Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

കസ്റ്റംസിനെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന സംശയ നിഴലിലുള്ളത് തിരുവനന്തപുരത്തെ കസ്റ്റംസ് ക്ലിയറൻസ് ഏജൻസ് അസോസിയേഷൻ നേതാവ്; തിരുവനന്തപുരത്തും ഞാറയ്ക്കലിലും വീടുകളുള്ള ക്ലിയറൻസ് ഏജന്റിന്റെ കാറുകൾ അപ്രത്യക്ഷമായത് ദൂരൂഹത കൂട്ടുന്നു; സംശയ നിഴലിലുള്ളത് കാർഗോ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ബിഎംഎസ് സംഘടനാ നേതാവ്; ഞാറയ്ക്കലുകാരനെ നിരീക്ഷിച്ച് കസ്റ്റംസ്; സ്വപ്‌നാ സുരേഷ് എവിടെ എന്നതിൽ ആർക്കും എത്തുംപിടിയുമില്ല

കസ്റ്റംസിനെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന സംശയ നിഴലിലുള്ളത് തിരുവനന്തപുരത്തെ കസ്റ്റംസ് ക്ലിയറൻസ് ഏജൻസ് അസോസിയേഷൻ നേതാവ്; തിരുവനന്തപുരത്തും ഞാറയ്ക്കലിലും വീടുകളുള്ള ക്ലിയറൻസ് ഏജന്റിന്റെ കാറുകൾ അപ്രത്യക്ഷമായത് ദൂരൂഹത കൂട്ടുന്നു; സംശയ നിഴലിലുള്ളത് കാർഗോ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ബിഎംഎസ് സംഘടനാ നേതാവ്; ഞാറയ്ക്കലുകാരനെ നിരീക്ഷിച്ച് കസ്റ്റംസ്; സ്വപ്‌നാ സുരേഷ് എവിടെ എന്നതിൽ ആർക്കും എത്തുംപിടിയുമില്ല

എം മനോജ് കുമാർ

തിരുവനന്തപുരം: കോൺസുലേറ്റിലെ നയതന്ത്ര ബാഗേജ് കള്ളക്കടത്തിൽ ഇടപെട്ടത് ഹരിരാജ് ആണെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. കസ്റ്റംസിനെ വിളിച്ചത് തിരുവനന്തപുരത്തെ കസ്റ്റംസ് ക്ലിയറൻസ് ഏജൻസ് അസോസിയേഷൻ നേതാവായിരുന്നു. തിരുവനന്തപുരത്ത് പേട്ടയ്ക്ക് അടുത്ത് അക്ഷര വീഥിയിലാണ് വീട്. ഞാറയ്ക്കലിലും വീടുണ്ട്. ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. ഹരിരാജിന് സ്വർണ്ണ കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചനകളൊന്നും കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.

കോഴിക്കോട് പി പി എം ഗ്രൂപ്പിന്റെ ഉടമ നിസാറിനെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തു. പിടിയിലായ ഉടനെ സരിത്തിന്റെ ആദ്യ കോൾ പോയത് നിസാറിനായിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇയാൾ ലീഗ് നേതാവിന്റെ ബന്ധുവാണെന്നാണ് സൂചന. കോഴിക്കോട് കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് നിസാർ. അതേസമയം, സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ സാധ്യതയില്ല. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇന്നലെ രാത്രി വൈകി ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിച്ചത്. കേസിൽ പങ്കാളിയായ സരിത് കുമാർ കസ്റ്റഡിയിലായതിന് പിന്നാലെ ഒളിവിലാണ് സ്വപ്‌ന.

Stories you may Like

യുഎഇ കോൺസുലേറ്റ് കേന്ദ്രമാക്കി നടന്ന സ്വർണം കടത്ത് കേസ് പിണറായി വിജയന്റെ മുഖ്യമന്ത്രി കസേരയ്ക്ക് ഇളക്കം തട്ടിച്ചിരിക്കെ പ്രതിപക്ഷത്ത് നിന്ന് സർക്കാരിനു നേരെ ആഞ്ഞടിക്കുന്ന ബിജെപിക്കും കേസ് പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്വർണമുണ്ടെന്ന സംശയത്തെ തുടർന്ന് യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ ആദ്യം വിളി വന്നത് ബിഎംഎസ് ഉന്നതന്റെ ഫോണിൽ നിന്നാണ് എന്ന വിവരമാണ് ബിഎംഎസിനെയും അതുവഴി ബിജെപിയേയും പ്രതിസന്ധിയിലാക്കുന്നത്. എയർപോർട്ടിലെ ബിഎംഎസ് യൂണിയൻ ആയ കാംകാറിന്റെ നേതാവായ ഹരിരാജ് ആണ് ഡിപ്ലോമാറ്റിക് ബാഗ് യുഎഇ കോൺസൽ അധികൃതർക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു കസ്റ്റംസ് ഉന്നതരെ വിളിച്ചത്. കൊച്ചിയിൽ നിന്നാണ് തിരുവനന്തപുരം എയർപോർട്ടിലേക്ക് ഈ ബിഎംഎസ് നേതാവിന്റെ വിളി എത്തിയത്. നയതന്ത്ര പരിരക്ഷയുള്ളതിനാൽ പണി തെറിക്കും എന്നാണ് ഹരിരാജ് കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയത്.

സ്വർണം എത്തിയ പാഴ്‌സൽ അത് പൊളിക്കും മുൻപ് തന്നെ തിരികെ അയക്കാൻ ശ്രമം നടത്തിയതും ഹരിരാജിന്റെ നേതൃത്വത്തിലാണ്. കസ്റ്റംസ് വഴങ്ങാതെ വന്നതോടെ യുഎഇ കോൺസുലേറ്റ് അധികൃതരെ ഈ പ്രശ്‌നത്തിൽ ഇടപെടുത്താൻ സജീവ പങ്കു വഹിച്ചതും ഹരിരാജിന്റെ നേതൃത്വത്തിൽ തന്നെയാണ്. നേതാവിന്റെ അല്ലാതെ വേറെ വിളികളും യുഎഇ കോൺസുലേറ്റ് അധികൃതരെ രക്ഷപ്പെടുത്താൻ വേണ്ടി വന്നു. ഇതോടെയാണ് ബാഗിൽ സ്വർണമോ വേറെ വിലപിടിപ്പുള്ളതോ എന്തോ ഉണ്ടെന്ന അനുമാനത്തിലേക്ക് കസ്റ്റംസ് നീങ്ങിയത്. ഹരിരാജിന്റെ ഇടപെടൽ വന്നതോടെ ബിഎംഎസ് പ്രതിക്കൂട്ടിലായത് പ്രശ്‌നം കത്തിക്കുന്ന ബിജെപിയെയും ബാധിച്ചിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം തന്നെ സവിശേഷ ശ്രദ്ധ എടുത്ത് വീക്ഷിക്കുന്ന കേസിലാണ് ബിഎംഎസ് നേതാവിന്റെ കൂടെ ഇടപെടൽ വന്നത്. ബിഎംഎസിൽ അഫിലിയെറ്റ് ചെയ്ത യൂണിയൻ ആണ് കാംകാർ. ഈ യൂണിയനെ നയിക്കുന്നത് ഹരിരാജ് ആണ്. ഹരിരാജ് ആണ് യൂണിയന്റെ ബലത്തിലും കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും കസ്റ്റംസ് അധികൃതരെ വിരട്ടാൻ ശ്രമിച്ചത്. കാംകാർ നേതാവായ ഹരിരാജിന്റെ ഇടപെടൽ ബിഎംഎസിലും ബിജെപിയും ഉരുൾപൊട്ടലിനു കാരണമായിട്ടുണ്ട്. സംഭവത്തിൽ ഉന്നത ബിഎംഎസ് നേതാക്കൾ ഹരിരാജിനെ വിളിച്ച് വിശദീകരണം തേടിയിട്ടുണ്ട്. ബിഎംഎസ് യൂണിയന് ഇതിൽ പങ്കില്ലാ എന്നാണ് ബിഎംഎസ് യൂണിയൻ നേതാക്കൾ മറുനാടനോട് പ്രതികരിച്ചത്.

ബിഎംഎസ് യൂണിയൻ എന്ന രീതിയിൽ തന്നെയാണ് കാംകാർ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടിലായതിനും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് എം.ശിവശങ്കർ പുറത്താകുകയും ഒക്കെ ചെയ്ത വിവാദ സ്വർണ്ണക്കടത്ത് കേസിലാണ് ബിഎംഎസ് നേതാവ് കൂടി ഇടപെട്ട സംഭവം വെളിയിൽ വരുന്നത്. ഹരിരാജ് കസ്റ്റംസ് അമാറിയിട്ടുണ്ട്. പാർട്ടി തലത്തിലും യൂണിയൻ തലത്തിൽ പ്രശ്‌നത്തിൽ അതിവേഗം നീങ്ങുകയാണ് ബിജെപി-ബിഎംഎസ് നേതാക്കൾ. ബിഎംഎസിന്റെ കേന്ദ്ര നേതാക്കളും പ്രശ്‌നം സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. പ്രശ്‌നം കംകാർ എന്ന യൂണിയന്റെ നേതൃത്വത്തിൽ കെട്ടിവെച്ച് തലയൂരാനുള്ള നീക്കമാണ് ബിഎംഎസിൽ നിന്നും നടക്കുന്നത്. പക്ഷേ കംകാർ യൂണിയൻ ബിഎംഎസിൽ അഫിലിയെറ്റ് ചെയ്തതിനാൽ ഇങ്ങനെ കൈകഴുകാനുള്ള ബിഎംഎസ് ശ്രമം വിലപ്പോവില്ലാ എന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം കസ്റ്റംസ് നേതാവിനെതിരെയുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരം ഉള്ള നേതാവിന്റെ വീടുകൾ കസ്റ്റംസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇപ്പോൾ കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ കൂട്ടാളി സന്ദീപ്നായ്‌രുമായും അടുത്ത ബന്ധ്മാനുഇ ഹരിരാജിനു ഉള്ളത്. സ്വപ്ന രക്ഷപ്പെട്ടത് ഈ നേതാവിന്റെ കാറിലാണോ എന്ന സംശയവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്.

അതേസമയം സ്വർണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രക സ്വപ്ന ഒളിവിൽ പോയിട്ട് അഞ്ചു ദിവസമായി. കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്നയും ഒളിവിൽ കഴിയുന്നതെന്നാണ് സൂചന. സ്വപ്നയുടെ ഫോൺ ചെന്നൈയിലെ രണ്ട് ടവറുകളുടെ പരിധിയിൽ ഓൺ ആയത് അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനാണെന്നും സൂചനയുണ്ട്. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാനും ഉറ്റബന്ധുവിനെ വിളിക്കാനുമാണ് ഫോൺ ഓണായത്. അന്വേഷകരെ വഴിതെറ്റിക്കാൻ ഫോൺ ആരെങ്കിലും ചെന്നൈയിലേക്ക് കൊണ്ടുപോയതാണോയെന്ന് സംശയമുണ്ട്. സ്വപ്നയുടെ ഫോൺവിളി രേഖകൾ പരിശോധിച്ച് അവരുമായി ബന്ധമുള്ള ഉന്നതരെ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് സ്വർണം പിടിക്കുന്നതിന് മുൻപും ശേഷവുമായി രണ്ടു ഡസൻ ഉന്നതരെ സ്വപ്ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസിൽ സ്വപ്ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലൻസിൽ അതിർത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. സ്വപ്ന സുരേഷും സന്ദീപ് നായരും രണ്ടു വർഷമായി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ വൻതോതിൽ സ്വർണം കടത്തുകയായിരുന്നെന്ന് കസ്റ്റംസിന്റെ അന്വേഷണത്തിൽ വ്യക്തമായി.

യു.എ.ഇ കോൺസുലേറ്റിൽ ജോലിക്കെത്തിയതു മുതൽ കടത്ത് തുടങ്ങി. കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് സ്വർണക്കടത്ത് മാറിയെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതോടെ സിബിഐയും എൻ.ഐ.എയും അന്വേഷണ നടപടികൾ തുടങ്ങി. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ ഇന്നലെ രണ്ട് സിബിഐ ഇൻസ്പെക്ടർമാരെത്തി അന്വേഷണ വിവരം ശേഖരിച്ചു. രണ്ടു വർഷത്തിനിടെ എത്രതവണ ഡിപ്ളോമാറ്റിക് ബാഗുകൾ വന്നെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

സന്ദീപ് സ്വർണക്കടത്തുകാരനാണെന്ന് അറിയാമെന്ന് ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകി. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. രഹസ്യ ചർച്ചകളാണ് പലപ്പോഴും നടന്നത്. നിരവധിതവണ ദുബായ് യാത്രകൾ നടത്തിയിട്ടുണ്ട്. മൂവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ട്. സൗമ്യയെ ഇന്നലെ ആറു മണിക്കൂർ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യംചെയ്തിരുന്നു. വിട്ടയച്ച ഇവർ കേസിൽ സാക്ഷിയായേക്കും. 2014ൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ മൂന്നരകിലോ സ്വർണം കടത്തിയ കേസിൽ സന്ദീപ് അറസ്റ്റിലായിരുന്നു. അഞ്ചുമാസം മുമ്പാണ് നെടുമങ്ങാട്ട് സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്.

വർക്ക്ഷോപ്പിൽ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് സംശയം തോന്നിയതോടെയാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയാൽ അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ കോടതിയിൽ കീഴടങ്ങുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. സ്വപ്നയെ കണ്ടെത്താൽ ഉടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. കേസിൽ ഇനി സ്വപ്ന സുരേഷിന്റെ മൊഴിയാണ് നിർണായകമാകുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP