Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ന് വിരമിക്കുന്ന ജിഎസ്ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണർ ഹരിപ്രസാദിനായി പുതിയ കസേര ഒരുക്കി സംസ്ഥാന സർക്കാർ; വ്യാപാരി ക്ഷേമനിധി ബോർഡ് ചീഫ് ചീഫ് എക്സിക്യൂട്ടീവ് പദവി നൽകാനൊരുങ്ങുന്നത് സിപിഎമ്മിനെ പാർട്ടിക്കൂറോടെ സ്നേഹിച്ചതിന്റെ പ്രത്യുപകാരമായി; ലോക് ഡൗൺ കാലത്തെ പ്രതിസന്ധിക്കിടയിലും ഇഷ്ടക്കാർക്കായി ലക്ഷങ്ങൾ നൽകാൻ വിപ്ലവകരമായ പിൻവാതിൽ പ്രവർത്തനം സജീവം

ഇന്ന് വിരമിക്കുന്ന ജിഎസ്ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണർ ഹരിപ്രസാദിനായി പുതിയ കസേര ഒരുക്കി സംസ്ഥാന സർക്കാർ; വ്യാപാരി ക്ഷേമനിധി ബോർഡ് ചീഫ് ചീഫ് എക്സിക്യൂട്ടീവ് പദവി നൽകാനൊരുങ്ങുന്നത് സിപിഎമ്മിനെ പാർട്ടിക്കൂറോടെ സ്നേഹിച്ചതിന്റെ പ്രത്യുപകാരമായി; ലോക് ഡൗൺ കാലത്തെ പ്രതിസന്ധിക്കിടയിലും ഇഷ്ടക്കാർക്കായി ലക്ഷങ്ങൾ നൽകാൻ വിപ്ലവകരമായ പിൻവാതിൽ പ്രവർത്തനം സജീവം

എം മനോജ് കുമാർ

തിരുവനന്തപുരം: ജിഎസ്ടി വകുപ്പിൽ ഡെപ്യൂട്ടി കമ്മിഷണർ പദവിയിൽ നിന്ന് ഇന്നു വിരമിക്കുന്ന ഹരിപ്രസാദിനെ വ്യാപാരി ക്ഷേമനിധി ബോർഡ് ചീഫ് ചീഫ് എക്സിക്യൂട്ടീവ് പദവിയിൽ നിയമിക്കാൻ രഹസ്യനീക്കം. പിഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഉന്നത നേതാവാണ്‌ ഹരിപ്രസാദ്. സിപിഎമ്മിനെ പാർട്ടിക്കൂറോടെ സ്നേഹിച്ചതിന്റെ പ്രത്യുപകാരമാണ് പദവി നൽകാനുള്ള തീരുമാനം. വ്യാപാരി ക്ഷേമനിധി ബോർഡ് ചീഫ് ചീഫ് എക്സിക്യൂട്ടീവ് പദവി സർക്കാർ പദവിയാണ്. വിരമിച്ച ഉദ്യോഗസ്ഥരെ ഈ പദവിയിലേക്ക് നിയമിക്കുന്ന ഒരു രീതിയില്ല. ജിഎസ്ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണർ പദവിയിലുള്ളവരാണ് ഈ പോസ്റ്റിലേക്ക് നിയമിക്കപ്പെടാറ്. ഒരു ലക്ഷത്തിനു പുറത്തേക്ക് വരുന്ന ശമ്പള സ്കെയിലുള്ള പദവിയാണിത്‌. നിലവിലെ സിഇഒ വിനോദ് കുമാറിനെ തിരികെ ജിഎസ്ടിയിലേക്ക് തിരികെ വിളിച്ച് ഇന്നു വിരമിക്കുന്ന ഹരിപ്രസാദിനെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. കൊറോണ കാലത്ത് വരുമാനം നിലച്ച അവസ്ഥയിൽ സർക്കാർ തന്നെ ലോക്ക് ഡൗണിൽ തുടരുകയാണ്. ഈ പ്രതിസന്ധി മുന്നിൽ നിൽക്കവേ തന്നെയാണ് ലക്ഷങ്ങൾ സർക്കാരിനു അധിക ചെലവ് വരുന്ന ഈ പിൻവാതിൽ നീക്കവും സജീവമായിരിക്കുന്നത്.

സ്ഥിരം ജീവനക്കാരെ നിയമിക്കുന്ന തസ്തികയിൽ വിരമിച്ച ജീവനക്കാരനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് എൽ.ഡി. എഫിന്റെ ഔദ്യോഗിക നിലപാടിനെതിരുമാണ്. എന്നിട്ടും തീരുമാനം നടപ്പിലാക്കാൻ തന്നെയാണ് സർക്കാർ ഒരുങ്ങുന്നത്. കീഴ്‌വഴക്കം ലംഘിച്ച് ഈ പോസ്റ്റിലേക്ക് ഹരിപ്രസാദിനെ നിയമിക്കാനുള്ള നീക്കം നടക്കുമ്പോൾ പലവിധത്തിലുള്ള ധനനഷ്ടം ഈ ഒരൊറ്റ നിയമനം വഴി സർക്കാരിനു നേരിടേണ്ടി വരും. ഒരു ലക്ഷത്തിനു മുകളിൽ ശമ്പള സ്കെയിൽ ഉള്ള ജിഎസ്ഡി ഡെപ്യൂട്ടി കമ്മിഷണറെ തിരികെ വിളിച്ച് ജിഎസ്ടിയിൽ പോസ്റ്റ്‌ വേറെ നൽകേണ്ടി വരും. ശമ്പളവും ഈ ഉദ്യോഗസ്ഥന് നൽകണം. സിഇഒയായി നിയമിക്കുമ്പോൾ ഒരു ലക്ഷത്തിലധികം രൂപ ഹരിപ്രസാദിന് ശമ്പളമായി നൽകേണ്ടി വരും. ഹരിപ്രസാദിന് ലഭിക്കുന്ന പെൻഷന് പുറമേയാണ് ഈ തുക കൂടി സർക്കാർ ഖജനാവിൽ നിന്ന് നൽകേണ്ടി വരുക. ചെലവ് വെട്ടിക്കുറച്ച് മുന്നോട്ടു പോകും എന്ന് പറയുമ്പോഴും അധിക ചെലവ് വരുത്തുന്ന നടപടികളാണ് സർക്കാർ ഭാഗത്ത് നിന്നും വരുന്നത്. ധനപ്രതിസന്ധി എന്ന് പറയുമ്പോൾ അധിക ചിലവും ഈ രീതിയിലുള്ള ധൂർത്തുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടികൊണ്ടിരിക്കുന്നത്. പക്ഷെ അതെല്ലാം അവഗണിച്ച് അധിക ചിലവും ധൂർത്തുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നാണ് ഹരിപ്രസാദിനെ വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡ് സിഇഒ ആക്കാനുള്ള തീരുമാനവും തെളിയിക്കുന്നത്.

വ്യാപാരി ക്ഷേമനിധി ബോർഡിൽ സർക്കാരിനും പാർട്ടിക്കും താത്പര്യങ്ങളുണ്ട്‌. ഒരു ലക്ഷത്തി പതിമൂവായിരം പേർ അംഗങ്ങളാണ് വ്യാപാര ക്ഷേമനിധി ബോർഡിലുള്ളത്. ഈ ബോർഡിനെ നയിക്കുന്ന സിഇഒയ്ക്ക് വ്യാപാര സമൂഹത്തെ പല രീതിയിൽ സഹായിക്കാൻ കഴിയും. നിലവിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് വ്യാപാരികളുടെ ഏറ്റവും കരുത്തുള്ള സംഘടന. ഈ സംഘടനയെ പിളർത്താനോ നശിപ്പിക്കാനോ ഉള്ള ശ്രമങ്ങൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണെങ്കിലും വിജയം വരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് വ്യാപാരി വ്യവസായ സമിതി സിപിഎം രൂപീകരിച്ചത്. വ്യാപാരി വ്യവസായി സമിതിയുടെ പ്രവർത്തനങ്ങൾ ശക്തമാണെങ്കിലും വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് വെല്ലുവിളിയാകാൻ കഴിഞ്ഞിട്ടില്ല. ഇത് സിപിഎമ്മിന് മുന്നിലുണ്ട്. ഈ താത്പര്യം ലക്ഷ്യമാക്കിയാണ് വ്യാപാരി വ്യാപാരി ക്ഷേമനിധി ബോർഡ് തലപ്പത്ത് പാർട്ടിക്കൂറുള്ള വിരമിച്ച ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. പല വിധ ഗ്രാൻഡുകൾ, ലോണുകൾ എല്ലാം നൽകാൻ വ്യാപാരി ക്ഷേമനിധി ബോർഡ് സിഇഒയ്ക്ക് കഴിയും. ഇത്തരം ആനുകൂല്യങ്ങൾ നൽകി വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഉറച്ചു നിൽക്കുന്ന വ്യാപാരികളെ ചൂണ്ടയിലാക്കി മറുപുറത്തേക്ക് ചാടിക്കണം. സർക്കാർ ഉദ്യോഗസ്ഥൻ പോസ്റ്റിലിരിക്കെ ഇതിനു പരിമിതികൾ വരും. അതിനാലാണ് പാർട്ടിക്കൂറുള്ള വിരമിച്ചയാളെ ഈ പദവിയിൽ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.

കൊറോണ വ്യാപനത്തെയും ലോക്ക് ഡൗണിനേയും തുടർന്നു സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പൊഴാണ് ഖജനാവ് മുടിക്കുന്ന തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചെടുക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കവേ തന്നെയാണ് സംഘടന നേതാവിന് വേണ്ടി ഖജനാവ് മുടിക്കാനുള്ള നീക്കം നടക്കുന്നത്. സാലറി ചാലഞ്ചിനു ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടപ്പോൾ ഓർഡിനൻസ് ഇറക്കി ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാർ സജീവമാക്കുകയാണ്. ഈ ഓർഡിനൻസ് ഇറക്കി അതിനു ഗവർണറിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രം ശമ്പള ബില്ല് പാസാക്കിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തിന്റെ ധനസ്ഥിതി ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മഹാപ്രളയകാലത്തെ പോലെ സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതേ സമയം തന്നെയാണ് മറുവശത്ത് ധൂർത്തും സർക്കാർ വക നടക്കുന്നത്. ചെലവു ചുരുക്കാനോ ധൂർത്ത് കുറയ്ക്കാനോ ആവശ്യമില്ലാത്ത തസ്തികകൾ നിർത്തലാക്കാനോ ശ്രമിക്കാതെ ജീവനക്കാരുടെ ശമ്പളം കുത്തിനു പിടിച്ച് വാങ്ങാനാണ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റ്‌ നടത്തിയിരുന്നു. ഇത്തവണത്തെ സാലറി ചാലഞ്ച് നീക്കത്തെ എതിർത്തുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഫെയ്സ് ബുക്ക് പോസ്റ്റ്‌ നടത്തിയത്.

കൊറോണ കാലത്തും സർക്കാർ ധൂർത്തിന് ഒരു കുറവുമില്ലെന്നു പ്രതിപക്ഷം നിരന്തരം ആക്ഷേപിക്കുന്നുണ്ട്. പെരിയ കൊലക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ വേണ്ടി സർക്കാർ നിയോഗിച്ച അഭിഭാഷകർക്ക് യാത്രപ്പടി അനുവദിച്ച് സർക്കാർ ഉത്തരവ് വിവാദമായിരുന്നു. കഴിഞ്ഞ എട്ടിന് ഇറക്കിയ ഉത്തരവിൽ തുക വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ്ങും അദ്ദേഹത്തിന്റ സഹായിയായ പ്രഭാസ് ബജാജും നവംബർ 12,16 തീയതികളിൽ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ബിസിനസ് ക്ലാസിൽ നടത്തിയ വിമാനയാത്രയുടേയും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതിന്റേയും ചെലവാണ് അനുവദിച്ചിട്ടുള്ളത്. സിബിഐ അന്വേഷണം ഒഴിവാക്കാൻ ഖജനാവിൽ നിന്ന് സർക്കാർ ലക്ഷക്കണക്കിന് രൂപ അനുവദിച്ചതിൽ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ മനീന്ദർ സിങ്ങിന് ഒരു സിറ്റിങ്ങിന് മാത്രം ഇരുപത് ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. സർക്കാർ ധൂർത്തിന്നെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ശക്തമായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിക്ക് പ്രതിവർഷം 6.37 കോടി രൂപയും അഞ്ചുവർഷത്തേക്ക് 31.85 കോടി രൂപയും ആകുന്നതിനാൽ ഇത് അടിയന്തരമായി റദ്ദു ചെയ്ത് പണം കൊറോണ ഫണ്ടിലേക്കു മാറ്റണന്നാണ് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്. സർക്കാർ ജീവനക്കാരുടെ ശമ്പളം നിർബന്ധമായി പിടിക്കുന്നതിനു മുമ്പ് പാഴ്‌ച്ചെലവുകൾ റദ്ദാക്കി സർക്കാർ മാതൃക കാട്ടണമെന്നാണ് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ നിർമ്മാണം പാർട്ടി ചാനലിനു കരാർ നൽകിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വർഷം പാർട്ടി ചാനലിന് എപ്പിസോഡ് നിർമ്മാണത്തിനു നൽകുന്നത് 1.17 കോടി രൂപ. അഞ്ചു വർഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയിൽ വേറെയും വരുമാനം. ഏറ്റവും മുൻനിര ചാനലിന് ആഴ്ചയിൽ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാൻ 1.25 ലക്ഷം രൂപ. ചില ചാനലുകൾ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാൽ 12 ന്യൂസ് ചാനലുകൾക്ക് 10 ലക്ഷം രൂപ നൽകണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വർഷത്തക്ക് 26 കോടി രൂപ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പിആർഡിയും സിഡിറ്റും ചേർന്ന് നിർമ്മിച്ച് ദൂരദർശനിൽ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ മാമാങ്കമായി മാറിയത്. ഈ പരിപാടി പഴയതുപോലെ ആക്കിയാൽ സർക്കാരിന് കോടികൾ ലാഭിക്കാം. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹികമാധ്യമ പ്രചാരണങ്ങൾക്കും പുറംകരാർ നൽകിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്. നൂറിലധികം ഓഫീസർമാരുള്ള പിആർഡിയെയും കൂറ്റൻ സംവിധാനങ്ങളുള്ള സിഡിറ്റിനെയും മറികടന്നാണ് ഈ കരാർ നൽകിയിരിക്കുന്നത്. 14 ജില്ലകളിൽ സാംസ്‌കാരിക സമുച്ചയങ്ങൾ നിർമ്മിക്കാൻ അനുവദിച്ചിരിക്കുന്ന 700 കോടി രൂപ അടിയന്തരമായി കൊറോണ ഫണ്ടിലേക്കു മാറ്റണം. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണുള്ള ഒരു നിലയത്തിന് 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രതിമാസം 1.44 കോടി രൂപ വാടക നൽകുന്ന ഹെലികോപ്റ്ററിന് ജിഎസ്ടി, പൈലറ്റ്, കോ പൈലറ്റ്, ഫ്‌ളൈറ്റ് എൻജിനീയർ എന്നിവരുടെ ശമ്പളം, അവരുടെ 7 സ്റ്റാർ ഹോട്ടൽ താമസം തുടങ്ങിയവ കൂട്ടുമ്പോൾ പ്രതിമാസം 2 കോടി രൂപയോളമാകും. വർഷം 24 കോടി രൂപയുടെ ധൂർത്ത്.

പിണറായി സർക്കാർ കാബിനറ്റ് റാങ്കു നൽകിയ അഞ്ചുപേർ വൻ സാമ്പത്തിക ബാധ്യത വരുത്തുന്നു. മുന്നോക്ക കോർപറേഷൻ ചെയർമാൻ,ആർ ബാലകൃഷ്ണപിള്ള, ഡൽഹിയിൽ ലെയ്‌സൺ ഓഫീസർ എ സമ്പത്ത്, ‍-ഭരണപരിഷ്‌കാര കമ്മീഷൻ, ചെയർമാൻ എസ് അച്യുതാനന്ദൻ, ചീഫ് വിപ്പ്- കെ രാജൻ, അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ് എന്നിവർക്ക് നൽകിയ കാബിനെറ്റ്‌ റാങ്ക്. ഈ ഓഫീസ് ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ അങ്ങിനെയെങ്കിൽ ഒരു വർഷം 1.44 കോടി. അഞ്ചുപേർക്ക് 8.64 കോടി രൂപയുടെ പ്രതിവർഷ ചെലവ്. ഉപടെഷകർക്ക് വേറെയും. ഇതെല്ലാം ഒഴിവാക്കി ചെലവ് കുറയ്ക്കാനാണ് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP