Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓണക്കാലത്തും ക്രിസ്മസിനുമെല്ലാം വമ്പൻ ഓഫറുകൾ നൽകി മലയാളി വാങ്ങിക്കൂട്ടുന്നതിൽ ഏറെയും നിസാര വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾ; ഓഫറുകൾ വാരിക്കോരി നൽകുന്നത് എംആർപി വില ഇരട്ടിയിലധികം കൂട്ടിയശേഷം; കൊള്ളയടിക്കെതിരെ ചെറുവിരൽ അനക്കാതെ ജില്ലകൾ കേന്ദ്രീകരിച്ചുള്ള വിലനിയന്ത്രണ കമ്മിറ്റികളും ഉപഭോക്തൃ സംഘടനകളും; ലക്ഷക്കണക്കിന് രൂപയുടെ പരസ്യങ്ങൾ നൽകി മാധ്യമങ്ങളുടെ വായ അടപ്പിച്ച് തട്ടിപ്പ്

ഓണക്കാലത്തും ക്രിസ്മസിനുമെല്ലാം വമ്പൻ ഓഫറുകൾ നൽകി മലയാളി വാങ്ങിക്കൂട്ടുന്നതിൽ ഏറെയും നിസാര വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾ; ഓഫറുകൾ വാരിക്കോരി നൽകുന്നത് എംആർപി വില ഇരട്ടിയിലധികം കൂട്ടിയശേഷം; കൊള്ളയടിക്കെതിരെ ചെറുവിരൽ അനക്കാതെ ജില്ലകൾ കേന്ദ്രീകരിച്ചുള്ള വിലനിയന്ത്രണ കമ്മിറ്റികളും ഉപഭോക്തൃ സംഘടനകളും; ലക്ഷക്കണക്കിന് രൂപയുടെ പരസ്യങ്ങൾ നൽകി മാധ്യമങ്ങളുടെ വായ അടപ്പിച്ച് തട്ടിപ്പ്

ആവണി ഗോപാൽ

തിരുവനന്തപുരം: ഓണക്കാലത്തും ക്രിസ്മസ് കാലത്തുമെല്ലാം വമ്പൻ ഓഫറുകൾ നൽകി പ്രമുഖ ഗൃഹോപകരണ കമ്പനികൾ മലയാളികളിൽനിന്ന് തട്ടിയെടുത്തത് കോടികൾ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അടുക്കള ഉപകരണങ്ങളുടെയും മറ്റും എംആർപി വില ഇരട്ടിയലധികമായി കാണിച്ചാണ് ഓഫറെന്ന വ്യാജേന ചില സൂപ്പർമാർക്കറ്റുകളുടെ ഒത്താശയോടെ ഉപഭോക്താക്കളെ കൊള്ളയടിച്ചത്.

ലക്ഷക്കണക്കിന് രൂപയുടെ പരസ്യങ്ങൾ നൽകി പ്രമുഖ മാധ്യമങ്ങളുടെ വായ അടപ്പിച്ച് കമ്പനകൾ ഓരോ ഉത്സവ സീസണുകളിലും കൊള്ളയടി തുടരുന്നു. ജില്ലകൾ കേന്ദ്രീകരിച്ചുള്ള വിലനിയന്ത്രണ കമ്മിറ്റികളും ഉപഭോക്തൃ സംഘടനകളും ഈ കൊള്ളയടിക്കെതിരെ ചെറുവിരൽ അനക്കാൻ പോലും തയാറാവുന്നില്ല. പത്തുവർഷം കൂടുമ്പോൾ ബ്രാൻഡ് നെയിം മാറ്റുന്ന മഞ്ചേരി കേന്ദ്രീകരിച്ച കമ്പനിയാണ് തട്ടിപ്പിൽ മുന്നിൽ നിൽക്കുന്നത്. നിസാര വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉത്പന്നങ്ങളാണ് ഈ കമ്പനി തദ്ദേശ ഉപകരണങ്ങളെന്ന വ്യാജേന വിറ്റഴിച്ച് മലയാളികളെ കബളിപ്പിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

അടുക്കള പാത്രങ്ങൾ, എസി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, ഗ്യാസ് സ്റ്റൗ, എമർജൻസി ലൈറ്റ്, ടിവി, അയൺബോക്സ്, തവ, റൊട്ടി മേക്കർ, പ്രഷർ കുക്കർ, മ്യൂസിക് സിസ്റ്റം, ഡിവിഡി പ്ലെയർ, ഹോം തിയറ്റർ, എയർകൂളർ, ആധുനിക ടോർച്ച്, ഫാനുകൾ, വാക്വം ക്‌ളീനർ, ഈസി മോപ്, ഇലക്ട്രോണിക് ഷേവർ, ഹെയർ സ്ട്രെയ്റ്റനർ, പെയിൻ റിലീവർ, ഹെയർ ഡ്രയർ, മിക്സി, ഇൻഡക്ഷൻ കുക്കർ, ഇൻഫ്രാറെഡ് കുക്ക്ടോപ്, ആധുനിക ചിമ്മനി, സോസ്പാൻ, ഇലക്ട്രിക് കെറ്റിൽ, ജഗ് ഫ്ളാസ്‌ക്, ക്രോക്കറി തുടങ്ങി നൂറുകണക്കിന് ഗൃഹോപകരണങ്ങൾ മഞ്ചേരിയിലെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എല്ലാത്തിനും ഇരട്ടിയിലധികമാണ് വില പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൊത്തവിതരണക്കാരനിൽ നിന്ന് ലഭിച്ച പ്രൈസ് ലിസ്റ്റ് പരിശോധിച്ചാൽ തട്ടിപ്പ് വ്യക്തമാകും. എംആർപിയുടെ നേർപകുതിയിൽ താഴെ വിലയാണ് മിക്ക ഉത്പന്നങ്ങൾക്കും മൊത്ത വിതരണക്കാരൻ രേഖപ്പെടുത്തിതന്നത്.

ലാഭമടക്കം 875 രൂപയ്ക്ക് വിൽക്കാവുന്ന എമർജൻസി ലാംബിന് 1150 രൂപയാണ് മഞ്ചേരി കമ്പനി വിലയായി ചേർത്തിരിക്കുന്നത്. എൽഇഡി ലാംബിന് 895 രൂപയാണ് യാഥാർഥ വില. എന്നാൽ എംആർപിയാകട്ടെ 1175 രൂപയ്ക്കും. 405 രൂപയുടെ അയൺ ബോക്‌സിന് 900 രൂപയും 710 രൂപയുടെ കിച്ചൺ സെറ്റിന് 1420 രൂപയും വില പ്രിന്റ് ചെയ്തിട്ടുണ്ട്. കഡായിപാനിന് 1250 രൂപ ഈടാക്കുമ്പോൾ യഥാർഥവില 775 രൂപയാണ്. അലൂമിനിയം പ്രഷർ കുക്കറിന് യഥാർഥ വിലയേക്കാൾ ഇരട്ടിയിലധികം വില ഈടാക്കുന്നു. 1990 രൂപ പ്രിന്റു ചെയ്ത കോംബോ പ്രഷർകുക്കർ സെറ്റിന് 995 രൂപയാണ് യഥാർഥ വില.

രണ്ട് തവയടങ്ങുന്ന കോംബോ പായ്ക്കിൽ 1420 രൂപ വില പ്രിന്റു ചെയ്തിട്ടുണ്ടെങ്കിലും ലാഭമടക്കം710 രൂപയ്ക്ക് വിൽക്കാമെന്ന് മൊത്തവിതരണക്കാരന്റെ പ്രൈസ് ലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. 400 രൂപ വിലയുള്ള ചെറിയ മൾട്ടിമീഡിയ സ്പീക്കർ സിസ്റ്റത്തിന് 499 രൂപയാണ് എംആർപി. ആയിരം വാട്ടിന്റെ അയേൺബോക്സിന് 2699 രൂപയാണ് എംആർപി. എന്നാലിത് 890 രൂപയ്ക്ക് വിൽക്കാമെന്ന് പ്രൈസ് ലിസ്റ്റിൽ വ്യക്തമാക്കുന്നു. മൂന്നെണ്ണമടങ്ങുന്ന നോൺസ്റ്റിക് കുക്ക് വെയറിന് 2550 രൂപയാണ് എംആർപിയെങ്കിൽ ഇവ വെറും 960 രൂപയ്ക്ക് കിട്ടുന്നതാണ്.

ഇത്തരത്തിൽ ഓഫറുകളുടെ പേരിൽ ഗൃഹോപകരണ കമ്പനികൾ ഓരോ സീസണിലും തട്ടിയെടുക്കുന്നത് കോടികളാണ്. ഇരട്ടിയിലധികം എംആർപി (പരമാവധി ചില്ലറ വില) കൂട്ടിയിട്ടാണ് തട്ടിപ്പ്. ഓഫറുകളുടെ പെരുമഴ നൽകി ഉൽപന്നങ്ങൾക്ക് വില കൂട്ടിയിട്ടശേഷം പ്രത്യേകം ഡിസ്‌കൗണ്ട് നൽകി വഞ്ചിക്കുന്ന ബ്രാൻഡുകളുടെ എണ്ണം സംസ്ഥാനത്ത് പെരുകുകയാണ്. ഒറ്റദിവസത്തെ മേള മുതൽ എസി ഷോറൂമുകളിൽ വരെ വലിയ തോതിൽ തട്ടിപ്പ് അരങ്ങുതകർക്കുന്നു. ഉൽസവ സീസണുകളിൽ ഗൃഹോപകരണങ്ങൾ വാങ്ങാനുള്ള മലയാളികളുടെ താൽപര്യമാണ് ഇത്തരം കമ്പനികൾ മുതലെടുക്കുന്നത്. എംആർപി റേറ്റ് ഇരട്ടിയിലധികം കൂട്ടിയിട്ടും പഴയവില മായ്ച്ചും ഉപയോക്താക്കളെ കൊള്ളയടിക്കുകയാണ് ചില കമ്പനികൾ. എതാനും വർഷം കൂടുമ്പോൾ ബ്രാൻഡുകളുടെ പേരു മാറുന്നതിനാൽ ഉപഭോക്താക്കൾക്ക് നിയമനടപടി സ്വീകരിക്കുവാനും കഴിയുന്നില്ല.

മഞ്ചേരിയിലെ കമ്പനിക്കെതിരേയാണ് ഉപഭോക്താക്കൾക്കിടയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നത്. കുറച്ചുകാലം മുൻപ് വരെ മറ്റൊരു പേരിലാണ് ഇവർ വിപണിയിൽ എത്തിയത്. മാർജിൻ വിലകൂട്ടിയശേഷം പ്രത്യേക ഡിസ്‌കൗണ്ട് നൽകുകയാണ് പതിവ്. ഇതിനായി ലക്ഷങ്ങൾ മുടക്കി പ്രചരണവും നടത്തും. ജിഎസ്ടി വന്നാൽ സാധനങ്ങൾക്ക് വില കൂടുമെന്ന അറിയിപ്പുമായി ഗൃഹോപകരണ കമ്പനികൾ വൻ ഓഫറുകളുമായി ഓണ സീസണിൽ രംഗത്തെത്തിയിരുന്നു.

പരസ്യ ഇനത്തിൽചെലവാകുന്ന കോടികൾ എംആർപി വിലയിലൂടെ ഉപഭോക്താക്കളിൽ നിന്ന് പിഴിഞ്ഞെടുക്കുന്നു. കമ്പനികളുടെ ഇത്തരം തട്ടിപ്പുകൾക്ക് സർക്കാരും കൂട്ടുനിൽക്കുന്നു. യഥാർഥവില മാത്രമെ എംആർപിയായി രേഖപ്പെടുത്താവുവെന്ന് ഉപഭോക്ത നിയമത്തിലുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ല. അധികമായി ഈടാക്കുന്ന വിലയുടെ ജിഎസ്ടി ഉപഭോക്താവിൽനിന്ന് കൃത്യമായി പിരിച്ചെടുക്കുന്നുണ്ടെങ്കിലും, യഥാർഥ വിലയുടെ നികുതി മാത്രമെ ഇവർ സർക്കാരിൽ അടയ്ക്കുന്നുള്ളൂ. ഈയിനത്തിലും ലക്ഷങ്ങൾ കൊയ്യുകയാണ് കമ്പനികൾ. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനു സമീപത്തെ സൂപ്പർമാർക്കറ്റിൽ ഒറ്റദിവസത്തെ മേള എന്ന പേരിൽ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ഓഫറിലൂടെ ആകർഷിച്ചുള്ള തട്ടിപ്പുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP