Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൃദയ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ഹൃദയ ചികിത്സാ പദ്ധതി കേരളത്തിൽ താളം തെറ്റുന്നു; ഹൃദ്യം പദ്ധതിയിൽ നിന്നും ശ്രീചിത്ര പുറത്തായിട്ട് വർഷങ്ങളായി; ആശുപത്രി ഭരണസമിതി കത്ത് നൽകിയിട്ടും ആരോഗ്യ വകുപ്പിന് താൽപ്പര്യക്കുറവ്; സർക്കാർ ഫണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് ഒഴുകുമ്പോൾ

ഹൃദയ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ഹൃദയ ചികിത്സാ പദ്ധതി  കേരളത്തിൽ താളം തെറ്റുന്നു; ഹൃദ്യം പദ്ധതിയിൽ നിന്നും ശ്രീചിത്ര പുറത്തായിട്ട് വർഷങ്ങളായി; ആശുപത്രി ഭരണസമിതി കത്ത് നൽകിയിട്ടും ആരോഗ്യ വകുപ്പിന് താൽപ്പര്യക്കുറവ്; സർക്കാർ ഫണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് ഒഴുകുമ്പോൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: ഹൃദയ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കുള്ള സൗജന്യ ഹൃദയ ചികിത്സാ പദ്ധതി ഹൃദ്യം കേരളത്തിൽ താളം തെറ്റുന്നു. കേരളത്തിലെ പ്രമുഖ ആശുപത്രിയായ ശ്രീ ചിത്രാ മെഡിക്കൽ സെന്റർ ഹൃദ്യം പദ്ധതിയിൽ നിന്ന് പുറത്തായിട്ട് വർഷങ്ങളായി. അതീവ സങ്കീർണ്ണമായ , മറ്റു ആശുപത്രികളിൽ നടത്താൻ കഴിയാത്ത ഹൃദയ ശസ്ത്ര(കിയകൾ ചെയ്യാൻ സൗകര്യമുള്ള കേരളത്തിലെ ആശുപത്രിയാണ് ശ്രീ ചിത്ര. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ താൽപര്യക്കുറവ് കാരണമാണ് ശ്രീചിത്ര ഹൃദ്യം പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്നാണ് ആരോപണം. ഹൃദ്യം പദ്ധതിയിൽ ശ്രീചിത്രയെ വീണ്ടും ഉൾപ്പെടുത്തണമെന്ന് കാണിച്ച് രണ്ട് തവണ ആശുപത്രി ഭരണ സമിതി സർക്കാരിന് കത്ത് നൽകിയിരുന്നു.എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. പകരം ചില സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ തിരുകിക്കയറ്റുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ചെയ്തത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഹൃദ്യം. ശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആവിഷ്‌ക്കരിച്ച രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം എന്ന പദ്ധതിയുടെ ഭാഗമായാണ് കേരളത്തിൽ ഹൃദ്യം ആരംഭിച്ചത്. സർക്കാർ മേഖലയിൽ ശ്രീചിത്ര, കോട്ടയം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളായിരുന്നു ഹൃദ്യത്തിൽ ഉൾപെട്ടത്. പിഞ്ചുകുട്ടികളുടെയും കുട്ടികളുടെയും ഹൃദയ ചികിത്സ ഹൃദ്യം വഴി പൂർണ്ണമായി സൗജന്യമായി നടത്താം.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്താൻ കഴിയാത്ത സങ്കീർണ്ണമായ ഹൃദയ ചികിത്സകളും ഹൃദയ ശസ്ത്രക്രിയകളും ശ്രീ ചിത്രയിൽ സൗജന്യമായി നടത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദപരമായ ഇടപെടൽ കാരണം 2019-2020 കാലത്തെ ശ്രീചിത്ര ഭരണ സമിതി ഹൃദ്യം കരാർ പുതുക്കാതെ പിന്മാറുകയായിരുന്നു. അങ്ങനെ ആശുപത്രി ഹൃദ്യം പദ്ധതിയിൽ നിന്ന് പുറത്തുപോയി. ശ്രീചിത്രയെ തുടർന്നും പദ്ധതിയിൽ നിലനിർത്താൻ സംസ്ഥാന ആരോഗ്യ വകുപ്പ് താൽപര്യം കാണിച്ചുമില്ല. എല്ലാ വർഷവും ഏപ്രിലിലാണ് കരാർ പുതുക്കേണ്ടത്. ഈ വർഷം കരാർ പുതുക്കാമെന്ന് കാണിച്ച് ശ്രീചിത്ര ഭരണ സമിതി ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്രതിവർഷം 4000 ത്തോളം കുഞ്ഞുങ്ങളാണ് സങ്കീർണമായ ഹൃദയപ്രശ്നങ്ങളുമായി ജനിച്ചു വീഴുന്നത്. ഇവരുടെ ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണം. ഈ ചികിത്സകളാണ് ശ്രീചിത്രയിൽ സൗജന്യമായി നടന്നിരുന്നത്. ഓരോ വർഷവും 600 മുതൽ 700 കുട്ടികൾ ശ്രീ ചിത്രയിൽ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്ക് എത്തുന്നു എന്നാണ് കണക്ക്. ഹൃദ്യം പദ്ധതി വഴി ഇവർക്കാർക്കും ഇപ്പോൾ സൗജന്യ ചികിത്സ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ശ്രീചിത്ര. ശ്രീചിത്രയെ ഹൃദ്യത്തിൽ നിന്ന് ഒഴിവാക്കിയപോൾ കൊച്ചി അമൃത, ആസ്റ്റർ മെഡിസിറ്റി, ലിസി ആശുപത്രി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, ആസ്റ്റർ മിംസ് എന്നീ സ്വകാര്യ ആശുപത്രികളെ ഹൃദ്യത്തിൽ ഉൾപെടുത്താൻ ആരോഗ്യ വകുപ്പ് ഉത്സാഹം കാട്ടി. സർക്കാർ ഫണ്ട് ഈ സ്വകാര്യ മേഖലയിലേക്ക് ഒഴുകുകയാണിപ്പോൾ.14 കോടി രൂപയാണ് പദ്ധതിക്കായി പ്രതിവർഷം ചില വഴിക്കുന്നത്.

കുഞ്ഞ് ജനിക്കും മുൻപേ ഹൃദയപ്രശ്നങ്ങൾ ഹൃദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. അധികൃതർ രക്ഷിതാക്കള ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കും. ചികിത്സയ്ക്ക് പരിധിയില്ലാത്ത സഹായം ലഭിക്കും. 2017 ൽ പദ്ധതി ആരംഭിക്കുന്നത് വരെ 23 ശതമാനം ശിശു മരണങ്ങളും ഹൃദ്രോഗം കാരണമായിരുന്നു. സങ്കീർണ്ണമായ പ്രസവങ്ങൾ നടക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികൾക്ക് സമീപത്തെ ശ്രീചിത്രയിലേക്ക് ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ പെട്ടെന്ന് എത്തിക്കാനാകും. ഇപ്പോൾ ഹൃദ്യം പദ്ധതിയില്ലാത്തതിനാൽ പണം തടസ്സമാകുന്ന തോടെ സാധാരണക്കാരന്റെ ശ്രീചിത്രയിലുള്ള പ്രതീക്ഷ അസ്തമിക്കുകയാണ്.

പണമില്ലാത്തതിനാൽ മക്കളുടെ ചികിത്സ നടക്കില്ലെന്ന് അറിയുമ്പോൾ ശ്രീചിത്രയ്ക്ക് മുന്നിൽ പൊട്ടിക്കരയുകയാണ് മാതാപിതാക്കൾ . ശ്രീചിത്രയെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കവടിയാർ ഹരികുമാർ എന്ന പൊതുപ്രവർത്തകൻ ഇപ്പോൾ . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP