Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202120Wednesday

യുകെയിൽ എത്തിയ മലയാളി വിദ്യാർത്ഥിനി ആത്മഹത്യയുടെ വക്കിൽ; ഉത്തരവാദി കേരള സർക്കാർ; ഇഷ്ടക്കാർ ഇടിച്ചു കയറുന്ന സർക്കാർ സംവിധാനത്തിൽ സാധാരണക്കാരിയായ ഒരു വിദ്യാർത്ഥിനിയുടെ സകല സ്വപ്നവും തകർക്കപ്പെടുമോ ? പിന്നോക്ക സമുദായക്കാർക്കുള്ള സ്‌കോളർഷിപ് നിക്ഷേധിക്കപ്പെട്ട ഹഫീഷ ചെയ്ത കുറ്റം കൂടുതൽ പഠിച്ചത്

യുകെയിൽ എത്തിയ മലയാളി വിദ്യാർത്ഥിനി ആത്മഹത്യയുടെ വക്കിൽ; ഉത്തരവാദി കേരള സർക്കാർ; ഇഷ്ടക്കാർ ഇടിച്ചു കയറുന്ന സർക്കാർ സംവിധാനത്തിൽ സാധാരണക്കാരിയായ ഒരു വിദ്യാർത്ഥിനിയുടെ സകല സ്വപ്നവും തകർക്കപ്പെടുമോ ? പിന്നോക്ക സമുദായക്കാർക്കുള്ള സ്‌കോളർഷിപ് നിക്ഷേധിക്കപ്പെട്ട ഹഫീഷ ചെയ്ത കുറ്റം കൂടുതൽ പഠിച്ചത്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കരുതൽ വേണം, കൂടെ ജാഗ്രതയും. ചേർത്ത് പിടിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കൂടെക്കൂടെ കേൾക്കുന്നതാണ് ഈ വാചകങ്ങൾ. ആര് ആരെ കരുതലോടെയും ജാഗ്രതയോടെയും ചേർത്തു പിടിക്കണമെന്ന സംശയമാണ് യുകെയിൽ പഠിക്കാൻ എത്തിയ തൃശൂർ സ്വദേശിയായ ഹഫീഷയുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുക. സർക്കാർ ജനങ്ങളെയാണോ അതോ ജനങ്ങൾ സർക്കാരിനെയാണോ ചേർത്ത് പിടിക്കേണ്ടതും കരുതൽ എടുക്കേണ്ടതെന്നും തോന്നിപ്പോകും ഹഫീഷയുടെ വാക്കുകൾ കേൾക്കുമ്പോൾ.

കേരളത്തിൽ നിന്നും അധികമാരും പഠിക്കാത്ത സാമൂഹ്യ നീതിയുമായി ചേർന്ന് നിൽക്കുന്ന സോഷ്യൽ ആന്ത്രോപോളജിയിൽ എം എ ബിരുദാനന്തര ബിരുദം എടുക്കാൻ സസെക്‌സ്
യൂണിവേഴ്‌സിറ്റിയിൽ എത്തിയ ഹഫീഷ തനിക്കു നിഷേധിക്കപെട്ട പിന്നോക്ക വിഭാഗ സ്‌കോളർഷിപ്പ് നേടിയെടുക്കാൻ പ്രധാനമന്ത്രി മുതൽ ഗവർണർ വരെയും മുഖ്യമന്ത്രി മുതൽ പിന്നോക്ക വികസന വകുപ്പ് മന്ത്രി വരെയുള്ളവരെയും കാലു പിടിച്ച ശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നത്.

ബിനേഷിനുണ്ടായ അതേ ദുരനുഭവം, പീഡനം സർക്കാർ വിനോദമോ?

നാലു വർഷം മുൻപ് ഇതേ വിധത്തിൽ ദുരനുഭവം ഉണ്ടായ ആദിവാസി യുവാവ് ബിനേഷ് ബാലന്റെ ദുരവസ്ഥ മാധ്യമങ്ങൾ വഴി പൊതു സമൂഹത്തിൽ ചർച്ച ആയപ്പോഴാണ് നാണക്കേട് ഒഴിവാക്കാൻ കേരള സർക്കാർ തയ്യാറായത്. അന്ന് പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രിയായ എ കെ ബാലൻ വിഷയത്തിൽ അവസാന നിമിഷം ഇടപെടുകയും ബിനീഷ് ബാലൻ ലണ്ടനിൽ എത്തിയ ശേഷം നേരിട്ട് വിളിച്ചു മാധ്യമങ്ങളോട് കൂടുതൽ വെളിപ്പെടുത്തൽ നടത്തരുത് എന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്നാണ് വിഷയം രമ്യമായി പരിഹരിക്കപ്പെട്ടത്.

ലണ്ടനിൽ പഠിക്കാനുള്ള അവസരം മൂന്നു വർഷം തുടർച്ചയായി കേരള സർക്കാരിന്റെ കഴിവില്ലായ്മ കൊണ്ട് മുടങ്ങിയപ്പോൾ ഗതികെട്ടാണ് ആ യുവാവ് അന്ന് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. താൻ ആത്മഹത്യ ചെയ്യാതിരിക്കുന്നത് പൂർവ്വികരുടെ പുണ്യം കൊണ്ടാണ് എന്നായിരുന്നു ബിനേഷ് വെളിപ്പെടുത്തിയത്.

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ സ്വന്തം നിലയിൽ ജീവിതത്തിന്റെ വിജയ വഴികൾ താണ്ടുകയാണ്, ലണ്ടനിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഒരിക്കലും സാധ്യമാകാത്ത വിജയമാണ് ഇപ്പോൾ അദ്ദേഹത്തിന് ഒപ്പമുള്ളതും. ആത്മഹത്യാ ചിന്തകളിലൂടെ കടന്നു പോയ ബിനേഷ് നേരിട്ട അതേ അനുഭവമാണ് ഇപ്പോൾ ഹഫീഷയും പങ്കിടുന്നത്. ഹഫീഷ ഇക്കാര്യം കഴിഞ്ഞ ദിവസം വകുപ്പ് ഉദ്യോഗസ്ഥനോട് ആവർത്തിക്കുമ്പോൾ ഭയന്ന് പോയ വകുപ്പ് സെക്രട്ടറി ബുദ്ധിമോശം ഒന്നും കാണിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നുണ്ട്. സർക്കാർ തീരുമാനത്തിൽ താൻ നിസ്സഹായനാണ് എന്നും അദ്ദേഹം നിലപാട് ആവർത്തിക്കുകയാണ്.

പരിഹാരമല്ല സർക്കാർ ലക്ഷ്യം, തളരില്ലെന്നു ഹഫീഷയും

മാത്രമല്ല ഹഫീഷയോടു ഒരിക്കൽ കൂടി അപേക്ഷ നൽകാൻ നിരുത്തരവാദപരമായി ഈ ഉദ്യോഗസ്ഥൻ ഉപദേശിക്കുകയും ചെയ്യുന്നു. എന്നാൽ മുൻ വർഷത്തെ സ്‌കോളർഷിപ്പിന് വേണ്ടി ഈ വർഷം താൻ അപേക്ഷിച്ചാൽ ആ ഒറ്റ കാരണം കൊണ്ട് വീണ്ടും തള്ളിക്കളയാമല്ലോ എന്ന ഹഫീഷയുടെ ചോദ്യത്തിന് മുന്നിൽ ഉദ്യോഗസ്ഥന് ഉത്തരം മുട്ടുന്നതും ശബ്ദ രേഖയിൽ വ്യക്തമാണ്. തനിക്കു നിഷേധിക്കപ്പെട്ട നീതി വരും വർഷങ്ങളിൽ മിടുക്കരായ ഒരു വിദ്യാർത്ഥിക്കും നഷ്ടമാകരുതെന്നാണ് ഹഫീഷയുടെ ആഗ്രഹം.

അതിനായി ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരും വരെ ഏതറ്റം വരെയും പോകുമെന്നും അർഹതപ്പെട്ട അംഗീകാരം നേടിയെടുക്കും എന്നുമാണ് ഹഫീഷ വ്യക്തമാക്കുന്നത്. എസ്എഫ്ഐ നേതൃത്വ നിരയിൽ പ്രവർത്തിച്ചു പൊലീസിന്റെ ലാത്തിയടിയേറ്റ തനിക്ക് ഈ അനുഭവം ആണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും എന്നും ഹഫീഷ സർക്കാരിനോട് ചോദിക്കുന്നു. മാത്രമല്ല തന്റെ വിവരം അറിഞ്ഞു സഹായിക്കാൻ ഒട്ടേറെ പേർ തയ്യാറായി മുന്നോട്ടു വരുന്നുണ്ടെന്നും എന്നാൽ തനിക്ക് അത്തരം സഹായങ്ങളല്ല വേണ്ടത് മറിച്ചു അർഹതപ്പെട്ട സർക്കാർ സഹായമാണ് വേണ്ടതെന്നും ഹഫീഷ വ്യക്തമാക്കുന്നു.

സാമൂഹ്യ നീതി പഠന വിഷയമാക്കിയ താൻ ഈ അനീതി ചോദ്യം ചെയ്തില്ലെങ്കിൽ പിന്നാര് ചോദ്യം ചെയ്യും എന്ന ഈ പെൺകുട്ടിയുടെ ചോദ്യവും ന്യായമാണ്. പക്ഷെ ഹഫീഷ ഈ വിഷയം ഉന്നയിക്കും വരെ പത്തു ലക്ഷം രൂപയുടെ സ്‌കോളർഷിപ്പിനെ കുറിച്ച് കേരളത്തിൽ അധികമാരും അറിഞ്ഞിട്ടില്ലായിരുന്നു എന്ന സത്യം കൂടിയാണ് പുറത്തു വരുന്നത്. പഞ്ചായത്തിൽ നിന്നും ഒരു കക്കൂസ് അനുവദിച്ചാൽ നാടാകെ കൊട്ടിപ്പാടി നടക്കുന്ന കേരളത്തിലെ ഭരണ രാഷ്ട്രീയ സംവിധാനം ഇങ്ങനെ ഒരു സ്‌കോളർഷിപ്പിനെ കുറിച്ച് ഉന്നത വിദ്യാഭ്യാസത്തിന് അർഹതയുള്ള പതിനായിരക്കണക്കിന് പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾ ഉള്ള കേരളത്തിൽ കാര്യമായ പ്രചാരണം നടത്തിയില്ല എന്നതാണ് മറ്റൊരു വിരോധോഭാസം.

ഇതോടെ ഇപ്പോൾ ഹഫീഷക്കു നിഷേധിച്ചതു വഴി അർഹതയുള്ള അനേകർക്ക് മുൻ വർഷങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സ്‌കോളർഷിപ്പ് നിഷേധിക്കപ്പെട്ടിരിക്കാം എന്ന സംശയവും ബലപ്പെടുകയാണ്. അഥവാ ഈ നിഷേധം അനർഹരായ ഇഷ്ടക്കാർക്കു വേണ്ടിയും ചിലവഴിക്കപ്പെട്ടിരിക്കാം. എന്തായാലും താൻ ഈ സ്‌കോളർഷിപ്പിന് വേണ്ടി നടത്തിയ പരിശ്രമങ്ങളും ഉന്നത ഉദ്യോഗസ്ഥരോട് നടത്തിയ സംഭാഷണത്തിന്റെ ഡിജിറ്റൽ തെളിവുകളും വിവരാവകാശ രേഖ പ്രകാരം ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങളും ഒക്കെയായിട്ടാണ് ഈ പെൺകുട്ടി ഇപ്പോൾ പൊതു സമൂഹത്തിന്റെ മുന്നിൽ എത്തുന്നത്. ജേണലിസം ഐച്ഛികമായി എടുത്തു പഠിച്ച ഹഫീഷ യുകെയിൽ നിന്നും ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തുന്നതും ബ്രിട്ടീഷ് മലയാളിയോടാണ്.

മർമ്മത്തടിക്കുന്ന ചോദ്യങ്ങൾ, ഉത്തരമില്ലാതെ ബന്ധപ്പെട്ടവർ

ജേണലിസം പഠിച്ച ഹഫീഷയെ ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കേണ്ട. ഹരിത വിഷയത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ഒപ്പം രാഷ്ട്രീയ കാരണങ്ങളാൽ നിന്ന ഡിവൈഎഫ്ഐ നേതാക്കൾ പോലും ഹഫീഷ നേരിടുന്ന നീതി നിഷേധം കണ്ടില്ലെന്നു നടിക്കുന്നു. കാരണം വ്യക്തം, ഹഫീഷക്കു നീതി കിട്ടുന്നതുകൊണ്ട് പ്രത്യേക രാഷ്ട്രീയ നേട്ടം ഒന്നുമില്ല. എന്നാൽ തരാതരം പോലെ നോട്ടിഫിക്കേഷൻ ഇറക്കി മിടുക്കരായ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ക്രൂര വിനോദം ആരാണ് സർക്കാരിന് ഉപദേശിക്കുന്നത് എന്ന ചോദ്യത്തിന് ഫോൺ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല.

കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളേജിൽ പണം നൽകി പഠിക്കുന്ന വിദ്യാർത്ഥികളോടുള്ള സമീപനമാണോ ലോകമെങ്ങും ഉള്ള വിദ്യാർത്ഥികളോട് മത്സരിച്ചു ലോകോത്തര സർവ്വകലാശകളിൽ പഠിക്കാൻ എത്തുന്ന ചെറിയ പക്ഷം വിദ്യാർത്ഥികളോട് സർക്കാർ കാട്ടേണ്ടത് എന്നും ഹഫീഷ മുനവച്ചു ചോദിക്കുമ്പോൾ മറുതലക്കൽ നിശബ്ദത മാത്രമാണ്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ആരംഭിച്ച പിന്നോക്ക സമുദായ സ്‌കോളർഷിപ്പിന് ആദ്യകാലത്ത് അപേക്ഷകർ ഇല്ലാതിരുന്നതിനാൽ വ്യവസ്ഥകളിൽ ഇളവ് വരുത്തിയതാണ് ഇപ്പോൾ ഹഫീഷക്ക് അർഹതപ്പെട്ട സ്‌കോളർഷിപ്പ് നിഷേധിക്കപെടാൻ കാരണം എന്നാണ് ഉദ്യോഗസ്ഥവാദം. തുടക്കത്തിൽ ലോകത്തെ പ്രധാന 200 യൂണിവേഴ്‌സിറ്റികളിൽ പഠിക്കാൻ അർഹത ഉള്ള വിദ്യാർത്ഥികൾക്ക് നൽകിയ സ്‌കോളർഷിപ്പ് പിന്നീട് വേണ്ടത്ര അപേക്ഷകർ ഇല്ലാതെ ഫണ്ട് ലാപ്സായി പോകുന്നു എന്ന കാരണത്താലാണ് സർവകലാശാലകളുടെ എണ്ണം 600 ആയി ഉയർത്തിയത്.

ഇതോടെ ലോകത്തെവിടെയും ലൊട്ടുലൊടുക്ക് കോഴ്‌സുകൾക്ക് പഠിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം എന്നായി. ഇത് ഹഫീഷയെ പോലെ മിടുക്കരായ വിദ്യാർത്ഥികളുടെ മികച്ച സർവകലാശാലയിലെ അവസരമാണ് ഇല്ലാതാക്കുന്നത്. ഈ സ്‌കോളർഷിപ്പ് ലഭിക്കും എന്ന ഒറ്റ വിശ്വാസത്തിലാണ് വെറും അയ്യായിരം രൂപ മാസം വരുമാനം ഉള്ള നിർധന കുടുംബത്തിൽ നിന്നും പഠിക്കാനായി ഹഫീഷ യുകെയിൽ എത്തിയത്. അതും ഉന്നത വിദ്യാഭ്യസ യോഗ്യതയും ബ്രിട്ടീഷ് കൗൺസിൽ ജേണലിൽ എഴുതിയ പരിചയവും ഒക്കെ മാനദണ്ഡം ആക്കിയാണ് ബ്രൈറ്റൻ യൂണിവേഴ്‌സിറ്റി അവസരം നൽകിയത്.

അപേക്ഷ തള്ളാൻ കാരണം കണ്ടെത്തി സർക്കാർ, പ്രതീക്ഷ ഗവർണറുടെ ഇടപെടലിൽ

എന്നാൽ കൗതുകമായി തോന്നാവുന്നത് ബ്രിട്ടീഷ് സർവകലാശാലക്കു നന്നായി എന്ന് തോന്നിയത് കേരള സർക്കാരിന് മോശമായി എന്ന കാര്യമാണ്. ഹൈദരാബാദ് സർവ്വകലാശാലയിൽ എൻട്രൻസ് എഴുതി ടോപ്പ് റാങ്കിൽ പഠിക്കാൻ കഴിഞ്ഞത് ഹഫീഷക്കുള്ള യോഗ്യതയായി യുകെ സർവ്വകലാശാല കരുതുമ്പോൾ അക്കാര്യം സ്‌കോളർഷിപ്പിനുള്ള അയോഗ്യത ആയി കേരള സർക്കാർ പറയുന്നു. ഒരു തവണ പോസ്റ്റ് ഗ്രാജേഷൻ പഠിക്കാൻ ഉള്ള സ്‌കോളർഷിപ്പാണ് ഇതെന്നും ഹഫീഷ ഇപ്പോൾ രണ്ടാമത്തെ പോസ്റ്റ് ഗ്രാജേഷൻ ആണ് നടത്തുന്നതെന്നും പറഞ്ഞാണ് സമർത്ഥയായ ഈ വിദ്യാർത്ഥിയുടെ അപേക്ഷ തള്ളാൻ കാരണമായി പറയുന്നത്.

എന്നാൽ ഈ നിരാകരണം സർക്കാർ ഏതു വിജ്ഞാപനത്തിൽ എവിടെ എഴുതി ചേർത്ത് എന്ന ഹഫീഷയുടെ ചോദ്യത്തിനും ഉത്തരമില്ല. ചുരുക്കത്തിൽ അപേക്ഷ തള്ളിക്കളയാൻ സർക്കാർ ഒരു കാരണം കണ്ടെത്തി. അത്രമാത്രമേ ഹഫീഷയുടെ വേദന നിറയുന്ന പരാതി കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി അയച്ചു നിരാശയിലായ ഹഫീഷയ്ക്ക് ഇപ്പോൾ ഗവർണറുടെ തീരുമാനത്തിലാണ് പ്രതീക്ഷ. കാര്യങ്ങൾ അതിവേഗം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മാർക്ക് ചെയ്തു ഗവർണർ സർക്കാർ സെക്രട്ടറിക്കു അയച്ചു മറുപടിക്കു കാത്തിരിക്കുകയാണ്.

ഇക്കാര്യം ഗവർണറുടെ ഓഫിസ് ഹഫീഷയെ അറിയിച്ചിട്ടുണ്ട്. ഏതായാലും രണ്ടിലൊന്ന് അറിയും വരെ പോരാടാൻ തന്നെയാണ് ഈ മുൻ വിദ്യാർത്ഥി നേതാവിന്റെ തീരുമാനം. തനിക്കു നീതി കിട്ടും എന്ന പ്രതീക്ഷയാണ് വയനാടൻ പോരാട്ട വീര്യമുള്ള പെൺകുട്ടി പങ്കുവയ്ക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP