Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നെൽവയൽ- നീർത്തട നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പാടം നികത്തൽ; അതിസമ്പന്നർക്ക് പാർക്കാൻ ശോഭാ സിറ്റിയുടെ നക്ഷത്ര നിർമ്മാണങ്ങളെല്ലാം നിയമങ്ങൾ അനുസരിക്കാതെ; ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ശോഭാ സിറ്റിയുടെ നിർമ്മാണത്തിന് ഇടക്കാല സ്‌റ്റേ

നെൽവയൽ- നീർത്തട നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പാടം നികത്തൽ; അതിസമ്പന്നർക്ക് പാർക്കാൻ ശോഭാ സിറ്റിയുടെ നക്ഷത്ര നിർമ്മാണങ്ങളെല്ലാം നിയമങ്ങൾ അനുസരിക്കാതെ; ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ശോഭാ സിറ്റിയുടെ നിർമ്മാണത്തിന് ഇടക്കാല സ്‌റ്റേ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സാധാരണക്കാരനായ ഒരാൾ പാടം നികത്തി വീടുവെക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന നൂലാമാലകളെല്ലാ നമുക്കറിയാം. സർക്കാർ ഉദ്യോഗസ്ഥർ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് സാധാരണക്കാരനെ വട്ടംകറക്കും. എന്നാൽ, ഇതേ നാട്ടിൽ തന്നെയാണ് അതിസമ്പന്നർക്ക് പാർക്കാനായുള്ള ശോഭാ സിറ്റി ഏക്കറു കണക്കിന് പാടം മണ്ണിട്ടു നികത്തിയിരിക്കുന്നത്. നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയുള്ള ഈ നിർമ്മാണങ്ങൾക്കെതിരെ കോടതിയുടെ വിധികൾ നിരവധി ഉണ്ടെങ്കിലും അതൊന്നും പാലിക്കാതെ നിർമ്മാണം തുടരുന്ന അവസ്ഥയാണ് കണ്ടത്.

ഇപ്പോൾ ശോഭാ സിറ്റിയുടെ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടയിടുന്ന സുപ്രധാന വിധി കൂടി പുറത്തുവന്നു. ശോഭാ സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ പുറപ്പെടുവിച്ചത്. ശോഭാ സിറ്റി റസിഡന്റ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വിധി പുറപ്പെടുവിച്ചത്. കോലഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പെർമിറ്റ് അനുവദിക്കുന്നില്ലെന്ന് കാണിച്ചു നല്കിയ പരാതിയിലാണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ നിർമ്മാണം കഴിഞ്ഞു കൈമാറിയ വില്ലകളിലെയും ഫ്‌ളാറ്റുകളിലെയും താമസക്കാരാണ് തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഹർജിയിലാണ് ഇപ്പോൾ നടക്കുന്ന നിലം നികത്തൽ അടക്കമുള്ളവയ്ക്ക് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ആർഡിഒയുടെ ഉത്തരവോടു കൂടിയാണ് ഇപ്പോൾ പാടം നികത്തുന്നത് എന്നായിരുന്നു ശോഭാ സിറ്റിയുടെ വാദം. എന്നാൽ, നെൽവയൽ നിർത്തട സംരക്ഷണ നിയമത്തിന്റെ അടക്കം ലംഘനമാകുമെന്ന വാദം ഉയർന്ന പശ്ചാത്തലത്തിലാണ് താൽക്കാലികമായി ശോഭാ സിറ്റിയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ശോഭാ സിറ്റിയിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അനിൽ നരേന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. ചീഫ് ടൗൺ പ്ലാനർ ശോഭാ സിറ്റിയുടെ നിർമ്മാണ പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും നിർമണത്തിൽ പ്രഥമദൃഷ്യാ ക്രമക്കേട് കണ്ടെത്തിയതായി ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. നിലം നികത്തുന്ന കര്യത്തിൽ അടക്കം സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ശോഭാ സിറ്റിയുടെ വീഴ്‌ച്ചകൾ എടുത്തു പറഞ്ഞു കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പുഴയ്ക്കൽ പാടത്തിലെ 19 ഏക്കർ സ്ഥലമാണ് ശോഭാ സിറ്റി 2014ൽ മണ്ണിട്ട് നികത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൽ ഉയർന്നിരുന്നു. പരാതിയിന്മേൽ അന്വേഷണം നടക്കുകയും നികത്തൽ നടന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മണ്ണിട്ട് മൂടിയ പാടം പഴയപടിയാക്കാൻ നെൽവയൽ- നീർത്തട സംരക്ഷണ നിയമപ്രകാരം ഉത്തരവുണ്ടായിട്ട് കൊല്ലങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും സ്ഥലത്തെ മണ്ണ് മാറ്റുകയോ കമ്പനിക്കെതിരെ നടപടിയുണ്ടാവുകയോ ചെയ്തിട്ടില്ല.

ശോഭാ സിറ്റി പാടംനിരത്തുന്നതായി ആദ്യം പരാതിപ്പെടുന്നത് കുറ്റൂർ ഗ്രാമത്തിലെ കർഷകരാണ്. ജില്ലാ പഞ്ചായത്തംഗമായ വിദ്യാസംഗീതിനോടായിരുന്നു അവരത് പരാതിപ്പെട്ടത്. പിഎൻസി മേനോൻ എന്ന പ്രവാസി ബിസിനസ്സുകാരന്റെ നേതൃത്വത്തിലുള്ള ശോഭാ ബിൽഡേഴ്സ് തങ്ങളുടെ 19 ഏക്കറോളം വരുന്ന പാടശേഖരം മണ്ണിട്ട്മൂടുന്നു എന്നായിരുന്നു പരാതി. കനത്ത വരൾച്ചയും കുടിവെള്ളപ്രശ്‌നവും അനുഭവിക്കുന്ന പ്രദേശത്തെ നെൽപ്പാടം നികത്താനുപയോഗിച്ച മണ്ണ് പൂർണമായും നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാ സംഗീത് കളക്ടർക്ക് കത്തെഴുതുന്നത്. എന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

അന്ന് അഭിഭാഷകകൂടിയായ വിദ്യാസംഗീത് കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുന്നു. ഈ കേസുമായി ബ്ന്ധപ്പെട്ട നിയമ പോരാട്ടം നിലനിൽക്കുന്നുണ്ട്. 2008ൽ കേരള നിയമസഭ നെൽവയൽ-നീർത്തട സംരക്ഷണ നിയമം പാസാക്കിയതിന് ശേഷമാണ് ഇവിടം മണ്ണിട്ട് മൂടിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കൃത്യമായ തെളിവുകളോട് കൂടിയുള്ള കണ്ടെത്തലിൽ നെൽവയൽ- തണ്ണീർത്തട നിയമപ്രകാരം നടപടിയെടുക്കാനാവും. എന്നാൽ പിന്നീട് കാര്യങ്ങൾ നീങ്ങാതെയാണ് ശോഭ സിറ്റിക്ക് രക്ഷപെടാൻ അവസം ഒരുക്കിയത്.

2018 ഏപ്രിൽ 12ന് കേരള ഹൈക്കോടതി ശോഭയുടെ ഹർജി തള്ളിയിരുന്നു. മൂന്ന് മാസത്തിനുള്ളിൽ കോലഴി കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രാദേശികതല നിരീക്ഷണ സമിതി സ്ഥലം സന്ദർശിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്ഥലം സന്ദർശിച്ച കൃഷി ഓഫീസർ 2018 ഒക്ടോബർ 3ന് സമർപ്പിച്ച റിപ്പോർട്ടിൽ ശോഭ സിറ്റി മൂന്നു കമ്പനികളുടെ പേരിൽ നികത്തിയ 19 ഏക്കർ സ്ഥലം നിലം ആണെന്ന് വീണ്ടും സ്ഥിരീകരിച്ചിരുന്നു.

അതേസമയം ശോഭാ സിറ്റി കൈയേറി മണ്ണിട്ട് മൂടിയ പത്തൊമ്പതേക്കർ എന്നത് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും തൃശൂർ നഗരം വെള്ളത്തിലായി. മഴക്കാലത്ത് രണ്ട് കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളംകയറിയ പ്രദേശം കൂടിയാണ് ഇവിടം. വയലൂർ റിയൽറ്റേഴ്സ്, വലാസി വെട്ടിക്കാട്ട് റിയൽറ്റേഴ്സ്, പുഴക്കല് റിയൽറ്റേഴ്സ് എന്നീ കമ്പനികളാണ് 55 ഏക്കറോളം വരുന്ന ശോഭാ സിറ്റിയൂടെ ഭൂമി നികത്തിയത്. ശോഭാസിറ്റി നിൽവിൽവന്നതോടെ, പരിസര പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതായും പരാതിയും ഉയർന്നിരുന്നു. പരിസരവാസികളുടെ പരാതിയിൽ കഴിഞ്ഞ വർഷം ജില്ലാ കളക്ടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും പരാതിക്കാർ പിന്മാറിയതോടെ വീണ്ടും നികത്തൽ തുടരുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP