Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ സ്ഥലം ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ റിയൽ എസ്റ്റേറ്റ് ലോബി; 480 ഏക്കറിൽ സ്വകാര്യ ടൗൺഷിപ്പുണ്ടാക്കാൻ നീക്കം; സ്വത്തുവിവരം തിട്ടപ്പെടുത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത് ഗൂഢോദ്ദേശ്യത്തോടെ; ന്യൂസ് പ്രിന്റിനു വിലകുറഞ്ഞതോടെ ഫാക്ടറി നഷ്ടത്തിലെന്ന് വരുത്താൻ ശ്രമം

വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ സ്ഥലം ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ റിയൽ എസ്റ്റേറ്റ് ലോബി;  480 ഏക്കറിൽ സ്വകാര്യ ടൗൺഷിപ്പുണ്ടാക്കാൻ നീക്കം; സ്വത്തുവിവരം തിട്ടപ്പെടുത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത് ഗൂഢോദ്ദേശ്യത്തോടെ; ന്യൂസ് പ്രിന്റിനു വിലകുറഞ്ഞതോടെ ഫാക്ടറി നഷ്ടത്തിലെന്ന് വരുത്താൻ ശ്രമം

കോട്ടയം: കേന്ദ്ര പൊതുമേഖലാ സ്ഥാപനം ചുളുവിലയ്ക്ക് കൈക്കലാക്കാൻ ഉത്തരേന്ത്യയിലെ റിയൽ എസ്റ്റേറ്റ് ലോബി രംഗത്ത്. കേരളത്തിലെ ഏക പത്രക്കടലാസ് നിർമ്മാണ ശാലയായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ സർക്കാർ വക 650 ഏക്കർ സ്ഥലം റിയൽ എസ്റ്റേറ്റ് ലോബിയുടെ കൈയിലമരുമോ എന്ന ആശങ്ക ഉയർന്നു.  

കോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള ഫാക്ടറിയുടെ സ്വത്ത് വിവരം തിട്ടപ്പെടുത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതോടെയാണ് ഫാക്ടറി ഓഹരി വിറ്റഴിക്കുമെന്ന ആശങ്ക ബലപ്പെട്ടത്.  നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഫാക്ടറി വാജ്പേയ് സർക്കാരിന്റെ കാലത്ത് വിറ്റഴിക്കാൻ തീരുമാനിച്ചുവെങ്കിലും ഭരണമാറ്റം വന്നതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. അന്ന് കേരളത്തിലെ ഒരു പ്രശസ്ത പത്രസ്ഥാപനവും ചെന്നൈ ആസ്ഥാനമായ ഗ്രൂപ്പുമാണ് ഈ കേന്ദ്രപൊതുമേഖലാസ്ഥാപനത്തിന്റെ ഓഹരി കൈക്കലാക്കാൻ മത്സരിച്ചത്. എന്നാൽ ഇത്തവണ ഈ രണ്ടു ഗ്രൂപ്പുകളും അത്ര താൽപര്യം കാട്ടുന്നില്ല.  ഇറക്കുമതി ചെയ്യുന്ന പത്രക്കടലാസിന് വിലകുറവാണെന്നതും അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവുമാണ് ഇവരെ പിന്നോട്ടുവലിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിയൽ എസ്റ്റേറ്റ് ലോബി ഇവിടെ പിടിമുറുക്കുന്നത്.

കമ്പനിയിലെ യന്ത്രസാമഗ്രികൾ മൂന്നു പതിറ്റാണ്ടു പഴക്കമുള്ളതാണെന്നും അതിനാൽ പത്രക്കടലാസ് അച്ചടി ഈ ഫാക്ടറിയിലൂടെ നടക്കുകയില്ലെന്നുമാണ് റിയൽ എസ്റ്റേറ്റ് ലോബി പ്രചരിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രമുഖ ബിൽഡിങ് കമ്പനിയാണ് പ്രദേശം ലക്ഷ്യം വച്ചിരിക്കുന്നത്. കമ്പനിയുടെ ഓഹരി വിറ്റഴിക്കുമ്പോൾ ഫാക്ടറിയുടെ വില ഇടിച്ചു താഴ്‌ത്തുന്നതിനാണ് ഈ പ്രചരണം. അതുവഴി വളരെ കുറഞ്ഞ വിലയ്ക്ക് കണ്ണായ സ്ഥലം സ്വന്തമാക്കാമെന്നും കണക്കുകൂട്ടുന്നു.

എറണാകുളത്തിന്റെ വികസന സാധ്യത പ്രയോജനപ്പെടുത്തി ഇവിടെ ഫ്ളാറ്റുകളും വില്ലകളും അനുബന്ധ സൗകര്യങ്ങളും, വാട്ടർ തീം പാർക്കും ഉള്ള ഒരു വൻ സംരംഭം- ടൗൺഷിപ്പാണ്- ഈ റിയൽ എസ്റ്റേറ്റ് ലോബി ലക്ഷ്യമിടുന്നത്. നിലവിലുള്ള 650 ഏക്കറിൽ ഫാക്ടറി 70 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമേ സ്റ്റാഫ് ക്വാർട്ടേഴ്സായി 100 ഏക്കറും. ശേഷിക്കുന്ന 480 ഓളം ഏക്കറിലാണ് ഫാക്ടറി വാങ്ങാനെത്തുന്നവരുടെ കണ്ണ്. ഇത് തരിശുഭൂമിയാണ്. മൂവാറ്റുപുഴയാറിന് സമീപത്തായതിനാൽ ജലസമൃദ്ധം.  ഫാക്ടറി വളപ്പിന്റെ അതിര് അവസാനിക്കുന്നത് റെയിൽവേ സ്റ്റേഷനിലാണ്. ഇവിടെ എല്ലാ പ്രധാന ട്രെയിനുകൾക്കും സ്റ്റോപ്പും ഉണ്ട്. വെള്ളൂർ കേന്ദ്രീകരിച്ച് ഒരു  സ്വകാര്യ ടൗൺഷിപ്പ് വിഭാവനം ചെയ്യാനുള്ള പ്രധാന ആകർഷണവും ഇതാണ്.

ഫാക്ടറിയുടെ ആസ്തി കണക്കെടുക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതോടെ കേരളത്തിലെ രാഷ്ട്രീയ സംഘടനകൾ കക്ഷിഭേദമന്യേ സമരത്തിലാണ്. കേരളത്തിലെ ഈ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കണമെന്നാണ് ആവശ്യം. ഇതിനായി സംയുക്ത സമരസമിതി തന്നെ രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. ഫാക്ടറി സ്വകാര്യവൽക്കരി്ച്ചാൽ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടത് റിയൽ എസ്റ്റേറ്റ് നീക്കം മുന്നിൽ കണ്ടാണ്.

സ്ഥാപനം നഷ്ടമാണെന്ന കണക്കുകാട്ടിയാണ് ഇത് സ്വകാര്യവൽക്കരിക്കാൻ നീക്കം നടക്കുന്നത്. 24 മണിക്കൂറും ഉത്പാദനം നടക്കുന്ന ഫാക്ടറിയിൽനിന്നാണ് കേരളത്തിലെ എല്ലാ പ്രധാന പത്രങ്ങളും കടലാസ് വാങ്ങുന്നത്.  ഇറക്കുമതി കടലാസിന് വില കുറഞ്ഞതോടെ ഫാക്ടറിയും വിപണിക്ക് അനുസൃതമായി വിലതാഴ്‌ത്തി. ഇതോടെയാണ്  കഴിഞ്ഞ നാലുവർഷമായി ലാഭത്തിലായിരുന്ന സ്ഥാപനം താളംതെറ്റിയത്. ആയിരത്തിലധികം തൊഴിലാളികളാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് നാനൂറായി ചുരുങ്ങി. ഉമ്മൻ ചാണ്ടിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും നയിക്കുന്ന രണ്ട് ഐഎൻടിയുസി ഘടകങ്ങളിലാണ് തൊഴിലാളികളിൽ ഭൂരിപക്ഷവും.  മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യം ആവശ്യപ്പെടാൻ ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിച്ചതും ഇതാണ്.

അതേസമയം ഇവിട സമരം പൊടിപൊടിക്കുമ്പോഴും സംസ്ഥാന സർക്കാരോ കേരളത്തിൽ നിന്നുള്ള എംപിമാരോ സ്വകാര്യവൽക്കരണനീക്കത്തിന്റെ തൽസ്ഥിതി അറിയാൻ കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപം. ഈ മൗനത്തിൽ തൊഴിലാളി യൂണിയൻ നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ശിവസേനയുടെ പ്രതിനിധിയായ ആനന്ദ് ഗംഗാറാം ഗീതയാണ് കേന്ദ്ര ഘനവ്യവസായ- പൊതുമേഖലാ സ്ഥാപനം മന്ത്രി. കേരളത്തിലെ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ നിജസ്ഥിതി അദ്ദേഹത്തെ നേരിൽ കണ്ടു ബോധ്യപ്പെടുത്താതെ ഫാക്ടറി പടിക്കൽ മാത്രം നടത്തുന്ന സമരം ഒരു പ്രയോജനവും ഉണ്ടാക്കില്ലെന്നാണ് പൊതു അഭിപ്രായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP