Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ

'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ

എം മനോജ് കുമാർ

കുമളി: ഇടുക്കിയിലെ കുമിളിയിൽ സെന്റ് തോമസ് ഫൊറോനാ പള്ളിയുമായി ബന്ധപ്പെട്ട് കോടികൾ അഴിമതി നടത്തിയതായി ആരോപണം. ആരോപണം കോടതിയിലെത്തിയപ്പോൾ കേസ് എടുത്ത് അന്വേഷിക്കാൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കുമളി സിഐയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ഇരുപത് കോടിയിലേറെ രൂപ പിരിവെടുത്ത് പുതിയ പള്ളി പണിതപ്പോൾ നിർമ്മിതിക്ക് ഏഴുകോടിയിൽ താഴെ മാത്രം ചിലവു വന്നിട്ടുള്ളുവെന്നാണ് ഇടവക അംഗങ്ങൾ തന്നെ ആരോപിക്കുന്നത്. പക്ഷെ നിർമ്മിതിയുടെ തുക മുഴുവൻ ഓസ്ട്രിയൻ ബിഷപ്പും ഇടവകക്കാരും സ്‌പോൺസർ ചെയ്തതിനാൽ പള്ളി പണിക്ക് നേതൃത്വം നൽകിയ ഇടവക വികാരി തോമസ് വയലുങ്കലും കൂട്ടാളികളും ഇരുപതുകോടിയിലേറെ തുക അപ്പാടെ അപഹരിച്ചതായാണ് ഇടവക അംഗങ്ങളുടെ ആരോപണം.

സംഭവം വിവാദമായപ്പോൾ കുമളി സെന്റ് തോമസ് പള്ളിയിലെ ഇടവകാംഗവും പൊതുപ്രവർത്തകനുമായി ടി.ടി.തോമസ് പീരുമേട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കോടതിയിൽ ഹർജി നൽകുന്നത്. ഈ ഹർജിയിലാണ് ഇപ്പോൾ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഒട്ടുവളരെ ആരോപണങ്ങളാണ് തോമസ് വയലിങ്കലിനും കൂട്ടാളികൾക്കും എതിരെ നൽകിയ ഹർജിയിൽ ആരോപിക്കപ്പെടുന്നത്. കോടതി നിർദ്ദേശ പ്രകാരം പള്ളിപണിയിലെ അഴിമതിയുമായി ബന്ധപ്പെട്ടു അന്വേഷണം തുടങ്ങിയതായി കുമളി സിഐ ജയപ്രകാശ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിട്ടുണ്ട്.

ഓസ്ട്രിയയിൽ ഉണ്ടായിരുന്ന അച്ചനാണ് കുമളി പള്ളിയിൽ വികാരിയായി എത്തിയത്. അതുകൊണ്ട് തന്നെയാണ് ഓസ്ട്രിയൻ ബിഷപ്പ് വഴി പള്ളിക്ക് സഹായമെത്തിക്കാൻ മാത്യു വയലിങ്കലിനു കഴിഞ്ഞത്. പക്ഷെ ഈ സഹായം മറച്ചുവച്ചാണ് കുമളിയിൽ പള്ളി പണിയാൻ പള്ളിയുടെ മൂന്നിരട്ടി തുക മാത്യു വയലിങ്കലും ടീമും അടിച്ചു മാറ്റിയത്. പത്തു വർഷം മുൻപ് തോമസ് വയലുങ്കൽ വികാരിയായി വന്നപ്പോൾ ആരംഭിച്ച പള്ളി നിർമ്മാണമാണ് വിവാദത്തിൽ കുരുങ്ങിയത്. പത്തുവർഷം മുൻപ് ആരംഭിച്ച പള്ളി നിർമ്മാണം ഇപ്പോൾ പൂർത്തിയായിരിക്കെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വികാരി സ്ഥലം മാറ്റം വാങ്ങി പോവുകയും ചെയ്തു. പക്ഷെ കണക്കുകൾ ഒന്നും അവതരിപ്പിക്കാതെ തന്നെ പോയതിനാൽ വികാരിയായിരുന്ന തോമസ് വയലുങ്കലിനെതിരെ ഇപ്പോൾ ഇടവകയിൽ രോഷം ഇരമ്പുകയാണ്.

പള്ളി പഴയതാണ് അത് പൊളിക്കുക. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗം ചാപ്പലായി വെച്ച് പുതിയ പള്ളി എന്നാണ് വികാരി അന്ന് പറഞ്ഞത്. ഇത് പറയുന്നത് പത്ത് വർഷം മുൻപാണ്. അത് പ്രകാരമാണ് പുതിയ പള്ളി പണിയാൻ തീരുമാനം വന്നത്. ആദ്യം ഓഡിറ്റോറിയം ഷോപ്പിങ് കോംപ്ലക്‌സ് ആയി പണിതു. ആരാധന അതിലേക്ക് മാറ്റി, അതിനു ശേഷമാണ് പള്ളി പണിയാൻ തുടങ്ങിയത്. ഇരുപത് കോടിയിലേറെ പിരിവെടുത്ത് പൂർത്തിയാക്കിയ പള്ളിക്ക് ഏഴുകോടിയിൽ താഴെ മാത്രമേ ചെലവ് വരൂ എന്ന ആരോപണം ഇടവകയിൽ കൊടുമ്പിരി കൊണ്ടിരിക്കെയാണ് പള്ളി വെഞ്ചരിപ്പ് കർമ്മം വന്നെത്തുന്നത്. പക്ഷെ വിശ്വാസികൾ കാത്തിരുന്ന പള്ളി വെഞ്ചരിപ്പ് കർമ്മം വിശ്വാസികൾക്ക് വെള്ളിടിപോലെയാണ് അനുഭവപ്പെട്ടത്. പള്ളി വെഞ്ചരിപ്പ് കർമ്മം ചെയ്തത് ഓസ്ട്രിയൻ ബിഷപ്പ്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാത്യു അറയ്ക്കലും. മാത്യു അറയ്ക്കൽ ഈ സമയത്ത് ചെയ്ത പ്രസംഗമാണ് വിശ്വാസികൾക്ക് വെള്ളിടിയും പള്ളി പണിക്ക് നേതൃത്വം നൽകി വികാരി മാത്യു വയലിങ്കലിനു കുരിശുമായി മാറിയത്.

''കുമളി സെന്റ് തോമസ് പള്ളിക്കുള്ള മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമാണ്'' എന്നാണ് മാത്യു അറയ്ക്കൽ പറഞ്ഞത്. ഇതോടെയാണ് വിശ്വാസികൾ മേൽപ്പോട്ടു നോക്കിയത്. പള്ളി നിർമ്മാണത്തിനുള്ള മുഴുവൻ തുകയും നല്കിയതിനാലാണ് ഓസ്ട്രിയൻ ബിഷപ്പ് പള്ളി വെഞ്ചരിപ്പിനു കുമളിയിൽ എത്തിയത്. ഇതോടെയാണ് തങ്ങൾ മുടക്കിയ ഇരുപത് കോടിയും പള്ളി വികാരിയും സംഘവും മുക്കിയത് ഇടവക അംഗങ്ങൾ മനസിലാക്കുന്നത്. ഏഴുകോടി ബഡ്ജറ്റ് മതിയായില്ല എന്ന് പറഞ്ഞു ഇവർ വേറെയും പിരിവുകൾ നടത്തിയിട്ടുണ്ട്.

പീരുമേട് കോടതിയിൽ നൽകിയ ഹർജിയിലെ ആരോപണങ്ങൾ ഇങ്ങിനെ:

പള്ളി പണിക്ക് മൊത്തം എസ്റ്റിമേറ്റ് ഏഴു കോടി എന്നാണ് ആദ്യം പള്ളി വികാരി അടക്കമുള്ളവർ യോഗം വിളിച്ച് വിശദീകരിച്ചിരുന്നത്. പഴയ പള്ളി പൂർണമായി പൊളിച്ചുമാറ്റി പുതിയ പള്ളി എന്നാണ് പറഞ്ഞത്. അതിനായി ഇരുപത്തി അയ്യായിരം മുതൽ അഞ്ച് ലക്ഷം രൂപവരെയുള്ള തുകകൾ ആണ് ഇടവക അംഗങ്ങൾ നൽകിയത്. വിവിധ ഗഡുക്കൾ ആയി ഈ പണം നൽകുമ്പോൾ ഈ തുക പൊയ്‌ക്കൊണ്ടിരുന്നത് പള്ളി വികാരിയുടെയും ഒപ്പമുണ്ടായിരുന്ന ഷാജി ജോസഫ്, സണ്ണി മാത്യു എന്നിവരുടെ അക്കൗണ്ടിലേക്കാണ്. .

2011 മാർച്ച് മാസം നാലാം തീയതി സാന്തോം കോപ്ലക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. 2012 ഫെബ്രുവരി 16 നു കോംപ്ലക്‌സ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. മൂന്നര കോടി കൊണ്ട് നിർമ്മിച്ച ഷോപ്പിങ് കോംപ്ലക്സ് വെഞ്ചരിപ്പ് നടത്തിയത് ഓസ്ട്രിയൻ ബിഷപ്പ് അഗിഡ്‌സ് ആയിരുന്നു. സാന്തോം കോംപ്ലെക്‌സ് ഐസൻസ്റ്റാറ്റ് രൂപത ഇടുക്കി കുമളി ഇടവകയ്ക്ക് നൽകിയ സമ്മാനം എന്നാണ് ബിഷപ്പ് പറഞ്ഞത്. അന്നും വിശ്വാസികൾ അപകടം മണത്തിരുന്നു. പക്ഷെ അത് വലിയ ഒച്ചപ്പാടില്ലാതെ കടന്നുപോയി.

പള്ളി നിർമ്മാണത്തിന് പിരിച്ച പണം വെള്ളത്തിലാകുന്നു

അതുകഴിഞ്ഞു 2019 ഫെബ്രുവരി മാസം 11 ആം തീയതിയാണ് ഇടവക ദേവാലയത്തിന്റെ കൂദാശ നടന്നത്. അതിനും ഓസ്ട്രിയൻ ബിഷപ്പും അവിടെയുള്ള ഇടവകക്കാരും എത്തിയിരുന്നു. ആ ചടങ്ങിലാണ് കുമളിക്കാരെ നടുക്കുന്ന പ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാത്യു അറയ്ക്കൽ നടത്തിയത്. ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയും സെന്റ് തോമസ് പള്ളി നിർമ്മാണത്തിനു തയ്യാറായതുകൊണ്ടാണ് തോമസ് വയലുങ്കൽ ഈ സംരംഭത്തിനു ധൈര്യപൂർവം മുന്നോട്ടു വന്നത് എന്നാണ് മാത്യു അറയ്ക്കൽ പറഞ്ഞത്.

ഇതോടെയാണ് പള്ളി നിർമ്മാണത്തിന് പിരിച്ച 20 കോടിയിലേറെ തുക വെള്ളത്തിലായി എന്ന് കുമളി ഇടവകയിലെ അംഗങ്ങൾ മനസിലാക്കുന്നത്. ഇതോടെയാണ് ഇടവകയിൽ കലാപം നടക്കുന്നത്. ഓസ്ട്രിയൻ പണം വന്നുകൊണ്ടിരിക്കുമ്പോൾ അത് അദ്ദേഹം വെളിപ്പെടുത്തിയില്ല. പകരം ആളുകളിൽ നിന്നും പണം പിരിച്ചു. പണവും കണക്കുകളും തോമസ് വയലുങ്കൽ ആണ് കൈകാര്യം ചെയ്തത്.

പണം വെട്ടിപ്പിനു ലോട്ടറിയും ആയുധം; വികാരിയും കൂട്ടരും നടത്തിയ തട്ടിപ്പുകൾ ഇങ്ങിനെ

പലവിധ വെട്ടിപ്പുകൾ ആണ് ഇതോടൊപ്പം വികാരിയും സംഘവും നടത്തിയത്. ദേവാലയ നിർമ്മാണത്തിനു പണം തികയില്ല എന്ന് പറഞ്ഞു ഒരു ലോട്ടറി നടത്തി. ഒരു കോടിയോളം രൂപ ഈ വകയിൽ വേറെയും പിരിച്ചു. മാരുതി ഓട്ടോ കാറും സ്‌കൂട്ടറും സമ്മാനം എന്നാണ് പറഞ്ഞത്. പക്ഷെ ലോട്ടറിക്ക് പണം പിരിച്ചതല്ലാതെ സമ്മാനങ്ങൾ വിതരണം ചെയ്തില്ല. വികാരി പുതിയ കാർ വാങ്ങി. പള്ളിയുടെ പണം എടുത്താണ് കാറിന്റെ പണം അടച്ചത്. പള്ളി പണിക്ക് ലഭിച്ച തുകയിൽ നിന്ന് പത്ത് ലക്ഷം രൂപ എടുത്ത് സഹ്യാദ്രി ക്രെഡിറ്റ് സൊസൈറ്റിയിൽ ഫിക്‌സഡ് ആയി ഇട്ടു. ഈ തുക ഉപയോഗിച്ച് ഒരു ഹോണ്ടാ ജാസ് കാർ വാങ്ങി. വികാരിയുടെ കൂട്ടാളിയായ ഷാജി ജോസഫ് ആദ്യം ഒരു മാരുതി ഓൾട്ടോ കാർ വാങ്ങി. പിന്നീട് ഒരു ഒന്നര ഏക്കർ ഏലത്തോട്ടം കൂടി വാങ്ങി. കൽത്തൂണുകളിൽ പേര് കൊത്തിവയ്ക്കും എന്ന് പറഞ്ഞു ഒട്ടനവധി ആളുകളോട് പണം വാങ്ങി. പക്ഷെ ആരുടെ പേരും കൊത്തിവെച്ചില്ല.

വാതിലുകളിലും ജനലുകളിലും പേര് കൊത്തിവയ്ക്കാം എന്ന് പറഞ്ഞു മൂന്നു മുതൽ അഞ്ചു ലക്ഷം രൂപവരെയുള്ള തുകകൾ ഈടാക്കി. ഒന്നും ചെയ്തില്ല. കാരണം പള്ളിക്ക് പണം നൽകിയത് ഓസ്ട്രിയൻ ബിഷപ്പ് ആയത് കാരണം ആരുടേയും പേരുകൾ വന്നില്ല. ഇതും കൂടാതെ സാന്തോം കോംപ്ലക്‌സ് പണയപ്പെടുത്തി സഹ്യാദ്രി ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് അമ്പത് ലക്ഷം രൂപ വേറെയും വാങ്ങി. എല്ലാം പള്ളി നിർമ്മാണത്തിന്റെ പേരിൽ. പൊതുയോഗം വിളിച്ചു കൂട്ടി എടുക്കേണ്ട തീരുമാനമാണ് വികാരി ഒറ്റയ്ക്ക് എടുത്തത്. പള്ളിവകയുള്ള ഹയർ സെക്കണ്ടറി സ്‌കൂളിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ലഭിച്ച രണ്ടരക്കോടി രൂപയും ഇതേ തിരിമറിയിൽ പള്ളിക്ക് നഷ്ടമായി.

പണം മതിയാകില്ല എന്ന് പറഞ്ഞു വീണ്ടും പണപ്പിരിവ്

ഏഴു കോടികൊണ്ടു പള്ളി പണി തീരില്ല എന്നാണ് വികാരി പറഞ്ഞത്. അതുകൊണ്ട് മുൻപ് ടാർജറ്റ് നൽകിയിരുന്ന ആളുകളുടെ പണം വർധിപ്പിച്ചു. അഞ്ചു ലക്ഷം നൽകിയയാൾ ഏഴരലക്ഷം നല്കണം. ഒരു ലക്ഷം നൽകിയയാൾ മൂന്നു ലക്ഷം നല്കണം. ഇങ്ങിനെ നൽകാനുള്ള തുക അൻപത് ശതമാനം വെച്ച് കൂട്ടി. അങ്ങിനെയാണ് പള്ളി പണി പൂർത്തിയായത്. മിക്കതും സ്‌പോൺസറിങ് ആയിരുന്നു. മിക്കവർക്കും രശീതി നൽകിയതുമില്ല. ഒന്നിനും കണക്കുമില്ല. ഇടവക അംഗങ്ങൾ ഒറ്റക്കെട്ടായി ഈ അഴിമതിക്ക് എതിരെ നിന്നു. ഇതോടെയാണ് പള്ളി വികാരി തോമസ് വയലുങ്കലിനു കണക്കുകൾ ഹാജരാക്കേണ്ട അവസ്ഥ വന്നത്.

ഇതോടെ വികാരി ട്രാൻസ്ഫർ സംഘടിപ്പിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വിളിച്ചു കൂട്ടിയ ഇടവകയോഗത്തിൽ വെറും ചെലവ് കണക്കുകൾ മാത്രമാണ് അവതരിപ്പിക്കപ്പെട്ടത്. പക്ഷെ വരവിന്റെ കണക്ക് എവിടെ എന്ന് ചോദിച്ചപ്പോൾ തോമസ് വയലുങ്കൽ തെന്നിമാറി. അടുത്ത യോഗത്തിൽ കണക്ക് അവതരിപ്പിക്കാം എന്ന് പറഞ്ഞു പൊതുയോഗം പിരിച്ചുവിട്ടു. അതിനുശേഷം വികാരി കഴിഞ്ഞ ദിവസം സ്ഥലം മാറി പോയി. ഇതോടെയാണ് തങ്ങൾ അനുഭവിച്ച വഞ്ചനയുടെ കഥ ഇടവകക്കാർ മനസിലാക്കുന്നത്. സംഭവം വിവാദമായപ്പോൾ ഇടവക അംഗങ്ങൾ കുമളി പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ പരാതിയിൽ മേൽ നടപടികൾ വന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP