Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങളെ ചൊറിഞ്ഞാൽ പ്രധാനമന്ത്രി അന്തരിച്ച വാർത്തയും മുക്കും; ടോയ്‌ലറ്റിൽ ഒളിക്യാമറ വച്ച് വാർത്ത സൃഷ്ടിക്കുന്ന ചാനലുകളും പത്രങ്ങളും 18 ലക്ഷം ജനങ്ങളെ ബാധിക്കുന്ന നിർണ്ണായക കോടതി വിധി മുക്കിയത് ഇങ്ങനെ

ഞങ്ങളെ ചൊറിഞ്ഞാൽ പ്രധാനമന്ത്രി അന്തരിച്ച വാർത്തയും മുക്കും; ടോയ്‌ലറ്റിൽ ഒളിക്യാമറ വച്ച് വാർത്ത സൃഷ്ടിക്കുന്ന ചാനലുകളും പത്രങ്ങളും 18 ലക്ഷം ജനങ്ങളെ ബാധിക്കുന്ന നിർണ്ണായക കോടതി വിധി മുക്കിയത് ഇങ്ങനെ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ മാഫിയ ആരെന്ന ചോദ്യത്തിന് പത്രപ്രവർത്തകരും പത്രമുതലാളിമാരും എന്നല്ലാതെ മറ്റൊരു ഉത്തരവും വിവരമുള്ളവർ നൽകില്ല. ഏതൊരു ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പ് നൽകുന്ന സാധാരണ മൗലികാവകാശങ്ങൾ മാത്രമേ പത്രക്കാർക്കും ഉള്ളൂ എന്നിരിക്കേ സാധാരണ നിയമങ്ങൾ ഒന്നും തങ്ങൾക്ക് ബാധകമല്ല എന്നു കരുതുന്ന മാദ്ധ്യമ ഭീകരത ജനിക്കുന്നത് ഈ അഹന്തയിൽ നിന്നാണ്.

പത്രക്കാരുമായി ലോഹ്യത്തിൽ അല്ലെങ്കിൽ ഏത് ഉന്നതനേയും അവർ എഴുതി നാറ്റിക്കും. ഉപജാപങ്ങൾക്ക് ഒപ്പം നിന്നാൽ ഏത് ഭോഷനേയും ആദർശ ധീരനും ത്യാഗിയുമാക്കും. ഏത് പ്രാഞ്ചിയേട്ടനേയും മഹാന്മാരുടെ ഗണത്തിലേക്ക് ഉയർത്തും. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണത്തിന് ബലിയാടായത് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ. കേരളീയ ജീവിതത്തെ നിർണ്ണായകമായി സ്വാധീനിക്കുന്ന ഒരു ഉത്തരവ് എല്ലാ പത്രങ്ങളും ചാനലുകളും ഒരുമിച്ച് മുക്കിയത് ഹർജിക്കാരനോടുള്ള കൊതിക്കെറുവ് കൊണ്ട് തന്നെ.

രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ച് കെഎസ്ആർടിസിയുടെ ചരമഗീതം പാടാൻ ഉതകുന്ന ഒരു ഓർഡിനൻസിനെതിരെ സമർപ്പിച്ച ഹർജിയിൽ കോടതി എടുത്ത നിലപാടാണ് പത്രക്കാരുടെ പിണക്കം മൂലം പുറം ലോകം അറിയാതെ പോയത്. ഫ്‌ളെക്‌സ് നിരോധനവും പൊതുസ്ഥലത്തെ യോഗം ചേരലും നോട്ട നിയമവും അടക്കം രാജ്യത്തെ അതിനിർണ്ണായകമായ പല കോടതി വിധികൾക്കും കാരണക്കാരായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച നിർണ്ണായകമായ ഉത്തരവാണ് ചാനലുകളും പത്രങ്ങളും ഒരുപോലെ മുക്കിയത്.

നിയമം ലംഘിച്ച് പത്ത് രൂപ വീതം സെസ് ഏർപ്പെടുത്തിയാൽ കെഎസ്ആർടിസി ഇല്ലാതാകുമെന്ന് കാര്യകാരണ സഹിതം ഹർജിക്കാർ വാദിച്ചപ്പോൾ ഈ കേസ് അതിപ്രധാനമാണെന്നും പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോടതി സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവ് ഇടുകയായിരുന്നു. എന്നാൽ ജസ്റ്റിസ് കെടി ശങ്കരനും പിഡി രാജനും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഈ ഉത്തരവിനെക്കുറിച്ച് വാർത്തയും പൊതുജനം അറിയേണ്ട എന്നു കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഹൈക്കോടതി റിപ്പോർട്ടർമാർ ഒരുമിച്ച്
തീരുമാനിക്കുകയായിരുന്നു.

ഈ തീരുമാനത്തിന് പിന്നിലെ കാരണം ഇതേ സംഘടന നൽകിയ മറ്റൊരു പൊതുതാത്പര്യ ഹർജിയുടെ പേരിൽ പത്രങ്ങൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവായിരുന്നു. കോടതിയിൽ ജഡ്ജിമാർ പറയുന്ന തമാശകളും നിരീക്ഷണങ്ങളും കോടതി വിധി എന്നു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കോടതി റിപ്പോർട്ടിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്ന പരാതിയാണ് ഇവരെ ക്ഷോഭിപ്പിച്ചത്. ഇങ്ങനെ ഒരു പരാതിയെത്തുടർന്നാണ് മറുനാടൻ മലയാളി അടക്കം ഇരുപതോളം മാദ്ധ്യമങ്ങൾക്ക് ഹൈക്കോടതി കഴിഞ്ഞ ദിനം നോട്ടീസ് അയച്ചിരുന്നു.

ഡിസംബർ മൂന്നിന് കോടതിയിൽ അഫിഡവിറ്റ് സമർപ്പിക്കാൻ ആണ് കോടതി ഉത്തരവ്. പത്രക്കാർക്ക് നോട്ടീസ് അയക്കാൻ കാരണക്കാരായ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ഒരു വാർത്ത പോലും ഇനി പുറം ലോകം അറിയില്ല എന്ന് അന്ന് തന്നെ നടത്തിയ ഭീഷണിയുടെ ഭാഗമാണ് നിർണ്ണായകമായ ഈ കോടതി വിധി മുങ്ങിപ്പോയത്. ഹർജിക്കാരനായ ഡിജോ കാപ്പന്റേയും അഭിഭാഷകനായ ജോൺസൺ മനയനാനിയുടെയും പേരുകൾ ഇനി പത്രങ്ങളിൽ പരാമർശിക്കാൻ പാടില്ല എന്ന ഉത്തരവാണ് മാദ്ധ്യമങ്ങൾ ഇറക്കിയിരിക്കുന്നത്.

കെഎസ്ആർടിസിയിലെ ധൂർത്തും അഴിമതിയും മൂലം ഉണ്ടായ നഷ്ടം പരിഹരിക്കാൻ പാവപ്പെട്ട ജനങ്ങളുടെ മേലെ അധികാരഭാരം അടിച്ചേൽപ്പിക്കുന്ന നിയമവിരുദ്ധമായ തീരുമാനത്തെ ചോദ്യം ചെയ്തതാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. നിലവിലുള്ള നിയമത്തിന്റെ ലംഘനവും പാവങ്ങളെ അനാവശ്യമായി ചൂഷണം ചെയ്യൽ, കെഎസ്ആർടിസിയെ അടച്ച് പൂട്ടിക്കുന്ന വിധത്തിൽ കാര്യങ്ങൾ വഷളാക്കൽ തുടങ്ങിയ കാര്യങ്ങൾ രേഖകൾ സഹിതം സമർത്ഥിച്ചാണ്‌ ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ എല്ലാ വാദങ്ങളും നീതിയുക്തമെന്ന് പറഞ്ഞ് കോടതി അടിയന്തിരമായി സർക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു. സർക്കാരിന് തൃപ്തികരമായ മറുപടി നൽകാൻ സാധിച്ചില്ലെങ്കിൽ ഈ ഓർഡിനൻസ് പോലും കോടതി റദ്ദ് ചെയ്‌തെന്ന് വരാം. എന്നാൽ ആ വാർത്ത പുറം ലോകം അറിയേണ്ട എന്ന വിചിത്രമായ തീരുമാനമാണ് മാദ്ധ്യമങ്ങൾ ഒരുമിച്ചെടുത്തത്.

21897 പ്രൈവറ്റ് ബസുകളാണ് കേരളത്തിലുള്ളത്. കെഎസ്ആർടിസിക്ക് 6132 ബസുകളും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ബസ് സർവ്വീസിലെ കുത്തകയും കെഎസ് ആർടിസിക്ക്. അതായത് ടൗൺ സർവ്വീസുകളല്ലാതെ ഈ ജില്ലയിലെ ദീർഘ ദൂര സർവ്വീസൊന്നും പ്രൈവറ്റ് ബസുകൾ നടത്തുന്നില്ല. ആലപ്പുഴയ്ക്കപ്പുറമുള്ള ജില്ലകളിൽ സെസ് ഏർപ്പെടുത്തുന്നത് കെഎസ്ആർടിസിയെ തകർക്കും. കാരണം യാത്രക്കാർ സെസും നൽകി ഈ മേഖലയിൽ കെഎസ്ആർടിസിയെ ആശ്രയിക്കില്ല. അവർക്ക് സ്വകാര്യ ബസിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം.

തിരുവനന്തപുരത്തും ആലപ്പുഴയിലും കൊല്ലത്തുമുള്ള കുത്തകയുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നവും ഉണ്ട്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട യാത്രാ സൗകര്യമൊരുക്കാനാണ് ഈ ആനുകൂല്യം കെഎസ്ആർടിസിക്ക് നൽകിയത്. ഈ നിയമപ്രകാരം യാത്രക്കൂലി കൂട്ടാം. പക്ഷേ മറ്റ് അനാവശ്യ ബാധ്യതകൾ അടിച്ചേൽപ്പിക്കരുതെന്ന് വ്യവസ്ഥയുമുണ്ട്. അതുകൊണ്ട് തന്നെ സെസ് ഏർപ്പെടുത്തുന്നത് പ്രത്യക്ഷത്തിൽ നിയമലംഘനവുമാകും. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ കെ എസ് ആർ ടി സിയുടെ കുത്തക വാദം പൊളിയുമെന്നാണ് വാദം.
ഇതിലൂടെ സ്വകാര്യ മേഖലയ്ക്ക് ഇവിടേയും നുഴഞ്ഞുകയറാനാകും.

ഇതിനൊപ്പം കെഎസ്ആർടിസിയുടെ നഷ്ടക്കണക്കിന് കാരണവും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ 133731 പൊതു സംരഭത്തിലെ ബസുകൾ ഉണ്ട്. ഇതിലേക്ക് 7,11,825 തൊഴിലാളികളും. എന്നാൽ കേരളത്തിൽ 6132 ബസുകൾക്ക് മാത്രം 35, 000 ജീവനക്കാർ. ഒരു കിലോമീറ്റർ ഓടാൻ ബസ് ഒന്നിന് കേരളത്തിൽ ഇതുകൊണ്ട് തന്നെ ചെലവ് 45.27 രൂപയാണ്. കർണ്ണാടകത്തിൽ ഇത് കിലോമീറ്റിന് 25.58ഉം 26 രൂപയുമാണ്. ശമ്പളച്ചെലവിൽ കർണ്ണാടകം കിലോമീറ്റർ ഒന്നിന് 9.20 രൂപമാത്രമാണ് ചെലവാക്കുന്നത്. തമിഴ്‌നാട് 11.24 രൂപയും. എന്നാൽ കേരളത്തിൽ ഒരു കിലോമീറ്റർ ബസ് ഓടിക്കാനായി കെഎസ്ആർടിസി 22.08 രൂപ ചെലവാക്കുന്നു.

ഷിഫ്റ്റ് സമ്പ്രദായത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് വ്യക്തമായിട്ടുമുണ്ട്. ഇതിലൂടെ 380 കോടി രൂപ ലാഭിക്കാമെന്ന് സർക്കാരിന്റെ പഠന റിപ്പോർട്ടുമുണ്ട്. എന്നാൽ ഷിഫ്റ്റ് ശാസ്ത്രീയമാക്കാൻ തൊഴിലാളി യൂണിയനുകൾ സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിൽ സെസ് ഏർപ്പെടുത്തുന്നത് ശരിയല്ല. മാത്രവുമല്ല കെഎസ്ആർടിസിയെ സെസ് എന്നത് രക്ഷിക്കില്ലെന്നു വാദിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP