Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് തുടങ്ങിയ പരിചയം ലൈവ് സെക്സ് ചാറ്റ് ആക്കി മാറ്റി യുവതി; തോക്കു ചൂണ്ടി പണംതട്ടിയ സംഭവത്തിൽ കേസ് കൊടുത്ത സ്വാമി സ്വരൂപ്നാഥിന് എതിരെ അശ്ളീല വീഡിയോ അയച്ചെന്ന് കേസ്; തന്നെ ഹണിട്രാപ്പിൽ കുടുക്കിയതെന്ന് ഹിന്ദുമഹാസഭ കേരള അധ്യക്ഷൻ

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് തുടങ്ങിയ പരിചയം ലൈവ് സെക്സ് ചാറ്റ് ആക്കി മാറ്റി യുവതി; തോക്കു ചൂണ്ടി പണംതട്ടിയ സംഭവത്തിൽ കേസ് കൊടുത്ത സ്വാമി സ്വരൂപ്നാഥിന് എതിരെ അശ്ളീല വീഡിയോ അയച്ചെന്ന് കേസ്; തന്നെ ഹണിട്രാപ്പിൽ കുടുക്കിയതെന്ന് ഹിന്ദുമഹാസഭ കേരള അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷൻ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥിനുനേരെ ഉയർന്ന ലൈംഗിക പീഡനക്കേസ് ഹണിട്രാപ്പെന്ന് സംശയം. സ്വാമി ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിന് സ്വാമിയെ വരാപ്പുഴയിലെ ഹോട്ടലിൽവച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയും മുദ്രപത്രങ്ങളിലും മറ്റും ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇതിലെ നാലുപ്രതികളിൽ രണ്ടുപേരെ തോക്കുസഹിതം രണ്ടുദിവസത്തിനകം പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാർച്ച് പത്തിന് സ്വാമിക്ക് എതിരെ ഒരു സ്ത്രീ തനിക്ക് ഫോണിലൂടെ സ്വാമി അശ്ളീല സന്ദേശമയച്ചുവെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. താൻ നടത്തുന്ന കാറ്ററിങ് സ്ഥാപനവുമായി ബന്ധപ്പെട്ട് ബിസിനസ് നടത്താൻ താൽപര്യമുണ്ടെന്ന് പറഞ്ഞ ജനുവരിയിൽ പരിചയപ്പെട്ട ഒരു സ്ത്രീയാണ് പരാതി നൽകിയതെന്നും ഇവർ തന്നെ ആക്രമിച്ച സംഘത്തിലെ അംഗമാണെന്ന് അക്രമം നടക്കുന്നതിനിടെ അവർ പറഞ്ഞപ്പോഴാണ് മനസ്സിലായതെന്നുമാണ് സ്വാമി സ്വരൂപ്നാഥ് മറുനാടനോട് വിശദീകരിച്ചത്. തന്നെ മാത്രമല്ല, എറണാകുളത്തും പരിസരത്തുമായി നിരവധി പേരെ ഇവർ ഇത്തരത്തിൽ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും പൊലീസ് അന്വേഷണം നടക്കുമ്പോൾ ഇവരുടെ തട്ടിപ്പുകളെല്ലാം പുറത്തവരുമെന്നും പ്രതീക്ഷിക്കുന്നതായും സ്വാമി പറയുന്നു.

അതേസമയം, സ്വാമിയെ ഹണിട്രാപ്പിൽ കുടുക്കാൻ കുറേ നാളായി ശ്രമം തുടർന്നുവരികയായിരുന്നു എന്നും ഇതിന്റെ ഭാഗമായാണ് സ്വാമിയെ യുവതിവഴി ബന്ധപ്പെട്ട് വരാപ്പുഴയിലെത്തിച്ച ശേഷം അവിടെ വച്ച് തോക്കുചൂണ്ടി പണം തട്ടിയെടുക്കുകയും മുദ്രപത്രങ്ങളിലും മറ്റും ഒപ്പിട്ടുവാങ്ങുകയും ചെയ്തതെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. സംഭവത്തിൽ സ്വാമി പരാതി നൽകില്ലെന്നാണ് സംഘം കരുതിയതെങ്കിലും വരാപ്പുഴ പൊലീസിൽ പരാതി എത്തിയതോടെ സ്വാമിയെ തോക്കുചൂണ്ടി ആക്രമിച്ച രണ്ടുപേർ പിന്നാലെ അറസ്റ്റിലായി. മാർച്ച് എട്ടിനായിരുന്നു സ്വാമിക്ക് നേരെ തോക്കുചൂണ്ടി ആക്രമണം ഉണ്ടായത്. പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ സ്വാമിയെ അതുവരെ ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിൽ ബന്ധപ്പെട്ടിരുന്ന യുവതി തനിക്ക് സ്വാമി വാട്സ് ആപ്പിൽ അശ്ളീല സന്ദേശങ്ങൾ അയച്ചു എന്ന പരാതിയുമായി എറണാകുളം സിറ്റി പൊലീസിനെ സമീപിക്കുകയായിരുന്നു. തന്നെ ഹണിട്രാപ്പിൽ കുടുക്കാനും സംഘടനാ നേതൃത്വം തട്ടിയെടുക്കാനും വധിക്കാനുമായിരുന്നു ശ്രമമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും സ്വാമി ദത്താത്രേയ പരാതി നൽകിയതോടെ ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.

യുവതി ആദ്യം ബന്ധപ്പെടുന്നത് ജനുവരിയിലെന്ന് സ്വാമി

ഇക്കഴിഞ്ഞ ജനുവരി 27നാണ് ഒരു ബിസിനസ് ആവശ്യത്തിന് എന്ന വ്യാജേന യുവതി തന്നെ ഫോണിൽ ബന്ധപ്പെടുന്നതെന്ന് സ്വാമി സായ് സ്വരൂപ് നാഥ് മറുനാടനോട് പറഞ്ഞു. സ്വാമി പറയുന്നത് ഇങ്ങനെ; കാറ്ററിംഗിന്റേയും ഡ്രൈഫ്രൂട്സിന്റെയും കോൺട്രാക്റ്റും വിതരണവും ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് എന്റെ നമ്പർ ഗൂഗിളിൽ നിന്ന് കിട്ടിയെന്ന് പറഞ്ഞാണ് വിളിക്കുന്നത്. ശ്രീ എസ്ഡിഎസ്എസ് കാറ്ററിങ് സർവീസ് എന്ന് പറഞ്ഞ് എനിക്ക് ഒരു സ്ഥാപനമുണ്ട്. ആ ബിസിനസിൽ പങ്കാളിയാവാൻ താൽപര്യമുണ്ടെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. പിന്നീട് സ്ഥാപനവുമായി എഗ്രിമെന്റുണ്ടാക്കാൻ എന്നും മറ്റും പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ പരിചയംപുതുക്കി നേരിട്ടുകാണാൻ എറണാകുളത്തെ ഒരു ഫ്ളാറ്റിലേക്കും മറ്റും ക്ഷണിച്ചു. പക്ഷേ, ഞാൻ പോയില്ല. പിന്നീട് തൃശൂരിൽ അവരുടെ ഒരു ബന്ധുവീട് ഉണ്ടെന്നും അവിടെ വന്നാൽ കാണാമെന്നും പറഞ്ഞു. ഇത്തരത്തിൽ പലയിടത്തും നേരിട്ടുവരാമോ എന്ന് ചോദിച്ചു വിളിച്ചിരുന്നു. ഇതിനിടെയിൽ വാട്സാപ്പിലൂടെയും മറ്റും നിരന്തരം സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. നിരവധി നഗ്‌നസന്ദേശങ്ങൾ അയച്ചുതന്നിരുന്നുവെന്നും തന്നോടും ആവശ്യപ്പെട്ടിരുന്നെന്നും സ്വാമി പറയുന്നു. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ ഫോണിലുണ്ടെന്നും ഫോൺ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അവരുടെ അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും സ്വാമി വ്യക്തമാക്കി. ഇപ്പോൾ താൻ നഗ്‌ന സന്ദേശമയച്ചു എന്ന കേസ് നൽകിയ സ്ത്രീയുടെ ഫോൺ പരിശോധിച്ചാൽ തന്നെ പൊലീസിന് അവർ ഇത്തരത്തിൽ ആരെയെല്ലാം പറ്റിച്ചുവെന്ന് വ്യക്തമാകുമെന്നും ഇത്തരത്തിൽ ആരൊക്കെ ഇവരുടെ ഹണിട്രാപ്പിൽ കുടുങ്ങിയെന്ന വിവരം പുറത്തുവരേണ്ടതുണ്ടെന്നും സ്വാമി പറയുന്നു.

നേരിട്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഞാൻ ഒരു ആവശ്യവുമായി ബന്ധപ്പെട്ട് മാർച്ച് എട്ടിന് വരാപ്പുഴയിലെത്തുന്നത്. അവിടെ ഹോട്ടൽ ഹോട്ടൽ ഗോപിക റീജൻസിയിൽ മുറിയെടുത്തിരുന്നു. തന്നെ കാണാൻ ഒരു സ്ത്രീവരുമെന്നും അവർ വന്നാൽ റസ്റ്റോറന്റിൽ ഇരിക്കാൻ പറഞ്ഞ് വിവരം അറിയിക്കണമെന്നും ഹോട്ടൽ റിസപ്ഷനിൽ പറഞ്ഞ് ഏൽപിച്ചിരുന്നു. ആ സമയത്തെല്ലാം അവർ വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. ഏതു മുറിയിലാണെന്ന് ചോദിച്ചായിരുന്നു സന്ദേശം. റൂം നമ്പർ അറിയിച്ച് കുറച്ചുകഴിഞ്ഞപ്പോഴാണ് നാലുപേർ തോക്കുമായി തന്റെ മുറിയിലേക്ക് പൊടുന്നനെ കയറിവരികയും തോക്കുചൂണ്ടിയും കത്തികാട്ടിയും ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 5000 രൂപയും പിന്നീട് എടിഎം കാർഡ് വാങ്ങി അതുമായി പുറത്തുപോയി 30000 രൂപയും തട്ടിയെടുത്തത്. ഇതിന് പുറമെ മുദ്രപത്രങ്ങളിലും ബ്ളാങ്ക് പേപ്പറിലുമെല്ലാം ഒപ്പിട്ടുവാങ്ങുകയും ചെയ്തു. അപ്പോഴാണ് താനുമായി ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പരിചയപ്പെട്ട സ്ത്രീ ഇവരുടെ ആളാണെന്ന് മനസ്സിലാവുന്നത്. ഈ സ്ത്രീ അവരിൽ ഒരാളുടെ പെങ്ങളാണെന്നും സംഭവത്തിൽ പരാതിപ്പെട്ടാൽ തന്നെ പെണ്ണുകേസിൽ കുടുക്കുമെന്നും അന്നുതന്നെ അവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ താൻ പൊലീസിന് നൽകിയ പരാതിയിൽ അന്നേ വ്യക്തമാക്കിയിരുന്നെന്നും സ്വാമി സ്വരൂപ്നാഥ് പറയുന്നു.

പരിചയ സന്ദേശങ്ങൾ വഴിവിട്ട സന്ദേശങ്ങളായി

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് ബന്ധപ്പെട്ട് യുവതി ഇത്തരത്തിൽ തന്നെ കുടുക്കാൻ നടക്കുന്നവരുടെ സംഘത്തിൽ പെട്ടയാളായിരിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്വാമി പറയുന്നു. ഇരുവരും തമ്മിൽ നടന്ന ചാറ്റുകളുടെ എല്ലാം പൂർണവിവരം കയ്യിലുണ്ട്. എന്നെ പലയിടത്തേക്കും വരാൻ പറഞ്ഞതിന്റേയും മറ്റും വിവരങ്ങളെല്ലാം ഉണ്ട്. ഇതിനിടെ കറന്റ് ബില്ലടയ്ക്കാൻ കാശില്ലെന്നും അടിയന്തിരമായി സഹായിക്കാമോ എന്നും ചോദിച്ച് 10000 രൂപ ഗൂഗിൾ പേ വഴി വാങ്ങുകയും ചെയ്തു. സ്വാമി പറയുന്നു.

ഡിജിപിക്ക് നൽകിയ പരാതിയിൽ സ്വാമി പറയുന്നത് ഇപ്രകാരം: ഞാനുമായി സൗഹൃദം സ്ഥാപിച്ച ഈ സ്ത്രീ നിരന്തരമായി വാട്സ്ആപ്പ് മെസേജ്, ഓഡിയോ, വീഡിയോ കോളുകൾ വഴി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ക്രമേണ അവർതന്നെ എന്നെ അശ്ളീല വീഡിയോ ചാറ്റിലേക്ക് ക്ഷണിച്ച് അവരുടെ നഗ്‌നത കാട്ടുകയും എന്റെ നഗ്‌നത ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് എ്നോട് ഗൂഗിൾ പേ വഴി ഫെബ്രുവരി ഒമ്പതിന് പതിനായിരം രൂപ കറന്റ് ബിൽ അടയ്ക്കാൻ എന്ന പേരിൽ വാങ്ങി. അഗ്രിമെന്റ് വയ്ക്കാനെന്ന പേരിൽ പലയിടത്തേക്കും വരാൻ ആവശ്യപ്പെട്ടു. അവരുടെ കൊച്ചിയിലെ ഫ്ളാറ്റിലേക്ക ക്ഷണിച്ചു. അവിടെ വരാൻ ആവില്ലെന്ന് പറഞ്ഞതോടെ കൊടുങ്ങല്ലൂരിൽ കൂടെ വർക്ക് ചെയ്യുന്ന കൂട്ടുകാരിയുടെ വീട്ടിൽ വരാമോ എന്ന് ചോദിച്ചും. അവിടെയും പോകാനാവില്ലെന്ന് പറഞ്ഞപ്പോൾ എറണാകുളത്ത് ഹോട്ടൽ അറേഞ്ച്് ചെയ്യാമെന്ന് പറഞ്ഞു. എറണാകുളത്ത് വരുമ്പോൾ എന്റെ സുഹൃത്തിന്റെ ഹോട്ടലായ ഗോപിക റീജൻസിയിൽ ആണ് തങ്ങുന്നതെന്ന് പറഞ്ഞു. അവിടെ വരുന്ന വിവരങ്ങൾ ശേഖരിച്ച് ഈ സ്ത്രീ ആക്രമിക്കാൻ വന്നവർക്ക് കൈമാറുകയായിരുന്നു - പരാതിയിൽ പറയുന്നു. സ്വാമിയുടെ ഫോട്ടോയും വീഡിയോയും ചോദിച്ചുകൊണ്ട് യുവതി ചാറ്റിൽ നിരന്തരം സന്ദേശങ്ങൾ അയച്ചുവെന്നും അതിന് തെളിവുകൾ നൽകിയിട്ടുണ്ടെന്നുമാണ് സ്വാമി പറയുന്നത്. 'സ്വാമി വീഡിയോയും ഫോട്ടോയും രണ്ടും അയച്ചോ എന്നും അയച്ചതിന് പിന്നാലെ തന്നെ അത് ഡിലീറ്റ് ചെയ്യണമെന്നും യുവതി ചാറ്റിൽ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഡീറ്റെയ്ൽഡ് ആയിട്ട് അയക്കാനും ആദ്യം വീഡിയോയും ഫോട്ടോയും പരസ്പരം അയച്ചശേഷം ലൈവ് ആകാമെന്നുമാണ് യുവതിയുടെ സന്ദേശങ്ങൾ. ഇതെല്ലാം തന്നെ കുടുക്കാൻ ആയിരുന്നുവെന്നും യുവതി തനിക്കെതിരെ സംഘടന പിടിക്കാൻ നീക്കങ്ങൾ നടത്തുന്നവരുടെ ആളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും ആണ് സ്വാമിയുടെ പക്ഷം.

അക്രമത്തിന് എത്തിയത് നേരത്തെ പരിചയമുള്ളവർ

തനിക്ക് നേരത്തെ പരിചയമുള്ളവർ തന്നെയാണ് ഈ അക്രമത്തിന് എത്തിയതെന്ന് ഹോട്ടൽ ഗോപികയിൽ സ്വാമിയെ തോക്കുചൂണ്ടി വധിക്കാൻ ശ്രമുണ്ടായ സംഭവത്തിന് പിന്നാലെ സ്വാമി ദത്താത്രേയ മറുനാടനോട് പറഞ്ഞിരുന്നു.. ഹൈക്കോടതിയിൽ ലീഗൽ കോർട്ട് ഓഫീസറാണെന്ന് പറഞ്ഞ് തന്നെ വന്ന് മുമ്പ് പരിചയപ്പെട്ടിരുന്ന ആളാണ് സന്തോഷ്. സുമേഷ് കൃഷ്ണ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആണെന്നാണ് പറഞ്ഞിരുന്നത്. ഇവർ ലീഗൽ വെൽഫെയർ ഫോറമെന്ന സംഘടനയും നടത്തുന്നുണ്ട്. ബൈജുവും സൗഭാഗുമെല്ലാം ഇവരുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. സന്തോഷിന് സംഘടനയുടെ കൊച്ചിയിലെ ഘടകത്തിൽ പ്രവർത്തിക്കാൻ മുമ്പ് അവസരം നൽകിയിരുന്നെങ്കിലും അവർ പലരേയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കി. ഇതിലെ വൈരമാണ് തന്നെ ആക്രമിച്ചതിനു പിന്നിൽ.

ഇതിന് പിന്നാലെ കഴിഞ്ഞവർഷം ഹിന്ദുമഹാസഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണെന്ന് പറഞ്ഞ് സന്തോഷ് കുമാർ സ്വയം പ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇതിനെതിരെ സംഘടനാ നേതൃത്വം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ പന്ത്രണ്ടുവർഷമായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുള്ള തന്നെ അടുത്തിടെ നാഗർകോവിലിൽ നടന്ന നാഷണൽ കമ്മിറ്റിയിലും സംസ്ഥാന പ്രസിഡന്റായും സൗത്ത് സോൺ ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുത്തിരുന്നു. അങ്ങിനെയിരിക്കെയാണ് സംഘടന പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏറ്റവുമൊടുവിൽ ഇങ്ങനെയൊരു അക്രമം നടന്നതും അതിന് പിന്നാലെ ഹണിട്രാപ്പിൽ കുടുക്കാൻ നീക്കമിണ്ടായതുമെന്ന് സ്വാമ ദത്താത്രേയ പറയുന്നു. സന്തോഷും ബിജുവും ചേർന്ന് തോക്ക് കയ്യിൽ പിടിച്ച പടമുൾപ്പെടെ അയച്ചാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ഹോട്ടൽ മുറിയിൽവച്ച് സൗഭാഗ് എന്നയാളാണ് കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയതെന്ന് സ്വാമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP