Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയെ ഉപദേശകരെന്തൊക്കെ ഉപദേശിച്ചെന്ന് ആർക്കും അറിയില്ല; നേരിട്ട് കിട്ടുന്ന ഉപദേശങ്ങൾ ഒന്നും രേഖപ്പെടുത്തിവച്ചിട്ടില്ല; പൊലീസിനെ നന്നാക്കുന്ന രമൺ ശ്രീവാസ്തവയ്ക്കു മാത്രം പ്രത്യേക സേവന വ്യവസ്ഥകൾ; ഉപദേശികൾക്കുള്ള ശമ്പളവും യാത്രാപ്പടിയും പൊതുഭരണവകുപ്പിനും അറിയില്ല; വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു

പിണറായിയെ ഉപദേശകരെന്തൊക്കെ ഉപദേശിച്ചെന്ന് ആർക്കും അറിയില്ല; നേരിട്ട് കിട്ടുന്ന ഉപദേശങ്ങൾ ഒന്നും രേഖപ്പെടുത്തിവച്ചിട്ടില്ല; പൊലീസിനെ നന്നാക്കുന്ന രമൺ ശ്രീവാസ്തവയ്ക്കു മാത്രം പ്രത്യേക സേവന വ്യവസ്ഥകൾ; ഉപദേശികൾക്കുള്ള ശമ്പളവും യാത്രാപ്പടിയും പൊതുഭരണവകുപ്പിനും അറിയില്ല; വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ തീവെട്ടിെക്കാള്ളയും ജനവിരുദ്ധ നിലപാടുകളിലും മടുത്താണ് കേരള ജനത എല്ലാം ശരിയാകുമെന്ന വാക്ക് വിശ്വസിച്ച് എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത്. മുഖ്യമന്ത്രിയായി സാക്ഷാൽ പിണറായി വിജയൻ തന്നെ എത്തുകയും കൂടി ചെയ്തതോടെ വലിയ പ്രതീക്ഷയായി ജനത്തിന്. എന്നാൽ വിവാദങ്ങളുടെ പെരുമഴയാണു സർക്കാർ നേരിട്ടത്. അതിൽ ഭൂരിഭാഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകരെ ചൊല്ലിയായിരുന്നു.

ഇത്രയധികം ഉപദേശകരെ നിയോഗിച്ചിട്ട് ഇവരെക്കൊണ്ട് എന്തെങ്കിലും ഗുണം മുഖ്യമന്ത്രിക്കോ സംസ്ഥാനത്തിനോ ഉണ്ടായോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് സർക്കാറിന്റെതന്നെ വിവരാവകാശ രേഖകൾ നൽകുന്ന സൂചന. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ഉത്തരങ്ങളിൽ വ്യക്തത പോലും വന്നില്ല. എത്ര ഉപദേഷ്ടാക്കളെന്നതിൽ ഒരു ദിവസം തന്നെ രണ്ട് ഉത്തരം. ഉപദേഷ്ടാക്കളെ കടന്നാക്രമിക്കുന്ന ഘടകകക്ഷി നേതാക്കൾ അങ്ങനെ. വിവാദങ്ങളുടെ പെരുമഴ. ഈ സാഹചര്യത്തിലാണ് സത്യം അറിയാൻ വിവരാവകാശത്തിന്റെ വഴി തേടിയത്. അതിലാണ് സേവന വേതന വ്യവസ്ഥകളിൽ പൊതുഭരണവകുപ്പിന്റെ അറിവില്ലായ്മ വ്യക്തമായത്.

മുഖ്യമന്ത്രിയെ ഉപദേഷ്ടാക്കൾ ആറ്

ഇപ്പോൾ ആറ് ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്ളത്. ആഭ്യന്തര വകുപ്പിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവ, സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപി, ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തൻ, നിയമ ഉപദേഷ്ടാവ് എൻകെ ജയകുമാർ, മീഡിയ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പ്രസ് ഉപദേഷ്ടാവ് പ്രഭാ വർമ്മ എന്നിങ്ങനെയാണ്. ആദ്യകാലത്ത് നിയമ ഉപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചുവെങ്കിലും പിന്നീട് ദാമോദരനെ പിൻവലിക്കുകയായിരുന്നു. ഉപദേഷ്ടാക്കളെ ചൊല്ലി നിരവധി വിമർശനങ്ങളും പരിഹാസവും സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ വിവരാവകാശം സമർപ്പിക്കാൻ മറുനാടൻ തീരുമാനിച്ചത്.

സർക്കാരിൽ നിന്നും ലഭിക്കുന്ന രേഖയനുലരിച്ച് നിയമ, പ്രസ് ഉപദേഷ്ടാക്കൾ പണം വാങ്ങിയാണ് സേവനം നൽകുന്നത്. ബാക്കിയുള്ളവർ സൗജന്യമായാണ് സേവനം. സ്വയം കാര്യങ്ങൾ തീരുമാനിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി വിജയനെന്നിരിക്കെ എന്തിനാണ് അദ്ദേഹത്തിന് ആറ് ഉപദേശകർ. ഇത്രയേറെ ഉപദേശകരുണ്ടായിട്ടും ഇവർ നൽകിയ ഉപദേശങ്ങൾ എന്താണെന്ന് ഒരിടത്ത് രേഖപ്പെടുത്തി വെച്ചിട്ടില്ലെന്ന വിചിത്രമായ ഉത്തരമാണ് സർക്കാർ നൽകുന്നത്.

ഏതൊക്കെ വിഷയങ്ങളിലാണ് ഉപദേശം തേടിയതെന്നോ ഉപദേശം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നോ പറയാൻ പോലും സർക്കാറിന് കഴിയുന്നില്ല.മുഖ്യമന്ത്രിക്ക് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്നതോ അല്ലെങ്കിൽ തീരുമാനം കൈക്കൊള്ളാനോ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സർക്കാർ നൽകുന്ന മറുപടി ആവശ്യമെന്ന് തോന്നിയ കാര്യത്തിനാണ് ഉപദേശങ്ങൾ തേടിയതെന്നും എന്നാൽ അത് എല്ലാ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും കാരണമായില്ലെന്നുമാണ് ഉത്തരം. സ്വമേധയാ കാര്യങ്ങൾ തീരുമാനിക്കാനുള്ള ആർജവം കൈമോശം വന്നിട്ടില്ലെങ്കിൽ പിന്നെയെന്തിനാണ് ഈ ഉപദേശികൾ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് വലിയ വിവാദങ്ങളാണ് ക്ഷണിച്ച് വരുത്തിയത്. സാമ്പത്തിക വിദഗ്തനായ ഒരു ധനകാര്യ മന്ത്രി തന്നെ മന്ത്രിസഭയിലുള്ളപ്പോൾ എന്താണ് ഇത്തരമൊരു ഉപദേശകയുടെ പ്രസക്തിയെന്ന് ചോദ്യം ഇടത് പക്ഷത്ത് പോലും ചിലർ ഉന്നയിച്ചിരുന്നു. തോമസ് ഐസക്കിനോടുള്ള പ്രശ്‌നങ്ങളാണ് ഈ നിയമനത്തിന് പിന്നിലെന്നും പ്രചരിച്ചിരുന്നു. കേരള ബാങ്ക് എന്ന സർക്കാറിന്റെ ആശയത്തിനോ അ്‌ലെങ്കിൽ മറ്റ് കാര്യങ്ങളിലോ എന്ത് ഉപദേശമാണ് ഗീതാ ഗോപിനാഥ് നൽകിയതെന്ന് വ്യക്തമാക്കാനോ രേഖ നൽകനോ പേരിന് പോലും ഒരു കടലാസ് സർക്കാർ കൈവശമില്ല.

ഉപദേഷ്ടാക്കളിൽ സർക്കാർ വാഹനം ശ്രീവാസ്തവയ്ക്കുമാത്രം

രമൺ ശ്രീവാസ്തവയ്ക്ക് ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം നൽകിയിരിക്കുന്നത്. പൊലീസിന് നിരവധി വീഴ്ചകൾ പറ്റിയെന്ന് നിയമസഭയിൽ നിരന്തരം സമ്മതിക്കേണ്ടി വന്നപ്പോഴാണ് മുഖ്യമന്ത്രി ആഭ്യന്തര ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവയെ നിയമിച്ചത്. മറ്റ് ഉപദേഷ്ടാക്കളിൽ നിന്നും വ്യത്യസ്തമായി സ്റ്റാഫിനെ നിയോഗിക്കാനുള്ള സൗകര്യവും വാഹനവുമുൾപ്പടെ നൽകിയാണ് ശ്രീവാസ്തവയ്ക്ക് നിയമനം നൽകിയത്. പൊലീസുകാരുടെ സേവനമാണ് ശ്രീവാസ്തവയ്ക്ക് നൽകിയിട്ടുള്ളത്.

ലക്ഷങ്ങളാണ് ഓരോ മാസവും സംസ്ഥാന സർക്കാറിന്റെ ഖജനാവിൽ നിന്നും ഉപദേഷ്ടാക്കൾക്കായി ചെലവഴിക്കുന്നത്. നിയമ ഉപദേഷ്ടാവിന് 1,15,200 രൂപയാണ് മാസ ശമ്പളം പ്രസ് ഉപദേഷ്ടാവായ പ്രഭാ വർമ്മയ്ക്ക് മാസം സർക്കാർ നൽകുന്നത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. മാധ്യമങ്ങൾ സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ വാർത്ത നൽകുന്നില്ലെന്ന് പരാതി ഒരു വശത്ത് ഉയരുമ്പോഴാണ് പ്രസ് ഉപദേഷ്ടാവ് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്നത്.

ഉപദേഷ്ടാക്കളിൽ പ്രവർത്തിക്കുന്നതു ബ്രിട്ടാസ് മാത്രം

യാത്രാപ്പടി ഇനത്തിൽ ഉപദേഷ്ടാക്കളാരും ഇതുവരെ പണമൊന്നും കൈപ്പറ്റിയിട്ടില്ലെന്നാണ് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നത്. ഉപദേശികൾ നിറഞ്ഞ ഓഫീസെന്ന പരിഹാസ തുടരുകയും ഇവരെകൊണ്ട് പ്രത്യേക ഗുണമൊന്നുമില്ലെന്നും സർക്കാർ രേഖകൾ തന്നെ സൂചിപ്പിക്കുമ്പോൾ വീണ്ടും കൂടുതൽ ഉപദേശികളെക്ഷണിച്ച് കൊണ്ട് പത്ര പരസ്യം തന്നെ നൽകിയിരിക്കുകയാണ് സർക്കാർ. മുഖ്യമന്ത്രിയുടെ ഐ ടി ഉപദേശക സെല്ലിലേക്കാണ് ഇപ്പോൾ രണ്ട് വർഷത്തെ കരാറിൽ ആളെ ക്ഷണിച്ചിട്ടുള്ള ജോൺ ബ്രിട്ടാസ് മാത്രമാണ് ഏറ്റെടുത്ത പണിയിൽ മുഖ്യമന്ത്രിക്ക് ആശ്വാസമാകുന്നത്. കേരളത്തിന് പുറത്തും രാജ്യത്തിന് വെളിയിലും മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ മീഡിയ ഉപദേഷ്ടാവായി ജോൺ ബ്രിട്ടാസാണ് ഒപ്പമുണ്ടാകുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP