Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

കാനഡയിൽ പോകാൻ നിൽകവേ നേരമ്പോക്കിന് ചൂണ്ടയിട്ട് മീൻ പിടിച്ചത് യുട്യൂബിൽ ഇട്ടു; സംഗതി ഹിറ്റായപ്പോൾ വിനോദത്തിന് അപ്പുറം ചൂണ്ടിയടലിനെ തൊഴിലാക്കിയ കുടമാളൂരുകാരൻ; മലയാളി വ്ളോഗറെ വേൾഡ് ഫേമസാക്കി നേതാവിന്റെ തകർപ്പൻ എൻട്രി; ലൈഫ് ജാക്കറ്റ് ഇല്ലാതെ ആഴക്കടൽ കീഴടക്കിയ രാഹുൽ ഗാന്ധിയുടെ ധീരത മറുനാടനോട് സെബിൻ സിറിയക്ക് പറയുമ്പോൾ

കാനഡയിൽ പോകാൻ നിൽകവേ നേരമ്പോക്കിന് ചൂണ്ടയിട്ട് മീൻ പിടിച്ചത് യുട്യൂബിൽ ഇട്ടു; സംഗതി ഹിറ്റായപ്പോൾ വിനോദത്തിന് അപ്പുറം ചൂണ്ടിയടലിനെ തൊഴിലാക്കിയ കുടമാളൂരുകാരൻ; മലയാളി വ്ളോഗറെ വേൾഡ് ഫേമസാക്കി നേതാവിന്റെ തകർപ്പൻ എൻട്രി; ലൈഫ് ജാക്കറ്റ് ഇല്ലാതെ ആഴക്കടൽ കീഴടക്കിയ രാഹുൽ ഗാന്ധിയുടെ ധീരത മറുനാടനോട് സെബിൻ സിറിയക്ക് പറയുമ്പോൾ

ആർ പീയൂഷ്

കോട്ടയം: രാഹുൽ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം മത്സ്യബന്ധനത്തിലേർപ്പെടുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ എല്ലാവരും മാധ്യമങ്ങൾ വഴി കണ്ടതാണ്. എന്നാൽ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി സംസാരിക്കുന്നതും ബോട്ടിൽ നടന്ന മറ്റ് കാര്യങ്ങളും പകർത്തി പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരു യൂട്ഊബർക്കാണ് അവസരം ലഭിച്ചത്.

അത് മറ്റാരുമല്ല മലയാളികളെ ചൂണ്ടയിട്ടു വീഴ്‌ത്തിയ കോട്ടയംകാരൻ സെബിൻ സിറിയക്ക്. ഫിഷിങ് ഫ്രീക്ക്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ സെബിൻ സിറിയക്ക് എങ്ങനെയാണ് രാഹുൽ ഗാന്ധിക്കൊപ്പം കടലിൽ പോയി വീഡിയോ ഷൂട്ട് ചെയ്യാനായത് എന്നും അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങളെപറ്റിയും മറുനാടനോട് പങ്കുവയ്ക്കുന്നു.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നും ഒരു കോൾ സെബിന് വരുന്നത്. കൊല്ലത്ത് നിന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോകാനായി രാഹുൽ ഗാന്ധി എത്തുമെന്നും അദ്ദേഹത്തിനൊപ്പം കടലിൽ പോയി വീഡിയോ ചിത്രീകരിക്കണമെന്നും ഒപ്പം മത്സ്യ തൊഴിലാളികളുമായുള്ള സംഭാഷണം തർജ്ജമ ചെയ്യണമെന്നുമായിരുന്നു ആവശ്യം. ആദ്യം ഒന്നു ഞെട്ടിയെങ്കിലും സെബിൻ വേഗം തന്നെ സമ്മതമാണെന്ന് അറിയിച്ചു.

പിന്നെ കാര്യങ്ങൾ വേഗത്തിലായി. ടി.എൻ പ്രതാപൻ എംപി സെബിനെ ബന്ധപ്പെട്ട് വിവരങ്ങൾ വിശദീകരിച്ചു. പ്രധാനമായും ആവശ്യപ്പെട്ടത് ഒരു കാരണവശാലും ബോട്ടിലുള്ളവർ അറിയരുതെന്നായിരുന്നു എന്ന് സെബിൻ പറഞ്ഞു. പ്രതാപൻ സർ ആയിരുന്നു ബോട്ട് തരപ്പെടുത്തിയത്. അതിൽ ഞാനും പ്രതാപൻ സാറിന്റെ അടുത്ത സുഹൃത്തും കാണും എന്നും അവർക്ക് മീൻ പിടിക്കുന്നതെങ്ങനെ എന്ന് അറിയാനായിട്ടാണ് വരുന്നത് എന്നുമായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെയാണ് 23 ന് വൈകുന്നേരം ഞാനും സഹോദരൻ ജിനോ സിറിയക്ക്,ജോബിൻ ജെയിംസ് എന്നിവർ കൊല്ലത്തേക്ക് പുറപ്പെടുന്നത്.

പൂണ്ടിമാതാ എന്ന ബോട്ടാണ് തയ്യാറാക്കിയിരുന്നത്. ഉടമകാളായ ബിജു, നിക്സൺ എന്നിവരെ കണ്ട് സംസാരിച്ചു. പുലർച്ചെ 5 മണിയോടെ എത്താമെന്ന് പറഞ്ഞ് റൂമിലേക്ക് മടങ്ങി. അതീവരഹസ്യമായാണ് പുലർച്ചെ 5 മണിയോടെ രാഹുൽ ഗാന്ധി വാടി കടപ്പുറത്ത് എത്തിയത്. ഹോട്ടൽ മുറിയിൽനിന്നു പുറപ്പെടുമ്പോൾ ഒപ്പം എംപിമാരായ കെ.സി വേണുഗോപാലും ടി.എൻ പ്രതാപനും പ്രൈവറ്റ് സെക്രട്ടറി അലങ്കാർ സവായിയു ഉണ്ടായിരുന്നു. ഒഴിവാക്കാൻ പറ്റാത്തതിനാൽ സുരക്ഷാഭടന്മാരിൽ 2 പേരും എത്തി.

ആദ്യം ഞെട്ടിയത് ബിജു ചേട്ടൻ

കടലിൽ കിടക്കുന്ന ബോട്ടിലേക്ക് കരയിൽ നിന്നും ചെറിയ വള്ളത്തിലായിരുന്നു യാത്ര. രാഹുൽ ഗാന്ധിയെ കണ്ടതും ബോട്ടുടമ ബിജു ചേട്ടൻ ഒന്നു ഞെട്ടി. ആരോ വി.ഐ.പിയാവും എത്തുക എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ രാഹുൽ ഗാന്ധിയാകുമെന്ന് കരുതിയില്ല എന്ന് ബിജു ചേട്ടൻ പറഞ്ഞു. പിന്നീട് ബോട്ടിലേക്ക് കയറിയപ്പോൾ തൊഴിലാളികളായ ചേട്ടന്മാരുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

5.15 ഓടെ ബോട്ട് കടലിലേക്ക് യാത്ര തിരിച്ചു. യാത്രയിലുടനീളം ഓരോ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു അദ്ദേഹം. ഒരു സാധാരണക്കാരനെപോലെയായിരുന്നു പെരുമാറ്റം. അത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മീൻ പിടിക്കാനായി വലയിട്ടപ്പോഴേക്കും രണ്ടു പേർ കടലിലേക്ക് ചാടി. അതെന്തിനാണ് ചാടുന്നത് എന്ന് ചോദിച്ചപ്പോൾ കടൽപ്പന്നി വലയിലേക്ക് കയറാതിരിക്കാനാണെന്ന് പറഞ്ഞു കൊടുത്തു. എന്നാൽ ഞാനും ചാടുകയാണ് എന്ന് അദ്ദേഹം. ലൈഫ് ജാക്കറ്റ് ഇട്ട് ചാടിയാൽ മതിയെന്ന് വള്ളത്തിലുണ്ടായിരുന്ന ചേട്ടന്മാർ പറഞ്ഞെങ്കിലും അതൊന്നും വേണ്ട എന്ന് പറഞ്ഞ് റ്റ ചാട്ടം. സത്യം പറഞ്ഞാൽ ഞാനുൾപ്പെടെയുള്ളവർ അമ്പരന്നു പോയി. ഞങ്ങൾക്ക് മാത്രമേ അമ്പരപ്പുണ്ടായിരുന്നുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നും സംഭവിക്കാത്ത മട്ടിൽ ഇതൊക്കെ എന്ത് എന്ന രീതിയിൽ ഇരിക്കുന്നു. കടലിലേക്ക് ചാടിയ രാഹുൽ ഗാന്ധി അനായാസം നീന്തി നടക്കുന്നത് വീണ്ടും ഞങ്ങളിൽ അത്ഭുതം ഉളവാക്കി. അൽപ്പ സമയത്തിന് ശേഷം ബോട്ടിലേക്ക് തിരികെ കയറിപ്പോൾ മുൻപ് സ്‌കൂബാ ഡൈവിങ് പരിശീലകനായിരുന്നു എന്ന് പറഞ്ഞു.

പിന്നീട് വല തിരികെ വലിച്ചു കയറ്റുമ്പോഴാണ് കായികമായി അദ്ദേഹം എത്രത്തോളം മുന്നിലെന്ന് മനസ്സിലായത്. കാരണം 2,500 കിലോയോളം ഭാരമുള്ള വല തൊഴിലാളികൾക്കൊപ്പം വലിച്ചു കയറ്റുകയാണ്, നിഷ്പ്രയാസം. ദിവസവും ജോലി ചെയ്യുന്ന ചേട്ടന്മാർ കിതച്ചു തുടങ്ങുമ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ വല വലിച്ചു കൊണ്ട് എന്നോട് സംസാരിക്കുകയായിരുന്നു. വല കേറ്റിയെങ്കിലും ഒരു കണവ മാത്രമാണ് ലഭിച്ചത്. പിന്നീട് വള്ളത്തിൽ കരുതിയിരുന്ന കേരമീൻ കറിയും ബ്രഡ്ഡും അദ്ദേഹം കഴിച്ചു. ബോട്ടിനൊപ്പമുണ്ടായിരുന്ന ചെറുവള്ളം അടുത്ത് വന്നപ്പോൾ വള്ളത്തിലുണ്ടിയരുന്നയാളോട് കഴിച്ചോ എന്ന് പറഞ്ഞ് പാത്രം നീട്ടിയപ്പോൾ സഹജീവി സ്നേഹം നേരിട്ടു കണ്ടു. എല്ലാം കഴിഞ്ഞ് 7.45 ന് തിരികെ കരയിലെത്തിയപ്പോഴേക്കും കനത്ത സുരക്ഷമൂലം പിന്നെ കാണാൻ പറ്റിയില്ല. എങ്കിലും രണ്ടര മണിക്കൂറോളം അദ്ദേഹത്തോടൊപ്പം ചെലവിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്;- സെബിൻ പറഞ്ഞു നിർത്തി.

നോരമ്പോക്കിനായി ചൂണ്ടിയിട്ട് വ്‌ളോഗറായി

കോട്ടയം കുടമാളൂരുകാരൻ സെബിൻ സിറിയക്. എം.എസ് സി ഇലക്ട്രോണിക്സ് ബിരുദധാരിയാണ്. കാനഡയിലേക്ക് പറക്കാനൊരുങ്ങി നിൽക്കവെയാണ് ഒരു നേരമ്പോക്കിനായി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ പകർത്തി യൂട്യൂബിലിട്ടു. എത് നിമിഷ നേരം കൊണ്ട് വൈറലായി. അതോടെ വീണ്ടും ചൂണ്ടയിടീൽ വീഡിയോ പരീക്ഷിച്ചു. അതും വിജയം കണ്ടെതോടെ കാനഡ പോക്ക് മാറ്റി വച്ചു. പിന്നെ മുഴുവൻ സമയം യുട്യൂബിലേക്കായി ശ്രദ്ധ. ഒരു വിനോദത്തിനപ്പുറം ചൂണ്ടയിടലിനെ തന്റെ തൊഴിലായി സ്വീകിരിച്ചിരിക്കുകയാണ് സെബിൻ. പതിനാറു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഫിഷിങ്ങ് ഫ്രീക്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമസ്ഥനാണ് ഇന്ന് സെബിൻ. ചെറുമീൻ, വരാൽ, വാള തുടങ്ങി കേരളത്തിലെ വിവിധയിനം മീനുകളെ എങ്ങനെ പിടിക്കാമെന്ന് സെബിൻ തന്റെ വീഡിയോകളിൽ പങ്കുവയ്ക്കുന്നു. ചൂണ്ടയിടലിന്റെ വിവിധ വശങ്ങളും പ്രേക്ഷകരെ പഠിപ്പിക്കുന്നു.

കേരളത്തിലങ്ങളോളം ഇങ്ങോളം മുംബൈ, മംഗലാപുരം തുടങ്ങി ഇതരസംസ്ഥാനങ്ങളിലും ചുണ്ടക്കാരനായി യാത്ര ചെയ്തു കഴിഞ്ഞു സെബിൻ. വിദേശ ജോലി വേണ്ടെന്നു വച്ച് തന്റെ യൂട്യൂബ് ചാനൽ പ്രൊഫഷനാക്കിയപ്പോൾ വീട്ടുകാരും സെബിന് സപ്പോർട്ട്. മുളവടിയിൽ നൂലും ചൂണ്ടയും കെട്ടിയുള്ളത്, വടി ഉപയോഗിക്കാതെ നൂല് കൈയിൽ പിടിച്ചുള്ള കൈച്ചൂണ്ട, നൂലും ചൂണ്ടയും വെള്ളത്തിൽ നിക്ഷേപിച്ച് ഒരു രാത്രികഴിഞ്ഞ് പിറ്റേന്ന് വന്നുനോക്കുന്നത്, റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കാവുന്ന കളിബോട്ടിൽ ചൂണ്ടകൊരുത്തുള്ള മീൻപിടിത്തം തുടങ്ങി ചൂണ്ടയിടീലിലെ വൈവിധ്യത്തിന്റെ ഗവേഷണത്തിലാണ് സെബിനെന്നു പറയാം.

നാടൻശൈലിയിലുള്ള മീൻപിടിത്തം മുതൽ റോഡും റീലും വെച്ചുള്ള, കൃത്രിമ തവള, മീൻ പോലുള്ള ഇരകളെ ഉപയോഗിച്ചുള്ള മീൻപിടിത്തംവരെയുണ്ട് സെബിന്റെ വഴിയിൽ. കുളം, തോട്, പുഴ, കായൽ, അഴിമുഖം തുടങ്ങിയ മേഖലകളിൽ ചൂണ്ടകൊരുക്കുന്നു സെബിൻ. എല്ലാം തലയിലോ സെൽഫി സ്റ്റിക്കിലോ ഉള്ള ക്യാമറയിൽ പകർത്തും. എഡിറ്റ് ചെയ്ത് ചാനലിലൂടെ പങ്കുവെക്കും. ആഴ്ചയിൽ രണ്ടുതവണയാണ് ചാനലിലൂടെയുള്ള വീഡിയോ റിലീസിങ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക്. വെറും ചൂണ്ടയിടൽ വീഡിയോകൾ മാത്രമല്ല സെബിന്റേത്. പിടിക്കുന്ന മീനിന്റെ പ്രത്യേകതകൾ, ചൂണ്ടയിൽ കുരുങ്ങി കരയ്‌ക്കെത്തിച്ചാൽ അതിനെ എങ്ങനെ പിടിക്കണം, ഏതു മീനിന് ഏതുതരം ഇര കൊരുക്കണം, അത് എവിടെനിന്നെല്ലാം വാങ്ങാം തുടങ്ങിയവയെല്ലാം സെബിൻ പറഞ്ഞുതരുന്നു. ആവശ്യക്കാരുടെ ആഗ്രഹങ്ങളനുസരിച്ചുള്ള വീഡിയോകളാണ് അധികവും പകർത്തുന്നത്. മറ്റുള്ളവർ മീൻപിടിക്കുന്ന, താൻ വെറും കാഴ്ചക്കാരനാവുന്ന ചില വീഡിയോകളും സെബിൻ പങ്കുവെക്കാറുണ്ട്.

പപ്പ സിറിയക് ജോർജും മമ്മി മേരിക്കുട്ടിയും തന്നെയാണ് സെബിന്റെ ചൂണ്ടയിടലിലെയും വഴികാട്ടികൾ. നമ്മൾ എന്തുതന്നെ ചെയ്താലും അതിൽ നമ്മുടെ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാൽ ബന്ധങ്ങൾ കൂടുതൽ ദൃഢമാകുമെന്നാണ് സെബിന്റെ കാഴ്ചപ്പാട്. പിടിച്ചുകൊണ്ടുവരുന്ന മീൻ വീട്ടിൽ കൊണ്ടുവന്ന് കറിവെക്കുന്ന രംഗങ്ങളും കാണിക്കും. മമ്മി മീൻ നന്നാക്കുന്നതും കുടുംബാംഗങ്ങളോടൊപ്പം അത് പങ്കിട്ടുകഴിക്കുന്നതിലുമായിരിക്കും മിക്ക വീഡിയോകളും അവസാനിക്കുക. എന്തായാലും രാഹുൽ ഗാന്ധിയുമൊത്തുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. രാഹൽ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഷെയർ ചെയ്തതോടെ സെബിൻ ഇന്ന് ലോക ശ്രദ്ധ ആകർഷിച്ച യൂട്യൂബറായി മാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP