Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേന്ദ്രമന്ത്രിസ്ഥാനം തെറിച്ചെങ്കിലും അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിമന്ദിരം ഒഴിയാൻ മടി; രാജ്യസഭാംഗം എന്ന നിലയിൽ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്ന് വാശി പിടിച്ചതോടെ വലഞ്ഞത് ഉദ്യോഗസ്ഥർ; കേന്ദ്ര സഹമന്ത്രിയായിരിക്കവേ ഐടി വകുപ്പിലെ ഫണ്ടുപയോഗിച്ച് ഔദ്യോഗിക ബംഗ്ലാവിൽ അധികമായി വെച്ച എസികളും ആഡംബര സൗകര്യങ്ങളും ഉപേക്ഷിക്കാൻ വയ്യെന്ന് മുന്മന്ത്രി; കണ്ണന്താനത്തിന്റെ പിടിവാശി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ച് ഉദ്യോഗസ്ഥരും

കേന്ദ്രമന്ത്രിസ്ഥാനം തെറിച്ചെങ്കിലും അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിമന്ദിരം ഒഴിയാൻ മടി; രാജ്യസഭാംഗം എന്ന നിലയിൽ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്ന് വാശി പിടിച്ചതോടെ വലഞ്ഞത് ഉദ്യോഗസ്ഥർ; കേന്ദ്ര സഹമന്ത്രിയായിരിക്കവേ ഐടി വകുപ്പിലെ ഫണ്ടുപയോഗിച്ച് ഔദ്യോഗിക ബംഗ്ലാവിൽ അധികമായി വെച്ച എസികളും ആഡംബര സൗകര്യങ്ങളും ഉപേക്ഷിക്കാൻ വയ്യെന്ന് മുന്മന്ത്രി; കണ്ണന്താനത്തിന്റെ പിടിവാശി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ച് ഉദ്യോഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിൽ വി മുരളീധരന് കേന്ദ്രസഹമന്ത്രി സ്ഥാനം ലഭിച്ചപ്പോൾ ഉള്ള സ്ഥാനം നഷ്ടമായ വ്യക്തിയായിരുന്നു അൽഫോൻസ് കണ്ണന്താനം. അൽഫോൻസിന് കേന്ദ്ര ടൂറിസം സഹമന്ത്രിസ്ഥാനം തെറിച്ചതോടെ അതിലെ അനിഷ്ടം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ പെന്തക്കോസ്ത് സഭകൾക്ക് വിദേശഫണ്ട് ലഭ്യമാക്കാൻ വേണ്ടി ആഭ്യന്തര വകുപ്പു മന്ത്രിക്ക് നിരന്തരം കത്തെഴുതിയതാണ് അൽഫോൻിന്റെ മന്ത്രിസ്ഥാനം തെറിക്കാൻ ഇടയാക്കിയതെന്നാണ് ആരോപണവും ഉയർന്നിരുന്നു. എന്തായാലും മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഉദ്യോഗസ്ഥർക്കൊരു തലവേദന ആയി മാറിയിരിക്കയാണ് ഈ മലയാളി മുൻ കേന്ദ്രമന്ത്രി. മറ്റൊന്നുമല്ല, കേന്ദ്രസഹമന്ത്രി എന്ന നിലയിൽ അനുഭവിച്ചു വന്നിരുന്ന സൗകര്യങ്ങൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതാകുന്നതിന്റെ ഈർഷ്യയിലാണ് അദ്ദേഹം.

മുന്മന്ത്രി കൂടിയായ അൽഫോൻസ് കണ്ണന്താനം കുടുംബ സമേതം താമസിച്ചു വന്ന കേന്ദ്രസഹമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാൻ വിസമ്മതിച്ചു എന്നതാണ് ഉദ്യോഗസ്ഥർക്ക് തലവേദന ആകുന്നത്. മന്ത്രിസ്ഥാനം പോയതോടെ രാജസ്ഥാനിൽ നിന്നുള്ള എംപി മാത്രമാണ് ഇപ്പോൾ അൽഫോൻസ് കണ്ണന്താനം. ഇതോടെ അദ്ദേഹത്തോടെ വസതി ഒഴിയണമെന്നം രാജ്യസഭാംഗം എന്ന നിലയിലുള്ള ഫ്‌ളാറ്റ് അനുവദിക്കാമെന്നുമാണ് അറിയിച്ചത്. എന്നാൽ, പുതിയ ഫ്‌ളാറ്റ് പോരെന്നും അതുകൊണ്ട് തൽക്കാലം ബംഗ്ലാവം ഒഴിയാൻ തയ്യാറല്ലെന്നും കണ്ണന്താനം ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. ഇതോടെ വെട്ടിലായത് ഉദ്യോഗസ്ഥരാണ്.

കേന്ദ്രസഹമന്ത്രി ആയതോടെയാണ് അൽഫോൻസ് കണ്ണന്താനം ഡൽഹിയിലെ സർക്കാർ ബംഗ്ലാവിലേക്ക് താമസം മാറിയത്. ഭാര്യ ഷീലാ കണ്ണന്താനത്തിനുമൊപ്പമായിരുന്നു മന്ത്രി ഇവിടെ താമസിച്ചിരുന്നത്. ഇതോടെ മന്ത്രിമന്ദിരത്തിൽ വേണ്ടത്ര സൗകര്യം പോരെന്ന് പറഞ്ഞ് അധിക സൗകര്യവും അൽഫോൻസ് ഒരുക്കിയിരുന്നു. തുടക്കത്തിൽ ടൂറിസത്തിന് പുറമേ ഇലക്ട്രോണിക്‌സ് &ഐ ടി വകുപ്പും മന്ത്രിക്കുണ്ടായിരുന്നു. എന്നാൽ, പിന്നീട് മന്ത്രിസഭാ വികസനം വന്ന 14 മെയ് 2018 ൽ ഈ വകുപ്പ് കണ്ണന്താനത്തിൽ നിന്നെടുത്ത് മാറ്റുകയും ചെയ്തു. പിന്നീടങ്ങോട്ട് ടൂറിസം മന്ത്രിയെന്ന ചുമതല മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

അതിനിടെ ഐടി മന്ത്രിയായിരിക്കവേ ആ വകുപ്പിൽ നിന്നും മന്ത്രിവസതിയിലേക്ക് എടുത്ത ലക്ഷക്കണക്കിന് രൂപ വിലവരുന്ന സാധനസാമഗ്രികളും ഇതുവരെയും മടക്കി നൽകിയിട്ടില്ലെന്ന ആക്ഷേപവും ഉദ്യോഗസ്ഥർ കണ്ണന്താനത്തിനെതിരെ ഉയർത്തുന്നുണ്ട്. അക്കാലത്ത് സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് ബംഗ്ലാവിൽ അധികമായി എസി സംഘടിപ്പിക്കുകയും ഇന്റീരിയർ മികച്ചതാക്കുകയും ചെയ്തിരുന്നു. ഇതിനായി ഉപയോഗിച്ചതാകട്ടെ ഐ ടി വകുപ്പിലെ ഫണ്ടുമായിരുന്നു. അക്കാലത്ത് വീട്ടിലെ വളർത്ത് മൃഗങ്ങൾക്ക് പോലും എസി സൗകര്യം കണ്ണന്താനവും ഭാര്യയും ഒരുക്കിയെന്ന ആക്ഷേപം പോലും ഉയർന്നിരുന്നു. പിന്നീട് ഐടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞതോടെ വകുപ്പിലെ പണം ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൽ തിരികെ വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊക്കെ കണ്ണന്താനത്തിന്റെയും ഭാര്യയുടെ നിസ്സഹകരണം മൂലം നടന്നിരുന്നില്ല.

പൊതുതിരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിച്ച അൽഫോൻസ് കണ്ണന്താനം പരാജയപ്പെട്ടിരുന്നു. ഇതോടെ കേന്ദ്രമന്ത്രി പദവിയും നഷ്ടമായി. തുർന്നാണ് ജൂനിയർ എംപിമാർക്കുള്ള ഫ്‌ളാറ്റിലേക്ക് കണ്ണന്താനം മാറണമെന്നാണ് സർക്കാർ തീരുമാനം. ഇക്കാര്യം ഉദ്യോഗസ്ഥരും മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ എസിയും മറ്റും മാറ്റാനെത്തിയ ഐ ടി വകുപ്പിന്റെ ജീവനക്കാരെ ശകാരിച്ചു മടക്കിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. കണ്ണന്താനം മന്ത്രിമന്ദിരം ഒഴിയാത്തത് ഭവന-നഗരവികസന മന്ത്രി ഹർദീപ് സിങ്ങ് പുരിക്കും തലവേദനയായി. മുൻ ബിജെപി മന്ത്രിയുടെ ഈ പിടിവാശി പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അനധികൃതമായി വസതികൾ കൈവശം വെക്കുന്നവർക്കെതിരെ മോദി സർക്കാർ ശക്തമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. മുന്മന്ത്രിമാരും മുതിർന്ന എംപിമാരിലും ചിലർ സർക്കാർ വസതികളിലാണ് ഇപ്പോഴും താമസം. ഇത്തരക്കാരോട് വസതികൾ ഒഴിയാൻ ആവശ്യപ്പെടുമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

മന്ത്രിമാർ്ക്ക് വസതികൾ അനുവദിക്കുന്ന കമ്മിറ്റിയിൽ അമിത് ഷായാണ് ചെയർമാൻ. കമ്മിറ്റിയിൽ നിതിൻ ഗഡ്ഗരി, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങൾ. അതേസമയം കണ്ണന്താനവും കുടുംബവും രാജ്യസഭാ എംപിമാർക്കുള്ള ഫ്‌ളാറ്റിലേക്ക് മാറാൻ തയ്യാറായേക്കുമെന്നും സൂചനയുണ്ട്. പെട്ടന്ന് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതാണ് കണ്ണന്താനത്തിന്റെ അനിഷ്ടത്തിന് ഇടയാക്കിയതെന്നുമാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ദ്വീർഘകാലമായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കണ്ണന്താനം ഡൽഹിയിലെ ചേരികൾ ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. അങ്ങനെയുള്ള കണ്ണന്താനത്തെ കേന്ദ്രം കുടിയൊഴിപ്പിക്കുമോ എന്ന ചോദ്യവും ഇന്ദ്രപ്രസ്ഥത്തിനെ അന്തപുരങ്ങളിൽ നിന്നും അടക്കം പറച്ചിലുകളായി പുറത്തുവരുന്നുണ്ട്.

നേരത്തെ അൽഫോൻസ് കണ്ണന്താനത്തെ ഒന്നാം മോദി മന്ത്രിസഭയിൽ അംഗമാക്കിയത് ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. രണ്ട് വർഷം മന്ത്രിയായിരുന്നിട്ടും ഇക്കാര്യത്തിൽ കണ്ണന്താനത്തിന് കാര്യമായൊന്നു ചെയ്യാൻ സാധിക്കാതെ വന്നതോടെ അദ്ദേഹത്തെ മാറ്റി വി മുരളീധരന് അവസരം ഒരുക്കുകയാിരുന്നു. വിദേശഫണ്ട് സ്വീകരിക്കുന്ന വിവിധ ക്രൈസ്തവ സംഘടനകൾ കാട്ടിയ ക്രമക്കേടിനെ വെള്ളപൂശാൻ കണ്ണന്താനം ശ്രമിച്ചതുമാണ് ഇക്കുറി മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് കാരണമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

കേന്ദ്രടൂറിസം സഹമന്ത്രിയായിരുന്ന കണ്ണന്താനം സംസ്ഥാനത്തിനോ പത്തനംതിട്ട, കോട്ടയം പാർലമെന്റ് മണ്ഡലങ്ങൾക്കോ വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല സ്വദേശി ദർശൻ പ്രകാരമുള്ള ധനസഹായം ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്തു. കൃത്യസമയത്ത് കണക്കുകൾ നൽകാതെയിരിക്കുകയും സ്വീകരിക്കുന്നിൽ സുതാര്യത ഇല്ലാതെയിരിക്കുകയും ചെയ്യുന്ന വിവിധ മതസംഘടനകളുടെ വിദേശഫണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. കൂടുതലും ക്രൈസ്തവ സ്ഥാപനങ്ങളുടെ ഫണ്ട് ആണ് മരവിപ്പിച്ചിരുന്നത്. ഇത് വിട്ടു കിട്ടാൻ വേണ്ടി അൽഫോൻസ് കണ്ണന്താനം വിവിധ മതസംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി നൽകിയ ശിപാർശ കത്തും പുറത്തുവരികയുണ്ടായി. എന്തായാലും ഇതെല്ലാം അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം തെറിക്കാൻ കാരണമായി. കേരളത്തിലെ പാർട്ടിക്കുള്ളിൽ വേണ്ടത്ര വേരുകൾ ഇല്ലാതെ പോയതും അൽഫോൻസിന് തിരിച്ചടിയായിരുന്നു. ഇപ്പോഴത്തെ ബംഗ്ലാവ് വിവാദം മോദിയുടെ അനിഷ്ടത്തിന് കാരണമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP