Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഓൺലൈൻ പാചക മത്സരത്തിന് മൂന്നരക്കോടി; മുഖ്യമന്ത്രിയുടെ മുഖംമിനുക്കുന്ന 'നാം മുന്നോട്ട്' ടിവി പരിപാടിക്ക് പ്രതിവർഷം 6.37 കോടി; മുണ്ടുമുറുക്കി ഉടുക്കാൻ ആഹ്വാനം ചെയ്തും സാലറി കട്ടിലൂടെ ജീവനക്കാരെ വശംകെടുത്തിയും മുന്നേറുന്ന സർക്കാർ ഈ കണക്കുകൾക്ക് പുറമേ വീണ്ടും ഞെട്ടിക്കുന്നു

ഓൺലൈൻ പാചക മത്സരത്തിന് മൂന്നരക്കോടി; മുഖ്യമന്ത്രിയുടെ മുഖംമിനുക്കുന്ന 'നാം മുന്നോട്ട്' ടിവി പരിപാടിക്ക് പ്രതിവർഷം 6.37 കോടി; മുണ്ടുമുറുക്കി ഉടുക്കാൻ ആഹ്വാനം ചെയ്തും സാലറി കട്ടിലൂടെ ജീവനക്കാരെ വശംകെടുത്തിയും മുന്നേറുന്ന സർക്കാർ ഈ കണക്കുകൾക്ക് പുറമേ വീണ്ടും ഞെട്ടിക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: മുണ്ട് മുറുക്കിയുടുത്ത് ചെലവ് നടത്തും എന്ന് പ്രഖ്യാപിച്ച് ഭരിച്ച് തുടങ്ങിയ പിണറായി സർക്കാർ ഈ കഴിഞ്ഞ നാല് വർഷം മാധ്യമങ്ങൾ വഴിയുള്ള പബ്ലിസിറ്റി സ്റ്റണ്ടിനു മാത്രം പൊടിച്ചത് 140 കോടിയോളം രൂപ. ഓഖിയും മഹാപ്രളയങ്ങളും കോവിഡും എല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ നക്കിത്തുടച്ച് ഇല്ലാതാക്കുമ്പോഴും മാധ്യമ പരസ്യങ്ങൾക്ക് ഒരു നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമാക്കുകയാണ് പുറത്ത് വന്ന കണക്കുകൾ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് 140 കോടിയോളം തുക മാധ്യമ പരസ്യങ്ങൾക്ക് മാത്രം ചെലവാക്കി എന്ന വിവരം സർക്കാർ പുറത്ത് വിടുന്നത്. ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന അധ്യക്ഷൻ ജോർജ് സെബാസ്റ്റ്യൻ നൽകിയ വിവരാവകാശ അപേക്ഷയിലാണ് ഈ വിവരം വെളിയിൽ വരുന്നത്. പിആർ ധൂർത്തിൽ മറ്റെല്ലാ സർക്കാരുകളെയും കടത്തി വിടുന്ന പ്രകടനമാണ് പിണറായി സർക്കാരിന്റ്ത് എന്നാണ് പുറത്ത് വന്ന കണക്കുകൾ തെളിയിക്കുന്നത്. ജനങ്ങളുടെ ജീവിത ദുരിതം പരിഹരിക്കാനും നിത്യ ചെലവുകൾക്കും പണമില്ല എന്ന പറയുന്ന സർക്കാർ തന്നെയാണ് പി ആറിന് വേണ്ടി കോടികളും പൊടിച്ചത്.

പത്രപ്പരസ്യങ്ങൾക്ക് മാത്രം 113,32,97,644 രൂപയാണ് സർക്കാർ ചെലവിട്ടത്. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് മാത്രം 20,64,81,100 രൂപയും സോഷ്യൽ മീഡിയാ പരസ്യങ്ങൾക്ക് 1,43,98,608 രൂപയും സർക്കാർ ചെലവാക്കിയിട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ഭരണനേട്ടം പുറത്ത് എത്തിക്കാൻ കണ്ണും പൂട്ടിയാണ് പരസ്യം നൽകിയതെന്നു തെളിയിക്കുകയാണ് സർക്കാർ തന്നെ പുറത്ത് വിട്ട ഈ കണക്കുകൾ.

ഓഖിയും പ്രളയവും കോവിഡും വന്നപ്പോൾ ചെലവുകൾ പരമാവധി വെട്ടിച്ചുരുക്കുകയാണ് പോംവഴി എന്നാണ് സർക്കാർ തന്നെ പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പളം, സർവീസ് പെൻഷൻ, സാമൂഹ്യ പെൻഷനുകൾ എന്നിവ ഒഴികെയുള്ള ചെലവുകൾ പൂർണമായും വെട്ടിക്കുറയ്ക്കും എന്നാണ് പ്രഖ്യാപിച്ചത്. പക്ഷെ ചെലവുകൾ വെട്ടിച്ചുരുക്കുമ്പോഴും പരസ്യം നൽകുന്ന കാര്യത്തിൽ ഒരു കുറവും സർക്കാർ വരുത്തിയില്ല. അതിന്റെ തെളിവാണ് പുറത്ത് വന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ചെലവ് കുറയ്ക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സാലറി കട്ട് ഏർപ്പെടുത്തിയിരുന്നു. മുഴുവൻ സർക്കാർ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളമാണ് ഗഡുക്കൾ ആയി സർക്കാർ കട്ട് ചെയ്തതത്. മുണ്ട് മുറുക്കിയുടുക്കാനും തസ്തികകൾ വെട്ടിച്ചുരുക്കാനും ഉള്ള നടപടികൾ എടുത്തപ്പോൾ അപ്രഖ്യാപിത നിയമന നിരോധനവും സർക്കാർ ഏർപ്പെടുത്തിയിരുന്നു. എല്ലാം ചെലവുകൾ വെട്ടിച്ചുരുക്കുക ലക്ഷ്യമിട്ടായിരുന്നു. പക്ഷെ സർക്കാർ വകുപ്പിലെ ധൂർത്തിന് ഒരു നടപടിയും വന്നില്ലെന്ന് വിവിധ ഘട്ടങ്ങളിൽ ആരോപണം വന്നിരുന്നു.

ലൈഫ് മിഷൻ ഭവന പദ്ധതിയുടെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിനു ഈയിടെ സർക്കാർ ചെലവാക്കിയത് 33,21,223രൂപ എന്ന കണക്കു കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മൂന്നര കോടിയിലധികം രൂപ ഓൺ ലൈൻ പാചക മത്സരത്തിനായി ചെലവഴിച്ചതും വിവാദമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളാ ടൂറിസത്തെ ഉദ്ധരിക്കാൻ എന്ന പേരിലുള്ള പാചക മത്സരത്തിനാണ് 33280720 രൂപ ചിലവഴിച്ചത്. മുഖ്യമന്ത്രിയുടെ മുഖംമിനുക്കുന്ന 'നാം മുന്നോട്ട്' പരിപാടിക്ക് കോടികളുടെ ധൂർത്ത് ഒഴിവാക്കണം എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിരാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിക്ക് പ്രതിവർഷം 6.37 കോടി രൂപയും അഞ്ചുവർഷത്തേക്ക് 31.85 കോടി രൂപയും ആകുന്നതിനാൽ ഇത് അടിയന്തരമായി റദ്ദു ചെയ്ത് പണം കോവഡ് 19 ഫണ്ടിലേക്കു മാറ്റണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. ഇതിന്റെ കണക്കുകളും മുല്ലപ്പള്ളി പുറത്ത് വിട്ടിരുന്നു.

'നാം മുന്നോട്ടി'ന്റെ നിർമ്മാണം പാർട്ടി ചാനലിനു കരാർ നൽകിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വർഷം പാർട്ടി ചാനലിന് എപ്പിസോഡ് നിർമ്മാണത്തിനു നൽകുന്നത് 1.17 കോടി രൂപ. അഞ്ചു വർഷത്തേക്ക് 5.85 കോടി രൂപ. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാൽ 12 ന്യൂസ് ചാനലുകൾക്ക് 10 ലക്ഷം രൂപ നൽകണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വർഷത്തക്ക് 26 കോടി രൂപ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പിആർഡിയും സിഡിറ്റും ചേർന്ന് ദൂരദർശനിൽ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ മാമാങ്കമായി മാറിയത്. ഈ പരിപാടി പഴയതുപോലെ ആക്കിയാൽ സർക്കാരിന് കോടികൾ ലാഭിക്കാമെന്നാണ് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടിയത്.

ചെലവ് കുറച്ച് കോവിഡ് പ്രതിരോധത്തിനായി കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി 15 നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കിൽ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളിൽ തുടരാൻ അനുവദിക്കുകയോ ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കോടികൾ മുടിക്കുന്ന ഭരണപരിഷ്‌കാര കമ്മീഷൻ പിരിച്ചുവിടുക, ഹെലികോപ്റ്റർ സർവ്വീസ് ഒഴിവാക്കുക, നവോത്ഥാന സമുച്ചയം നിർമ്മിക്കാൻ അനുവദിച്ച 700 കോടി രുപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക, കേസുകളിൽ വൻ തുക മുടക്കി സുപ്രീം കോടതി അഭിഭാഷകരെ നിയമിക്കുന്നത് ഒഴിവാക്കുക, സർക്കാർ ആവശ്യങ്ങൾക്കായി പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക, അത്യാവശ്യ ഘട്ടത്തിൽ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുക, വൻ ശമ്പളത്തിൽ കിഫ്ബിയിൽ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക, അനാവശ്യ തസ്തികകൾ നിർത്തലാക്കുക, 12 കോടി ചെലവിൽ നടക്കുന്ന കിഫ്ബി ബോധവൽക്കരണ പരിപാടി നിർത്തിവയ്ക്കുക, സർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ധൂർത്തും, അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക തുടങ്ങിയവ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്, സമൂഹമാധ്യമ പരിപാലനത്തിന് നൽകിയിരിക്കുന്ന 4.32 കോടി രൂപയുടെ പുറം കരാർ റദ്ദ് ചെയ്ത് , ചുമതല പബ്ലിക് റിലേഷൻസ് വകുപ്പിനെ ഏല്പിക്കുക, കാലാവധികഴിഞ്ഞും പ്രവർത്തിച്ചുവരുന്ന എല്ലാ കമ്മീഷനുകളും പിരിച്ചുവിടുക, അനാവശ്യമായ ഓഫീസ് മോടിപിടിപ്പിക്കൽ, വാങ്ങലുകൾ എന്നിവ ഒഴിവാക്കുക എന്നീ നിർദ്ദേശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷെ ഇതിനൊന്നും തന്നെ ഒരു പ്രതികരണവും സർക്കാരിൽ നിന്നും വന്നിരുന്നില്ല. മറിച്ച് ധൂർത്ത് ശക്തമാവുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP