Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഇത് ഇരുട്ടിൽ നിന്നുള്ള കൊഞ്ഞനം കുത്തൽ; അവാർഡ് കൊടുക്കാനായി പൊക്കവും തടിയും സൗന്ദര്യവുമുള്ള ഒരുപാട് പേരുണ്ട്; നായകനായാലേ മികച്ച നടനാകാവൂ എന്ന സമീപനം തെറ്റ്; ടിവി ചാനലുകളുടെ നിലവാരം പോലും ഇന്നലത്തെ പ്രഖ്യാപനത്തിനില്ല; വേദന മറയ്ക്കാതെ മറുനാടനോട് ഇന്ദ്രൻസ് പറഞ്ഞത്

ഇത് ഇരുട്ടിൽ നിന്നുള്ള കൊഞ്ഞനം കുത്തൽ; അവാർഡ് കൊടുക്കാനായി പൊക്കവും തടിയും സൗന്ദര്യവുമുള്ള ഒരുപാട് പേരുണ്ട്; നായകനായാലേ മികച്ച നടനാകാവൂ എന്ന സമീപനം തെറ്റ്; ടിവി ചാനലുകളുടെ നിലവാരം പോലും ഇന്നലത്തെ പ്രഖ്യാപനത്തിനില്ല; വേദന മറയ്ക്കാതെ മറുനാടനോട് ഇന്ദ്രൻസ് പറഞ്ഞത്

അരുൺ ജയകുമാർ

തിരുവനന്തപുരം: ഓരോ സംസ്ഥാന ചലച്ചിത്ര അവാർഡിലും എന്തെങ്കിലുമൊക്കെ പോരായ്മ ഉണ്ടാകാറ് പതിവാണ്. അതിലെല്ലാം സിനിമാക്കാർ ചേരി തിരിഞ്ഞ് അഭിപ്രായങ്ങളുമായി എത്തും. പക്ഷേ ഇത്തവണ കടുത്ത അനീതി ദൃശ്യമായിട്ടും ആർക്കും ഒന്നും പറയാനില്ല. അതാണ് അവസ്ഥ. കോമഡിക്കാർക്ക് അർഹതയുള്ളതുകൊടുത്തില്ലെങ്കിലും ആരും ചോദിക്കില്ലെന്ന അവസ്ഥ. ഇതു തന്നെയാണ് ഇത്തവണ ഉണ്ടായത്. എന്തുകൊണ്ട് മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രൻസ് എന്ന നടന് നൽകിയില്ലെന്നതിന് ഉത്തരമില്ല. ജയസൂര്യയും ഇന്ദ്രൻസും ഒന്നിനൊന്നിന് മെച്ചമായിരുന്നു. അതുകൊണ്ട് തന്നെ സമവായവുമായി ദുൽഖർ സൽമാൻ മികച്ച നടനായി. ജയസൂര്യയ്ക്ക് പ്രത്യേക പരാമർശവും അവിടേയും ഇന്ദ്രൻസ് തഴയപ്പെട്ടു.

അവാർഡ് നിർണ്ണയത്തിന്റെ ഒടുവിലത്തെ റൗണ്ടിൽ എത്തിയത് ജയസൂര്യയും ഇന്ദ്രൻസുമായിരുന്നു. കുമ്പസാരം, ലുക്കാചൂപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ അവസാന റൗണ്ടിൽ എത്തിച്ചത്. മൺട്രോ തുരുത്ത്, അമീബ എന്നീ ചിത്രങ്ങളിലെ അത്ഭുതപ്പെടുത്തുന്ന അഭിനയ മികവുമായി ഇന്ദ്രൻസും ഒപ്പം മത്സരിച്ചു. പക്ഷേ അവാർഡ് സമിതിയിൽ ഒരാൾ മാത്രമാണ് ഇന്ദ്രൻസിനെ പിന്തുണച്ചത്. നഷ്ടമായതിന്റെ വില ഇന്ദ്രൻസിന് നന്നായി അറിയാം. കരിയറിൽ വല്ലപ്പോഴും മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധ്യതയുള്ള വേഷങ്ങൾ പോലും മലയാള സിനിമ ഇന്ദ്രൻസിനെ പോലുള്ള പ്രതിഭകൾക്ക് നൽകൂ. അതിൽ തകർത്ത് അഭിനിയിച്ചാലും ആരും മൈൻഡ് ചെയ്യില്ല. ഈ സാഹചര്യം ഉൾക്കൊണ്ടു കൊണ്ടാണ് ഇന്ദ്രൻസ് മറുനാടൻ മലയാളിയോട് മനസ്സ് തുറന്നത്. തനിക്ക് പ്രത്യേക പരമാർശം പോലും കിട്ടാത്തതിനെ കുറിച്ചുള്ള അമർഷം ആ വാക്കുകളിൽ നിഴലിക്കുന്നു.

ഇരുട്ടിൽ നിന്ന് കൊഞ്ഞനം കുത്തുന്ന സമീപനമാണ് ഞാനടക്കമുള്ള പലരോടും-അവാർഡ് നിഷേധിച്ചതിനെ ഒറ്റവാക്കിൽ ഇന്ദ്രൻസ് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പൊക്കവും തടിയും സൗന്ദര്യവുമുള്ള ഒരുപാട് പേർക്ക് അവാർഡ് കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാകും തന്നെ പരിഗണിക്കാത്തത്. നായകനായാലെ മികച്ച നടനാവുക എന്ന സങ്കൽപ്പം തെറ്റ്. ജൂറി പാനിലിലുള്ളത് റിട്ടയേർഡ് സിനിമാ പ്രവർത്തകരാണ്. ്‌സംസ്ഥാന അവാർഡ് എന്നത് ഇപ്പോൾ വെറും പ്രഹസനവും ആഘോഷവും മാത്രമാണെന്ന് ഇന്ദ്രൻസ് പറയുന്നു. മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയ ദുൽക്കറിന്റെ മികവിനേയും കുറച്ചു കാണുന്നില്ല. യുവാക്കളിലെ ഏറ്റവും മികച്ച നടനാണ് ദുൽക്കറെന്നും ഇന്ദ്രൻസ് കൂട്ടിചേർക്കുന്നു. സ്റ്റേറ്റ് അവാർഡുകൾ ടിവി ചാനലുകളിലെ പുരസ്‌കാര നിർണ്ണയത്തിന്റെ നിലവാരം പോലും പുലർത്തുന്നില്ലെന്നും ഇന്ദ്രൻസ് കുറ്റപ്പെടുത്തുന്നു.

വലിയ ചർച്ചകളാണ് സിനിമ അവാർഡ് നിർണ്ണയ ജൂറിയിൽ നൽകുക. മികച്ച നടനുള്ള അവർഡ് രണ്ടു പേർക്കുമായി അവാർഡ് പങ്കുവയ്ക്കുക അല്ലെങ്കിൽ ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാർഡും ഇന്ദ്രൻസിന് പ്രത്യേക ജൂറി അവാർഡും നൽകുക എന്നീ നിർദ്ദേശങ്ങളാണ് ആദ്യം ജൂറിയിൽ ഉയർന്നത്. ഇതെല്ലാം ജൂറി തന്നെ അട്ടിമറിച്ചു. ജയസൂര്യയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം നൽകാൻ തീരുമാനം എടുത്തപ്പോൾ ഒരു അംഗം ഇന്ദ്രൻസിനുവേണ്ടി ശക്തമായി വാദിച്ചു. 'ഇന്ദ്രൻസിന്റെ അഭിനയം അൽഭുതപ്പെടുത്തുന്നതായിരുന്നു. എന്നാൽ ഞാൻ മാത്രം പറഞ്ഞാൽ അവാർഡ് കിട്ടില്ലല്ലോ' എന്നാണ് ജൂറിയിലെ ഒരു അംഗം പറഞ്ഞത്. സ്വഭാവ നടനുള്ള പുരസ്‌കാരം ഇന്ദ്രൻസിന് നൽകണമെന്ന് മൂന്ന് അംഗങ്ങൾ വാദിച്ചു. എന്നാൽ പ്രേംപ്രകാശിന് അവാർഡ് നൽകിയേ തീരൂ ചില അംഗങ്ങൾ വാശിപിടിച്ചു. അങ്ങനെ അതും ഇന്ദ്രൻസിന് നഷ്ടമായി. ഇതിനോട് പ്രതികരിക്കാൻ സിനിമാ മേഖലയിലെ പ്രമുഖർ പോലും തയ്യാറല്ല.

എൻഡോസൾഫാൻ ദുരിതരുടെ കഥ പറയുന്ന അമീബയിൽ അതിശക്തമായ കഥാപാത്രത്തേയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്. എൻജിനീയറിങ് കഴിഞ്ഞ് ഗ്രാമത്തിൽ തിരിച്ചെത്തുന്ന നിമിഷ(ആത്മിയ)യിലൂടെയാണ് കഥ പറയുന്നത്. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമുള്ള നാരായണന്റെ (ഇന്ദ്രൻസ്) രണ്ടാമത്തെ മകൾ. രണ്ടു കൈകളുമില്ലാത്ത ആൺകുട്ടിയാണ് നാരായണനുള്ളത്. മൂത്തമകളായ മനീഷയെ(അനുമോൾ) പെണ്ണുകാണാൻ വരുന്നവരിൽനിന്നു മകനെ ഒളിപ്പിച്ചുവയ്‌ക്കേണ്ടിവരുന്ന കുടുംബമാണ് നാരായണന്റേത്. കുടുംബത്തിലെ അങ്ങേ തലയ്ക്കൽ ഒരു രോഗിയുണ്ടെന്ന കാരണത്താലോ ഒരു വഴിതെറ്റിപ്പോയവനുണ്ടെന്ന കാരണത്താലോ ബന്ധങ്ങൾ മുടങ്ങിപ്പോവുന്ന നിരവധി കുടുംബങ്ങളുടെ വേദനകളാണ് നാരായണൻ അടയാളപ്പെടുത്തുന്നത്. ഇതാണ് ജൂറി കാണാതെ പോയതും.

നൂറ്റിഅമ്പതോളം സിനിമകളിൽ അഭിനയിച്ച് മലയാള സിനിമാപ്രേക്ഷകരെ ആവോളം ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. വെറുമൊരു ഹാസ്യനടനപ്പുറം മലയാളിയുടെ മനസ്സിൽ പതിഞ്ഞ പേര്. വസ്ത്രാലങ്കരാകനായി സിനിമയിലെത്തിയ ഇന്ദ്രൻസ് തന്റെ രൂപത്തിലെ പ്രത്യേകതകളുമായി വെള്ളിത്തിരയിലെത്തി. ആ രൂപത്തേയും ഭാവത്തേയും മലയാളി ഉൾക്കൊള്ളുകയും ചെയ്തു. അങ്ങനെ തിരിക്കുള്ള ഹാസ്യനടനായി ഇന്ദ്രൻസ് മാറി. ഇടയ്ക്ക് ചില ഗൗരവമുള്ള കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ. ആരോടും പരിഭവമൊന്നുമില്ല. പക്ഷേ തന്റെ മുന്നിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം നന്മ മാത്രമാണെന്ന അഭിപ്രായം ഈ നടനില്ല. അതു തന്നെയാണ് സിനിമാ അവാർഡിലും സംഭവിച്ചത്.

എല്ലാപേരെയും ചിരിപ്പിക്കാൻ മാത്രമുള്ള കോമാളികളായി മാത്രമാണ് നമ്മളെയൊക്കെ എല്ലാവരും കാണുന്നത്. തമിഴിലൊക്കെ നോക്കിയാൽ വടിവേലുവിന്റെയും വിവേകിന്റെയും ഒക്കെ കൂടെ അഭിനയിക്കുന്നത് അവിടത്തെ മുൻനിര നായികമാരാണ്. മലയാളത്തിൽ മാത്രമാണ് ഈ ദുരവസ്ഥ. എന്റെ കൂടെയൊക്കെ അഭിനയിച്ചാൽ പിന്നീടുള്ള സിനിമകളിൽ നായകനടന്മാരാരും നായികയായി കൂടെ അഭിനയിപ്പിക്കില്ലെന്ന ഭയം കൊണ്ടാവാം അവർ എന്നെപ്പോലുള്ളവരുടെ കൂടെ അഭിനയിക്കാത്തത്. താരരാജാക്കന്മാർ ഭരിക്കുന്ന സിനിമാലോകത്ത് അങ്ങനെയല്ലേ സംഭവിക്കൂ. ശുദ്ധ അസംബന്ധം, വിവരമില്ലായ്മ. ഒരു നടന്റെ കലാപ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുക, അതിലൂടെ ആ നടനെ ഒറ്റപ്പെടുത്തുക അതൊന്നും ശരിയായ കാര്യങ്ങളല്ലെന്ന് തുറന്നു പറഞ്ഞ നടനാണ് ഇന്ദ്രൻസ്. ഇതിലുള്ള ചിലരുടെ പ്രതികാരം ആവും ഇത്തവണത്തെ അവാർഡ് നിർണ്ണയത്തിൽ പ്രതിഫലിച്ചതെന്ന വാദവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP