിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നുമാണ് എന്റെ അപേക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP