Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാറുടമകൾ പോരാട്ടത്തിനില്ല; കോടികൾ ഒഴുക്കി മദ്യനിയന്ത്രണം അട്ടിമറിക്കാൻ ഉറച്ച് മദ്യക്കമ്പനികൾ; വിദേശ ബ്രാൻഡുകളും പങ്കുചേരും; മദ്യ ദുരന്തവും സുപ്രീം കോടതി ഇടപെടലുകളും വരെ പ്രതീക്ഷിക്കാം

തിരുവനന്തപുരം: മദ്യ ഉപഭോഗത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളത്തിലെ മദ്യനിരോധനം മദ്യക്കമ്പനി ഉടമകൾക്കുണ്ടാക്കുക കോടികളുടെ നഷ്ടം. ഘട്ടംഘട്ടമായി മദ്യ നിരോധനം ഏർപ്പെടുത്തുന്നതോടെ കഷ്ടത്തിലാകുന്നത് ബാറുടമകൾ മാത്രമല്ല വൻകിട മദ്യക്കമ്പനികളുമാണ്. കേരള വിപണയിൽ നിന്നു മാത്രം പ്രതിവർഷം കോടികൾ ലാഭം കൊയ്യുന്ന മദ്യക്കമ്പനി ഉടമകൾ സംസ്ഥാനത്തെ മദ്യ നിരോധനത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ബാറുടമകളെ മുൻ നിർത്തിയാണ് ഇപ്പോൾ ഇവർ കരുക്കൾ നീക്കുന്നത്. 

സംസ്ഥാനത്ത് സർക്കാർ അധീനതയിലുളള വില്പന ശാലകളിലും ബാറുകളിലും വിറ്റഴിക്കുന്ന മദ്യം നിർമ്മിച്ച് നൽകുന്നത് വൻകിട മദ്യക്കമ്പനികളാണ്. ബിവറേജസ് കോർപറേഷന്റെ വിപണനകേന്ദ്രങ്ങൾ പൂട്ടുന്നതുമൂലംമാത്രം പ്രതിവർഷം 1010 കോടി രൂപയുടെ വിൽപനയാണ് കുറയുന്നത്. വില്പനനികുതി, എക്‌സൈസ് തീരുവ എന്നിവയിലൂടെ ലഭിക്കുന്ന 828 കോടി രൂപയാണ് സർക്കാരിലേക്ക് എത്തുന്നത്. ബാക്കി മുഴുവൻ മദ്യ കമ്പനികൾക്കുളളതാണ്. ഇതു സർക്കാരിന്റെ കണക്കിൽ മാത്രമുളള തുകയാണ്. ബാറുകളിലും മദ്യവില്പന ശാലകൾ വഴിയും സെക്കൻഡ്സ് വിറ്റഴിക്കുക വഴി ഇവർ കോടികൾ കൊയ്യുന്നുണ്ട്. മദ്യ നിരോധനത്തിനെതിരെ പ്രതികരിക്കാൻ ചില രാഷ്ട്രീയ പാർട്ടി നേതാക്കളെ ചാക്കിട്ടു പിടിക്കാനും മദ്യ ലോബി സജീവമാണ്. ബാറുടകളെ മുൻനിർത്തി കരുക്കൾ നീക്കുന്നതും കേസിനടക്കമുളള തുക മുടക്കുന്നതും മദ്യക്കമ്പനികൾ തന്നെയാണ്. കേരളീയരുടെ ചില പ്രിയ ബ്രാൻഡുകളുടെ ഉടമകളാണ് സജീവമായി രംഗത്തുളളത്. ഇത് കൂടാതെ മറ്റുചില കമ്പനികളും രംഗത്ത് എത്തിയിട്ടുണ്ട്.

കേരളത്തിലെ ടൂറിസം മേഖലയിൽ വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവ് മനസ്സിലാക്കി ചില വിദേശ കമ്പനികളും അവരുടെ ബ്രാൻഡുകൾ വിറ്റഴിക്കാൻ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സർക്കാരുമായുളള ചർച്ചകൾ സജീവമായ സാഹചര്യത്തിലായിരുന്നു ഇരുട്ടടി പോലെ നിരോധനം വന്നത്. ജോണിവാക്കർ, ക്രൗൺറോയൽ തുടങ്ങിയ വിലകൂടിയ ഇന്റർനാഷണൽ ബ്രാൻഡുകളുടെ ഉടമകളായ ഡിയാജിയോ ഇറക്കുമതി സ്പിരിറ്റിന്റെ വിപണനത്തിന് അനുമതി തേടി കേരള സർക്കാരിനെ സമീപിച്ചിരുന്നു.

കേരളത്തിലെയും ടൂറിസ്റ്റുകളായ വിദേശ കുടിയന്മാരെയും 'സുഖിപ്പിക്കാൻ' ജോണിവാക്കറും ഷിവാസ്‌റീഗലുമെല്ലാം വിളമ്പാനൊരുങ്ങി കേരളസർക്കാർ നീക്കംതുടങ്ങിയിരുന്നു. ഇപ്പോൾ സ്റ്റാർ ഹോട്ടലുകളിലും എയർപോർട്ടുകളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും മാത്രം ലഭിക്കുന്ന ഫോറിൻ മദ്യം ബിവറേജസ് കോർപ്പറേഷൻ വഴിതന്നെ വിൽക്കാനുള്ള പദ്ധതിയാണ് എക്‌സൈസ് വകുപ്പിന്റെ അണിയറയിൽ തയ്യാറാക്കിയിരുന്നത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം പോലെത്തന്നെ ഫോറിൻ നിർമ്മിത പ്രമുഖ ബ്രാൻഡുകൾ കേരളത്തിലെ മദ്യവിപണിയിൽ കണ്ണുനട്ട് എത്തിയതോടെയാണ് കേരളസർക്കാരും അതിനുളളനീക്കത്തിന് മുൻകൈ എടുത്തത്. അനുമതി നൽകാനുള്ള അവസാനഘട്ട ചർച്ചകൾ പുരോഗമിക്കവേയാണ് മദ്യ നിരോധനം നടപ്പാക്കാനുളള സർക്കാർ തീരുമാനം വന്നത്.

ഇന്ത്യൻ നിർമ്മിത വിദേശമദ്യ കമ്പനി ഉടമകളെ പോലെ പ്രമുഖ ഫോറിൻ നിർമ്മിത മദ്യ കമ്പനി ഉടമകളും മദ്യ നിരോധനം അട്ടിമറിക്കാൻ സജീവമായി രംഗത്തുണ്ട്. മദ്യനിരോധനം അട്ടിമറിക്കാൻ ബാറുടമകൾ നൽകുന്ന കേസിനു പുറമേ മദ്യ കമ്പനികളിൽ നിന്നും കോടികൾ വാങ്ങിയാണ് പലരും സർക്കാരിന്റെ മദ്യ നിരോധന പ്രക്രിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ബാറുകൾ പൂട്ടുന്ന സർക്കാർ നിലപാടിനെതിരെ ബാറുടമകൾ നൽകുന്ന കേസ് ഏതറ്റംവരെയും പോകാനുമുളള എല്ലാ ചെലവുകളും കുത്തക കമ്പനികൾ വഹിക്കും. ഇത് സംബന്ധിച്ച് ബാർ മുതലാളിമാരുടെ സംഘടനാ നേതാക്കൾക്ക് ഇവർ ഉറപ്പും നൽകിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP