Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ

സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സ്വന്തം ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കേരളാ പൊലീസിലെത്തി നടപടി വൈകുന്നതിൽ നിരാശയായ യുവതി ബ്രിട്ടീഷ് മലയാളികൾക്ക് മുന്നിലേക്ക്. ഫെബ്രുവരി മുതൽ തന്നിൽ നിന്നും അകൽച്ച പാലിക്കുന്ന വിദ്യാർത്ഥി വിസയിൽ എത്തിയ ഗോകുൽ കൃഷ്ണ എന്ന യുവാവിനെ കണ്ടെത്താൻ യുകെ മലയാളികൾ സഹായിക്കണമെന്നാണ് യുവതിയുടെ അഭ്യർത്ഥന. ആറ്റിങ്ങൽ സ്വദേശിയായ ഗ്രീഷ്മയാണ് കഴിഞ്ഞ ദിവസം തന്റെ തകർച്ച നേരിടുന്ന വിവാഹ ജീവിതത്തെ കുറിച്ച് മറുനാടനോട് പറഞ്ഞത്.

യുകെയിൽ കാര്യമായി ആരും തന്നെ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാത്തതിനാൽ ബ്രിട്ടീഷ് മലയാളികളിലാണ് ഇനി അവസാന പ്രതീക്ഷ എന്നും ഗ്രീഷ്മ കണ്ണീരോടെ അയച്ച സന്ദേശങ്ങളിൽ വ്യക്തമാക്കുന്നു. ഗോകുലിനെ വിളിച്ചു സംസാരിക്കാൻ തിരുവനന്തപുരം അസി പൊലീസ് കമ്മീഷണർ മുൻകൈ എടുത്തു നിർദ്ദേശം നൽകിയതാണെങ്കിലും അതിനിടയിൽ തന്നെ യുവാവ് മോശം സാഹചര്യത്തിൽ യുവതികൾക്കൊപ്പം ഉള്ള ചിത്രങ്ങൾ കൂടി തന്റെ കൈവശം എത്തിയതിനാൽ ഇനി കേസുമായി മുന്നോട്ടു തന്നെ പോകാം എന്ന നിലപാടിലേക്ക് താൻ എത്തുക ആയിരുന്നു എന്നും ഗ്രീഷ്മ വ്യക്തമാക്കുന്നു.

ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ 26കാരനായ ഗോകുലിനെതിരെയാണ് ഭാര്യ വഞ്ചന കുറ്റത്തിനും സ്ത്രീധന പീഡനത്തിനും കേസ് നൽകിയിരിക്കുന്നത്. കേസ് തെളിഞ്ഞാൽ ജയിൽ ശിക്ഷ ഉറപ്പാണെന്നു നിയമ വിദഗ്ധരും പറയുന്നു. 2020 ഡിസംബർ ഏഴിന് വിവാഹിതയായി ഇപ്പോൾ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് സ്വന്തം ഭർത്താവിനെ തേടി യുകെ മലയാളികൾക്ക് മുന്നിൽ എത്തുന്നത്. വിവാഹ സമയത്തു വലിയ തുകയുടെ സ്വർണവും പണവും ഓരോ കാരണം പറഞ്ഞു ഗോകുലും വീട്ടുകാരും വാങ്ങിച്ചെടുക്കുക ആയിരുന്നു എന്നും ഗ്രീഷ്മ പറയുന്നു.

യുകെയിലേക്ക് പോകുന്നതിനാൽ ജീവിതം സുരക്ഷിതമാക്കാൻ വലിയ തുകയുടെ സ്ത്രീധനം

ഇത്രയും വലിയ തുകയുടെ സ്ത്രീധനം നൽകാൻ തന്റെ കുടുംബത്തിന് പ്രാപ്തി ഇല്ലായിരുന്നുവെന്നും യുകെയിലേക്കു പോകുന്ന യുവാവാണല്ലോ എന്നോർത്ത് മകളുടെ ഭാവി സുരക്ഷിതമാക്കാനാണ് തന്റെ മാതാപിതാക്കൾ ഇത്രയധികം പണവും സ്വർണവും നൽകിയതെന്നും ഗ്രീഷ്മ പറയുന്നു. സ്വർണത്തിൽ നല്ല പങ്കും ഓരോ കാരണം പറഞ്ഞു ഗോകുൽ കൈക്കലാക്കി വിൽക്കുക ആയിരുന്നു എന്നാണ് ഗ്രീഷ്മയുടെ ആരോപണം. ശേഷിച്ച സ്വർണം യുകെയിലേക്കു വരാനുള്ള ചെലവിനും യൂണിവേഴ്‌സിറ്റി ഫീസിനും വിസക്ക് അപേക്ഷിക്കുമ്പോൾ നിക്ഷേപമായി കാണിക്കാനുള്ള തുകയ്ക്കായും വിൽക്കുക ആയിരുന്നു.

ഗോകുലിന്റെ യുകെ യാത്ര തനിക്കായി ഒരുക്കിയ ചതിയാണ് എന്ന് പോലും ഗ്രീഷ്മ സംശയിക്കുകയാണ്. യുകെയിൽ എത്തിയ ശേഷം ഒരു വിവരവും ഇല്ലാത്തതിനാലാണ് മനഃപൂർവം ചതിക്കുക ആയിരുന്നല്ലോ എന്ന സംശയം ഉണ്ടാകാൻ കാരണം. ഇപ്പോൾ കോഴ്സ് പൂർത്തിയാക്കി ഇയാൾ ജോലിക്കു കയറിയതായാണ് അറിയാൻ കഴിയുന്നതെന്നും ഗ്രീഷ്മ പറയുന്നു. മറ്റൊരു സ്ത്രീക്കൊപ്പം ലിവിങ് ടുഗെദർ ആയി കഴിയുക ആണെന്നും ഗ്രീഷ്മ സൂചിപ്പിക്കുന്നു. ഇയാൾ ഓൺ ലൈനിൽ യുവതിയുമായി നടത്തിയ ചാറ്റ് സ്‌ക്രീൻ ഷോട്ട് അടക്കം കൈവശം ഉണ്ടെന്നും ഗ്രീഷ്മ അവകാശപ്പെടുന്നു.

തന്റെ ഭർത്താവിന്റെ താമസ സ്ഥലവും ജോലി സ്ഥലവും കണ്ടെത്താനായാൽ എംബസി സഹായത്തോടെ നാട്ടിൽ എത്തിക്കാൻ സഹായിക്കാം എന്നാണ് തിരുവനന്തപുരം പൊലീസ് അറിയിച്ചതെന്നും ഗ്രീഷ്മ വ്യക്തമാക്കുന്നു. അതിനാൽ ഫോട്ടോ അടക്കം പരാതി മാധ്യമങ്ങളെ അറിയിക്കണമെന്ന നിയമ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗ്രീഷ്മ സഹായം തേടുന്നത്. വലിയ തോതിൽ സ്വർണവും പണവും വാങ്ങി ഒടുവിൽ തന്നെ മനഃപൂർവം ചതിക്കുക എന്നതായിരുന്നു ഗോകുലിന്റെ ഉദ്ദേശം എന്നും യുവതി പറയുന്നു. കുഞ്ഞിന്റെ സംരക്ഷണ ചുമതലയിൽ ഉത്തരവാദിത്തം ഉണ്ടാകുമെന്ന ഭയത്തിൽ ഇപ്പോൾ തങ്ങൾക്കും ഒരു വിവരവും ഇല്ലെന്നാണ് ഗോകുലിന്റെ കുടുംബവും വ്യക്തമാക്കുന്നതെന്നു ഗ്രീഷ്മയുടെ മാതാപിതാക്കളും പറയുന്നു.

ജീവിതം കൈവിട്ടെന്നു മനസിലാക്കി നിയമ നടപടിയിലേക്ക്

തന്റെ ജീവിതം കൈവിട്ടെന്ന അവസ്ഥയിലാണ് യുവതിയും പിഞ്ചു കുഞ്ഞും. എന്നാൽ ബന്ധം തുടരാൻ ഗോകുൽ ആഗ്രഹിക്കുന്നില്ലെങ്കിൽ മുഴുവൻ സ്വർണവും പണവും തിരികെ നൽകാൻ ബാധ്യസ്ഥൻ ആണെന്നാണ് ഗ്രീഷ്മയുടെ നിലപാട്. തന്റെ കൂടി സുരക്ഷിത ഭാവിക്കാണെന്നു വ്യക്തമാക്കിയാണ് ഇയാൾ വിവാഹ സമയത്തു വൻതുക സ്ത്രീധനമായി പറഞ്ഞുറപ്പിച്ചത്. പിന്നീട് യുകെയിൽ പഠന ചെലവിനു എന്ന കാരണത്താൽ വീണ്ടും വലിയ തുക തന്റെ വീട്ടിൽ നിന്നും ഈടാക്കിയതായും ഗ്രീഷ്മ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഗോകുൽ പഠിക്കാൻ എത്തിയത് കവൻട്രി യൂണിവേഴ്‌സിറ്റിയിൽ ആണെന്നാണ് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ ഇയാൾ ഇടയ്ക്കു ഡെർബിയിൽ എത്തിയെന്ന സൂചനയും കുടുംബത്തിന് ലഭിച്ചിരുന്നു.

തന്നെയും കുഞ്ഞിനേയും സഹായിക്കാനോ സംരക്ഷിക്കാനോ തയ്യാറല്ലെങ്കിലും അവിവാഹിതൻ എന്ന വ്യാജേനെ ഗോകുൽ യുകെയിൽ യുവതികളെ ബന്ധപ്പെടുന്നു എന്നാണ് ഗ്രീഷ്മ ഇതിനകം മനസിലാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഭർത്താവ് തന്നെ വിലക്കിയിരിക്കുകയാണെന്നും ഗ്രീഷ്മ പരാതിയിൽ പറയുന്നു. ഏഴു മാസമായ കുഞ്ഞിനെ തേടി ഗോകുലിന്റെ ഒരു ഫോൺ വിളി പോലും വരുന്നില്ലെന്നും ഗ്രീഷ്മ തിരുവനന്തപുരം ഫോർട്ട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ കോപ്പിയും ഫോർട്ട് പൊലീസിന്റെ മറുപടിയും ഗോകുലിന്റെ പാസ്‌പോർട്ടിന്റെ കോപ്പിയും മറുനാടൻ മലയാളിക്കും ലഭിച്ചിട്ടുണ്ട്.

മറ്റു യുവതികൾ കൂടി ചതിക്കപ്പെട്ടേക്കാം

വലിയ ധനികനാണെന്ന ഭാവത്തിൽ ചമഞ്ഞു മറ്റു യുവതികളുടെ ജീവിതം കൂടി നശിപ്പിക്കാനുള്ള രീതിയാണ് ഗോകുലിന്റേത് എന്നും ഭാര്യ പറയുന്നു. കാരണം മുൻപും ഇത്തരം രീതികളിൽ പെരുമാറിയപ്പോൾ വിട്ടു വീഴ്‌ച്ചയ്ക്കു താൻ തയ്യാറായതാണ് ഇപ്പോൾ തന്റെ കണ്ണീരിനു കാരണം എന്നും ഗ്രീഷ്മ പറയുന്നു. ഇനിയാർക്കും തനിക്ക് സംഭവിച്ചത് പോലെ ഒരു ദുരന്തം ഉണ്ടാകരുത് എന്നും ഗ്രീഷ്മ ആഗ്രഹിക്കുന്നു.

തന്റെ ജീവിത കഥ ഒരു പൈങ്കിളി സിനിമയോ സീരിയലിനോ പറ്റിയ തരത്തിലായതു തന്റെ വിധിയെന്ന് കരുതി സമാധാനിക്കാൻ ഗ്രീഷ്മ തയ്യാറാണ്. പക്ഷെ അത്തരത്തിൽ തനിക്കു വിശ്രമിക്കണമെങ്കിൽ ഇയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന വാശിയും തനിക്കുണ്ടെന്ന് യുവതിയായ ഈ അമ്മ വെളിപ്പെടുത്തുമ്പോൾ അബലയായ സ്ത്രീകൾ അല്ല ഇക്കാലത്തു ഭാര്യമാരായി മുന്നിലെത്തുന്നത് എന്ന് ഗോകുലിനെ പോലുള്ളവർ തിരിച്ചറിയും എന്നാണ് ഗ്രീഷ്മയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP