Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബി ഐ എസ് ഗുണനിലവാരം ഉപഭോക്താക്കൾക്കിടയിലെ വിശ്വാസ്യതയുടെ പര്യായം; അത് നൽകുന്നത് കോർപറേറ്റ് ബ്രാന്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രങ്ങളും; സർക്കാർ നിയന്ത്രണം അട്ടിമറിക്കുമ്പോൾ ഉയരുന്നത് സ്വർണ്ണ ഗുണനിലവാരത്തിലെ സംശയങ്ങൾ; 22 കാരറ്റിലെ 'ചതി' ചർച്ചയാകുമ്പോൾ; വേണ്ടത് കേന്ദ്ര ഇടപെടൽ

ബി ഐ എസ് ഗുണനിലവാരം ഉപഭോക്താക്കൾക്കിടയിലെ വിശ്വാസ്യതയുടെ പര്യായം; അത് നൽകുന്നത് കോർപറേറ്റ് ബ്രാന്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രങ്ങളും; സർക്കാർ നിയന്ത്രണം അട്ടിമറിക്കുമ്പോൾ ഉയരുന്നത് സ്വർണ്ണ ഗുണനിലവാരത്തിലെ സംശയങ്ങൾ; 22 കാരറ്റിലെ 'ചതി' ചർച്ചയാകുമ്പോൾ; വേണ്ടത് കേന്ദ്ര ഇടപെടൽ

എം എ എ റഹ്‌മാൻ

കോഴിക്കോട്: സ്വർണത്തിന്റെ മാറ്റ് പരിശോധിക്കുന്നതിൽ നിർണായകമായ ബി ഐ എസ് മുദ്ര ചാർത്തി നൽകുന്ന സ്ഥാപനങ്ങളെല്ലാം നടത്തുന്നത് കോർപറേറ്റ് കമ്പനികൾ. രാജ്യത്തെ സ്വർണ വിപണി കൈയടക്കി വാഴുന്ന കോർപറേറ്റ് കമ്പനികളുടെ കീഴിലാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന 998 ബി ഐ എസ് പരിശോധനാ കേന്ദ്രങ്ങളിൽ ഏറെയും. അന്വേഷിച്ചാൽ പലതും ബിനാമി പേരുകളിൽ നടത്തുന്നവയുമാകും.

ഐ എസ് ഐ ഉൾപ്പെടെയുള്ളവയുടെ മാതൃകയിൽ സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത ഗുണമേന്മ സംവിധാനം വേണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നാളിതുവരെ അതിന് അനുകൂലമായ യാതൊരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഭക്ഷ്യവസ്തുക്കളോ, ഔഷധങ്ങളോ പോലുള്ള മനുഷ്യൻ ഭക്ഷിക്കുന്ന വസ്തുവല്ല സ്വർണമെന്നതിനാൽ ഇവയുടെ നിലവാരത്തിൽ അപാകതകൾ ഉണ്ടായാലും അതൊന്നും വേണ്ട രീതിയിൽ വാർത്തയാവാറില്ല. ഇത്തരമൊരു വിഷയമാണ് ഈയിടെ ഇറങ്ങിയ ഒരുത്തീ എന്ന സിനിമയും ചർച്ച ചെയ്തത്. തിരുവനന്തപുരത്തെ ജ്യൂലറി ഗ്രൂപ്പിൽ നടന്ന സംഭവത്തിൽ നിന്നുള്ള പ്രചോദനമായിരുന്നു ഈ സിനിമ. ആ വാർത്ത മറുനാടൻ മാത്രമാണ് റിപ്പോർട്ട് ചെയ്തും നീതി ലഭ്യമാകുന്നതിന് പിന്നിൽ നിന്നതും. സ്വർണ്ണ മുതലാളിക്കെതിരെ കേസെടുത്ത എസ് ഐയെ സ്ഥലം മാറ്റിയുള്ള പ്രതികാരവും അന്ന് ചർച്ചയായിരുന്നു.

വൻകിട സ്വർണാഭരണ ശൃംഖലകളുടെ ഭരണതലത്തിലുള്ള സ്വാധീനമാണ് ഗുണമേന്മ ഉറപ്പാക്കുന്നത് സർക്കാരിന് കീഴിലേക്കു മാറ്റാൻ സാധിക്കാത്തതിന് കാരണമായി ഈ രംഗത്തു പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ ബി ഐ എസ് മുദ്ര സാക്ഷ്യപ്പെടുത്തി നൽകാനായി പ്രവർത്തിക്കുന്ന 97 കേന്ദ്രങ്ങളും കോർപറേറ്റ് സ്വർണ വ്യാപാര സ്ഥാപനങ്ങളുടെ കീഴിലാണ്. കേരളത്തിലെയും ഇന്ത്യയിലെ വൻ നഗരങ്ങളിലെയുമെല്ലാം സ്വർണാഭരണ വിൽപനയുടെ എഴുപതു ശതാമാനത്തോളവും ഇന്നു കേന്ദ്രീകരിച്ചിരിക്കുന്നത് കോർപറേറ്റ് കമ്പനികൾക്ക് കീഴിലാണ്. ജീവകാരുണ്യ രംഗത്തും വിവിധ സ്പോൺസറിങ് സംരംഭങ്ങളിലുമെല്ലാം ഈ കോർപറേറ്റ് കമ്പനികൾ യഥേഷ്ടം പണമിറക്കാൻ തയാറാണെന്നതും ഇവർക്കെതിരേ പൊതുജന വികാരം ഉണ്ടാവുന്നതിനെ സംരക്ഷിക്കുന്ന ഘടകമാണ്.

സ്വർണം വാങ്ങുന്ന ഏതൊരാളും വിശ്വാസ്യതയുടെ മുഖമുദ്രയായി കാണക്കാക്കുന്നതാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ് (ബി ഐ എസ്). പക്ഷേ ഇത് ചാർത്തി നൽകുന്നത് സ്വകാര്യ രംഗത്തെ സ്വർണാഭരണ വ്യാപാര കുത്തകകളാവുമ്പോൾ ഇവരിൽ നിന്നു വാങ്ങുന്ന സ്വർണത്തിന്റെ ഗുണമേന്മയെ സംശയിക്കേണ്ടതായി വരും. ബിനാമി പേരിൽ പല വൻകിട സ്വർണ്ണ മുതലാളിമാരും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. തങ്ങളുടെ സ്ഥാപനത്തിൽനിന്നു വാങ്ങുന്ന സ്വർണം തിരിച്ചെടുക്കുമ്പോഴും പണിക്കൂലി ഒഴികേ വിലയിൽ മാറ്റമില്ലെന്നു പറയുന്നതിൽ വലിയൊരു ചതിയൊളിഞ്ഞു കിടപ്പുണ്ടെന്നു ആരും ഓർക്കാറില്ല. ഡിസൈൻ ഇഷ്ടപ്പെടാതെയോ, മറ്റു വല്ല നിർമ്മാണത്തിലെ തകരാറുകളാലോ ഉപഭോക്താവ് തിരിച്ചെത്തിക്കുമ്പോഴും അവയുടെ മാറ്റ് പരിശോധിക്കപ്പെടുന്നില്ലെന്നതിനാൽ 22 ക്യാരറ്റെന്ന് നാം വിശ്വസിച്ചു വാങ്ങുന്ന ഇത്തരം സ്വർണാഭരണങ്ങളിലെല്ലാം എത്രമാത്രം പൊന്നുണ്ടെന്നത് അറിയാനാവില്ല.

മുടക്കിയ പണം യാതൊരു വാഗ്വാദങ്ങളുമില്ലാതെ തിരിച്ചു കിട്ടുന്നതിനാൽ ഉപഭോക്താവ് സന്തോഷവാനാണെന്നതാണ് ഇവരുടെ വിജയ രഹസ്യം. ഒരു കടയിൽ നിന്നു വാങ്ങിയ സ്വർണം അതേ വിലക്ക് മറ്റു വൻകിട സ്ഥാപനങ്ങളിൽ ഒന്നും സാധാരണ ഗതിയിൽ വാങ്ങാറില്ല. ആരെങ്കിലും കൊണ്ടുചെന്നാൽ ഇവിടെ വില കുറയുമെന്നും വാങ്ങിയ സ്ഥാപനത്തിൽതന്നെ കൊണ്ടുപോയി കാശാക്കി മാറ്റുന്നതാണ് സാമ്പത്തികമായി മെച്ചമെന്നും ഇവരെല്ലാം ഉപദേശിക്കും. തങ്ങളുടെ സ്വർണത്തെ അപേക്ഷിച്ച് മറ്റുള്ളവർ വിൽക്കുന്നതിൽ എത്രമാത്രം സ്വർണമുണ്ടെന്നതിലെ പരസ്പരമുള്ള സംശയമാണ് ഇത്തരമൊരു തന്ത്രപരമായ ചുവടുവെപ്പിന് പിന്നിൽ.

മിക്ക ഗ്രൂപ്പുകളും തങ്ങൾ നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് സ്വന്തമായി ബി ഐ എസ് മുദ്ര ചാർത്തുന്നതിലും ചില അപാകതകളുണ്ട്. ഒരേ കമ്പനിയിൽനുന്നും വാങ്ങുന്നതോ, തങ്ങളുടെ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്നതോ ആയ വളയോ, മാലയോ എന്തുതന്നെയായാലും നൂറോ, ഇരുനൂറോ എണ്ണമുണ്ടെങ്കിൽ അവയിൽ ഒന്നോ, രണ്ടോ മാത്രം പരിശോധിച്ച് എല്ലാറ്റിനും ഗുണനിലവാരം ഉറപ്പാണെന്നു പ്രഖ്യാപിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഓരോ ആഭരണവും പ്രത്യേകം പ്രത്യേകം പരിശോധിച്ച്് ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. പക്ഷേ ഒന്നോ, രണ്ടോ പരിശോധിച്ചാൽ എല്ലാറ്റിലും നിമിഷങ്ങൾക്കകം ബി ഐ എസ് ഹോൾമാർക്ക് പതിക്കപ്പെടും.

ഓരോന്നിലും പരിശോധന നടത്തുകയെന്നത് സമയവും പ്രയത്നവും അതുവഴിയുണ്ടാവുന്ന സാമ്പത്തിക ചെലവുമെല്ലാം കുറക്കാനാണ് ഒരേ തരത്തിൽ നിർമ്മിക്കുന്ന അനേകം ആഭരണങ്ങളിൽ ഒരെണ്ണം മാത്രം പരിശോധിച്ച് എല്ലാറ്റിനും ബി ഐ എസ് മുദ്ര ചാർത്തുന്നതിലേക്കു നയിക്കുന്നത്. ബി ഐ എസ് മുദ്രണം ചെയ്യുന്ന പരിശോധനാ കേന്ദ്രങ്ങൾ പൊതു ഉടമസ്ഥതയിൽ ആക്കണമെന്നു ചെറുകിട ആഭരണ ശാലകളും ഈ മേഖലയിൽ ജോലിചെയ്യുന്ന നിർമ്മാണ തൊഴിലാളികളുമെല്ലാം കാലങ്ങളായി പറയുന്നതാണെങ്കിലും ഇതുവരെയും ഒരു നടപടിയും ഈ ദിശയിൽ ഉണ്ടായിട്ടില്ല. പുറത്തുനിന്നുള്ള സ്വർണപ്പണിക്കാർ ഉൾപ്പെടെയുള്ളവർ തങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന ആഭരണങ്ങളുമായി ചെന്നാൽ മുറിച്ചെടുത്ത് പരിശോധിക്കുന്ന രീതിയാണ് ബി ഐ എസ് കേന്ദ്രങ്ങളിൽ തുടരുന്നത്.

ഈ രീതിയിൽ പരിശോധന നടത്തുമ്പോൾ സ്വർണത്തിന്റെ അളവ് കുറയാൻ സാധ്യതയുണ്ടെന്നതിനാൽ ഈ രീതിയോട് ചെറുകിട കച്ചവടക്കാർക്കും സ്വർണാഭരണം സന്തമായി നിർമ്മിച്ച് വിൽപന നടത്തുന്നവർക്കും താൽപര്യമില്ല. ഉരച്ചുനോക്കിയോ, നിർമ്മാണ വേളയിൽ ബാക്കിയാവുന്ന സ്വർണമോ പരിശോധിച്ച് ഇത് ഉറപ്പാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നതെങ്കിലും അതും പ്രാവർത്തികമാക്കാൻ സാധിക്കുന്നതല്ല. സ്വർണാഭരണ നിർമ്മാണ വിൽപന രംഗത്ത് ഇപ്പോഴുള്ള തെറ്റായ പ്രവണതകൾ പ്രത്യേകിച്ചും ബി ഐ എസ് സംവിധാനം സർക്കാർ നിയന്ത്രണത്തിലാക്കാൻ കാലങ്ങളായി ആവശ്യപ്പെട്ടുവരികയാണെന്നു ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) ജനറൽ സെക്രട്ടറി വി പി സോമസുന്ദരൻ വ്യക്തമാക്കി.

പക്ഷേ ഇക്കാര്യത്തിൽ ഇതുവരെയും കേന്ദ്ര സർക്കാരിൽനിന്ന് അനുകൂലമായ പ്രതികരണം ഇല്ലാത്തതിനാൽ സ്വർണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ നൽകുന്ന തുകക്ക് തുല്യമായ സ്വർണം ലഭിക്കുന്നുണ്ടോയെന്ന സംശയം ദൂരീകരിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP