Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പമ്പാനദി സംഗമ സ്ഥാനത്തു നിന്നും കിട്ടിയ അയ്യപ്പ വിഗ്രഹം നദിക്കരയിൽ സ്ഥാപിച്ച് ഭക്തർ ആരാധന തുടങ്ങി; വനഭൂമിയിൽ അമ്പലം പണിയാനുള്ള നീക്കമെന്ന് ഭയന്ന് വനപാലകർ വിഗ്രഹം പിടിച്ചെടുത്തു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

പമ്പാനദി സംഗമ സ്ഥാനത്തു നിന്നും കിട്ടിയ അയ്യപ്പ വിഗ്രഹം നദിക്കരയിൽ സ്ഥാപിച്ച് ഭക്തർ ആരാധന തുടങ്ങി; വനഭൂമിയിൽ അമ്പലം പണിയാനുള്ള നീക്കമെന്ന് ഭയന്ന് വനപാലകർ വിഗ്രഹം പിടിച്ചെടുത്തു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പമ്പാനദിയും അയ്യപ്പനും പത്തനംതിട്ടക്കാരുടെ പ്രിയപ്പെട്ടയുമാണ്. ഇങ്ങനെ പുണ്യനദിയായ പമ്പയുടെ സംഗമ സ്ഥാനത്തു നിന്നും കണ്ടെടുത്ത വിഗ്രഹം ഒരു നാട്ടിലെ ക്രമസമാധാന പ്രശ്‌നമായി മാറുകയാണ് ഇപ്പോൾ. കഴിഞ്ഞമാസം മുതലാണ് ജില്ലയിൽ ഈ വിഗ്രഹ പ്രശ്‌നം സജീവമായി വളർന്നത്. പത്തനംതിട്ടയുടെ അതിർഥിഗ്രാമമായ കണമലയിലാണ് പ്രശ്‌നങ്ങളുടെ തുടക്കമായത്. കണമലയിൽ പമ്പാ-അഴുതാ നദികളുടെ സംഗമ സ്ഥലം ശമ്പരിമലയിലേക്ക് പോകുന്ന ഭക്തർ ഇടത്താവളം പോലെ ഉപയോഗിച്ചുവന്ന സ്ഥലമാണ്. നദിയുടെ ഈ ഭാഗത്തു ഇറങ്ങി കുളിക്കാനും പൂജ നടത്താനുമൊക്കെ ഉപയോഗിച്ചിരുന്നു. ഇങ്ങനെയിരിക്കെയാണ് ഇവിടെ
കുളിക്കാനിറങ്ങി കുട്ടിയുടെ അരഞ്ഞാണം നദിയിൽ കളഞ്ഞുപോയത്. ഇതിനെ വീണ്ടെടുക്കാനായി നദിയിൽ മുങ്ങിത്തപ്പിയപ്പോഴാണ് വർഷങ്ങൾ പഴക്കമുള്ള അയ്യപ്പൻ വിഗ്രഹം കണ്ടെടുത്തത്.

നദയിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുള്ള ഇടത്തിൽ നിന്നുമാണ് ചളിയിൽ മുങ്ങിക്കിടന്ന വിഗ്രഹം കാണപ്പെട്ടത്. ഈ വിഗ്രഹം പുറത്തെടുത്ത് നാട്ടുകാർ നദിക്കരയിൽ താൽക്കാലിമായി പ്രതിഷ്ഠിച്ച് പൂജ തുടങ്ങിയതോടെയാണ് പ്രശ്‌നം വഷളായത്. അമ്പലം പണിയാനുള്ള നീക്കമാണെന്ന് ഭയന്ന് വനപാലകർ ഇന്നലെ വിഗ്രഹം പൊലീസിന്റെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് ഓഫീസിലേക്ക് കൊണ്ടുപോയി. ഇതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി, ബിജെപി, വിഎച്ച്പി, അയ്യപ്പ സേവാ സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. വിഗ്രഹം നദിക്കരയിൽ പ്രതിഷ്ഠിച്ച് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ഇവരുടെ ആവശ്യം. ഇന്ന് കണമല ഫോറസ്റ്റ് സ്‌റ്റേഷൻ ഉപരോധവും മാർച്ചും സംഘടകൾ നടത്തിയതോടെ രംഗം വഷളാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

വിഗ്രഹം കണ്ടെടുത്ത ദിവസം തന്നെ നാട്ടുകാർ ഒത്തുകൂടി വിഗ്രഹം നദിക്കരയിൽ കണമല ഫോറസ്റ്റ് സ്‌റ്റേഷൻ തേക്കു പ്ലാന്റേഷനു വെളിയിൽ റവന്യു പുറമ്പോക്കു ഭൂമിയിൽ സ്ഥാപിച്ച് പൂജ നടത്തി വരികയായിരുന്നു. എന്നാൽ നദിയോട് ചേർന്ന് ഈ ഭാഗം വനഭൂമി തന്നെയാണെന്ന നിലപാടിലാണ് വനപാലകർ. അയ്യപ്പ വിഗ്രഹം കിട്ടിയ സ്ഥലത്തിനടുത്തു നിന്ന് ക്ഷേത്രത്തിൽ ഉപയോഗിക്കുന്നതും ആരാധിക്കുന്നതുമായ ഏതാനും വസ്തുക്കൾ കൂടി ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. ഇതോടെ ഇവിടെ മുമ്പ് ആരാധന ഉണ്ടായിരുന്നുവെന്നുമാണ് ഇവരുടെ വാദം.

ശബരിമലയിലുള്ള അയ്യപ്പ വിഗ്രഹത്തെ പോലെ ചൈതന്യവത്താണ് ഈ വിഗ്രഹമെന്ന് പറഞ്ഞാണ് ഭക്തർ പ്രതിഷ്ഠയും ആരാധനയുമായി രംഗത്തെത്തിയത്. വിഗ്രഹാരാധന തുടങ്ങിയതോടെ ഇവിടേക്ക് നിരവധി ഭക്തരും എത്തി തുടങ്ങി. ഇതോടെ രണ്ടാഴ്‌ച്ച മുമ്പ് ടാർപോളിൻ ഷീറ്റുകൾ വലിച്ചുകെട്ടിയത്. ഇതോടയാണ് വനപാലകർ സംഭവത്തിൽ ഇടപെടുന്നതും പൊലീസ് സഹായം തേടിയതും. ഈ ടാർപോളിൻ ഷീറ്റ് വനപാലകർ അഴിച്ചുകൊണ്ട് പോകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഭക്തജനങ്ങളും വനപാലകരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ഇതോടെ വിഷയം ഏറ്റെടുത്ത് ഹൈന്ദവ സംഘടനകൾ രംഗത്തെത്തുകയായിരുന്നു.

ഇതിനിടെ സംഘർഷ സാഹചര്യം രൂപപ്പെട്ടതോടെ റാന്നി റേഞ്ച് ഓഫീസറും നാട്ടുകാരുമായി അനുരജ്ഞന ചർച്ച നടത്തിയിരുന്നു. പിന്നീട് അഴിച്ചെടുത്ത ഷീറ്റുകൾ തിരികെ നൽകുകയുമുണ്ടായി. തുടർന്ന് പൂജയും പതിവുപോലെ തുടരുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ യാതൊരു പ്രകോപനുമില്ലാതെ പൊലീസുകാരുമായി എത്തിയ വനപാലകർ വിഗ്രഹം ബലപ്രയോഗത്തിലൂടെ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ നദിയോട് ചേർന്ന വനഭൂമിയിൽ അമ്പലം പണിയാനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിനെ തടയുക മാത്രമാണ് ഉണ്ടായതെന്നുമാണ് വനപാലകരുടെ പക്ഷം.

ഇങ്ങനെ സംഘർഷങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഐതിഹ്യങ്ങളും കഥകളുമായും ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് അഞ്ച് ഏക്കർ ഭൂമിയോട് കൂടിയ അയ്യപ്പക്ഷേത്രം ഈ ഭാഗത്ത് നിലനിന്നിരുന്നതായും ഈ ഭാഗത്തിന് ആറാട്ട്കടവ് എന്ന പേര് വന്നതുപോലും ക്ഷേത്രത്തിലെ ഉത്സവ ആറാട്ട് നടന്ന സ്ഥലമായതുകൊണ്ടാണെന്നുമാണ് ഇവരുടെ വാദം. രണ്ടു വർഷം മുമ്പ് ശബരിമല തീർത്ഥാടനവേളയിൽ അയ്യപ്പ ഭക്തന്റെ മാലവെള്ളത്തിൽ പോയതിനെ തുടർന്ന് പമ്പാനദിയിൽ തിരച്ചിൽ നടത്തിയപ്പോൾ ഈ വിഗ്രഹം കിട്ടിയിരുന്നു. അന്ന് നാട്ടുകാർ കരയിൽവച്ച വിഗ്രഹം വീണ്ടും കാണാതാകുകയായിരുന്നുവെന്നും ചിലർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ശബരിമല തീർത്ഥാടനപാതയായ പമ്പാവാലി മേഖലയിൽ ഇത്തരത്തിൽ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നോയെന്നും മറ്റുള്ള കാര്യങ്ങൾ അന്വേഷിക്കമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP