Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്തെ ആഡംബര വിവാഹം കഴിഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി അബുദാബിയിൽ എത്തിയത് വ്യവസായ പ്രമുഖന്റെ ചാർട്ട് ചെയ്ത വിമാനത്തിൽ; അണികളുടെ പ്രതിഷേധം ശക്തമായപ്പോൾ മുതിർന്ന നേതാവിനോട് ദേഷ്യപ്പെട്ട് പാണക്കാട് തങ്ങളും; പരിഹരിക്കാനായി കോൺഗ്രസ് നേതാക്കളെയും ഫോണിൽ വിളിച്ചു മലപ്പുറം എംപി; അബുദാബിയിൽ പാർട്ടി പരിപാടി നടത്താനും തിരക്കിട്ട ശ്രമങ്ങൾ നടത്തി; യുഡിഎഫിലെ 'ക്രൈസിസ് മാനേജർ' രണ്ട് ദിവസത്തിനിടെ നേരിടേണ്ടി വന്നത് ഐസ്‌ക്രീം കേസിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷ

മലപ്പുറത്തെ ആഡംബര വിവാഹം കഴിഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി അബുദാബിയിൽ എത്തിയത് വ്യവസായ പ്രമുഖന്റെ ചാർട്ട് ചെയ്ത വിമാനത്തിൽ; അണികളുടെ പ്രതിഷേധം ശക്തമായപ്പോൾ മുതിർന്ന നേതാവിനോട് ദേഷ്യപ്പെട്ട് പാണക്കാട് തങ്ങളും; പരിഹരിക്കാനായി കോൺഗ്രസ് നേതാക്കളെയും ഫോണിൽ വിളിച്ചു മലപ്പുറം എംപി; അബുദാബിയിൽ പാർട്ടി പരിപാടി നടത്താനും തിരക്കിട്ട ശ്രമങ്ങൾ നടത്തി; യുഡിഎഫിലെ 'ക്രൈസിസ് മാനേജർ' രണ്ട് ദിവസത്തിനിടെ നേരിടേണ്ടി വന്നത് ഐസ്‌ക്രീം കേസിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷ

ടി പി ഹബീബ്

കോഴിക്കോട്: മുസ്ലിം സമുദായത്തിലെ വൈകാരിക വിഷയമായ മുത്തലാഖ് വിഷയത്തിൽ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ നിന്നും മുങ്ങി സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയ മലപ്പുറം എംപി പി കെ കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വന്നത് രാഷ്ട്രീയ ജീവിതത്തിലെ കടുത്ത വെല്ലുവിളി. ഇന്നലെ രാവിലെ കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രതിഷേധ വാർത്ത മറുനാടൻ പുറത്തുവിട്ടതോടെ സൈബർലോകത്ത് അതിവേഗം തന്നെ വിവാദം കത്തിപ്പടരുകയായിരുന്നു. ഇതോടെ ചുരുങ്ങിയ സമയം കൊണ്ട് സംഭവം ലീഗ് നേതാക്കളെ കൈവിട്ടുപോയി. ഐസ്‌ക്രീം പാർലർ കേസിൽ പോലും കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്നു അണികളുടെ വികാരം. എന്നാൽ, മതം കൂടി കലർന്ന ഈ വിഷയത്തിൽ നിന്നും കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതോടെ കഥ മാറി. അണികളുട ഭാഗത്തു നിന്നും വലിയ തോതിൽ എതിർപ്പാണ് കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വന്നത്. അത് വിശദീകരണം തേടൽ നടപടികളിലേക്ക് വരെ എത്തിയതോടെ വിവാദം കത്തിപ്പടരുകയായിരുന്നു.

മലപ്പുറത്തെ വിവാഹം കഴിഞ്ഞ ശേഷം കുഞ്ഞാലിക്കുട്ടി അധികം വൈകാതെ അബുദാബിയിലേക്കാണ് മുങ്ങിയത്. അബുദാബിയിൽ എത്തിയപ്പോഴാണ് വിവാദം കത്തിപ്പടർന്ന വിഷയം അദ്ദേഹം അറിയുന്നത്. ഇതോടെ യുഡിഎഫിലെ ക്രൈസിസ് മാനേജർ കൂടിയായ അദ്ദേഹം സ്വയം രക്ഷക്കായി പലവിധത്തിൽ വഴികൾ തേടി. എങ്ങനെ വിശദീകരിക്കുമെന്ന വഴികളാണ് അദ്ദേഹം തേടുന്നത്. എന്നും തന്റെ കൂടെ നിൽക്കുന്ന പാണക്കാട് ഹൈദറലി തങ്ങൾ പ്രശ്നത്തിൽ വിശദീകരണം ചോദിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഭയപ്പാടിലാണ് അദേഹം.

പാണക്കാട് തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിച്ച വിവരം പാർട്ടി പത്രമായ ചന്ദ്രികയിലെ പ്രധാന ലേഖകൻ വഴിയാണ് കുഞ്ഞാലിക്കുട്ടി അറിഞ്ഞത്. ഇക്കാര്യം പരസ്യമാക്കാനായിരുന്നു പാണക്കാട് തങ്ങളുടെ നിലപാട്. എന്നാൽ, വിശദീകരണം തേടി കുഞ്ഞാലിക്കുട്ടി സംസാരിച്ച ശേഷമാണ് സംഭവം വാർത്തയായത്. പാണക്കാട് തങ്ങൾ വളരെ ക്ഷോഭിതനാണെന്ന വിവരം പാർട്ടി പത്രത്തിലെ ലേഖകൻ വഴി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. എന്നാൽ വിശദീകരണം ചോദിച്ച വാർത്ത പുറത്ത് വരാനായിട്ടില്ലെന്നും അബൂദാബിയിൽ വെച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷം പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ഇക്കാര്യം പാണക്കാട് ഹൈദരലി തങ്ങളെ രേഖാപരമായി അറിയിക്കുമെന്ന് പത്രക്കാരോട് മുൻകൂട്ടി പറയാനുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. അപ്പോൾ പാണക്കാട് തങ്ങളുടെ വിശദീകരണം ചോദിച്ചതിന്റെ ക്ഷീണം മാറ്റാൻ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പദ്ധതിയിട്ടു. ഞാൻ തന്നെ കാര്യങ്ങൾ തീരുമാനിക്കുകയും ഞാൻ തന്നെ പ്രശ്നങ്ങൾ തീർക്കുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കാനായിരുന്നു പദ്ധതി. ഇക്കാര്യം നന്നായി ബോധ്യപ്പെട്ട ഹൈദറലി തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

മുത്തലാഖ് ബില്ലിൽ പങ്കെടുക്കാത്തിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം കൂടുതൽ അപഹാസ്യനാകുന്ന രീതിലാണ് വന്നത്. ബില്ല് അവതരിപ്പിക്കുന്ന ഘട്ടത്തിൽ ആദ്യം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടി പത്രകുറിപ്പിൽ വിശദീകരിച്ചത്. മലപ്പുറത്തെ വ്യവസായിയുടെ വീട്ടിലിരുന്നാണോ ബഹിഷ്‌കരണമെന്നാണ് ലീഗ് നേതാക്കൾ ചോദിക്കുന്നത്. സാധാരണ പാർലിമെന്റിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തി ഒപ്പ് വച്ചാണ് ബഹിഷ്‌കരിക്കാറുള്ളത്. ഇതും തെറ്റായിട്ടാണ് കുഞ്ഞാലിക്കുട്ടി പത്രകുറിപ്പിലൂടെ വിശദീകരിച്ചത്. എന്നാൽ തന്നെ ബന്ധപ്പെട്ട ലീഗ് നേതാക്കളോട് പാർലിമെന്റ് യോഗം ബഹിഷ്‌കരിക്കാനുള്ള നീക്കം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് വളരെ രോഷത്തോടെ പാണക്കാട് തങ്ങൾ പ്രതികരിച്ചത്.

പാർട്ടി പരിപാടിക്ക് വേണ്ടിയാണ് പാർലിമെന്റ് സമ്മേളനം ഒഴിവാക്കിയതെന്ന പ്രചരണവും കുഞ്ഞാലിക്കുട്ടി നടത്തിയിരുന്നു.എന്നാൽ സംഭവം വിവാദമായ ഉടനെ കോഴിക്കോട് ചന്ദ്രിക പത്രത്തിന്റെ ഗവേണിങ് യോഗം ചേരാനുള്ള നീക്കം കുഞ്ഞാലിക്കുട്ടി നടത്തിയരുന്നു. എന്നാൽ അതിന് കെ.പി.എ.മജീദ് അടക്കമുള്ള നേതാക്കൾ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയും അല്ലാതെയുമുള്ള അക്രമത്തിൽ തങ്ങൾ കൂടി പങ്കാളികളാകേണ്ട അവസ്ഥ വരുമെന്ന തിരിച്ചറിവാണ് ഗവേണിങ് ബോർഡ് യോഗം നടത്തേണ്ടതില്ലെന്ന തീരുമാനം എടുത്തത്.പാർട്ടി പരിപാടിയെന്നത് ചന്ദ്രികയുടെ യോഗമെന്ന നിലയിൽ അവതരിപ്പിക്കാനായിരുന്നു പദ്ധതി.

അബുദാബിയിൽ എത്തിയ ഉടനെ കെ.എം.സി.സി.യുടെ യോഗം വിളിച്ചു ചേർക്കാനും കുഞ്ഞാലിക്കുട്ടി പദ്ധതിയിട്ടിട്ടുണ്ട്. ജനുവരി 12 ദുബൈയിലെത്തുന്ന രാഹുൽഗാന്ധിയുടെ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ചെറിയ ഒരു ഗ്രൂപ്പിന്റെ ആലോചന യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്ന രീതിയിൽ വിശദീകരിക്കാനും കുഞ്ഞാലിക്കുട്ടിക്ക് പദ്ധതിയുണ്ട്. എന്നാൽ ഈ ആലോചന യോഗത്തിലേക്ക് കുഞ്ഞാലിക്കുട്ടിക്ക് ക്ഷണമില്ലെന്നതാണ് ഏറെ രസാവഹം. പിടിച്ചു നിൽക്കാനുള്ള അവസാനത്തെ കച്ചിതുമ്പിനാണ് കുഞ്ഞാലിക്കുട്ടി നടനടയെ ഓടുന്നത്. രാഹുൽഗാന്ധിയുടെ പരിപാടിക്കായി നേരത്തെ തന്നെ ദുബൈയിലെത്തിയ എ.ഐ.സി.സി.സെക്രട്ടറി ഹിമാൻഷു വ്യാസുമായി ബന്ധപ്പെടാനുള്ള ശ്രമവും കുഞ്ഞാലിക്കുട്ടി നടത്തിയെന്നാണ് അറിവ്. ലീഗിന്റെ പ്രതിനിധിയായി കേരളത്തിൽ നിന്നും എത്തിയതാണെന്നും പരിപാടി വിജയിപ്പിക്കാൻ ഞാനുമുണ്ടാകുമെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആളുകൾ വഴി കോൺഗ്രസ് നേതാവിനെ അറിയിച്ചത്. ഇക്കാര്യം പാണക്കാട് തങ്ങളെ അറിയിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

കല്ല്യാണം കഴിഞ്ഞ് വ്യവസായ പ്രമുഖന്റെ ചാർട്ട് ചെയ്ത വിമാനത്തിലാണ് കുഞ്ഞാലിക്കുട്ടി അബുദാബിയിലെത്തിയത്. വ്യവസായ പ്രമുഖൻ വഴി പാണക്കാട് തങ്ങളുമായി സംസാരിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചകളിൽ എം.സി.മായൻഹാജിയും ത്യശൂരിലെ കെ.എസ്.ഹംസയും മാത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാൻ എത്തിയിട്ടുള്ളത്. മറ്റ് നേതാക്കളുമായി നിരവധി ചാനലുകാർ ബന്ധപ്പെട്ടെങ്കിലും ആരും പങ്കെടുക്കാൻ തയ്യാറായിട്ടില്ല. ചാനൽ ചർച്ചക്കാരുടെ ചോദ്യങ്ങൾ കേട്ടതോടെ കണ്ടം വഴി ഓടേണ്ട ഗതികേടിലായിരുന്നു നേതാക്കൾ. ഇതിലും നല്ലത് ചാനൽ ചർച്ചകളിൽ പങ്കെടുക്കാത്തതായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. കുഞ്ഞാലിക്കുട്ടിയെ സ്ഥാനത്തും അസ്ഥാനത്തും പിന്തുണക്കുന്ന യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സൂബൈർ,സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയവുടെ എന്നിവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾ ശൂന്യമായതും കുഞ്ഞാലിക്കുട്ടിയെ പ്രകോപിപ്പിട്ടുണ്ട്.

അബുദാബിയിലുന്ന് കൊണ്ട് ഖത്തറിലുള്ള മകന്റെ ഫോണിൽ കേരളത്തിലെ നിരവധി കോൺഗ്രസ് നേതാക്കളുമായും കുഞ്ഞാലിക്കുട്ടി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. പാർലിമെന്റ് യോഗം ബഹിഷ്‌കരിക്കാൻ വേണ്ടി തീരുമാനിച്ചിരുന്നുവെന്ന കാര്യം പാണക്കാട് തങ്ങളോട് പറയണമെന്നാണ് കോൺഗ്രസ് നേതാക്കളോട് കുഞ്ഞാലിക്കുട്ടി അഭ്യർത്ഥിച്ചത്. എന്നാൽ പല കോൺഗ്രസ് നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചതായാണ് അറിവ്.അതോട് കൂടിയാണ് താൻ രാഷ്ട്രീയപരമായി കൂടുതൽ ഒറ്റപ്പെട്ടതായി കുഞ്ഞാലിക്കുട്ടിക്ക് ഫീൽ ചെയ്ത് തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP