Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭോപ്പാൽ അതിരൂപതയിലെ ഫാ ആനന്ദ് മുട്ടുങ്കലിനെ പൗരോഹിത്യത്തിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് പോപ്പ്; നടപടി എടുക്കുന്നത് വിഷം നൽകി തന്നെ ഭ്രാന്തനാക്കാൻ ആർച്ച് ബിഷപ്പ് ശ്രമിച്ചെന്ന് കേസു കൊടുത്ത മലയാളി വൈദികനെതിരെ; ഫണ്ട് ക്രമക്കേടിനെതിരെ പരാതി കൊടുത്തപ്പോൾ ആർച്ച് ബിഷപ്പ് കോർണീലിയോയുമായി തെറ്റി; പ്രതികാരം ജയിലിലും കിടന്നു; ഒടുവിൽ മാർപ്പാപ്പയുടെ നടപടിയും

ഭോപ്പാൽ അതിരൂപതയിലെ ഫാ ആനന്ദ് മുട്ടുങ്കലിനെ പൗരോഹിത്യത്തിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് പോപ്പ്; നടപടി എടുക്കുന്നത് വിഷം നൽകി തന്നെ ഭ്രാന്തനാക്കാൻ ആർച്ച് ബിഷപ്പ് ശ്രമിച്ചെന്ന് കേസു കൊടുത്ത മലയാളി വൈദികനെതിരെ; ഫണ്ട് ക്രമക്കേടിനെതിരെ പരാതി കൊടുത്തപ്പോൾ ആർച്ച് ബിഷപ്പ് കോർണീലിയോയുമായി തെറ്റി; പ്രതികാരം ജയിലിലും കിടന്നു; ഒടുവിൽ മാർപ്പാപ്പയുടെ നടപടിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർച്ച് ബിഷപ്പ് വിഷം തന്ന് മനോരോഗിയാക്കാൻ ശ്രമിച്ചെന്ന് വൈദികൻ ആരോപിക്കുക. ..അതിനെതിരെ വൈദികൻ കേസ് കൊടുക്കുക...പക വീട്ടാൻ ആർച്ച് ബിഷപ്പ് വൈദികനെ പണംതട്ടിപ്പ് കേസിൽ കുടുക്കുക, ഒടുവിൽ വൈദികനെ അറസ്റ്റ് ചെയ്യുക.. കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് അങ്ങ് മധ്യപ്രദേശിലെ കത്തോലിക്ക സഭയിൽ ചർച്ചയായത്. അതിരൂപതാംഗങ്ങൾ പലരും മലയാളികളുമാണ്. കത്തോലിക്കാ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും വക്താവുമായിരുന്ന ഫാ.ആനന്ദ് മുട്ടുങ്ങലിനെ അറസ്റ്റ് ചെയ്തത് ചർച്ചയാവുകയും ചെയ്തു. അതേ പുരോഹിതനെ ഇപ്പോൾ സഭയിൽ നിന്ന് പുറത്താക്കുകയാണ് മാർപ്പാപ്പ.

മധ്യപ്രദേശിലെ കത്തോലിക്കാസഭയുടെ മുൻ വക്താവിനെ പൗരോഹിത്യത്തിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് മാർപ്പാപ്പ അറിയിച്ചു.. ഭോപ്പാൽ അതിരൂപതയിലെ ആനന്ദ് മുട്ടുങ്കലിനെ (ജോസഫ് എംടി)യാണ് പുറത്താക്കിയത്. തനിക്ക് എതിരായ വത്തിക്കാൻ നടപടിയെക്കുറിച്ച് അറിയില്ലെന്ന് മുട്ടുങ്കൽ പ്രതികരിക്കുകയാണ്. ''ഞാൻ എന്ത് കുറ്റമാണ് ചെയ്തതെന്ന് എനിക്കറിയില്ല. ഇന്നുവരെ, വത്തിക്കാൻ അധികൃതർ ഒരു കാര്യവും സംബന്ധിച്ച് ഒരു ചോദ്യമോ വിവരമോ എനിക്ക് അയച്ചിട്ടില്ല, ''-ഇതാണ് മുട്ടുങ്കലിന്റെ പ്രതിരണം.

മുട്ടുങ്കൽ ജെസ്യൂട്ട് ആർച്ച് ബിഷപ്പ് പാസ്‌കൽ ടോപ്‌നോ, ആർച്ച് ബിഷപ്പ് കൊർണേലിയോ എന്നിവരുടെ കീഴിൽ ഏഴ് വർഷം അതിരൂപത പബ്ലിക് റിലേഷൻസ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 48 കാരനായ ഇദ്ദേഹം മധ്യപ്രദേശിലെ കത്തോലിക്കാസഭയുടെ വക്താവായും പ്രവർത്തിച്ചിരുന്നു. 2013 ൽ മുട്ടുങ്കലിനെ പബ്ലിക് റിലേഷൻ ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് സഭയ്‌ക്കെതിരെ പരാതിയും നൽകി. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒടുവിൽ ഫാദറിനെ സഭ പുറത്താക്കുകയാണ്.

സ്ലോ പോയിസൺ ഉപയോഗിച്ച് മാനസികമായി അസ്ഥിരനാക്കാൻ പുരോഹിതനും വികാരി ജനറൽ ഫാദർ വി സി മാത്യുവും അതിരൂപത വക്താവ് ഫാദർ പി ജെ ജോണിയും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പരാതി നൽകിയത് വിവാദമായി. മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്. പിന്നീട് പല വിധ വിവാദങ്ങൾ ഉണ്ടായി. സഭയുമായി ചേർന്ന് പ്രവർത്തിക്കാൻ മുട്ടുങ്കൽ വിസമിതിച്ചുവെന്നാണ് സഭയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് മുട്ടുങ്കലിനെ പുറത്താക്കുന്നത്. ഇതിന് പുറമേ വേറെയും ആരോപണങ്ങൾ ഉണ്ടായി. സാമ്പത്തിക കുറ്റകൃത്യത്തിന് ഇദ്ദേഹത്തിനെതിരെ കേസെടുത്തു. അമ്പത് ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.

ഫ്‌ളാറ്റ് തട്ടിപ്പ് കേസിലായിരുന്നു ഈ അറസ്റ്റ്. ഭോപ്പാലിന് അടുത്ത് ഫ്‌ളാറ്റ് വച്ചു കൊടുക്കാമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തി ആളുകളെ പറ്റിച്ചുവെന്നായിരുന്നു അന്നുയർന്ന ആരോപണം. ഫാദറിനെ അറസ്റ്റ് ചെയ്തതോടെയാണ് ഏറെ നാളായി നീറിപ്പുകയുന്ന പ്രശ്നം അതിന്റെ പാരമ്യത്തിലെത്തിയത്. ഫാ.ആനന്ദ മുട്ടുങ്ങലിനെ അറസ്റ്റ് ചെയ്തത് ചെറിയ കുറ്റങ്ങൾക്കൊന്നുമല്ല. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, രേഖകളിൽ കൃത്രിമം കാട്ടൽ എന്നിങ്ങനെ അച്ചനെ അകത്തിടാൻ പോന്ന വകുപ്പെല്ലാം ചുമത്തി. മധ്യപ്രദേശ് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഫാ. ആനന്ദ് മുട്ടുങ്ങലിനെ അറസ്റ്റ് ചെയ്തത്.

രണ്ടുവർഷത്തെ അന്വേഷണം; ഒടുവിൽ അച്ചനെ കുരുക്കി

പ്രാഥമിക അന്വേഷണം നടന്നത് രണ്ടുവർഷം. 47 കാരനായ ഫാ.ആനന്ദ് മുട്ടുങ്ങലിനെതിരെ കേസ് എടുത്തത് 2017 ഒക്ടോബർ 17 നാണ്. ഭോപ്പാലിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് സ്റ്റേഷനിൽ. അച്ചനടക്കം എട്ടുപേരാണ് കേസിലെ പ്രതികൾ. 2017 ഏപ്രിലിൽ സി.ജെ.ജോൺ എന്നയാൾ അടക്കം ചിലർ നൽകിയ പരാതി പ്രകാരമാണ് ഫാ.ആനന്ദ് മുട്ടുങ്ങലിനെതിരെ വ്യാജരേഖ ചമയ്ക്കൽ കേസെടുത്തത്. ഭോപ്പാലിലെ പ്രാന്തപ്രദേശത്ത് വീട് വയ്ക്കാൻ പ്ലോട്ടുകൾ സംഘടിപ്പിച്ച് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 377 പേരിൽ നിന്ന് സെന്റ് ജൂഡ് കോളനൈസേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം പണം തട്ടിച്ചുവെന്നായിരുന്നു പരാതി. 2009 ൽ രജിസ്റ്റർ ചെയ്ത് ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ് ജോൺ ചെറിയാൻ എന്ന വ്യക്തിയാണ്.

റിച്ചാർഡ് ഡിസിൽവ, വിപിൻ തോപ്പോ, റോയ് ജോൺ താട്ട, റോയ് ജോൺ താട്ട, ജെറി പോൾ, സജി തോമസ് എന്നിവരാണ് ഈ സൊസൈറ്റിയുടെ അംഗങ്ങൾ. ഇതിൽ തോപ്പോയും താട്ടയുമാണ് കേസിലെ പ്രതികൾ. ഫാ.മുട്ടുങ്ങൽ ഈ സൊസൈറ്റിയിലെ അംഗമല്ലെങ്കിലും അദ്ദേഹമാണ് വ്യാജരേഖ ചമയ്ക്കൽ കേസിലെ മുഖ്യപ്രതി. അതിരൂപത പിആർഒ ആയിരിക്കെ, തോപ്പോയും താട്ടയുമായി ചേർന്ന് പണം തട്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ പറയുന്നത്.

തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് ഫാ.മുട്ടുങ്ങൽ

ആർച്ച് ബിഷപ്പ് കോർണീലിയോയും ഡിസിൽവയും ഒരു മാധ്യമപ്രവർത്തകനും ചേർന്ന് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നാണ് ഫാ.മുട്ടുങ്ങൽ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താൻ ടിടി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസിൽ നിന്ന് തലയൂരാനും, മാധ്യമങ്ങളിൽ പേരുവരാതിരിക്കാനും നാൽവർ സംഘം തന്നോട് പണം ആവശ്യപ്പെട്ടുവെന്ന് അച്ചൻ ആരോപിക്കുന്നു. ഇതിന്റെ തെളിവുകൾ അച്ചൻ ഹാജരാക്കിയിട്ടില്ലെങ്കിലും, ഫാ.പി.ചിന്നപ്പൻ എന്നയാൾ എഴുതിയ രണ്ടുപേജുള്ള കത്ത് പുറത്തുവിട്ടിരുന്നു. ഭോപ്പാൽ ജില്ലാ കോടതിയിൽ നടക്കുന്ന കേസ് ആർച്ച് ബിഷപ്പുമായി ഒത്തുതീർപ്പാക്കാൻ ഫാ.രാജമാണിക്കം തന്നെ വിളിച്ചുവെന്നാണ് കത്തിൽ പറയുന്നത്.

ആർച്ച് ബിഷപ്പ് കോർണീലിയോ അറസ്റ്റ് സമയത്ത് പ്രതികരിച്ചത് ഇങ്ങനെ

മുട്ടുങ്ങലിന്റെ ജീവിതത്തിൽ എന്തുസംഭവിച്ചാലും തന്നെയാണ് പഴിക്കുകയെന്ന് ആർച്ച് ബിഷപ്പ് കോർണീലിയോ പ്രതികരിച്ചു. 2016 ൽ പബ്ലിക് റിലേഷൻസ് ഓഫീസർ പദവിയിൽ നിന്ന് മാറ്റിയ ശേഷമാണ് ഈ പഴിചാരൽ. ഫാ.മുട്ടുങ്ങൽ അതിരൂപത സൊസൈറ്റിക്കും തനിക്കുമെതിരെ ആറ് കള്ളക്കേസുകൾ നൽകിയിട്ടുണ്ട്. അഴിമതി ആരോപണത്തിന് പുറമേ, താൻ അച്ചനെ വിഷം കൊടുത്ത് ഭ്രാന്തനാക്കാൻ ശ്രമിച്ചെന്നും പഴിച്ചു. വ്യാജരേഖ ചമയ്ക്കലിനെ കുറിച്ച് താൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ബ്ലാക്ക് മെയിലിങ് നടത്തിയെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണ്. കോടതിയിലെ കേസുകൾ അവിടെ തന്നെ നേരിടുകയാണ് തന്റെ പോളിസി. ഏതുതരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നവെന്നും ആർച്ച് ബിഷപ്പ് പ്രതികരിച്ചിരുന്നു.

സെന്റ് ജൂഡ് കോളനൈസേഴ്സിന്റെ പിന്നിൽ ഫാ. മുട്ടുങ്ങലാണ് എന്നാണ് പരാതിക്കാരുടെ മുഖ്യആരോപണം. അതിരൂപതാ പിആർഒ ആയിരിക്കെയാണ് ക്രമക്കേടുകൾ നടത്തിയത്. സൊസൈറ്റിയുടെ എല്ലാ യോഗങ്ങളും മുട്ടുങ്ങലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നത്. സൂത്രശാലിയായ അച്ചൻ സൊസൈറ്റിയിൽ അംഗമാകാതിരുന്നതും മന: പൂർവമാണ്. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ സൂത്രധാരൻ ഫാ.മുട്ടുങ്ങൽ തന്നെ, പരാതിക്കാരുടെ ഹർജിയിൽ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മാർപ്പാപ്പയുടെ നടപടി.

അച്ചനെ വിഷം കൊടുത്ത് മനോരോഗിയാക്കാൻ ശ്രമിച്ചുവോ?

2013 ലാണ് സംഭവം. ഫാ.മുട്ടുങ്ങൽ ഭോപ്പാൽ അതിരൂപതാ വികാരിയായിരിക്കെ, ആർച്ച് ബിഷപ്പ് ലിയോ കോർണീലിയോ, വികാരി ജനറൽ ഫാ.മാത്യു വിസി, അതിരൂപതാ വക്താവ് ഫാ.ജോണി പി.ജെ എന്നിവർക്കെതിരെ പരാതി നൽകിയിരുന്നു. അതിരൂപതാ സൊസൈറ്റിയുടെ ഫണ്ടുകളിലെ ക്രമക്കേട് ഫാ.മുട്ടുങ്ങൽ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിച്ചതെന്നും മുട്ടുങ്ങൽ പറയുന്നു. ഫണ്ട് തിരിമറി ആരോപിച്ച് മധ്യപ്രദേശ് ഹൈക്കോടതിയെയും മുട്ടുങ്ങൽ സമീപിച്ചു. തനിക്ക് ചില വിഷവസ്തുക്കൾ നൽകി ഭ്രാന്തനാക്കാൻ ശ്രമിച്ചുവെന്നായിരുന്നു മുട്ടുങ്ങലിന്റെ ആരോപണം.

ഇക്കാര്യം ഫാ.ഫിലിപ്പ് കെ.പി എന്ന മറ്റൊരു വൈദികനും ശരിവച്ചിരുന്നു. ആർച്ച് ബിഷപ്പും വികാരി ജനറാലും കൂടി ഫാ.മുട്ടുങ്ങലിന് ചില വിഷവസ്തുക്കൾ നൽകാൻ തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും അത് മുട്ടുങ്ങലിനെ ഉന്മാദിയാക്കാനായിരുന്നുവെന്നുമാണ് ഫാ.ഫിലിപ്പ് വെളിപ്പെടുത്തിയത്. ഇതിന് വേണ്ടി അവർ ഒരു സൈക്യാട്രിസ്റ്റ്രിനെ പോലും സമീപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ ആർച്ച് ബിഷപ്പ് കോർണീലിയോ നിഷേധിക്കുകയും ചെയ്തു. ഇങ്ങനെ വിവാദം ഉണ്ടാക്കി പുരോഹിതനാണ് സഭയ്ക്ക പുറത്തു പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP