Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വാക്കു തർക്കത്തിനിടെ മുഖത്തടിച്ചു; തലയടിച്ചു വീണ ഭാര്യാ സഹോദരിയെ ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹം പുറത്ത് എത്തിക്കാനുള്ള ശ്രമം പൊളിച്ചത് മഴ; വീട് പൂട്ടി മുങ്ങിയത് മറുതന്ത്രം മെനയാൻ; പ്രശ്‌നമായത് യുവാവുമായുള്ള ബന്ധം; ഹരികൃഷ്ണയെ രതീഷ് വകവരുത്തിയത് തന്നെ

വാക്കു തർക്കത്തിനിടെ മുഖത്തടിച്ചു; തലയടിച്ചു വീണ ഭാര്യാ സഹോദരിയെ ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹം പുറത്ത് എത്തിക്കാനുള്ള ശ്രമം പൊളിച്ചത് മഴ; വീട് പൂട്ടി മുങ്ങിയത് മറുതന്ത്രം മെനയാൻ; പ്രശ്‌നമായത് യുവാവുമായുള്ള ബന്ധം; ഹരികൃഷ്ണയെ രതീഷ് വകവരുത്തിയത് തന്നെ

ആർ പീയൂഷ്

ആലപ്പുഴ: യുവാവുമായുള്ള ബന്ധത്തെചൊല്ലി ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയത് തലക്കടിച്ച് വീഴ്‌ത്തി ശ്വാസം മുട്ടിച്ച്. കടക്കരപ്പള്ളി തളിശ്ശേരിതറ ഉല്ലാസ് - സുവർണ ദമ്പതികളുടെ മകളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽകാലിക നഴ്സുമായ ഹരികൃഷ്ണയെയാണ് (25) പുത്തൻകാട്ടിൽ രതീഷ് (ഉണ്ണി) കൊലപ്പെടുത്തിയത്.

വാക്കു തർക്കത്തിനിടെ മുഖത്തടിച്ചതോടെ തലയടിച്ചു വീണ ഹരികൃഷ്ണയെ ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിനുള്ളിൽ നിന്നും മൃതദേഹം പുറത്തേക്ക് എത്തിക്കാൻ നോക്കിയെങ്കിലും മഴപെയ്തതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് വീട് പൂട്ടി ഇയാൾ സ്ഥലം വിടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടു മണിക്കുശേഷമായിരുന്നു കൊലപാതകം. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല.

രതീഷ് രണ്ടു മക്കളെയും കുടുംബവീട്ടിലേക്കു മാറ്റിയിരുന്നു. ഇവിടെ എത്തിയ ശേഷം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്ത് തർക്കമുണ്ടാകുകയും കൊലപാതകം നടത്തുകയുമായിരുന്നു. ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ രതീഷ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ പിടിയിലായി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വീട്ടിലെത്തിയ ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് താൻ ഹരികൃഷ്ണയുടെ മുഖത്തിടിച്ചെന്ന് രതീഷ് പൊലീസിനോടു പറഞ്ഞു. ഹരികൃഷ്ണ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ വലിച്ചു മുറിക്കുള്ളിലാക്കി. പിന്നീടാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പറഞ്ഞത്. ഹരികൃഷ്ണയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല. വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല.

മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നു പൊലീസ് പറയുന്നു. എന്ത് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ട് വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയിക്കുന്നു. അബദ്ധം പറ്റിയതാണെന്നാണു രതീഷ് പറഞ്ഞത്. എന്നാൽ, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. കാരണം കുട്ടികളെ വീട്ടിൽ നിന്നും മാറ്റിയതിന് ശേഷം കരുതുക്കൂട്ടി നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. രാത്രി 9.30നു ശേഷം രതീഷിന്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. 10.30നു വീണ്ടും ഫോൺ ഓൺ ചെയ്ത് 12 സെക്കൻഡോളം ആരോടോ സംസാരിച്ചിട്ടുണ്ട്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു. പട്ടണക്കാട് സിഐ ആർ.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP