Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഗസ്ത്യാർ വനമേഖലയിൽ മണൽ കടത്തുന്നത് ഫോറസ്റ്റ് ജീപ്പിൽ; മണൽ വാരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ; കണ്ടുപിടിച്ച നാട്ടുകാർക്കെതിരേ കള്ളക്കേസ്; റിപ്പോർട്ട് ചെയ്യാനെത്തിയ പീപ്പിൾ ടിവി വനിതാ റിപ്പോർട്ടർക്കെതിരെ ഭീഷണി മുഴക്കി

അഗസ്ത്യാർ വനമേഖലയിൽ മണൽ കടത്തുന്നത് ഫോറസ്റ്റ് ജീപ്പിൽ; മണൽ വാരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ; കണ്ടുപിടിച്ച നാട്ടുകാർക്കെതിരേ കള്ളക്കേസ്; റിപ്പോർട്ട് ചെയ്യാനെത്തിയ പീപ്പിൾ ടിവി വനിതാ റിപ്പോർട്ടർക്കെതിരെ ഭീഷണി മുഴക്കി

തിരുവനന്തപുരം : അഗസ്ത്യാർ വനമേഖലയിലെ ജലാശയങ്ങളിൽനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർതന്നെ മണൽ കടത്തുന്നു. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് വനംവകുപ്പിന്റെ ജീപ്പിലാണ് മണൽ കടത്തുന്നത്. ഇതുകണ്ടെത്തി പലതവണ ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും ചോദ്യം ചെയ്തിട്ടും കൂസലില്ലാതെ കടത്ത് തുടരുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചറുടെ മേൽനോട്ടത്തിലാണ് കടത്ത് നടക്കുന്നത്.

അഗസ്ത്യവനമേഖലയിലെ കോട്ടൂർ മേഖലയിൽനിന്നാണ് ഇത്തരത്തിൽ മണൽ കടത്തുന്നത്. വനംവകുപ്പ് ഓഫീസ് കെട്ടിടങ്ങൾ, കാപ്പുകാട് ആന പരിശീലന കേന്ദ്രം എന്നിവിടങ്ങളിൽ വിവിധ അറ്റകുറ്റപ്പണികൾ കരാർ എടുക്കുന്നവരും ഉദ്യോഗസ്ഥരും തമ്മിലാണ് കച്ചവടം. അതാകുമ്പോൾ മണൽ പുറത്തേക്ക് കൊണ്ടുപോകാതെ കച്ചവടം നടത്താമെന്ന സൗകര്യമുണ്ട്. മണൽവാരുന്നതിന് ദിവസവും മൂന്നും നാലും ഫോറസ്റ്റ് ഗാർഡുമാർക്ക് പ്രത്യേക ഡ്യൂട്ടിയാണ്. അവർ വാരുന്ന മണൽ, ചാക്കുകളിലാക്കി ജീപ്പിലിട്ട് ജോലി നടക്കുന്ന സ്ഥലത്തെത്തിക്കുന്നതും ഫോറസ്റ്റ് ഗാർഡുമാർതന്നെ. ഇത്തരത്തിൽ ഒരു ദിവസം 50 മുതൽ 100 ചാക്ക് മണൽവരെ ഉദ്യോഗസ്ഥർ കരാറുകാർക്ക് എത്തിച്ചുകൊടുക്കുമത്രേ. ഒരുചാക്ക് മണലിന് 200 മുതൽ 500 രൂപവരെ കരാറുകാർ നൽകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഈ പണം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കും. പുറത്തുനിന്ന് മണൽ കൊണ്ടുവരുന്നതിന് കൂടുതൽ പണം ചെലവാകുമെന്നതിനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചോദിക്കുന്ന പണം നൽകിയാലും കരാറുകാർക്ക് നഷ്ടമുണ്ടാകാറില്ല.

കരാർ ജോലികൾക്ക് വനത്തിൽനിന്ന് മണൽ ശേഖരിക്കാൻ നിയമപരമായി അനുവാദമില്ല. വനപാലകർതന്നെ ഇത് ചെയ്യുന്നതുകൊണ്ട് പിടിക്കപ്പെടുന്നുമില്ല. കഴിഞ്ഞ നവംബർ 30ന് കോട്ടൂർ പാലമൂട്ടിൽനിന്ന് ശേഖരിച്ച മണൽ ഔദ്യോഗിക ജീപ്പിൽ കടത്താൻ ശ്രമിച്ചത് ആദിവാസികൾ പിടികൂടി. പ്രാദേശിക മാദ്ധ്യമപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ ഉദ്യോഗസ്ഥർ ജീപ്പിൽനിന്ന് മണൽചാക്കുകൾ മാറ്റി. കാട്ടാക്കടയിലെ ലോക്കൽ കേബിൾ ചാനൽ, മംഗളം, മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ പത്രങ്ങളിലെ ലേഖകരാണ് സ്ഥലത്തെത്തിയത്. എന്നാൽ ഇവർ നൽകിയ വാർത്തകൾ പ്രാദേശിക വാർത്തകൾ മാത്രമായി ഒതുങ്ങി. വനംവകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അറിയാതെ ജീവനക്കാർ രക്ഷപ്പെട്ടു.

വിവരം പത്രക്കാരെ അറിയിച്ച പരിസ്ഥിതി പ്രവർത്തകരേയും നാട്ടുകാരേയും വിവിധ കള്ളക്കേസുകളിൽ കുടുക്കിയതായും ആരോപണമുണ്ട്. കാടിന് തീയിട്ടു, അനധികൃതമായി വനവിഭവങ്ങൾ ശേഖരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തങ്ങൾക്കുനേരെ ചുമത്തിയിരിക്കുന്നതെന്ന് പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരു പരിസ്ഥിതി പ്രവർത്തകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതുപേടിച്ച് ആരും ഇപ്പോൾ പ്രതികരിക്കാറില്ല. മണൽ കടത്തിനെക്കുറിച്ച് അന്വേഷണം നടത്താനെത്തിയ കൈരളിപീപ്പിൾ ടിവിയുടെ തിരുവനന്തപുരം ബ്യൂറോയിലെ വനിതാ റിപ്പോർട്ടറെ വനംവകുപ്പ് അധികൃതർ ഭീഷണിപ്പെടുത്തി വിടുകയും ചെയ്തിട്ടുണ്ട്.

എ ടി ജോർജ്ജ് എംഎൽഎ, തമ്പാനൂർ രവി എന്നീ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് മണൽ കടത്ത് നടക്കുന്നത്. സ്ഥലം എംഎൽഎ ആയ കെ എസ് ശബരിനാഥനെ ഇക്കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അദ്ദേഹം ഇടപെടാൻ മടിക്കുകയാണെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP