Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോതമംഗലം കൊടുത്തുള്ള അവസാന ഒത്തുതീർപ്പ് പൊളിച്ചത് ആന്റണി രാജുവും കെസി ജോസഫും; മൂവാറ്റുപുഴയിലോ ഇടുക്കിയിലോ മാറ്റുരച്ച് മന്ത്രിയാവാൻ ഫ്രാൻസിസ് ജോർജ്; തല്ലിക്കെടുത്തുന്നത് പി സി ജോർജിന്റെ അവസാന പ്രതീക്ഷ; പിളർപ്പിന്റെ ഗുണം മാണിക്കും ഫ്രാൻസിസ് ജോർജിനും മാത്രം

കോതമംഗലം കൊടുത്തുള്ള അവസാന ഒത്തുതീർപ്പ് പൊളിച്ചത് ആന്റണി രാജുവും കെസി ജോസഫും; മൂവാറ്റുപുഴയിലോ ഇടുക്കിയിലോ മാറ്റുരച്ച് മന്ത്രിയാവാൻ ഫ്രാൻസിസ് ജോർജ്; തല്ലിക്കെടുത്തുന്നത് പി സി ജോർജിന്റെ അവസാന പ്രതീക്ഷ; പിളർപ്പിന്റെ ഗുണം മാണിക്കും ഫ്രാൻസിസ് ജോർജിനും മാത്രം

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ഏതാനും മാസങ്ങളായി പുകഞ്ഞ കേരള കോൺഗ്രസിലെ പ്രതിസന്ധി പിളർപ്പിലേയ്ക്ക് വഴി തെളിക്കുമ്പോൾ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കുന്നത് കെ എം മാണിക്ക് തന്നെ. മാണിയുടെ നേതാക്കളിൽ ഒരാൾ പോലും ഈ പിളർപ്പിനൊപ്പം പുറത്ത് പോയിട്ടില്ല എന്നത് മാത്രമല്ല ജോസഫിലെ ഏറ്റവും ശക്തരായ നേതാക്കൾ പുറത്ത് പോകുക കൂടി ചെയതതോടെ മകനിലേയ്ക്ക് അധികാരം കൈമാറാനുള്ള മാണിയുടെ നീക്കത്തിന് ശക്തി കൂടും. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ ചുമതല മകനിലേയ്ക്ക് കൈമാറാനുള്ള അവസരം നോക്കിയിരിക്കുന്ന മാണിക്ക് ഏറ്റവും അനുകൂലമായ അവസരമാണ് ഇപ്പോൾ തെളിഞ്ഞ് വരുന്നത്. അതിനെ ചോദ്യം ചെയ്യാൻ ഇടയുള്ള ഏറ്റവും പ്രധാന നേതാവായിരുന്ന പി സി ജോർജിന് പിന്നാലെ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും കൂടി പോകുന്നതോടെ പാർട്ടിയും എം എൽ എമാരും മാണിയുടെ കൈയിൽ കൂടുതൽ ശക്തമാകുകയാണ്.

ഗ്രൂപ്പ് നീക്കങ്ങൾ നടത്താനോ പാർട്ടി നടത്താനോ ഒന്നും താല്പര്യമില്ലാത്ത പി ജെ ജോസഫ് ഏകപക്ഷീയമായി തന്നെ തന്റെ വിഭാഗത്തെ മാണിക്ക് നൽകിയിട്ട് സമാധാനത്തോടെ ജീവിക്കുക ആയിരുന്നു. ജോസഫ് ദുർബലനായതോടെയാണ് ജോസഫ് വിഭാഗത്തിലെ നേതാക്കൾ അസ്വസ്ഥരായത്. ജോസഫ് വിഭാഗത്തിന്റെ മറ്റ് രണ്ട് എംഎൽഎമാരും യുഡിഎഫ് സംവിധാനം തന്നെ സുരക്ഷിതമെന്ന് കരുതി ജോസഫിനൊപ്പം ഉറച്ച് നിന്നതോടെ ആശ്രിതർക്ക് പാർട്ടി വിടുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. പാർട്ടി ചെയർമാൻ എന്ന പദവി പി ജി ജോസഫിനും മന്ത്രി പദവികളിൽ ഒന്ന് ജോസ് കെ മാണിക്കും കൈമാറാൻ ആണ് മാണി ശ്രമിക്കുന്നത്. അങ്ങനെ വന്നാൽ ജോസഫിന് പകരം ആ വിഭാഗത്തിലെ തന്നെ മോൻസ് ജോസഫിനെ രണ്ടാം മന്ത്രിയാക്കാം. ലീഡർ എന്ന നിലയിൽ മാണിയുടെ ഗ്രിപ്പ് കുറയുന്നുമില്ല. ഇത്തരം ഒരു ശ്രമത്തിലേയ്ക്കാണ് കാര്യങ്ങൾ ഇപ്പോൾ നീങ്ങുന്നത്.

യുഡിഎഫ് വിടാൻ ഒട്ടും താല്പര്യം ഇല്ലാതിരുന്ന പി ജെ ജോസഫിനെ എങ്ങനെയും പുറത്തിറക്കാനുള്ള ശ്രമം ആണ് കഴിഞ്ഞ ദിവസങ്ങളിൽ വിമതർ നടത്തിയത്. അതിന് വേണ്ടി അവർ താല്പര്യപ്രകാരം വാർത്തകളും ഉണ്ടാക്കി. എന്നാൽ യുഡിഎഫ് വിട്ടൊരു കളിക്ക് ജോസഫ് ഇല്ല എന്ന് ആദ്യം മുതലെ വ്യക്തമായിരുന്നു. എങ്കിലും മുതിർന്ന നേതാക്കളായ ആന്റണി രാജുവും ഫ്രാൻസിസ് ജോർജിനും സീറ്റ് നൽകേണ്ടത് മര്യാദ ആണ് എന്ന ചിന്ത പലരും പങ്ക് വച്ചു. ഇതേ തുടർന്നാണ് അവസാന വട്ട ശ്രമങ്ങൾക്ക് മാണിയും ജോസഫും മുതിർന്നിരിക്കുന്നത്. രണ്ട് സീറ്റ് കൂടി കോൺഗ്രസിനോട് ചോദിച്ച് വാങ്ങാൻ ആയിരുന്നു ആദ്യ ശ്രമം. എന്നാൽ ഒരു സീറ്റ് തിരിച്ചെടുക്കാൻ ഇരിക്കുന്ന കോൺഗ്രസ് അതിന് വഴങ്ങിയേയില്ല. അത്തരം ഒരു സാഹചര്യത്തിൽ വിമതർ പുറത്ത് പോകും എന്ന് ഏതാണ്ട് ഉറപ്പാവുകയായിരുന്നു. അവസാന വട്ട ശ്രമം എന്ന നിലയിൽ ജോസഫും മാണിയും ഉമ്മൻ ചാണ്ടിയുമായി ഒരു ചർച്ച നടത്തുകയുണ്ടായി.

കോൺഗ്രസ് എറ്റെടുക്കാൻ ഇരുന്ന ഒരു സീറ്റ് എടുക്കുകയില്ല എന്നായിരുന്നു ആ ചർച്ചയിൽ ലഭിച്ച ഏക ഉറപ്പ്. തുടർന്ന് ജോസഫിന്റെ നാല് സീറ്റിൽ ഒന്ന് ഫ്രാൻസിസ് ജോർജിനും മാണിയുടെ സീറ്റുകളിൽ ഒന്ന് ആന്റണി രാജുവിനും വിട്ടുകൊടുക്കാൻ ധാരണയിൽ എത്തുകയായിരന്നു. കോതമംഗലത്ത് നിന്നും ടി യു കുരവിള മാറി നിൽക്കണം എന്ന ധാരണയാണ് അങ്ങനെ രൂപപ്പെട്ടത്. ജോസഫിന്റെ അഭ്യർത്ഥന മാനിച്ച് കുരുവിള അതിന് തയ്യാറായി. പകരം ഫ്രാൻസിസ് ജോർജിനെ കോതമംഗലത്ത് നിർത്താം എന്ന ധാരണ വിമത പക്ഷത്തിന് പ്രതീക്ഷ പകർന്നു. പൂഞ്ഞാർ കോൺഗ്രസിന് വിട്ട് കൊടുത്തുകൊണ്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഒരു സീറ്റ് കോൺഗ്രസിൽ നിന്ന് വാങ്ങി ആന്റണി രാജുവിന് നൽകാം എന്നായിരുന്നു രണ്ടാമത്തെ ശ്രമം. മാണിയുടെ പൂഞ്ഞാർ വിട്ടു കൊടുത്തുകൊണ്ട് ഒരു സീറ്റ് ആന്റണി രാജുവിന് കിട്ടുന്നതോടെ ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പ് ഉണ്ടാകുമെന്നായിരുന്നു ഇന്നലെ രാത്രി വരെ ധാരണ.

ഫ്രാൻസിസ് ജോർജ് ഉറച്ച സീറ്റ് നേടി തങ്ങളെ കൈവിട്ടു എന്ന ആരോപണവുമായി കുട്ടനാടുകാരനായ ഡോ. കെ സി ജോസഫും ഇടുക്കിക്കാരനായ പി സി ജോസഫും രംഗത്ത് വന്നതോടെയാണ് ഒത്തുതീർപ്പ് വ്യവസ്ഥ പൊളിഞ്ഞത്. കുട്ടനാട് ജയിക്കുമെന്ന് ഉറപ്പില്ലാത്ത ഡോ. കെ സി ജോസഫിനെ മാറ്റി പകരം സ്ഥാനാർത്ഥിയെ വയ്ക്കാൻ ആലോചന നടക്കുന്നതിനാൽ വിമതർക്കൊപ്പം ഇടത് പക്ഷത്ത് പോയി ചങ്ങനാശ്ശേരിയിൽ മത്സരിക്കാൻ ആണ് ജോസഫിന്റെ ആഗ്രഹം. കുട്ടനാടിനേക്കാൾ സുരക്ഷിതമാണ് ചങ്ങനാശ്ശേരി എന്നാണ് ഡോ. കെ സി ജോസഫിന്റെ നിഗമനം. ഈ ഒത്തുതീർപ്പ് ഫോർമുലയിൽ ഇടുക്കി സീറ്റ് മോഹിച്ച പി സി ജോസഫ് തഴയപ്പെട്ടതോടെ ഇരുവരും ആന്റണി രാജുവിനെ കൂടി കൈയിൽ എടുക്കുകയായിരുന്നു.

ആന്റണി രാജുവിന് വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് കിട്ടുകയില്ല എന്ന വാദവും കൂടി ഉയർന്നതോടെ ആന്റണി രാജുവും പി സി ജോസഫും ഡോ. കെ സി ജോസഫും ഫ്രാൻസിസ് ജോർജിന് എതിരായി. ഇടത് പക്ഷത്തേയ്ക്ക് പോയാൽ നാലുപേർക്കും ജയസാധ്യത ഉണ്ട് എന്നതാണ് ഇവരെ ഇങ്ങനെ ചിന്തിപ്പിക്കാൻ ഇടയാക്കിയത്. ഈ സമ്മർദ്ദത്തെ തുടർന്നാണ് ഇന്നലെ രാത്രിയിൽ ഉണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥ പൊളിഞ്ഞത്. ഇതനുസരിച്ച് ഇടതുപക്ഷത്തേയ്ക്ക് പോകുന്ന ആന്റണി രാജുവിന് തിരുവനന്തപുരം തന്നെ ലഭിക്കാൻ സാധ്യത ഉണ്ട്. തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രപിള്ളയെ മ്‌റ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിക്കാൻ ആണ് ആന്റണി രാജുവിന്റെ ആഗ്രഹം.

എൽഡിഎഫിൽ ഉള്ള സ്‌കറിയ തോമസ് വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കണം എന്നാണ് ഫ്രാൻസിസ് ജോർജിന് ഇടത് മുന്നണി നിർദ്ദേശം നൽകിയിരിക്കുന്നത്. എവിടെ നിന്നാലും ജയിക്കാൻ സാധ്യതയില്ലാത്ത നേതാവാണ് സ്‌കറിയ തോമസ്. ഭരണം ഉള്ള ഒരു പാർട്ടിയുടെ ചെയർമാനായാൽ തന്നെ സ്‌കറിയ തോമസ് സന്തുഷ്ടനാണ്. ഫ്രാൻസിസ് ജോർജിനെ മന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടാൻ ആണ് തീരുമാനം. ജനതാദൾ പിളർന്ന് പ്രധാന നേതാക്കൾ പോയിട്ടും ഇടത് പക്ഷത്ത് നിന്ന മൂന്ന് നേതാക്കൾ വിജയിച്ച് എംഎൽഎമാരായതാണ് ഇതിന് കാരണമായി കരുതുന്നത്. ഇടത് പക്ഷത്തേയ്ക്ക് വന്നാൽ മൂന്ന് വിമത നേതാക്കൾക്കും സീറ്റ് ഉറപ്പാണ്, പി സി ജോസഫിന്റെ കാര്യത്തിൽ മാത്രമാണ് അനിശ്ചിതത്വം ഉള്ളത്.

അഞ്ച് സീറ്റ് ലഭിച്ചാൽ ആന്റണി രാജുവിന് തിരുവനന്തപുരം, ഫ്രാൻസിസ് ജോർജിന് മൂവാറ്റുപുഴ, ഡോ. കെ സി ജോസഫിന് ചങ്ങനാശ്ശേരി, പി സി ജോസഫിന് ഇടുക്കി എന്നീ നാല് സീറ്റുകളും വീതിച്ചു നൽകാനാണ് ആലോചന. സുരേന്ദ്രൻ പിള്ളയ്ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റ് കണ്ടെത്താനുമാണ് ആലോചന. എന്നാൽ അഞ്ച് സീറ്റുകൾ നൽകുന്നത് കടന്ന കൈയാണ് എന്ന അഭിപ്രായം ഇടത് മുന്നണിയിൽ ഉണ്ട്. അതിനുള്ള വലിപ്പം ഈ പാർട്ടിക്ക് ഇല്ല എന്നാണ് അവർ കരുതുന്നത്. നാല് സീറ്റ് ആണ് നൽകുന്നതെങ്കിൽ പി സി ജോസഫ് പുറത്താകും. ഫ്രാൻസിസ് ജോർജിന് മൂവാറ്റുപുഴയോ ഇടുക്കിയോ ഇഷ്ടമുള്ളടത്ത് മത്സരിക്കാം, ഇതാണ് ഇപ്പോഴത്തെ സാധ്യത.

ഇടുക്കിയിൽ മാണിയുടെ റോഷി അഗസ്റ്റിനെതിരെയോ മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനെതിരെയോ മത്സരിച്ചാലും ഫ്രാൻസിസ് ജോർജിന് ജയിക്കാം എന്നതാണ് സാഹചര്യം. കേരള കോൺഗ്രസിലെ മാന്യനായ നേതാവായാണ് ഫ്രാൻസിസ് ജോർജ് അറിയപ്പെടുന്നത്, സ്ഥാപക നേതാവായ കെ എം ജോർജിന്റെ മകൻ മൂവാറ്റുപുഴക്കാരനുമാണ്. രണ്ട് തവണ ഇടുക്കി എംപിയായിരുന്ന ഫ്രാൻസിസിന് ഇടുക്കിയുമായി ആത്മബന്ധവും ഉണ്ട്. അതുകൊണ്ട് തന്നെ ഇതിൽ ഏത് സീറ്റ് വേണമെങ്കിലും നൽകാൻ ഇടത് മുന്നണി ഒരുക്കമാണ്. മൂന്ന് എംഎൽഎമാരെയെങ്കിലും ജയിപ്പിച്ചാൽ ഫ്രാൻസിസ് ജോർജിന് മന്ത്രയാകാൻ സാധ്യത ഉണ്ട്.

ഇടത് മുന്നണിയിലെ മറ്റൊരു പാർട്ടിയും പാലം വലിക്കില്ല എന്ന പ്രതിക്ഷയിലാണ് ഈ നീക്കങ്ങൾ എല്ലാം. എന്നാൽ സിപിഐയുടെ കാനം രാജേന്ദ്രൻ കടുത്ത എതിർപ്പിലാണ് എന്ന് കരുതുന്നു. പരാജയ ഭീതിയുള്ളതുകൊണ്ടാണ് ഇടത് മുന്നണി വഴിയെ പോകുന്നവരെയെല്ലാം ഏറ്റെടുക്കുന്നതെന്നും യുഡിഎഫ് ഘടക കക്ഷികളുചെ പിന്നാലെ നടക്കുനനതെന്നും ആരോപണം വരുമെന്നുമാണ് കാനം ഭയപ്പെടുന്നത്. ഇതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് കാനം എടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ നിലപാടും നിർണായകമാണ്. എന്നാൽ ഫ്രാൻസിസ് ജോർജിനെ പോലെ ഒരു നേതാവിനെ കൂടെ കൂട്ടുന്നതിൽ വിഎസിന് എതിർപ്പില്ലെന്നാണ് സൂചന. ഈ തിരിച്ചറിവ് തന്നെയാണ് ഫ്രാൻസിസ് ജോർജുമായുള്ള ചർച്ചകൾക്ക് സിപിഐ(എം) നേതൃത്വത്തിന് കരുത്തായതും.

ഈ സംഭവ വികാസങ്ങൽ ഏറ്റവും കൂടുതൽ കുഴപ്പത്തിലാക്കിയിരിക്കുന്നത് മുൻ ചീഫ് വിപ്പ് കൂടിയായിരുന്ന പി സി ജോർജിനെയാണ്. ഇടുതുമുന്നണി സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിക്കും എന്നാണ് ജോർജ് ഇപ്പോഴും അണികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ സിപിഐ(എം) നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് തുടരുകയാണ്. ജോർജ് സ്ഥാനാർത്ഥിയാവില്ല എന്ന് കോട്ടയത്തെ നേതാക്കൾ തറപ്പിച്ച് പറയുന്നുണ്ടെങ്കിലും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയിരിക്കുന്ന വാക്ക് വിശ്വസിച്ചാണ് ജോർജ് അണിയറ നീക്കങ്ങൾ നടത്തുന്നത്. എന്നാൽ ഫ്രാൻസിസ് ജോർജും കൂട്ടരും ഇടതുമണ്ഡലത്തിലേയ്ക്ക് വന്നാൽ ജോർജിന്റെ സാധ്യത പൂർണമായും അടയും.

ജോർജിന്റെ നേതൃത്വം അംഗീകരിക്കാൻ ഫ്രാൻസിസ് ജോർനോടൊപ്പം നിൽക്കുന്നവർക്ക് സാധിക്കില്ല എന്നതാണ് കാരണം. പുതുതായി വരുന്നവരെ നേതാവായി സ്വീകരിക്കുവാൻ ജോർജും ഒരുക്കമല്ല. അങ്ങനെ വരുമ്പോൾ ഇടതുമുന്നണി സ്വപനം ജോർജിന് ഉപേക്ഷിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP