Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല; വലിയ ചതിയാ ഞങ്ങളോട് കാട്ടിയത്; ചാരിറ്റിക്കായി സംഘടിപ്പിച്ച 'ഹൃദയപൂർവം ദോഹ മെഗാ ഷോ'യിൽ ഉറപ്പായും വരുമെന്ന് പറഞ്ഞപ്പോൾ പോസ്റ്റർ അടിച്ചും ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും ഞങ്ങൾ കാത്തിരുന്നു; എല്ലാം റെഡിയായപ്പോൾ പോയി പണി നോക്കാനെന്ന് ഷെയിൻ നിഗം; പരിപാടി ഓർഗനൈസ് ചെയ്ത ഞങ്ങളെ തട്ടിപ്പുകാരാക്കി ഇൻസ്റ്റയിൽ താരം പോസ്റ്റുമിട്ടു; ഷെയ്‌നെ വച്ച് ഷോ നടത്താൻ പണിയെടുത്ത ദോഹയിലെ മലയാളി സംഘടന ഇൻകാസ് പറയുന്നു കൊടുംചതിയുടെ കഥ

കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല; വലിയ ചതിയാ ഞങ്ങളോട് കാട്ടിയത്; ചാരിറ്റിക്കായി സംഘടിപ്പിച്ച 'ഹൃദയപൂർവം ദോഹ മെഗാ ഷോ'യിൽ ഉറപ്പായും വരുമെന്ന് പറഞ്ഞപ്പോൾ പോസ്റ്റർ അടിച്ചും ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും ഞങ്ങൾ കാത്തിരുന്നു; എല്ലാം റെഡിയായപ്പോൾ പോയി പണി നോക്കാനെന്ന് ഷെയിൻ നിഗം; പരിപാടി ഓർഗനൈസ് ചെയ്ത ഞങ്ങളെ തട്ടിപ്പുകാരാക്കി ഇൻസ്റ്റയിൽ താരം പോസ്റ്റുമിട്ടു; ഷെയ്‌നെ വച്ച് ഷോ നടത്താൻ പണിയെടുത്ത ദോഹയിലെ മലയാളി സംഘടന ഇൻകാസ് പറയുന്നു കൊടുംചതിയുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് പുതുമുഖ നടൻ ഷെയ്ൻ നിഗത്തിന്റെ പോക്ക്. അനുഗ്രഹീത കലാകാരനായ അബിയുടെ പേര് മോശമാക്കുന്ന നടപടികളാണ് ഈ അടുത്ത കാലത്തായി അബിയുടെ മകനായ പുതുമുഖ നടനിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. വെയിലിന്റെ നിർമ്മാതാവ് ജോബിയെ വെള്ളം കുടിപ്പിച്ച നടനാണ് ഷെയ്ൻ നിഗം. നിർമ്മാതാവ് ഭീഷണിപ്പെടുത്തിയെന്ന ഷെയ്‌നിന്റെ പരാതിയും ഷൂട്ടിങ്ങുമായി സഹകരിക്കുന്നില്ലെന്ന നിർമ്മാതാവ് ജോബിയുടെ പരാതിയും ഒരുമിച്ച് വന്നപ്പോൾ നിർമ്മാതാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇത് കഴിഞ്ഞു വീണ്ടും ഇപ്പോൾ വെയിൽ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വീണ്ടും തലപൊക്കിയിരിക്കുകയാണ്.

സെറ്റിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല എന്ന് ഷെയിൻ പറഞ്ഞതായി സംവിധായകനാണ് പരാതിയുമായി വന്നത്. ഇതോടെ ഷെയിൻ നിഗമിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനം എടുത്തിട്ടുമുണ്ട്. ഈ ആരോപണം നിലനിൽക്കുമ്പോൾ തന്നെയാണ് വീണ്ടും ഷെയിനെതിരെ പരാതി ഉയരുന്നത്. മലയാള സിനിമയിൽ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി തുടരുന്ന ഷെയ്ൻ നിഗം ദോഹ മലയാളി അസോസിയേഷൻ ഭാരവാഹികളെയും വെള്ളം കുടിപ്പിച്ച വിവരമാണ് പുറത്ത് വരുന്നത്. ദോഹ മലയാളി അസോസിയേഷനായ ഇൻകാസാണ് ഷെയ്ൻ നിഗം കാരണം പ്രശ്‌നത്തിൽപ്പെട്ടത്.

ഷെയ്ൻ നിഗത്തെ മുഖ്യസ്ഥാനത്ത് നിർത്തി ഇവർ പദ്ധതിയിട്ട മെഗാ ഷോയാണ് താരത്തിന്റെ പിൻവാങ്ങൽ കാരണം പൂർണ്ണ പ്രതിസന്ധിയിൽ അകപ്പെട്ടത്. കവളപ്പാറ പോലുള്ള ദുരന്തങ്ങളിൽ അകപ്പെടുന്നവർക്ക് വീട് വെച്ച് നൽകാൻ ദോഹ മലയാളികൾ ആസൂത്രണം ചെയ്ത ഷോയാണ് ഹൃദയപൂർവം ദോഹ. ഈ മാസം പതിനഞ്ചാം തീയതി ദോഹയിൽ നടത്തിയ മെഗാ ഷോയാണ് ഷെയിൻ നിഗത്തിന്റെ വഞ്ചന കാരണം പ്രതിസന്ധിയിലായത്. വരാമെന്ന് ഉറപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷെയിൻ നിഗത്തെ കേന്ദ്രമാക്കി നടത്തിയ മെഗാ ഷോ പ്ലാൻ ചെയ്തപ്പോൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ച് അവസാന നിമിഷം ഷെയിൻ ഒഴിഞ്ഞുമാറുകയും വലിയ പ്രശ്‌നങ്ങൾ കാരണം ഭാരവാഹികൾക്ക് വന്നു പെടുകയും ചെയ്തു.

കാശൊന്നും വേണ്ട ചാരിറ്റി ഷോ ആയതിനാൽ ഞാൻ വരാം എന്ന് ഉറപ്പ് നൽകിയ ശേഷം ഷെയിൻ മുങ്ങുകയാണ് ചെയ്തത്. ഷെയിൻ പങ്കെടുക്കുന്ന മെഗാ ഷോ എന്ന് പറഞ്ഞു പോസ്റ്റർ ഇറക്കുകയും ഷെയിന് വേണ്ട ഫ്‌ളൈറ്റ് ടിക്കറ്റ് വരെ ശരിയാക്കുകയും ചെയ്ത ശേഷമാണ് ഷെയ്ൻ മുങ്ങിയത്. ഇതൊന്നും അറിയാതെ ഷോയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങൾ ഇവർ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാനം നിമിഷം ഷെയിൻ മുങ്ങി. ഇതോടെ ഷെയിനിനെ വെച്ച് ഷോ നടത്താൻ തീരുമാനിച്ച ഇൻകാസ് വെട്ടിലാവുകയും ചെയ്തു.

മെഗാ ഷോയിൽ ഷെയിന് ഒപ്പം എത്താമെന്ന് ഉറപ്പ് പറഞ്ഞിരുന്ന ഖുശ്‌ബു മകളുടെ അസുഖം കാരണം എത്തില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. അതിനാൽ ഖുശ്‌ബുവിന്റെ അഭാവം സംഘാടകർക്ക് പ്രശ്‌നമായില്ല. എന്നാൽ വരാമെന്ന് പറഞ്ഞു അവസാന നിമിഷം ഒരു കാരണവും ചൂണ്ടിക്കാട്ടാതെ വഞ്ചിച്ച് മുങ്ങിയതാണ് ഇൻകാസിന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. തുടർന്ന് കൈലാസ്, നഗ്മ അടക്കമുള്ള താരങ്ങളെ വച്ചാണ് ഇവർ മേഗാ ഷാ പൂർത്തീകരിച്ചത്. അഞ്ച് വീടെങ്കിലും വെച്ച് നൽകാൻ പദ്ധതിയിട്ടു തുടങ്ങിയ മെഗാഷോ താരത്തിന്റെ പിന്മാറ്റം ഉണ്ടായെങ്കിലും വിജയകരമായി തന്നെ നടത്തി എന്നാണു ഇൻകാ ഭാരവാഹികൾ മറുനാടനോട് പറഞ്ഞത്. അഞ്ച് വീടിനു പകരം പത്ത് വീടെങ്കിലും വെച്ച് നൽകാനുള്ള ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞു.

ഷെയ്ൻ ചെയ്തത് വലിയ ചതി തന്നെയാണ്. ചാരിറ്റിയുമായി ബന്ധപ്പെട്ടു സൗജന്യമായി വരാമെന്ന് പറഞ്ഞു ഞങ്ങളെ പുലിവാല് പിടിപ്പിച്ചു. ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ഞങ്ങളെക്കൊണ്ട് എടുപ്പിച്ചു. അതിനുശേഷം പരിപാടിയുടെ അവസാന നിമിഷം വരാതെ കാലുവാരി. പോസ്റ്ററും ഒരുക്കങ്ങളും വാർത്താ സമ്മേളനങ്ങളും അടക്കം നടത്തി എല്ലാ ഒരുക്കങ്ങളും നടത്തിയ ഞങ്ങളെ ജീവിതത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിൽ അകപ്പെടുത്തി. ഏറ്റവും ഒടുവിൽ ഞങ്ങൾ ഷെയ്‌നെ വെച്ച് രൂപകൽപ്പന ചെയ്ത ഹൃദയപൂർവ്വം ദോഹ പരിപാടിയുടെ പോസ്റ്റർ എടുത്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് ആക്കി അതിനു കീഴെ ഈ പരിപാടിക്ക് ഞാൻ എത്തില്ലെന്നും ഇത് ആദ്യമേ തന്നെ ഭാരവാഹികളെ അറിയിച്ചിരുന്നതായും കുറിപ്പ് എഴുതി ചേർത്തു. എന്നിട്ട് ദോഹയിലെ മലയാളികൾക്ക് മുന്നിൽ ഞങ്ങളെ തട്ടിപ്പുകാരാക്കി മാറ്റി ഇൻകാസ് സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹമ്മദ് മറുനാടനോട് പറഞ്ഞു.

ഷെയ്ൻ മുങ്ങിയതോടെ ഭാരവാഹികൾക്ക് മറ്റു താരങ്ങളെ അവസാന നിമിഷം തപ്പിപ്പിടിക്കേണ്ടി വന്നു. ഷെയ്ൻ പങ്കെടുക്കും എന്ന് ഉറപ്പുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ടു വാർത്താസമ്മേളനം വിളിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ഷെയിൻ വരുമെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ള താരങ്ങളെയും വിളിക്കുകയും ചെയ്തിരുന്നു. ചാരിറ്റി പ്രശ്‌നമായതിനാൽ താൻ പ്രതിഫലം പറ്റാതെ വരാം എന്ന് പറഞ്ഞതിനാൽ ഒരു കരാർ ഷെയിനുമായി ഉണ്ടാക്കിയില്ല. അതിനാൽ മുങ്ങാൻ ഷെയിനിന് എളുപ്പമാകുകയും ചെയ്തു.

ഷെയ്ൻ നിഗത്തിന്റെ ചതിയെക്കുറിച്ച് ഇൻകാസ് പ്രതികരിച്ചത് ഇങ്ങനെ:

സിനിമാ താരങ്ങളെ പങ്കെടുപ്പിച്ചുള്ള കൾച്ചറൽ ഷോയാണ് ഇൻകാസ് ദോഹയിൽ പ്ലാൻ ചെയ്തത്. ഹൃദയപൂർവം ദോഹ എന്ന കൾച്ചറൽ ഷോയാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കവളപ്പാറ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിൽ വീട് നഷ്ടമായവർക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതിയുമായാണ് ദോഹയിൽ മെഗാ ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. നവംബർ ഒന്നിന് സംഘടിപ്പിച്ച പരിപാടി പിന്നീട് നവംബർ 15ലേക്ക് മാറ്റുകയായിരുന്നു. കൾച്ചറൽ ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ നാട്ടിലുള്ള സുഹൃത്താണ് ഇൻകായുടെ ഭാരവാഹികളോട് നമുക്ക് ഷെയിൻ നിഗത്തെ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞത്. ഇത് പ്രകാരം ഷെയിൻ നിഗവുമായി ബന്ധപ്പെടുകയായിരുന്നു. ചാരിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടിയായതിനാൽ ഉറപ്പായും പങ്കെടുക്കാം എന്നാണ് ഷെയിൻ ഉറപ്പ് നൽകിയത്. ഖുശ്‌ബുവും പരിപാടിയിൽ എത്താം എന്ന് ഉറപ്പ് നൽകി. ഇതോടെ ഖുശ്‌ബു ഷെയിൻ-നിഗം എന്ന പേരിൽ ഇവർ പോസ്റ്റർ ഇറക്കി. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

ഈ ഘട്ടത്തിലാണ് നിർമ്മാതാവ് ജോബിയുമായി ഷെയിൻ നിഗം പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനായിരുന്നു ഷെയിൻ. മറ്റൊരു ചിത്രത്തിനായി ഷെയിൻ തലമുടിയിൽ വരുത്തിയ മാറ്റത്തെത്തുടർന്നു നിർമ്മാതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഷെയിനിന്റെ പരാതി. ഇതോടെ പരസ്യമായുള്ള ഏറ്റുമുട്ടലും ഷെയിൻ നിഗവും ജോബിയും തമ്മിൽ നടന്നു. ഇതോടെ ഷെയിനെ ഫോണിൽ ലഭിക്കാതായി. ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതികരണങ്ങളും ലഭ്യമായില്ല. ഇതോടെ പ്രശ്‌നത്തിലായി. ഷെയിൻ വരുന്ന കാര്യം അനിശ്ചിതത്വത്തിൽ ആകുകയും ചെയ്തു. ഇതൊന്നു ശാന്തമായപ്പോൾ പാസ്‌പോർട്ട് കോപ്പി ഷെയിൻ കൈമാറി. ഇതോടെ ഷെയിന് വരുന്ന കാര്യത്തിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. പരിപാടിക്ക് സ്‌പോൺസർമാരും വന്നു. ഈ ഘട്ടത്തിലാണ് താരം കാലുമാറിയത്.

പാസ്‌പോർട്ട് കോപ്പി നൽകിയ താരം പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ നൽകിയില്ല. ജോബിയുമായുള്ള പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ വീഡിയോ തരാൻ കഴിയില്ലാ എന്നാണ് താരം മറുപടി നൽകിയത്. പതിനാറിന് ഷൂട്ടിങ് ഉള്ളതിനാൽ 15 നു വരാൻ കഴിയില്ല എന്നാണ് മറുപടി നൽകിയത്. അന്ന് തന്നെ ഫ്‌ളൈറ്റ് ടിക്കറ്റ് തരാം എന്ന് ഞങ്ങൾ മറുപടിയും നൽകി. പോസ്റ്റർ അടിച്ചതും ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തതും വാർത്താസമ്മേളനം വിളിച്ചതും ചൂണ്ടിക്കാട്ടി. പതിനാറിന് രാവിലെ ഖത്തറിൽ നിന്നും പുറപ്പെടുന്ന ഖത്തർ എയർവെയ്‌സ് ഫ്‌ളൈറ്റിനു ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വിടാം എന്ന് വരെ താരത്തോട് പറഞ്ഞിരുന്നു. അപ്പോൾ നോക്കട്ടെ എന്നായിരുന്നു മറുപടി. നിർമ്മാതാവ് ജോബിയുമായി ബന്ധപ്പെട്ടവരോടും മലയാളി അസോസിയേഷൻ ഭാരവാഹികൾ കാര്യങ്ങൾ തിരക്കി. വലിയ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാ എന്ന മറുപടിയാണ് നൽകിയത്.

പതിനഞ്ചിന് രാവിലെ എത്തിയാൽ അന്ന് തന്നെ തിരിക്കും വിധം ബിസിനസ് ക്ലാസ് ടിക്കറ്റ് ഇവർ ജോബിക്ക് എടുത്ത് അയച്ച് കൊടുത്തു. അപ്പോൾ പതിനാലിന് വന്നിട്ട് പതിനഞ്ചിന് തിരികെ പോകും വിധം ഏർപ്പാട് ചെയ്യണം എന്ന് താരം മറുപടി നൽകും. വീണ്ടും ഇവർ പതിനാലിന് രാത്രി ടിക്കറ്റും പതിനഞ്ചിന് പുലർച്ചെയുള്ള ഫ്‌ളൈറ്റ് ടിക്കറ്റും താരത്തിനു അയച്ചു നൽകി. ടിക്കറ്റ് അയച്ചു കൊടുത്തപ്പോൾ താരം വീണ്ടും നിലപാട് മാറ്റി. വരാൻ കഴിയില്ല എന്ന നിലപാട് തന്നെയാക്കി. പിതാവിന്റെ പെങ്ങൾ സീരിയസായി ആശുപത്രിയിൽ എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. അടുപ്പമുള്ളവർ വഴി വീണ്ടും താരവുമായി ബന്ധപ്പെട്ടു. അപ്പോഴൊന്നും താരം വഴങ്ങിയില്ല. പിതാവിന്റെ ഡെത്ത് ആനിവേഴ്‌സറി ആയതിനാൽ വരാൻ കഴിയില്ല എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. ഇങ്ങിനെ ഒട്ടുവളരെ കാരണങ്ങൾ നിരത്തി താരം വരാതിരുന്നു. പിന്നെ സംശയം തോന്നി. പണത്തിന്റെ പ്രശ്‌നമാണോ എന്ന്. അതിനാൽ കാശും തരാം എന്ന് താരത്തിന്റെ അടുത്ത് ഉറപ്പ് നൽകി. എന്നിട്ടും ഷെയ്ൻ വഴങ്ങിയില്ല. എന്തുകൊണ്ട് വരുന്നില്ല എന്നും പറഞ്ഞില്ല. പകരം വെറുതെ കാരണങ്ങൾ ഓരോന്ന് വെറുതെ നിരത്തിക്കൊണ്ടിരുന്നു.

ഒടുവിൽ താരത്തിന്റെ അമ്മയുമായും ബന്ധപ്പെട്ടു. പിതാവ് അബിയുടെ ഡെത്ത് ആനിവേഴ്‌സറി എന്ന് പറഞ്ഞപ്പോൾ ആ തീയതിയും കലണ്ടറിൽ തിരഞ്ഞു. എന്തെങ്കിലും സത്യമുണ്ടോ എന്ന് തിരക്കാനാണ് കലണ്ടർ തിരഞ്ഞത്. അറബിക് കലണ്ടർ അനുസരിച്ചാണെങ്കിൽ നവംബർ എട്ടിനാണ് വരുന്നത്. സാധാരണ കലണ്ടർ ആണെങ്കിൽ അത് നവംബർ 30 നുമാണ്. ഇതൊന്നും കാരണങ്ങൾ അല്ലാ എന്ന് മനസിലായി. അവസാനം ഇവരുമായി വ്യക്തിബന്ധമുള്ള ഒരാളെ ഇവർ ഷെയിനിന്റെ വീട്ടിലേക്ക് അയച്ചു. ഉമ്മയുമായി ഇയാൾ നേരിട്ടെത്തി സംസാരിച്ചു. എന്നാൽ ജോബിയുടെ വെയിലിന്റെ ഷൂട്ടിങ് ഉള്ളതിനാൽ വരാൻ കഴിയില്ലെന്ന് ഇവർ അറിയിക്കുകയാണ് ഉണ്ടായത്.

വരാൻ വീണ്ടും വീണ്ടും അഭ്യർത്ഥിച്ചെങ്കിലും എന്നിട്ടും വഴങ്ങിയില്ല. വലിയ ചതിയാണ് ഞങ്ങളോട് ചെയ്തത്. ഇതു മാത്രമല്ല. ഷെയ്ൻ വെച്ചുള്ള ഞങ്ങളുടെ പരിപാടിയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ അത് സ്റ്റാറ്റസ് ആക്കി മാറ്റി. ഇൻസ്റ്റാഗ്രാമിലാണ് പോസ്റ്റ് ഇട്ടത്. ഹൃദയപൂർവം ദോഹ പരിപാടിക്ക് ഞാൻ എത്തുമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ ഞാൻ വരില്ല. പണ്ടേ പറഞ്ഞതാണ് ഞാൻ ഈ പരിപാടിക്ക് വരില്ലെന്ന്. പോസ്റ്റിനു കീഴെ ഷെയ്ൻ കുറിക്കുകയും ചെയ്തു. ഇത് ഷെയിനെ ക്ഷണിച്ച ഇൻകാസിന് ക്ഷീണവുമായി. ഭാരവാഹികൾ വെറുതെ പറഞ്ഞതാണ് എന്ന സംശയം ഷെയ്ൻ നടത്തിയ പോസ്റ്റിങ് ഓടെ ശക്തി പ്രാപിക്കുകയും ചെയ്തു. പക്ഷെ ആ ഘട്ടത്തിൽ പരിപാടി നടത്താൻ സർവ ശക്തിയും സമാഹരിച്ച് ഞങ്ങൾ ശ്രമിച്ചു. അങ്ങിനെ പരിപാടി വിജയകരമായി നടത്തി-ഇൻകാസ് ഭാരവാഹികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP