Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പ് കേരളത്തിലെത്തി; കൊറോണ കാലത്ത് ഡൽഹിയിൽ ഇല്ലാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ ശമ്പളം കട്ട് ചെയ്യാനും തസ്തിക ഇല്ലാതാക്കാനും ആവശ്യപ്പെട്ടു ഗവർണർക്ക് പരാതി; സമ്പത്തിനെ പ്രതിസന്ധിയിലാക്കി പരാതി നൽകിയത് സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ്; പരാതിയിൽ യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനു ഗവർണറുടെ നിർദ്ദേശം; കൊറോണ കാലത്ത് സർക്കാരിനു രാഷ്ട്രീയ ക്ഷീണമായി മാറിയ സമ്പത്ത് സർക്കാരിനു സമ്മാനിക്കുന്നത് പുതിയ പ്രതിസന്ധി

ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പ് കേരളത്തിലെത്തി; കൊറോണ കാലത്ത് ഡൽഹിയിൽ ഇല്ലാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ ശമ്പളം കട്ട് ചെയ്യാനും തസ്തിക ഇല്ലാതാക്കാനും ആവശ്യപ്പെട്ടു ഗവർണർക്ക് പരാതി; സമ്പത്തിനെ പ്രതിസന്ധിയിലാക്കി പരാതി നൽകിയത് സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ്; പരാതിയിൽ യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനു ഗവർണറുടെ നിർദ്ദേശം; കൊറോണ കാലത്ത് സർക്കാരിനു രാഷ്ട്രീയ ക്ഷീണമായി മാറിയ സമ്പത്ത് സർക്കാരിനു സമ്മാനിക്കുന്നത് പുതിയ പ്രതിസന്ധി

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതറിഞ്ഞു അവസാന ഫ്‌ളൈറ്റിൽ തിരുവനന്തപുരത്തേക്ക് മുങ്ങിയ എ.സമ്പത്തിനു ശമ്പളം മുടങ്ങുമോ? ശമ്പളം മാത്രമാണോ അതോ തസ്തിക തന്നെ ഇല്ലാതാകുമോ എന്ന സംശയങ്ങളാണ് ഇപ്പോൾ വരുന്നത്. കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കടമ മറന്നു നാട്ടിലേക്ക് മടങ്ങിയ സമ്പത്തിന്റെ ശമ്പളം റദ്ദ് ചെയ്യണോ, തസ്തിക തന്നെ ഇല്ലാതാക്കണോ എന്ന കാര്യത്തിൽ യുക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവർണർ സർക്കാരിനു നിർദ്ദേശം നൽകി.

സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ് സമർപ്പിച്ച പരാതി പരിഗണിച്ചാണ് ഗവർണറുടെ നടപടി. ലോക്ക് ഡൗൺ കാലത്ത് സമ്പത്ത് ഡൽഹിയിൽ ഇല്ലാത്തതിനാൽ ഒരു സഹായവും നോർത്തിന്ത്യൻ മലയാളികൾക്ക് നൽകാൻ സാധിച്ചില്ല. മാർച്ച് ഇരുപത്തിരണ്ടിന് ശേഷം അദ്ദേഹം ഡൽഹിയിൽ ഇല്ല. അതിനാൽ ഈ കാലയളവിൽ അദ്ദേഹത്തിനുള്ള ശമ്പളം കട്ട് ചെയ്യണം, അതേസമയം ഈ തസ്തിക തന്നെ ഇല്ലാതാക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതി സ്വീകരിച്ച ശേഷമാണ് യുക്തമായ നടപടികൾക്ക് ഗവർണർ സർക്കാരിനു നിർദ്ദേശം നൽകിയത്.

കൊറോണ കാലത്ത് ഗുരുതരമായ പിഴവാണ് സമ്പത്തിന്റെ ഭാഗത്ത് നിന്നും വന്നത്. കേരള സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ ഡൽഹിയിൽ തുടരേണ്ടിയിരുന്ന എ.സമ്പത്ത് മാർച്ച് 22നുള്ള അവസാന ഫ്‌ളൈറ്റിൽ കേരളത്തിലെത്തി. അദ്ദേഹം ഈ നിർണ്ണായക ഘട്ടത്തിൽ ഡൽഹി കേരള ഹൗസിൽ തന്നെ തുടരേണ്ടിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് സമ്പത്തിന്റെ ഭാഗത്ത് നിന്നും വന്നത്. കാബിനെറ്റ് റാങ്കുള്ള കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്ത്. ഉത്തരേന്ത്യയിലും ഡൽഹിയിലുമുള്ള മലയാളികൾക്ക് ഒരു സഹായവും കേരള ഹൗസിന്റെ ഭാഗത്ത് നിന്നും വന്നില്ല. സമ്പത്തിന്റെ അഭാവമാണ് അതിനു കാരണം. തലസ്ഥാനത്തും ഉത്തരേന്ത്യയിലും കുടുങ്ങിയ മലയാളികൾക്ക് ഒരു സഹായവും നൽകാൻ ഡൽഹിയിൽ ഇല്ലാത്തതിനാൽ സമ്പത്തിനു സാധിച്ചില്ല. ഇതര സംസ്ഥാനങ്ങൾ പ്രത്യേക ബസ്, ട്രെയിൻ സൗകര്യങ്ങൾ ആ ദേശത്തുള്ളവർക്ക് ഏർപ്പെടുത്തിയപ്പോൾ ഈ കാര്യങ്ങളിൽ കേരളത്തിനു വീഴ്ച വന്നു. അതിനു പ്രധാന കാരണം സമ്പത്ത് തലസ്ഥാനത്ത് ഇല്ലാതിരുന്നത് കാരണമാണ്. അതിനാൽ ഈ മാസങ്ങളിൽ അദ്ദേഹത്തിനുള്ള ശമ്പളം കട്ട് ചെയ്യാൻ നടപടി എടുക്കണം അതേസമയം ഈ തസ്തിക തന്നെ ഇല്ലാതാക്കുകയും വേണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

ഡൽഹി സർക്കാർ മാർച്ച് 20 ആം തീയതി തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. 22 മുതൽ മാർച്ച് 31 വരെ ഡൽഹി ലോക്ക് ഡൗൺ ആണെന്ന് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. 23 മുതൽ ലോക്ക് ഡൗൺ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപനം നടത്തി. എന്നാൽ 22 നുള്ള അവസാന ഫ്‌ളൈറ്റിൽ സമ്പത്ത് കേരളത്തിലേക്ക് മടങ്ങി. കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കിയാണ് സമ്പത്ത് നേരത്തെ മടങ്ങിയത്-പരാതി നൽകിയ കോശി ജേക്കബ് മറുനാടനോട് പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് സമ്പത്തിന്റെ ഭാഗത്ത് നിന്നും വന്നത്. ഇത് രാജ്യത്തോടുള്ള അനീതിയാണ്. ഇതിനു കേരള സർക്കാർ കൂട്ടുനിൽക്കരുത്. ഡൽഹിയിൽ 10 ലക്ഷം ജനങ്ങൾ ഉള്ളതിൽ നാല് ലക്ഷത്തിനും സാമ്പത്തിക പ്രതിസന്ധിയാണ്.

മലയാളികളിൽ 90 ശതമാനവും സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലുമാണ്. മലയാളികൾക്ക് പലപ്പോഴും ഭക്ഷണം പോലും ലഭിക്കുന്നില്ല. സമ്പത്ത് ഉണ്ടായിരുന്നെങ്കിൽ റേഷൻ കാർഡ് പോലും ഇല്ലാതെ പട്ടിണിയിലായ മലയാളികൾക്ക് കിറ്റ് വാങ്ങി നൽകാൻ സമ്പത്തിനു കഴിയുമായിരുന്നു. കേരളം നൽകിയ ഔദ്യോഗിക പദവികൾ പദവികൾ ഇതിനു സമ്പത്തിനെ പ്രാപ്തനാക്കുന്നുണ്ട്. എത്രയോ മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ ഇപ്പോഴും തുടരുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഇവരുടെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് വന്നത്. ആരെയും നാട്ടിൽ തിരികെ എത്തിക്കാനും കഴിഞ്ഞില്ല- സമ്പത്ത് ആണെങ്കിൽ ആദ്യം തന്നെ രക്ഷപ്പെട്ടും പോയി. സമ്പത്തിനു ഈ പദവിയിൽ തുടരാൻ തന്നെ അർഹതയില്ലാത്ത അവസ്ഥയാണ്- കോശി ജേക്കബ് പറയുന്നു.

ലോക്ഡൗണിൽ നാട്ടിലേക്കു മടങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി മലയാളികൾ കുടുങ്ങികിടക്കുമ്പോൾ സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട സമ്പത്ത് അവസാന വിമാനത്തിൽ കേരളത്തിലെത്തിയത് രാഷ്ട്രീയ വിവാദമായി നിലനിൽക്കുകയാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തിൽ നേടിയെടുക്കാനും സംസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുമാണ് പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ കാബിനറ്റ് റാങ്കിലാണ് നിയമിച്ചത്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറേക്കാൾ അധികാരങ്ങളും നൽകിയിരുന്നു. വലിയ ഉത്തരവാദിത്തങ്ങളാണ് പ്രത്യേക പ്രതിനിധിയായുള്ള നിയമന സമയത്ത് മുഖ്യമന്ത്രി എ.സമ്പത്തിനു നേരിട്ട് ഏൽപ്പിച്ചത്. അതിൽ സംസ്ഥാനത്തിനു അതീവ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപനച്ചുമതല നിർവഹിക്കണം. അത് പ്രത്യേക പ്രതിനിധിയെന്ന നിലയിൽ സമ്പത്ത് നിർവഹിക്കേണ്ട കാര്യമാണ്. വിവിധ വകുപ്പുകളിലെ ഇപ്പോഴുള്ള പദ്ധതികളുടെ തുടർനടപടികളും കേന്ദ്രസഹായം ലഭ്യമാക്കലുമൊക്കെ സമ്പത്തിന്റെ ചുമതലയിലായിരിക്കും.

കേന്ദ്രസർക്കാരുമായും പ്രവാസി മലയാളികളുമായും കേരള സർക്കാരിന്റെ ബന്ധം ഊട്ടിയുറപ്പിക്കണം. കേരള സർക്കാരിന്റെ ഭൂമിയിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വികസന പദ്ധതികളുടെ മേൽനോട്ടവും വഹിക്കണം. കേന്ദ്രപദ്ധതികളുടെ നിർവഹണത്തിൽ നിലവിലുള്ള തടസ്സങ്ങൾ നീക്കുക. ഇതൊക്കെയാണ് അന്ന് സമ്പത്തിനു നേരിട്ട് നല്കിയ ഉത്തരവാദിത്തങ്ങളിൽ ചിലത്. സമ്പത്ത് നേരിട്ട് മുഖ്യമന്ത്രിക്കു മുമ്പാകെയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഇതൊക്കെ തന്നെ സമ്പത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളെക്കുറിച്ച് സൂചന നൽകുന്നു. അതേ സമ്പത്താണ് ലോക്ക് ഡൗൺ പോലുള്ള രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ ഡൽഹിയെ വെടിഞ്ഞു കേരളത്തിൽ എത്തിയത്. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡൽഹിയിൽ തുടരേണ്ട ആവശ്യഘട്ടത്തിൽ സമ്പത്ത് കേരളത്തിലാണ്. ഇത് വിവാദമായപ്പോൾ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നിരുന്നു. ഇത്രദിവസം കൊവിഡ് ആളുകളെ തളച്ചിടുമെന്നും അതുകൊണ്ട് തിരുവനന്തപുരത്തേക്ക് പോകാമെന്നുമൊക്കെ മനസ്സിലാക്കാനുള്ള ദിവ്യജ്ഞാനം അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നില്ലെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് തന്നെ സമ്പത്തിന്റെ കാര്യത്തിൽ മറുപടി നൽകേണ്ടി വന്നത് സിപിഎമ്മിനും രാഷ്ടീയ ക്ഷീണമായി മാറിയിരുന്നു.

കേരള ഹൗസിൽ ഓഫീസ്. ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അസിസ്റ്റന്റ്, ഔദ്യോഗിക വസതിയും പിന്നെ വാഹനവും ഡ്രൈവറും. ഇങ്ങനെ നാല് സ്റ്റാഫ് അടക്കമാണ് സമ്പത്തിന് അനുവദിച്ചത്. ഈ സർക്കാറിന്റെ കാലാവധി തീരും വരെയാണ് നിയമനം. നാല് സ്റ്റാഫിന്റെ ശമ്പളയിനത്തിൽത്തന്നെ ഓരോ മാസവും ലക്ഷങ്ങൾ തന്നെ സർക്കാർ ഖജനാവിൽ നിന്ന് ചെലവാകുന്നുണ്ട്. സമ്പത്തിന്റെ ഡൽഹിയിലെ ഓഫീസ് ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തിയിരുന്നു. ആറ്റിങ്ങൽ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 38,247 വോട്ടിന് കോൺഗ്രസിന്റെ അടൂർ പ്രകാശിനോട് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് സമ്പത്തിനു കാബിനെറ്റ് പദവി നൽകി നിയമനം വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP