Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദയാനന്ദ വൈദ്യശാലയിലെ ഡ്രൈവറും ജീവനക്കാരിയും തമ്മിൽ പ്രണയം തുടങ്ങിയത് ഓഫീസ് യാത്രകൾക്കിടെ; ജീവിതം തുടങ്ങിയപ്പോൾ സുധീഷിനേയും സുജയേയും മാനസികമായി തകർത്തു; ആ കുടുംബത്തെ അമ്മാവന്മാരുടെ പ്രതികാരം ചിന്നഭിന്നമാക്കി; ഗ്രീഷ്മയുടെ ക്രൂരതയിൽ നിർമ്മൽകുമാറിന്റെ മകളുടെ വിവാഹവും പ്രതിസന്ധിയിൽ; ശ്രീനിലയത്തിലെ 'ശ്രീകുട്ടി' എല്ലാ കുറ്റവും ഏറ്റെടുക്കുമ്പോൾ

ദയാനന്ദ വൈദ്യശാലയിലെ ഡ്രൈവറും ജീവനക്കാരിയും തമ്മിൽ പ്രണയം തുടങ്ങിയത് ഓഫീസ് യാത്രകൾക്കിടെ; ജീവിതം തുടങ്ങിയപ്പോൾ സുധീഷിനേയും സുജയേയും മാനസികമായി തകർത്തു; ആ കുടുംബത്തെ അമ്മാവന്മാരുടെ പ്രതികാരം ചിന്നഭിന്നമാക്കി; ഗ്രീഷ്മയുടെ ക്രൂരതയിൽ നിർമ്മൽകുമാറിന്റെ മകളുടെ വിവാഹവും പ്രതിസന്ധിയിൽ; ശ്രീനിലയത്തിലെ 'ശ്രീകുട്ടി' എല്ലാ കുറ്റവും ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുധീഷും സുജയും-ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനും മരുമകളും. നായർ കുടുംബാഗമായ സൂധീഷും സാംബവ സമുദായത്തിൽപ്പെട്ട സുജയും വിവാഹം കഴിച്ചത് ദീർഘകാല പ്രണയത്തിനൊടുവിലാണ്. ഈ രണ്ടു പേരും ഇന്നില്ല. ഇവരുടെ ഒരു കുട്ടിയും മരിച്ചു. രണ്ടു പേർ ഇപ്പോൾ അമ്മയുടെ വീട്ടുകാർക്കൊപ്പം കഴിയുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാഹചര്യങ്ങൾ സുധീഷിന്റേയും സുജയുടേയും മൂത്തമകനെ ചെറുപ്രായത്തിൽ തന്നെ തൊഴിലെടുത്ത് ജീവിക്കാൻ പ്രേരിപ്പിച്ചു. അപ്പോഴും അച്ഛന്റെ കുടുംബത്തിൽ നിന്ന് അവർക്ക് സഹായമൊന്നും കിട്ടുന്നില്ല. അതാണ് താഴ്ന്ന ജാതിയിൽ പെട്ടവരെ കല്യാണം കഴിക്കുന്നവരോട് ഗ്രീഷ്മയുടെ അമ്മ വീട്ടുകാർ കാട്ടുന്ന ക്രൂരത.

രണ്ട് അമ്മാവന്മാർ. കുടുംബത്തെ കാരണവരുടെ റോളിൽ നിന്ന് നയിക്കുന്നത് മൂത്ത അമ്മാവനാണ്. മൂത്ത അമ്മാവന്റെ അറിവും സമ്മതവുമില്ലാതെ ഇളയ അമ്മാവൻ ഒന്നും ചെയ്യില്ല. ഈ കുടുംബം ഒറ്റക്കെട്ടാണ്. രണ്ട് അമ്മാവന്മാരേയും ചോദ്യം ചെയ്താൽ സത്യം പുറത്തു വരും. എന്നാൽ ഗ്രീഷ്മയുടെ അമ്മാവനായ നിർമ്മൽ കുമാറിനേയും അമ്മ സിന്ധുവിനേയും തെളിവ് നശിപ്പിക്കാനുള്ള കുറ്റം ചുമത്തി മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സുധീഷിന് വിഷം കഴിച്ച് മരിക്കാനിടയായ സംഭവത്തിലേക്ക് അന്വേഷണം കടന്നാൽ കുടുംബത്തിന്റെ ക്രൂരത മൊത്തമായി പുറത്തു വരും. നിർമ്മൽ കുമാറിന്റെ ഭാര്യയും ജീവിച്ചിരിക്കില്ല. ഒരു മകളാണുള്ളത്. ഈ മകൾക്കും വിവാഹം ഏതാണ്ട് ഉറപ്പിച്ചതാണ്. ഗ്രീഷ്മയുടെ ക്രൂരത ആ പെൺകുട്ടിയുടെ ജീവിതം വഴിമുട്ടിക്കാനാണ് സാധ്യത. ശ്രീനിലയത്തിലെ ശ്രീകുട്ടിയായിരുന്നു ഗ്രീഷ്മ. ഈ ശ്രീകുട്ടിയുടെ ബുദ്ധിയാണ് ഷാരോണിന്റെ ജീവനെടുത്തത്. ഇതോടെയാണ് കുടുംബത്തിലെ മറ്റ് കഥകളും പുറംലോകം ചർച്ച ചെയ്യുന്നത്.

ഷാരോണിനെ കൊല്ലാൻ വിഷം വാങ്ങി നൽകിയത് ഗ്രീഷ്മയുടെ അമ്മാവനാണെന്ന ആരോപണം സജീവമാണ്. ഗ്രീഷ്മയുടെ അമ്മയുടെ പങ്കും സജീവ ചർച്ചയിലുണ്ട്. അതിനിടെയാണ് കുടുംബത്തിലെ മറ്റൊരു ആത്മഹത്യയും സംശയ നിഴലിലേക്ക് എത്തുന്നത്. ഗ്രീഷ്മയുടെ അമ്മയ്ക്ക് മൂന്ന് സഹോജദരങ്ങളാണുള്ളത്. ഒരു സഹോദരിയും രണ്ടു സഹോദരന്മാരും. ഇതിൽ രണ്ടാമത്തെ സഹോദരൻ വാങ്ങിയ വിഷമാണ് ഷാരോണിന് കൊടുത്തതെന്ന് ഗ്രീഷ്മയും സമ്മതിക്കുന്നു. അമ്മയും സഹോദരനും പൊലീസിനോട് ഭാഗീക കുറ്റസമ്മതവും നടത്തി. തെളിവ് നശീകരണത്തിൽ മാത്രമാണ് അവർ കുറ്റം സമ്മതിക്കുന്നത്. ഇതും ഗ്രീഷ്മയുടെ ബുദ്ധിയാണ്. താൻ എല്ലാം ഏറ്റെടുക്കുമെന്നും ആരും ഒന്നും പറയരുതെന്നും പറഞ്ഞാണ് പൊലീസ് സ്‌റ്റേഷനിലേക്ക് ഗ്രീഷ്മ പോയത്. ഇത് കുടുംബത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രീകുട്ടിയുടെ ബുദ്ധിയായിരുന്നു.

ദുരഭിമാനം തലയ്ക്ക് പിടിച്ചവരാണ് ഗ്രീഷ്മയുടെ കുടുംബം. കാരണവരെ പോലെ എല്ലാം നിയന്ത്രിക്കുന്നത് ഗ്രീഷ്മയുടെ അമ്മയുടെ ആദ്യ സഹോദരനാണ്. ഈ സഹോദരന്റെ ക്രൂരതയാണ് മറുനാടന് ലഭിക്കുന്ന സൂചനകൾ. ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നിൽ അമ്മാവൻ നൽകിയ മാനസിക സമ്മർദ്ദമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഞെട്ടിക്കുന്ന ദുരഭിമാന കഥയാണ് മറുനാടന് അന്വേഷണത്തിൽ നിന്നും ഈ കേസിലും കിട്ടുന്നത്. ഗ്രീഷ്മയും നാടാരായ ഷാരോണിനെ പ്രണയിക്കുന്നത് ഈ വീട്ടുകാർക്ക് പിടിച്ചിരിക്കാൻ ഇടയില്ലെന്ന് ഈ സംഭവത്തിൽ നിന്നു തന്നെ വ്യക്തമാകും. കൂടുംബ ഗൂഢാലോചനയാണ് ഷാരോണിനെ കൊന്നതെന്ന സംശയം സജീവമാക്കുന്നതാണ് ഗ്രീഷ്മയുടെ സഹോദര സ്ഥാനീയന്റെ ദുരൂഹ മരണം.

നിർമ്മൽ കുമാർ, ഗ്രീഷ്മയുടെ വീട്ടിലാണ് താമസം. ഏഴു വർഷം മുമ്പാണ് നിർമൽ കുമാറിന്റെ ഭാര്യ മരിച്ചത്. അന്ന് മുതൽ നിർമൽ കുമാറിന്റെ മകൾ ഗ്രീഷ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഗ്രീഷ്മയുടെ അച്ഛൻ ദൂരെയാണ് ജോലി ചെയ്തിരുന്നത്. രണ്ടു മാസത്തിൽ ഒരിക്കൽ മാത്രമാണ് ജോലി സ്ഥലത്തു നിന്ന് വീട്ടിലെത്തിയിരുന്നത്. അതുകൊണ്ടു കൂടിയാണ് ഗ്രീഷ്മയുടെ വീട്ടിലേക്ക് മകളും നിർമ്മൽ കുമാറും താമസം മാറ്റിയത്. എല്ലാം തീരുമാനിച്ചത് മൂത്ത അമ്മാവനും. ശ്രീനിലയമെന്ന വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചതും നടത്തിയതും അമ്മാവൻ നിർമ്മൽ കുമാറാണ്. ഷാരോൺ ആ വീട്ടിൽ എത്തി കഷായം കുടിക്കുമ്പോഴും അമ്മാവൻ വീട്ടിൽ ഒളിച്ചിരുന്നുവെന്നാണ് സംശയം. എന്നാൽ പൊലീസ് അതിലേക്ക് കാര്യങ്ങൾ കൊണ്ടു പോകുന്നില്ല. നിർ്മൽ കുമാറിന്റെ മകളുടെ വിവാഹവും ഉടൻ നടക്കേണ്ടതാണ്. അതും പ്രതിസന്ധിയിലായെന്നാണ് സൂചന.

ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനായ സുധീഷ് ഡ്രൈവറായിരുന്നു. പാറശ്ശാലയിലെ ദയാനന്ദ വൈദ്യശാലയിലെ ഡ്രൈവർ. ഇവിടെ ജോലിക്കാരിയായിരുന്നു സുജ. പ്രണയം തുടങ്ങിയത് ഓഫീസിലേക്കുള്ള കാർ യാത്രയ്ക്കിടെയായിരുന്നു. വീട്ടുകാരെ ഭയന്ന് ഇരുവരും നാടുവിട്ട് പോയി ദീർഘകാലം കഴിഞ്ഞാണ് മടങ്ങി എത്തിയത്. അപ്പോഴേക്കും താഴ്ന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം ചെയ്ത സുധീഷനെ മാനസികമായി തകർക്കാൻ അമ്മാവന്മാർ ശ്രമം തുടങ്ങി. ജീവിക്കാൻ അനുവദിക്കാതെ വന്നപ്പോൾ മൂന്ന് മക്കളുടെ അച്ഛനായ ആ യുവാവ് മദ്യപാനത്തിൽ അഭയം തേടി. ഒടുവിൽ വിഷം കഴിച്ചു മരണവും. ഗ്രീഷ്മയുടെ വീട്ടിന് അടുത്തുള്ള കുടുംബ വീട്ടിൽ സംസ്‌കാരവും നടന്നു. അതിന് ശേഷം സുധീഷിന്റെ മക്കളെ പോലും ആ കുടുംബം അംഗീകരിച്ചില്ല. അവർ കഷ്ടപ്പെട്ട് ജീവിതം മുമ്പോട്ട് കൊണ്ടു പോകുന്നു.

സുധീഷിന്റേയോ സുജയുടേയോ മരണത്തിൽ അസ്വാഭാവിക ഇപ്പോഴും സുജയുടെ ബന്ധുക്കൾ ആരോപിക്കുന്നില്ല. പാറശ്ശാലയ്ക്ക് അടുത്ത് അവരുടെ കുടുംബം ഇപ്പോഴുമുണ്ട്. വിവാദങ്ങളുണ്ടാക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് സ്വസ്ഥമായി ജീവിക്കുകയാണ് അവർ. താഴ്ന്ന ജാതിയിൽ പെട്ട യുവതിയെ കല്യാണം കഴിക്കുന്നിടത്താണ് ആ യുവാവിന്റെ ഗതികേട് തുടങ്ങുന്നത്. ഈ വിവാഹത്തെ മൂത്ത അമ്മാവൻ അംഗീകരിക്കുന്നില്ല. വലിയ മാനസിക സമ്മർദ്ദം ആ യുവാവിന് സഹിക്കേണ്ടി വന്നു. കൂടുബത്തിൽ തീർത്തും ഒറ്റപ്പെട്ടു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അതിന് ശേഷമായിരുന്നു ആത്മഹത്യ. ഈ ആത്മഹത്യയ്ക്ക് പിന്നിലും സംശയങ്ങളുണ്ട്. അന്ന് കൃത്യമായ അന്വേഷണം നടന്നില്ല.

യുവാവ് വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് യുവാവ് കുടിച്ചതാണോ മറ്റാരോങ്കിലും നൽകിയതാണോ എന്നതാണ് ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യം. ഏതാണ്ട് പത്തുകൊല്ലം മുമ്പായിരുന്നു സംഭവം. യുവാവിന്റെ ഭാര്യ മരിച്ചത് അഞ്ചു കൊല്ലം മുമ്പും. ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു മരണം. ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോഴായിരുന്നു കുട്ടിയുടെ മരണം. ജന്മനാ തന്നെ വൈകല്യങ്ങൾ കുട്ടിക്കുണ്ടായിരുന്നു. ഭാര്യയുടേയും കുട്ടിയുടേയും മരണം സ്വാഭാവികമാണെങ്കിലും യുവാവിന്റെ മരണം കൊലപാതകമാണെന്ന് കരുതുന്നവർ ആ നാട്ടിലുണ്ട്. ആ യുവാവിന്റെ ശാപമാണ് ഇപ്പോൾ ഈ കുടുംബത്തെ തുറന്നു കാട്ടുന്നതെന്ന് പറയുന്ന നാട്ടുകാർ ആ കുടുംബത്തിന്റൈ ജാതി പരമായ ദുരഭിമാനമാണ് ചർച്ചയാക്കുന്നത്.

ഇതേ കുടുംബത്തിലെ പെൺകുട്ടിയായ ഗ്രീഷ്മയെ പ്രണയിച്ച താഴ്ന്ന ജാതിക്കാരന്റെ കൊലപാതകത്തോടെ പഴയ മരണവും സംശയത്തിലാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP