Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിഎൻ ഗോപകുമാറിന്റെ പകരക്കാരനാകാൻ ഹരി എസ് കർത്തയോ? ജന്മഭൂമി മുൻ എഡിറ്ററെ ഏഷ്യാനെറ്റിന്റെ തലവനാക്കാൻ കരുക്കൾ നീക്കി ബിജെപി ഔദ്യോഗിക പക്ഷം; കേന്ദ്രമന്ത്രിസ്ഥാനത്തിനായി എന്തിനും തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ; ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ജീവനക്കാരിൽ അതൃപ്തി പുകയുന്നു

ടിഎൻ ഗോപകുമാറിന്റെ പകരക്കാരനാകാൻ ഹരി എസ് കർത്തയോ? ജന്മഭൂമി മുൻ എഡിറ്ററെ ഏഷ്യാനെറ്റിന്റെ തലവനാക്കാൻ കരുക്കൾ നീക്കി ബിജെപി ഔദ്യോഗിക പക്ഷം; കേന്ദ്രമന്ത്രിസ്ഥാനത്തിനായി എന്തിനും തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ; ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ജീവനക്കാരിൽ അതൃപ്തി പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താൻ ചെയർമാൻ ആയ മുഴുവൻ സ്ഥാപനങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെ ഇനി ആർഎസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്ന് ചെയർമാൻ രാജീവ് ചന്ദ്രശേഖരന്റെ നിർദ്ദേശം വലിയ ചർച്ചയായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശ പ്രകാരം ജുപ്പീറ്റർ കാപ്പിറ്റൽ കമ്പനി സിഇഒ അമിത് ഗുപ്ത എഡിറ്റോറിയൽ തലവന്മാർക്ക് ഇമെയിൽ ചോർന്നതായിരുന്നു ഈ വാർത്തയ്ക്ക് ആധാരം. അതിനിടെ രാജീവ് ചന്ദ്രശേഖറിന്റെ കീഴിലുള്ള മലയാളം ചാനലായ ഏഷ്യാനെറ്റ് ന്യൂസിൽ സംഘപരിവാർവൽക്കരണം തുടങ്ങുന്നതിന്റെ സൂചനകളും പുറത്തുവരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ തലപ്പത്ത് ആർഎസ്എസ് ആശയങ്ങളോട് അടുപ്പമുള്ള വ്യക്തിയെ തീരുമാനിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ചന്ദ്രശേഖറിന് നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. ഇതിന്റെ മറവ് പിടിച്ച് ജന്മഭൂമിയുടെ മുൻ എഡിറ്റർ ഹരി എസ് കർത്തയെ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തിക്കാൻ ബിജെപിയിലെ ഔദ്യോഗിക പക്ഷം ചരട് വലികൾ തുടങ്ങി. എന്നാൽ ആർഎസ്എസ് ഈ നീക്കത്തിന് പുർണ്ണമായും എതിരാണ്.

ജന്മഭൂമിയിൽ നിന്ന് ആർഎസ്എസ് പുറത്താക്കിയ വ്യക്തിയാണ് ഹരി എസ് കർത്ത. സംഘപരിവാർ മുഖവുമായി അമൃതാ ചാനലിൽ ഹരി എസ് കർത്ത എത്തിയതിനേയും ആർഎസ്എസ് എതിർത്തിരുന്നു. ഈ നിയമനം ആർഎസ്എസ് അക്കൗണ്ടിൽ വേണ്ടെന്ന് അമൃതാ മഠത്തോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെ അമൃതയിൽ നിന്നും വ്യജ സർട്ടിഫിക്കറ്റുമായി മാദ്ധ്യമ പ്രവർത്തകനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അയച്ചതുമായി ബന്ധപ്പെട്ട് കുടുങ്ങിയവരിൽ പ്രധാനിയായ ഹരി എസ് കർത്തയെ അവിടെ നിന്നും തന്ത്രപരമായി ഒഴിവാക്കി. ഈ വിഷയത്തിൽ ഹരി എസ് കർത്തയ്ക്ക് എതിരെ ധർമ്മടം പൊലീസ് സ്‌റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ട്. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് മഠത്തിന്റെ അനുമതിയില്ലാതെ വ്യാജ സർട്ടിഫിക്കറ്റുള്ള പത്രപ്രവർത്തകനെ അയച്ചതിലെ ഗൂഢാലോചനയിൽ ഹരി എസ് കർത്തയ്ക്കും പങ്കുണ്ടെന്നാണ് ഉയർന്ന ആരോപണം. അങ്ങനെ അമൃതാ ടിവിയിൽ നിന്ന് ഒഴിവാക്കിയ ഹരി എസ് കർത്ത, ആർഎസ്എസ് ചാനലായ ജനത്തിന്റെ തലപ്പത്ത് എത്താനും ശ്രമിച്ചു. അതും ആർഎസ്എസ് തടഞ്ഞു. അത്തരമൊരു വ്യക്തിയെ ഏഷ്യാനെറ്റിന്റെ തലപ്പത്തുകൊണ്ടു വരുന്നതിൽ ആർ എസ് എസിന് താൽപ്പര്യമില്ല.

എന്നാൽ ബിജെപിയിലെ ഔദ്യോഗിക വിഭാഗവുമായി ഹരി എസ് കർത്താ അടുപ്പത്തിലാണ്. പ്രതിരോധ വകുപ്പിന്റെ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാൻ ഏഷ്യാനെറ്റിലെത്തിയാൽ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി നടത്തിയ കരുനീക്കങ്ങൾ ഏഷ്യാനെറ്റിൽ ഹരി എസ് കർത്തയുടെ സ്ഥാനം ഉറപ്പിച്ചെന്നാണ് സൂചന. ഏതായാലും ഏഷ്യാനെറ്റിൽ ഹരി എസ് കർത്തയെ നിയമിച്ചാൽ പരസ്യമായ അഭിപ്രായ പ്രകടനമൊന്നും ആർഎസ്എസ് നടത്തുകയുമില്ല. ഇത് മനസ്സിലാക്കിയാണ് ബിജെപി ദേശീയ കൗൺസിലിനിടെ രാജീവ് ചന്ദ്രശേഖറുമായി ചർച്ചകൾ തുടങ്ങിയത്. ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരള വികസനത്തിലെ നയരേഖ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കി നൽകിയിരുന്നു. ഐഎഎസുകാരനായ ആനന്ദ ബോസിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ ഇതിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ കൺവീനറായിരുന്നു ഹരി എസ് കർത്ത. മോദി അടക്കമുള്ളവരെ സന്ദർശിച്ച് ചർച്ച ചെയ്യാൻ അവസരം ലഭിച്ച ചുരുക്കം ചിലരിൽ ഒരാൾ.

ദേശീയ കൗൺസിലിൽ രാജീവ് ചന്ദ്രശേഖറും പങ്കെടുത്തിരുന്നു. ഈ സമയത്താണ് ഏഷ്യാനെറ്റിന്റെ തലപ്പത്ത് ആർ എസ് എസുകാരൻ വേണമെന്ന ചർച്ച സജീവമായത്. സ്വാഭാവികമായും ഹരി എസ് കർത്തയുടെ പേര് ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇത് രാജീവ് ചന്ദ്രശേഖറും അംഗീകരിച്ചു. എൻ ഡി എയുടെ വൈസ് ചെയർമാൻ കൂടിയായ രാജീവ് ചന്ദ്രശേഖർ, ഏഷ്യാനെറ്റിൽ ഇനി സംഘപരിവാറിനെതിരായ ആക്രമണം ഉണ്ടാകില്ലെന്ന് കോഴിക്കോട് സ്‌മ്മേളനത്തിനിടെ നേതാക്കൾക്ക് വാക്ക് കൊടുത്തിരുന്നു. ബിജെപിയുടെ മുന്നേറ്റത്തെ തടയുന്നത് ഏഷ്യാനെറ്റ് വാർത്തകളാണെന്നും നേതാക്കളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വാർത്താ അവതരണം അംഗീകരിക്കാൻ കഴിയില്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ രാജീവ് ചന്ദ്രശേഖറിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഹരി എസ് കർത്തയെ ചാനലിലെത്തിക്കാൻ തത്വത്തിൽ തീരുമാനം വന്നത്. എന്നാൽ സംസ്ഥാന ആർ എസ് എസിലെ ആരുമായും ഇക്കാര്യം ചർച്ച ചെയ്തതുമില്ല.

ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുണ്ടായിരുന്ന ടി എൻ ഗോപകുമാർ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെ എംജി രാധാകൃഷ്ണനായി ചുമതല. ഇദ്ദേഹം സിപിഐ(എം) സഹയാത്രികനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ മകനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും രാധാകൃഷ്ണന് അടുപ്പമുണ്ട്. അതിലുപരി നേമം എംഎൽഎ ആയിരുന്ന വി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനുമാണ്. ഈ ബന്ധമെല്ലാം ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധ വാർത്തകളിൽ പ്രതിഫലിക്കുന്നുവെന്നാണ് ബിജെപി നിലപാട്. ഈ സാഹചര്യത്തിൽ ടിഎൻ ഗോപകുമാറിന്റെ പദവിയിൽ ആർഎസ്എസ് സഹയാത്രികനെ നിയോഗിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിനോട് അമിത് ഷാ ആവശ്യപ്പെട്ടത്. ഇത് മനസ്സിലാക്കി ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഹരി എസ് കർത്ത നീക്കം നടത്തുകയായിരുന്നു.

ഇതിനിടെ ഹരി എസ് കർത്തയ്ക്ക് അസുഖം പിടിപെട്ടു. ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലുമാണ്. ഈ സാഹചര്യത്തിൽ തുടർ ചർച്ചകൾ നടന്നതുമില്ല. ഈ നീക്കം മനസ്സിലാക്കിയ ഏഷ്യാനെറ്റ് ജീവനക്കാരും ആശങ്കയിലാണ്. രാജീവ് ചന്ദ്രശേഖറിന്റെ പ്രത്യയ ശാസ്ത്രത്തോട് താൽപ്പര്യമുള്ള, അതായത് ആർഎസ്എസ് അനുഭാവമുള്ളവർ ചാനലിൽ കുറവാണ്. ഒരിക്കലും ഇത്തരം സങ്കുചിത ചിന്തകൾ ഏഷ്യാനെറ്റിനെ പിടികൂടിയിരുന്നില്ല. പത്രപ്രവർത്തന മികവ് മാത്രമായിരുന്നു അടിസ്ഥാനം. ഇത് മാറി രാഷ്ട്രീയം വരുന്നത് ചാനലിനെ തകർക്കുമെന്ന് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പുറത്തുവന്ന ഇമെയിൽ ജീവനക്കാരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. സംഘപരിവാർ രാഷ്ട്രീയത്തെ കേരളം ഇനിയും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ നിലപാടിലേക്ക് മാറുന്നത് ചാനലിന്റെ സർവ്വ നാശത്തിന് വഴിയൊരുക്കുമെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ.

ന്യൂസ് കേരള 18 എന്ന ചാനലും ബിജെപി പക്ഷത്താണ്. എന്നാൽ രാജീവ് ചന്ദ്രശേഖറിനുള്ള രാഷ്ട്രീയത്തിലെ പ്രത്യക്ഷ ആഭിമുഖ്യം ന്യൂസ് കേരള 18 ഇല്ല. രാജ്യം ഭരിക്കുന്ന മോദിയോട് മാത്രമാണ് അവരുടെ കൂറ്. അതിനാൽ ഏഷ്യാനെറ്റിനേക്കാൾ മികച്ച ജോലി ചുറ്റുപാട് ന്യൂസ് കേരള 18ൽ ലഭിക്കുമെന്ന് ഏഷ്യാനെറ്റിലെ ജീവനക്കാരും വിലയിരുത്തുന്നു. ചോദിക്കുന്നതെന്തും കൊടുത്ത് ജീവനക്കാരെ വലവീശിപ്പിടിക്കാൻ ന്യൂസ് കേരള 18 കൂടതൽ ശക്തമായി രംഗത്ത് വന്ന സാഹചര്യത്തിൽ പലരും കൂടുമാറാൻ തയ്യാറെടുക്കുകയാണ്. ഇത് മലയാള ന്യൂസ് ചാനൽ രംഗത്തെ ഒന്നാമനാകാൻ സഹായിക്കുമെന്നാണ് അംബാനിയുടെ ന്യൂസ് കേരള 18ന്റെ വിലയിരുത്തൽ. ചാനലിന്റെ തലവും ഏഷ്യാനെറ്റിലെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ജയ്ദീപ് തന്നെയാണ് കൂടുതൽ മികവുള്ളവരെ എത്തിക്കാൻ കരുക്കൾ നീക്കുന്നത്. അതിനിടെ സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് തന്നെ ഏഷ്യാനെറ്റിൽ നിന്ന് ഒറ്റപ്പെടുത്തി പുറത്തേക്ക് പോകാൻ നിർബന്ധിതനാക്കിയതെന്ന സംശയം ജയ്ദീപിന് ഇപ്പോഴുണ്ട്.

ചെയർമാന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കുന്നവരെ മാത്രമേ നിയമിക്കാവൂ എന്ന് രാജീവ് ചന്ദ്രശേഖർ വിവിധ ചാനലുകളുടെ തലപ്പത്തുള്ളവർക്ക് നിർദ്ദേശം നൽകിയിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതിയുള്ള ഏഷ്യാനെറ്റ് ന്യൂസ്, കടന്ന വാർത്താ ചാനലായ സുവർണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓൺലൈൻ മാദ്ധ്യമമായ ന്യൂസബിൾ എന്നിവയുടെ എഡിറ്റോറിയൽ തലവന്മാർക്കാണ് നിർദ്ദേശം നൽകിയത്. ഇ മെയിൽ വിവരങ്ങൾ ന്യൂസ് ലോൺഡ്രിയാണ് പുറത്തുവിട്ടത്. കർണാടകത്തിൽനിന്ന് ബിജെപി നോമിനിയായി രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ കഴിഞ്ഞ മാസം കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രത്യയശാസ്ത്രവുമായി ചേർന്നു പോകുന്നവരെ മാത്രം ഇനി ഈ സ്ഥാപനങ്ങളിലേക്ക് നിയമിച്ചാൽ മതിയെന്നാണ് നിർദ്ദേശം. ഇതിന്റെ മാനദണ്ഡങ്ങളടങ്ങുന്ന ഈമെയിലാണിപ്പോൾ ന്യൂസ്ലോൺട്രി എന്ന മാദ്ധ്യമം പുറത്തുവിട്ടിരിക്കുന്നത്.

ഉദ്യോഗാർത്ഥികൾ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരായിരിക്കണം, ചെയർമാന്റെ പ്രത്യയശാസ്ത്രത്തോട് ചേർന്നു നിൽക്കുന്നവരായിരിക്കണം, ദേശീയതയിലും ഭരണത്തിലും അവഗാഹമുള്ളവരായിരിക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ. ബിജെപിയോട് അനുഭാവം പുലർത്തുന്നവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. സെപ്റ്റംബറിലാണ് കത്തയച്ചിട്ടുള്ളത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കത്തിലെ നിർദ്ദേശങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഗുപ്ത മറ്റൊരു കത്ത് കൂടി അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. 'ചെയർമാന്റെ ആശയ'ത്തോട് വിയോജിപ്പുള്ള ചാനലിലെ തന്നെ ചില സീനിയർ എഡിറ്റർമാരുടെ എതിർപ്പാണ് ഇതിന് കാരണമെന്നും ന്യൂസ് ലോൺട്രി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP