Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സംസ്ഥാനത്ത് പ്രചുര പ്രചാരത്തിലുള്ള ബ്രാൻഡഡ് കൗറിപൗഡറുകളിലും കുപ്പിവെള്ളത്തിലും മാരകമായ തോതിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പ്. കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുണ്ടാക്കുന്നതും കാൻസറിന് കാരണമായതുമായ രാസവസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്.

ഭക്ഷ്യവസ്തുക്കളിൽ മായവും രാസവസ്തുവും ചേർത്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഈ കമ്പനികൾക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ പറയുന്നു.

പ്രോസിക്യൂഷൻ നടപടികളിൽ വലിയൊരു തുക പിഴയായി സർക്കാരിന് ലഭിക്കുമെന്നതല്ലാതെ ഈ നടപടി കൊണ്ട് യാതൊരു പ്രയോജനവും ജനങ്ങൾക്ക് ഉണ്ടാകുന്നില്ല. ഒരിക്കൽ ശിക്ഷിക്കപ്പെട്ട കമ്പനികൾ വീണ്ടും പഴയ പരിപാടി തന്നെ തുടരും. മായം തിന്ന കറിപ്പൊടികൾ കഴിച്ച് പൊതുജനം മാരകരോഗത്തിന് അടിമകളാവുകയാണ്.

കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, കെ.പി. കറി പൗഡർ, എഫ്.എം, തായ്, ബ്രാഹ്മിൻസ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്സ്, ഡെവൺ, വിശ്വാസ്, നമ്പർ വൺ, നിറപറ, സാറാസ, സൂപ്പർ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പൻ, പാണ്ടാ, അജ്മി, തൃപ്തി, സായ്കോ, മംഗള, മലയാളി, ആർസിഎം റെഡ് ചില്ലിപൗഡർ, മേളം, ഡബിൾ ഹോഴ്സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആൽഫാ ഫുഡ്സ് ഫൈവ് സ്റ്റാർ, മലയോരം സ്പൈസസ്, എ വൺ, അരസി, അൻപ്, ഡേ മാർട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാൻഡ്, അംന, പോപ്പുലർ, സ്റ്റാർ ബ്രാൻഡ്, സിൻതൈറ്റ്, ആസ്‌കോ, കെ.കെ.ആർ, പവിഴം, ഗോൾഡൻ ഹാർവെസ്റ്റ്, തേജസ്, യുസിപി, ഗ്രാൻഡ്മാസ്, സേവന, വിൻകോസ്, മോർ ചോയ്സ് എന്നീ കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലർന്നിരിക്കുന്നത്. മുളകുപൊടി, കാശ്മീരി മുളകു മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല എന്നിവയിലാണ് മായമുള്ളത്. ഓരോ ജില്ലകളിൽ നിന്നും ലഭിച്ച കണക്കുകളാണിത്. ഈസ്റ്റേൺ, കിച്ചൺ ട്രഷേഴ്സ്, നിറപറ, ആച്ചി എന്നിവയുടെ മിക്ക ജില്ലകളിൽ നിന്നെടുത്ത സാമ്പിളുകളിലും മായം കലർന്നിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്.

പവിത്രം നല്ലെണ്ണ, ആർ.ജി ജിഞ്ചിലി ഓയിൽ, പുലരി തവിടെണ്ണ, ഈനാട് വെളിച്ചെണ്ണ, സ്റ്റാർ ഓയിൽ, തങ്കം ഓയിൽസ് എന്നിവയാണ് മായം കലർന്നിട്ടുള്ള എണ്ണ ഉൽപന്നങ്ങൾ. ബ്ലൂമിങ്, ബേസിക്സ്, ട്രീറ്റ് അക്വ, വഫാറ, എലിറ്റ, അക്വ വയലറ്റ്, അക്വ ബ്ലൂ, മൈമൂൺ, ഐവ എന്നിവയാണ് ഉപയോഗ ശൂന്യമായ കുപ്പിവെള്ളം. ഇതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. യീസ്റ്റ്, മോൾഡ് എന്നിവയുമുള്ളതായി പരിശോധനാ റിപ്പോർട്ടിലുണ്ട്.

2018 ജനുവരി മുതൽ ഇക്കഴിഞ്ഞ മെയ് 31 വരെ വിവിധ ജില്ലകളിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇത്.

വിവിധ കറിപൗഡറുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഇവയാണ്:

ക്ലോർപൈറിഫോസ് എഥൈൽ, ബിഫെൻത്രിൻ, പ്രൊഫെനോഫോസ്, എത്തിയോൺ, ഫെൻപ്രോപാത്രിൻ, എറ്റോഫെൻപ്രോസ്, പെൻഡിമെതാലിൻ, ടെബുകോണസോൾ, ക്ളോത്തിയാനിഡിൻ, ഇമാമെക്ടിൻ, ബെൻസോയേറ്റ്, പ്രൊപമോകാർഡ്, ട്രൈസിക്ലാസോൾ തുടങ്ങിയ രാസവസ്തുക്കളാണ് വിവിധ കറിപൗഡറുകളിൽ കണ്ടെത്തിയിട്ടുള്ളത്. കാൻസർ, നാഡീവ്യൂഹത്തിന് തകരാർ, കിഡ്നി, കരൾ എന്നിവയുടെ പ്രവർത്തന തടസം എന്നിവയാണ് ഇത്തരം രാസവസ്തുക്കൾ പതിവായി ഉള്ളിൽ ചെന്നാൽ സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

മായം കലർന്ന കറിപൗഡറുകൾ വിറ്റ കമ്പനികൾക്കെതിരേ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള മറുപടി പ്രോസിക്യൂഷൻ കേസ് നടപടികൾ സ്വീകരിച്ചു വരുന്നുവെന്നാണ്. കോട്ടയത്ത് പിഴ ഇനത്തിൽ മൂന്നു ലക്ഷത്തോളം രൂപ ഈടാക്കി.

ഇവിടെ അഡ്ജുഡിക്കേഷൻ കേസുകളിൽ നിന്ന് 1714900 രൂപയും പ്രോസിക്യൂഷൻ കേസുകളിൽ നിന്ന് 20,000 രൂപയും കോമ്പൗണ്ടിങ് വഴി 1267200 രൂപയുമാണ് ലഭിച്ചത്. പാലക്കാട് ജില്ലയിൽ പിഴ ഇനത്തിൽ 19,16,000 രൂപ ഈടാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിൽ പ്രോസിക്യൂഷൻ നടപടികൾ നടന്നു വരുന്നുവെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP