Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ബയോഡാറ്റയും മൂന്നു ഫോട്ടോയും ഒരു ലക്ഷവും ഉണ്ടെങ്കിൽ ഡോക്ടറെറ്റ് റെഡി! സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി കോട്ടയത്തെ കാലഘട്ടം മണി നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; ഭീമാ ഗോവിന്ദന് നൽകിയത് രണ്ടു ഡോക്ടറേറ്റുകൾ; ചക്കുളത്ത്കാവ് രാധാകൃഷ്ണനും ആറ്റുകാൽ രാധാകൃഷ്ണനും തുടങ്ങി ഹസ്തരേഖാ വിദഗ്ദ്ധർ വരെ മുന്നിൽ തൂക്കുന്നത് താൻ നൽകിയ ഡോക്ടറേറ്റ്; ഒരു ലക്ഷം നൽകിയാൽ ഡോക്ടറേറ്റ് റെഡിയെന്ന് മണി മറുനാടനോട്; പ്രാഞ്ചിയേട്ടന്മാർ പൊങ്ങച്ചം നടിക്കാൻ വ്യാജ ഡോക്ടറേറ്റുകൾ സംഘടിപ്പിക്കുന്ന കഥ

ബയോഡാറ്റയും മൂന്നു ഫോട്ടോയും ഒരു ലക്ഷവും ഉണ്ടെങ്കിൽ ഡോക്ടറെറ്റ് റെഡി! സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി കോട്ടയത്തെ കാലഘട്ടം മണി നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; ഭീമാ ഗോവിന്ദന് നൽകിയത് രണ്ടു ഡോക്ടറേറ്റുകൾ; ചക്കുളത്ത്കാവ് രാധാകൃഷ്ണനും ആറ്റുകാൽ രാധാകൃഷ്ണനും തുടങ്ങി ഹസ്തരേഖാ വിദഗ്ദ്ധർ വരെ മുന്നിൽ തൂക്കുന്നത് താൻ നൽകിയ ഡോക്ടറേറ്റ്; ഒരു ലക്ഷം നൽകിയാൽ ഡോക്ടറേറ്റ് റെഡിയെന്ന് മണി മറുനാടനോട്; പ്രാഞ്ചിയേട്ടന്മാർ പൊങ്ങച്ചം നടിക്കാൻ വ്യാജ ഡോക്ടറേറ്റുകൾ സംഘടിപ്പിക്കുന്ന കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ഒന്നോ രണ്ടോ ലക്ഷം രൂപ മുടക്കിയാൽ ഡോക്ടറെറ്റ് നൽകുന്ന തട്ടിപ്പ് സംഘങ്ങൾ കേരളത്തിൽ സജീവം. വലിയ ഒരു റാക്കറ്റ് തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുമുണ്ട്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക-വ്യവസായ രംഗത്ത് വിലസുന്ന പല പ്രമുഖരുടെയും പേരുകളുടെ മുന്നിലും പിന്നിലും തൂങ്ങുന്ന ഡോക്ടറെറ്റുകളിൽ പലതും വ്യാജമാണെന്ന ഞെട്ടിക്കുന്ന സ്റ്റിങ് ഓപ്പറേഷൻ വിവരമാണ് മറുനാടൻ പുറത്ത് വിടുന്നത്. അറിയപ്പെടുന്ന പലരുടെയും ഡോക്ടറെറ്റുകൾ കാണുമ്പോൾ അറിയാതെ വാ പൊളിച്ച് നിൽക്കേണ്ടതില്ല എന്ന് തന്നെയാണ് സ്റ്റിങ് ഓപ്പറേഷനിൽ വെളിപ്പെടുന്നത്. പല പ്രമുഖർക്ക് ലഭിച്ച ഡോക്ടറെറ്റുകളിൽ മിക്കതും ഒന്നും രണ്ടും ലക്ഷം രൂപ കൊടുത്ത് വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നും വാങ്ങിക്കുന്ന വ്യാജ ഡോക്ടറെറ്റുകൾ ആണ്. പണം ഉള്ളവർക്ക് പേരുകൾക്ക് മുൻപിൽ അലങ്കാരമെന്നോണം തൂക്കാനുള്ള ഡോക്ടറെറ്റുകൾ വാങ്ങി നൽകാൻ കേരളമങ്ങോളമിങ്ങോളം ഏജന്റുമാരുമുണ്ട്. ഈ എജന്റുമാരിൽ പ്രമുഖനായ ഒരാളാണ് സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിടുന്നത്.

ഭീമാ ജുവല്ലറിയുടെ ഉടമയും ശ്രീകണ്ഠൻനായരുടെ 24 കേരള ചാനൽ അടങ്ങുന്ന ഇൻസൈറ്റ് മീഡിയയുടെ ഡയറക്ടർ ആയ ബി.ഗോവിന്ദന്റെ ഡോക്ടറെറ്റ് ഉൾപ്പെടെയുള്ളവ വ്യാജമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ചക്കുളത്ത്കാവ് ഭഗവതിക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ഹസ്തരേഖാ വിദഗ്ദൻ ഡോ.ജയനാരായണൻ, പ്രമുഖ ജ്യോത്സ്യൻ ഗോവിന്ദൻ നമ്പൂതിരി, ആറ്റുകാൽ രാധാകൃഷ്ണൻ, അന്തരിച്ച എൻസിപി നേതാവ് ജിമ്മി ജോർജ് തുടങ്ങി പല പ്രമുഖരുടെയും പേരിനു പിന്നിൽ തൂങ്ങുന്ന ഡോക്ടറെറ്റുകൾ താൻ സംഘടിപ്പിച്ച് നൽകിയതാണെന്നാണ് കാലഘട്ടം മണി സ്റ്റിങ് ഓപ്പറേഷനിൽ വെളിപ്പെടുത്തുന്നത്. എല്ലാവരും ഓരോ ലക്ഷം നൽകി ഡോക്ടറെറ്റ് ഏറ്റുവാങ്ങിയവരാണ് എന്നാണ് സ്റ്റിങ് ഓപ്പറേഷനിൽ വെളിപ്പെടുന്നത്.

നിങ്ങൾ പണം തരൂ ഞാൻ ഡോക്‌ററെറ്റ് എടുത്ത് നൽകാം എന്നാണ് സ്റ്റിങ് ഓപ്പറേഷനിൽ പ്രത്യക്ഷപ്പെട്ടു കാലഘട്ടം മണി എന്ന കോട്ടയം മണി വെളിപ്പെടുത്തുന്നത്. കോട്ടയത്ത് കാലഘട്ടം എന്ന പേരിൽ ചെറുകിട പത്രം നടത്തുന്ന വ്യക്തിയാണ് മണി. സാർ പദവി വരെ കേരളത്തിലുള്ളവർക്ക് എടുത്ത് നൽകിയിട്ടുണ്ട്. പിന്നയല്ലേ ഡോക്ടറെറ്റ്. ശ്രീലങ്കയിലെ കൊളമ്പോ യൂണിവേഴ്‌സിറ്റിയുടെ ഏജന്റാണ് എന്നാണ് മറുനാടനുമായി നടത്തിയ ഫോൺ സംഭാഷണത്തിലും കാലഘട്ടം മണി പറയുന്നത്. വിവരാവകാശപ്രവർത്തകരും മാധ്യമ പ്രവർത്തകരും കൂട്ടായി നടത്തിയ സ്റ്റിങ് ഓപ്പറേഷൻ വഴിയാണ് ഈ വിവരങ്ങൾ മറുനാടന് ചോർന്നു കിട്ടിയത്. അതിനു ശേഷം മണിയുമായി ഫോണിൽ ബന്ധപ്പെട്ടു ഈ വിവരങ്ങൾ മറുനാടൻ ഒന്നുകൂടി സ്ഥിരീകരിച്ചു. നാൽപതിനായിരം രൂപ തിസീസ് എഴുതി നൽകുന്ന ആളുകൾക്ക് വേണം. അൻപതിനായിരം രൂപ ഡോക്ടറെറ്റിനു ചെലവാകും. ഒരു ബയോഡാറ്റയും മൂന്നു ഫോട്ടോയും. എല്ലാം കൂടി ഒരു ലക്ഷം രൂപ നൽകിയാൽ മതി-മണി പറയുന്നു.

ഒരാൾക്ക് ഡോക്ടറെറ്റ് എടുത്തു നൽകണം എന്ന രീതിയിൽ മണിയോട് ബന്ധപ്പെട്ടപ്പോഴാണ് ഒരു ലക്ഷം രൂപ നൽകിയാൽ ഡോക്ടറെറ്റ് ഈസിയായി നൽകാം എന്ന് മണി പറയുന്നത്. വിവരങ്ങൾ തിരക്കിയപ്പോൾ വീഡിയോയിൽ പറയുന്ന പ്രമുഖരുടെ പേര് തന്നെയാണ് ഫോൺ സംഭാഷണത്തിലും മണി വെളിപ്പെടുത്തുന്നത്. കോട്ടയത്തെ ചെറുകിട മാധ്യമ പ്രവർത്തകനായ കാലഘട്ടം മണിയാണ് സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി ഞെട്ടിക്കുന്ന വിവരങ്ങൾ പലതും പുറത്ത് വിടുന്നത്. ശ്രീലങ്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് താൻ നൽകിയ ഡോക്ടറെറ്റു ഏറ്റുവാങ്ങിയ പ്രമുഖരിൽ ഭീമാ ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ഉണ്ട്. നാലുവർഷം മുൻപാണ് ഗോവിന്ദന് ഡോക്ടറെറ്റ് എടുത്ത് നൽകുന്നത്. ഡബിൾ ഡോക്ടറെറ്റ് ആണ് ഗോവിന്ദന് നൽകിയത്. ജിമോളജിയിൽ കൂടി ഡോക്ടറെറ്റ് വേണമെന്ന് പറഞ്ഞപ്പോഴാണ് ആവശ്യപ്പെട്ട രണ്ടു വിഷയങ്ങളിൽ ഗോവിന്ദന് ഡോക്ടറെറ്റ് നൽകുന്നത്.

സ്റ്റിങ് ഓപ്പറേഷനിൽ മണിയുടെ വെളിപ്പെടുത്തൽ:

ചോദ്യം: ഡോക്ടറെറ്റിനു എത്രയാണ് തുക?

ഉത്തരം: ഒന്നും തുക പറഞ്ഞില്ല. മുടക്ക് വരുന്നത് ഒരു ലക്ഷം മാത്രം;

ചോദ്യം: ആർക്കൊക്കെ ഡോക്ടറെറ്റ് നൽകി? പൈസ ഞങ്ങൾക്ക് നൽകേണ്ടതുണ്ട്?

ഉത്തരം: നൽകിയിരിക്കുന്നത് സർ പദവി വരെയാണ്.

ചോദ്യം: സർ പദവി ആർക്കാണ് നൽകിയിരിക്കുന്നത്?

ഉത്തരം: കാഞ്ഞിരപ്പള്ളിക്കാരനാണ്.

ചോദ്യം: ചക്കുളത്ത് കാവിലെ ആർക്കാണ് ഡോക്ടറേറ്റ് നൽകിയത്?

ഉത്തരം: ചക്കുളത്ത് കാവിലെ രാധാകൃഷ്ണനാണ് ഡോക്ടറെറ്റ് നൽകിയത്.

ചോദ്യം: എത്രപേർക്ക് ഡോക്ടറെറ്റ് നൽകിയിട്ടുണ്ട്?

ഉത്തരം: ഡോ.ജയനാരായണൻ, എം.എസ്.നമ്പൂതിരി, ഡോക്ടർ എസ്.രാധാകൃഷ്ണൻ, ഗോവിന്ദൻ നമ്പൂതിരി, ബി.ഗോവിന്ദൻ, ജ്യോതിഷി ആറ്റുകാൽ രാധാകൃഷ്ണൻ, പൂവൻ തുരുത്തിലെ രണ്ടു പേർക്ക് ഡോക്ടറെറ്റ് നൽകി. പി.സി.ജോസഫ്, അന്തരിച്ച എൻസിപി നേതാവ് ജിമ്മി ജോർജ്,

ചക്കുളത്ത്കാവ് തന്ത്രിയാണ് രാധാകൃഷ്ണൻ. എം.എസ്.നമ്പൂതിരി പ്രമുഖ ജ്യോത്സ്യനാണ്. ജയനാരായണൻ ഹസ്തരേഖാ വിദഗ്ദനാണ്. പ്രമുഖ ജ്യോത്സ്യനാണ് ഗോവിന്ദൻ നമ്പൂതിരി, ആറ്റുകാൽ രാധാകൃഷ്ണൻ മറ്റൊരു പ്രമുഖ ജ്യോത്സ്യനാണ്. അന്തരിച്ച ജിമ്മി ജോർജ് പ്രമുഖ എൻസിപി നേതാവായിരുന്നു. വീഡിയോയിൽ പറയുന്ന ഈ വിവരങ്ങൾ തന്നെയാണ് പ്രമുഖനായ ഒരാൾക്ക് ഡോക്ടറെറ്റ് നൽകണം എന്ന് പറഞ്ഞപ്പോൾ മണി മറുനാടനോടും പറഞ്ഞത്. നേരിൽ കാണുക. അപ്പോൾ വിശ്വാസ്യത വരും. ബയോഡാറ്റയും പണവുമായി നേരിൽ വരുക. പണം നൽകിയാൽ കൊളംബോയിൽ പോയി വേണമെങ്കിൽ വാങ്ങാം. അല്ലെങ്കിൽ ഡോക്ടറേറ്റ് തേടി വരും. എന്നാണ് മണി പറയുന്നത്.

ചക്കുളത്ത്കാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി. ചക്കുളത്ത് കാവ് ക്ഷേത്രത്തിലെ പ്രമുഖ സ്ഥാനം വഹിക്കുന്നതിനാൽ രാധാകൃഷ്ണൻ നമ്പൂതിരി പ്രശസ്തനാണ്. സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രമുഖ സാന്നിധ്യവുമാണ്. കാലഘട്ടം മണി പണം വാങ്ങി ഡോക്ടറെറ്റ് എടുത്ത് നൽകിയതോടെയാണ് ഡോക്ടർ രാധാകൃഷ്ണൻ നമ്പൂതിരിയായി അദ്ദേഹം മാറിയത്. ചക്കുളത്ത് കാവിലെ നാരീ പൂജയ്ക്ക് പ്രമുഖ വനിതകളെ അണിനിരത്തിയതോടെയാണ് രാധകൃഷ്ണൻ കൂടുതൽ പ്രസിദ്ധനായത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ വന്ദനാ ശിവ വരെ ഈ നാരീപൂജയിൽ പങ്കെടുത്തിട്ടുണ്ട്. പിന്നണി ഗായിക കെ എസ് ചിത്ര, ചലച്ചിത്രനടിമാരായ മഞ്ജു വാര്യർ, പാർവതി, രജനീകാന്തിന്റെ ഭാര്യ ലത എന്നിവരും രാധാകൃഷ്ണൻ നടത്തുനൻ നാരീ പൂജയിൽ പങ്കെടുത്തവരാണ്.

മണി ഡോക്ടറേറ്റ് എടുത്ത് നൽകിയതിൽ ജയനാരായണൻ ഹസ്തരേഖാ വിദഗ്ദനാണ്. ഡോക്ടറേറ്റ് ലഭിച്ചതോടെ ഡോക്ടർ ജയനാരായണനായി. ജ്യോതിഷവും ആയുർവേദവും കൂട്ടിയിണക്കി മെഡിക്കൽ പാമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ജയനാരായൺജി. ഈ ഡോക്ടറെറ്റ് ആണ് താൻ എടുത്ത് നൽകിയത് എന്ന് മണി പറയുന്നത്. രണ്ടു ലക്ഷത്തിൽ പരം വ്യക്തികളുടെ ഭാവി പ്രവചനം നടത്തി എന്ന് അവകാശപ്പെടുകയും വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ധാരാളം ആരാധകരെ സൃഷ്ടിച്ച ആൾ കൂടിയാണ് ജയനാരായണൻ. പക്ഷെ ഡോക്ടറെറ്റ് മണി എടുത്ത് നൽകിയതാണ് എന്ന വ്യത്യാസം മാത്രം. ഒരു വ്യക്തിയുടെ ഭാവി പ്രവചന രീതിയിൽ ഏറ്റവും ലഘുവായ മർഗ്ഗമാണ് രേഖാശാസ്ത്രം. നിങ്ങൾ എന്തായി തീരും? നിങ്ങളുടെ ഭാഗ്യ നിർഭാഗ്യ അവസ്ഥകൾ , ഏത് മേഖലയിലയിരിക്കും നിങ്ങൾ ശോഭിക്കുക ,നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗങ്ങൾ എന്തെല്ലാം ഇവയെ കുറിച്ച വ്യക്തമായി കൈ തലത്തിൽ എഴുതപ്പെട്ടിരിക്കുന്ന ശാസ്ത്രമാണ് രേഖാശാസ്ത്രം. ഈ ശാസ്ത്രമാണ് വിഷയത്തിൽ ഡോക്ടറെറ്റ് എടുത്ത രീതിയിൽ ജയനാരായണൻ വിശദീകരിക്കാറുള്ളത്.

അന്തരിച്ച ജിമ്മി ജോർജ് കേരള രാഷ്ട്രീയത്തിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. ശരദ് പവാറുമായി നിലനിന്ന അടുത്ത ബന്ധമാണ് കേരളത്തിൽ എൻസിപിയിൽ ശക്തമായ വേരോട്ടം ജിമ്മിക്ക് ലഭിക്കാൻ കാരണമായത്. അകാലത്തിൽ വിടപറഞ്ഞു പോയ പ്രഗത്ഭ നേതാവാണ് ജിമ്മി. ഹൃദയശസ്ത്രക്രിയയ്ക്ക് പ്രശസ്തമായ ബംഗളൂരെ നാരായണയിൽ ഹൃദയ ശാസ്ത്രക്രിയക്ക് വിധേയനാകുന്നതിന്നിടയിലാണ് ജിമ്മിയുടെ മരണം. പലരെയും നടക്കിയ മരണം കൂടിയായിരുന്നു ജിമ്മിയുടെത്. ജിമ്മിയുടെ ഡോക്ടറെറ്റ് താൻ എടുത്ത് നൽകിയത് എന്നാണ് മണി പറയുന്നത്. പ്രമുഖ ജ്യോത്സ്യൻ എം.എസ്.നമ്പൂതിരി, കുമാര ശർമ്മ, ഡോക്ടർ എസ്.രാധാകൃഷ്ണൻ എല്ലാം ഡോക്ടറെറ്റ് എടുത്ത് നൽകിയ ലിസ്റ്റിൽ ഉൾപ്പെടുന്നു.

 

ആറ്റുകാൽ രാധാകൃഷ്ണനും കേരളത്തിലെ പ്രമുഖ ജ്യോതിഷിമാരുടെ പട്ടികയിൽപ്പെട്ടതാണ്. ഏഷ്യാനെറ്റ് ചാനലിലും പത്ര പംക്തികളും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം കൂടിയാണ് ആറ്റുകാൽ രാധാകൃഷണന്റെത്. ഈ രാധാകൃഷ്ണന്റെതും ഡോക്ടറെറ്റ് തന്റെ വകയാണ് എന്നാണ് മണി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP