Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ദയവായി മദ്യപാനി ആക്കരുത്; കൊലപാതക കഥയും ഗൂഢാലോചന; വ്യാജ സുഹൃത്തുക്കളെ തിരിച്ചറിയുക; കോഴിക്കോട് നിന്നും നിലമ്പൂരിലേക്കുള്ള യാത്രയിൽ ഡോ. ഷാനവാസിന് സംഭവിച്ചതെന്ത്? ഉറ്റ സുഹൃത്ത് അനീഷ് മറുനാടനോട്

ദയവായി മദ്യപാനി ആക്കരുത്; കൊലപാതക കഥയും ഗൂഢാലോചന; വ്യാജ സുഹൃത്തുക്കളെ തിരിച്ചറിയുക; കോഴിക്കോട് നിന്നും നിലമ്പൂരിലേക്കുള്ള യാത്രയിൽ ഡോ. ഷാനവാസിന് സംഭവിച്ചതെന്ത്? ഉറ്റ സുഹൃത്ത് അനീഷ് മറുനാടനോട്

എം പി റാഫി

കോഴിക്കോട്: നിലമ്പൂരിലെ പാവങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഡോക്ടർ വിടവാങ്ങിയതിന്റെ തേങ്ങൽ ഇനിയും വിട്ടുമാറിയിട്ടില്ല. സർക്കാർ അധികാരികൾ നിരന്തരമായി സ്ഥലംമാറ്റി പീഡിപ്പിച്ചിരുന്നതിൽ അതീവ ദുഃഖിതനായിരുന്ന ഷാനവാസ് എല്ലാം മറക്കാനായി സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടേക്ക് യാത്ര പോയി തിരിച്ചുവരുന്ന വേളയിലാണ് മരണപ്പെട്ടത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ മരണത്തിന്റെ വേദന വിട്ടുമാറും മുമ്പ് ഇതേചൊല്ലിയുള്ള വിവാദങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉയർന്നുകഴിഞ്ഞു.

ചിലർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ ഉയർത്തി ഷാനവാസിന്റേതുകൊലപാതകമാണെന്ന വിധത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുക പോലും ചെയ്തു. മകനെ നഷ്ടമായ ഉമ്മയെയും ബാപ്പയെയും ഈ വാർത്തകൾ കൂടുതൽ നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു. ഇതിനിടെയാണ് ഷാനവാസ് തുടങ്ങിവച്ച സേവന പ്രവർത്തനങ്ങൾ മറയാക്കി ധനസമ്പാദനം ലക്ഷ്യമിട്ട് ചിലർ രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ കോഴിക്കോട്ട് നിന്നും നിലമ്പൂരിലേക്കുള്ള ആ യാത്രയിൽ എന്താണ് സംഭവിച്ചതെന്ന് മറുനാടൻ മലയാളിയോട് വിശദീകരിക്കുകയാണ് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അനീഷ്.

ഷാനവാസിന്റെ മരണത്തിൽ അനാവശ്യ ചർച്ചകൾ അരുതെന്ന് അനീഷ് വ്യക്തമാക്കി. ചിലർ പുറത്തുവിട്ട വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് ഷാനവാസ് മരണപ്പെട്ടത്. ഇക്കാര്യമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. അല്ലാതെ ഈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അനീഷ് പറയുന്നു. ഷാനവാസ് തുടങ്ങിവച്ച സേവനപ്രവർത്തനങ്ങളെ മുതലെടുത്ത് ചിലർ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത് സുഹൃത്ത് ചമഞ്ഞെത്തിയവരുടെ ഉദ്ദേശം വേറെയാണെന്നും അനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഷാനവാസിന്റെ മരണത്തെ കുറിച്ചും അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ അനീഷ് പറഞ്ഞത് ഇങ്ങനെ:

ഷാനവാസിന്റെ മരണത്തെ കുറിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്മേൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ തികച്ചും വേദനിപ്പിക്കുന്നതാണ്. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറും മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനും ഞങ്ങളോട് പറഞ്ഞിട്ടുള്ളത് ഛർദ്ദിച്ച സമയത്ത് ഭക്ഷണാവശിഷ്ടം മൂക്കിലൂടെ ശ്വാസകോശത്തിൽ പ്രവേശിച്ചതു മൂലമാണ് മരണം സംഭവിച്ചതെന്നാണ്. കൂടുതൽ യാത്ര ചെയ്യുന്ന സമയത്ത് ഷാനവാസ് സാധാരണ ഛർദ്ദിക്കുന്നത് പതിവായിരുന്നു. അതുപോലെ അന്നും ഞങ്ങൾ കോഴിക്കോട്ട് നിന്നും വരുന്ന വഴി അവൻ കാറിന്റെ പിൻസീറ്റിലിരുന്ന് ഛർദ്ദിച്ചിരുന്നു. പൊതുവെ അവന്റെ ശരീരം വീക്കായിരുന്നു. ചാരിറ്റി പ്രവർത്തനവുമായി ഇറങ്ങിയപ്പോൾ അവന് നേരിടേണ്ടി വന്ന എതിർപ്പുകളും വിമർശനങ്ങളുമാണ് അവനെ തളർത്തിയതും ശാരീരികമായി അസ്വസ്ഥതയിലാക്കിയതും. 

അന്ന് കോഴിക്കോട് പോയത് പ്രധാനമായും ചാരിറ്റിയുമായി ബന്ധപ്പെട്ട ചില ആളുകളെ കാണുന്നതിനും അക്കൗണ്ട് ഓപ്പൺ ചെയ്യുന്ന കാര്യങ്ങൾക്കൊക്കെയായിരുന്നു. പ്രധാന ഉദ്ദേശം ഞങ്ങളുടെ കൂട്ടത്തിലുള്ള സുഹൃത്തിന് വാച്ച് വാങ്ങുന്നതിനും ഷോപ്പിങ് നടത്തുന്നതുമായിരുന്നു. തിരികെ വരുന്ന വഴി കാറിലിരുന്ന് ഛർദ്ദിച്ചതിനുശേഷം അവൻ ഉറങ്ങുകയായിരിക്കും എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. രാത്രി ഞങ്ങൾ അവന്റെ വീടിനു മുൻപിൽ എത്തിയപ്പോഴാണ് അവനെ വിളിക്കുന്നത്. പക്ഷേ ആ സമയത്ത് അവൻ ഉണരാതിരുന്നപ്പോൾ ഞങ്ങൾക്കും പേടിതോന്നിയിരുന്നു. പക്ഷേ അപ്പോഴും മരിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല.

ആ സമയം അവന്റെ വീട്ടിൽ ഷാനവാസിന്റെ പിതാവും ഇല്ലായിരുന്നു. അദ്ദേഹം പള്ളിയിലായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ അവിടുന്ന് കാർ തിരിച്ച് മമ്പാട് എന്റെ വീട്ടിലേക്ക് വന്നു. കാറിലിരുന്ന് ഛർദ്ദിച്ചതിനൽ അവന്റെ വസ്ത്രമെല്ലാം ആകെ മുഷിഞ്ഞിരുന്നു. ഉടനെ ഡ്രസ്സ് മാറ്റിയിട്ട് ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്നും എടവണ്ണ രാജഗിരി ആശുപത്രിയാണ് എളുപ്പത്തിൽ എത്താൻ സാധിക്കുക. അങ്ങനെയാണ് അവിടെ പോകുന്നത്. അവിടുന്ന് ഡോക്ടർ പറഞ്ഞിരുന്നത് മരിച്ചിട്ട് കുറച്ച് സമയമായിട്ടുണ്ട്, ഷാനവാസിന്റെ ബോഡി വളരെ വീക്കാണ്. ബിപി കുറഞ്ഞതുകൊണ്ടാകാം മരണം സംഭവിച്ചതെന്നാണ്.

ഇതിനുശേഷം ഉപ്പയെ വിവരമറിയിച്ചതിനെത്തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി. അദ്ദേഹം പോയത്, പോയി എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ നിർബന്ധത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന് ബോഡി കോഴിക്കോട്ടേക്ക് മാറ്റിയത്. ഞങ്ങൾക്ക് ഭാവിയിൽ പ്രശ്‌നമുണ്ടാകരുതെന്ന് കരുതിയാണ് പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടം ചെയ്തിട്ടുപോലും ഇങ്ങനെയാണെങ്കിൽ ചെയ്യാതിരുന്നാലുള്ള അവസ്ഥ എന്തായിരുന്നിരിക്കും. അങ്ങനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ബോഡി പോസ്റ്റ്‌മോർട്ടം ചെയ്ത് വൈകിട്ടോടെ വീട്ടിലെത്തിയത്. ആ സമയത്ത് ബോഡി ഏറ്റുവാങ്ങാൻ പോയവരോട് ഡോക്ടർ പറഞ്ഞതും ഛർദ്ദിച്ചപ്പോൾ മൂക്കിലൂടെ ശ്വാസകോശത്തിലേക്ക് ഭക്ഷണാവശിഷ്ടം പോയെന്നു തന്നെയിരുന്നു

 

ഇങ്ങനെയാണ് സംഭവം നടന്നിട്ടുള്ളത് ബാക്കിയുള്ളതൊന്നും ശരിയല്ല, എനിക്കറിയുകയുമില്ല. പേഴ്‌സ് കൊണ്ടുപോയെന്ന് പറയുന്നതൊന്നും ശരിയല്ല. അവന്റെ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായി ഉപ്പ പറഞ്ഞിട്ടുണ്ട്. പിന്നെ കൈയിൽ കുത്തിവച്ച അടയാളമുണ്ടെന്ന് ഞാൻ
ഇന്നലെയാണ് അറിയുന്നത്. അത് അവിടുന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. മരിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് വയറുവേദന ഉണ്ടായപ്പോൾ നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിൽ നിന്നും ഇഞ്ചക്ഷൻ വച്ചിരുന്നുവെന്ന് അവൻ പറഞ്ഞിരുന്നു. ഫുഡ് പോയിസൺ ഉണ്ടായതുകൊണ്ടായിരുന്നു അന്ന് ഇഞ്ചക്ഷൻ എടുത്തിരുന്നെന്നാണ് അവൻ ഞങ്ങളോട് പറഞ്ഞിരുന്നത്. മരണകാരണം ഇതൊന്നുമല്ല നേരത്തേ ഡോക്ടർ പറഞ്ഞതായിരുന്നു കാരണം.

ഷാനവാസിന്റെ മരണത്തിനുശേഷമുള്ള ഈ കുത്തിനോവിക്കൽ ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനിയുള്ള കാലം ഷാനവാസ് തുടങ്ങിവച്ച കാര്യങ്ങൾ വളരെ സുതാര്യമായും സത്യസന്ധമായും മുന്നോട്ട് കോണ്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം. മരണത്തിന് മുമ്പ് ഷാനവാസ് തന്നെ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളതാണ് 'ആത്മ' എന്ന പേരിലുള്ള ട്രസ്റ്റ്. അതിൽ ആരൊക്കെ അംഗങ്ങളാകണമെന്നും എങ്ങിനെ വേണമെന്നൊക്കെ അവൻ തന്നെ വ്യക്തമായി ഞങ്ങളോട് പറഞ്ഞിട്ടുള്ളതും എഴുതി തയ്യാറാക്കിയതുമാണ്. ഷാനവാസ് അഡൈ്വസറായിട്ടും എന്നെ ട്രസ്റ്റിയാക്കിയുമാണ് രജിസ്റ്റർ ചെയ്തിരുന്നത്.

ഇപ്പോൾ ഷാനവാസിന്റെ സ്ഥാനത്ത് പിതാവിനെ കൊണ്ട് വന്ന് എട്ട് അംഗങ്ങൾ സ്ഥിരം ട്രസ്റ്റ് അംഗങ്ങളായും 12 പേർ പുറത്ത് നിന്നും പിന്തുണയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉപദേശക സമിതിയുൾപ്പെടെ 20 പേരെയാണ് ഞങ്ങൾ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 18 പേരെയാണ് ഞാൻ പബ്ലിഷ് ചെയ്തത്. രണ്ടുപേരെ വിട്ടുപോയതാണ്. അഫീർ, ഷബീറുൽ ഉലൂം എന്നയാളുമാണ് മറ്റു രണ്ടുപേർ. ഈ ആളുകളല്ലാതെ മറ്റാരേയും ഇതിന്റെ ചുമതല ഏൽപ്പിക്കുകയോ ഉത്തരവാദിത്വപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഈ 20 പേരിൽ 8 പേർക്ക് മാത്രമേ നിയമപരമായി അംഗത്വമുള്ളൂ. ബാക്കിയുള്ളവരെ ഷാനവാസിന് താൽപര്യമുള്ളവരെ ഞങ്ങൾ പുറത്തുനിന്നും ഉൾപ്പെടുത്തിയിട്ടുള്ളതാണ്.

ഷാനവാസ് മരിക്കുന്നത് വരെയും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ മറ്റു കൈകടത്തലിനോ ഇടപെടലിനോ ആരെയും അനുവദിച്ചിട്ടില്ല. പിന്നെ മരണശേഷം ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ പറയണ്ടല്ലോ. ഞാൻ ഈ അംഗങ്ങളുടെ പേര് പുറത്ത് വിട്ടത് ഷാനവാസിന്റെ മരണം ദുരുപയോഗം ചെയ്യുന്നവർക്കുള്ള മറുപടിയായാണ്. ഈ ആളുകൾ നല്ലത് ചെയ്താൽ ഞങ്ങൾ സപ്പോർട്ട് ചെയ്യും അതല്ലാതെ ഇത് ദുരുപയോഗം ചെയ്യുകയാണെങ്കിൽ ഞങ്ങളുടെ കടമ എന്നുള്ള നിലയിൽ ട്രസ്റ്റി എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ഇവരെ പരസ്യമായി എതിർക്കേണ്ടി വരും. ഞങ്ങൾ ഷാനവാസിനുവേണ്ടി അവതരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഞങ്ങൾക്ക് പണമായി ഇതുവരെ സഹായം ലഭിച്ചിരുന്നത് ലക്ഷങ്ങളോ കോടികളോ ആയിരുന്നില്ല. ആയിരങ്ങൾ ഒരുക്കൂട്ടിയാണ് ഞങ്ങൾ പ്രവർത്തിക്കാൻ പാട് പെട്ടിരുന്നത്.

ഷാനവാസ് മരിക്കുമ്പോൾ അവന്റെ ഉമ്മ വിദേശത്ത് പോകുമ്പോൾ പെങ്ങൾക്ക് ആവശ്യമായ മെഡിസിൻസ് വാങ്ങിയതിന്റെ പതിനായിരം രൂപയും, വേറൊരു കുടുംബത്തിന് നൽകാൻ വേണ്ടി 1500 രൂപയുടെ മരുന്നുകളും വാങ്ങിയതിന്റെ 11500 രൂപ രണ്ട് മെഡിക്കൽ ഷോപ്പുകളിൽ നൽകാനുണ്ട് ഇതു മാത്രമായിരുന്നു കടമായി ഉണ്ടായിരുന്നത്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ബാക്കിയുള്ള തുക ഒരു കിണർ കുത്താനും ഒരു കുടുംബത്തിന് നൽകാനുമുള്ള തുക ബാക്കിയുണ്ടായിരുന്നു. നിങ്ങൾക്കറിയുന്നപോലെ ഇടപാട് വിഷയത്തിൽ ഷാനവാസ് ഒരു തുറന്ന പുസ്തകമായിരുന്നു. അതുപോലെ തന്നെയായിരുക്കും ഞങ്ങളുടെ പ്രവർത്തനവും. ഇതിൽ യാതൊരു മറയും ഉണ്ടാവില്ല, സുതാര്യമായിരിക്കും.

ചാരിറ്റി പ്രവർത്തനത്തിനുവേണ്ടി ഇപ്പോൾ ഉപയോഗിക്കുന്നത് ആലുവ സ്വദേശിയായ സുനിലയുടെ അക്കൗണ്ടാണ്. അവർ ഞങ്ങളുടെ അഡൈ്വസിങ് ബോർഡ് അംഗമാണ്. പിന്നെ ഷാനവാസിന് പോസ്റ്റ് ചെയ്യാൻ വേണ്ടത് എഴുതി തയ്യാറാക്കുന്നതും മറ്റുമൊക്കെ സുനിലയാണ്. സുനില മറ്റ് അംഗങ്ങളെ പോലെ തന്നെ ഷാനവാസിന് വിശ്വാസമുള്ള വ്യക്തിയാണ്. ഈ ട്രസ്റ്റിലുള്ള അംഗങ്ങളൊന്നും ഷാനവാസിന്റെ കുടുംബാംഗങ്ങളായിരുന്നില്ല. ഓൺലൈനിലൂടെ പരിചയപ്പെട്ട വിശ്വസ്തരായവരാണുള്ളത്. ചാരിറ്റിക്ക് വേണ്ടി ഞങ്ങൾ ആദ്യം ഉപയോഗിച്ചിരുന്നത് അഫീറിന്റെ അക്കൗണ്ടായിരുന്നു. പിന്നീട് ആരിഫിന്റെയും ഷാനവാസിന്റെ ഉമ്മയുടെ അക്കൗണ്ടും ഉപയോഗിച്ചു. ഇപ്പോൾ ആറ് മാസക്കാലമായി സുനിലയുടെ അക്കൗണ്ട് ഉപയോഗിക്കുന്നു. ഇനി രണ്ട് ദിവസത്തിനകം ട്രസ്റ്റിന്റെ പേരിലുള്ള ഔദ്യോഗിക അക്കൗണ്ട് നിലവിൽ വരും. പിന്നീട് ഈ അക്കൗണ്ട് മാത്രമായിരിക്കും ചാരിറ്റിക്കുവേണ്ടി ഉപയോഗിക്കുക.

ഞങ്ങളുമായി സഹകരിക്കുന്ന എല്ലാവരുടെയും സഹായം സ്വീകരിക്കും. പിന്നെ കള്ളപ്പണമോ മറ്റു നിയമ വിരുദ്ധമായ രീതിയിലുള്ള പണമോ സ്വീകരിക്കാറില്ല. ഈ പണം കൈപ്പറ്റി അർഹരിലേക്ക് എത്തിക്കുന്നത് ദൈവത്തിൽ നിന്നുള്ള പ്രതിഫലം കണ്ടിട്ടാണ്. അതുകൊണ്ട് പണത്തിന്റെ കാര്യത്തിൽ സ്രോതസ്സ് വ്യക്തമായിരിക്കണം. എനിക്ക് ജനങ്ങളോട് ഒന്നേ പറയാനുള്ളൂ. ഇനിയും അവനെക്കുറിച്ച് മോശമായ തരത്തിലുള്ള പ്രചരണം നടത്തി കുടുംബത്തേയും ഞങ്ങളേയും വേദനിപ്പിക്കരുത്. ലഹരിക്കും മയക്കുമരുന്നിനും അടിമയാണെന്നുള്ള തരത്തിലുള്ള പ്രചരണം അവന്റെ മാതാപിതാക്കളെ വേദനിപ്പിക്കുന്നുണ്ട്. നിയമപരമായുള്ള സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഈ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താവുന്നതാണ്. അത് ചെയ്യാതെ വായിൽ തോന്നിയത് വിളിച്ചു പറയുമ്പോൾ അത് അവനോടു ചെയ്യുന്ന ഏറ്റവും വലിയ ചതിയായി മാറും. ഈ കുരയ്ക്കുന്ന ആളുകൾ രണ്ട് ദിവസം കഴിഞ്ഞാൽ മറ്റൊരു വിഷയവുമായി പോകും. ഒന്നുകൂടെ അടിവരയിട്ട് പറയുന്നു ഒരാളെയും ഞങ്ങളോ ഷാനവാസോ ട്രസ്റ്റിന്റെയോ പ്രവർത്തനങ്ങളുടെയോ കാര്യങ്ങൾ ഏൽപ്പിച്ചിട്ടില്ല. എന്റെ ഫേസ്‌ബുക്കിൽ ഈ പേരുകൾ ഇട്ടിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP