Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശുപത്രികൾ 30 മീറ്ററിന് അപ്പുറം ഉയരാൻ പാടില്ല; തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലിന്റെ മെയിൻ ബ്ലോക്കിന് 35.5 മീറ്ററും സൗത്ത് ബ്ലോക്കിന് 30.8 മീറ്ററും ഉയരം; ചിറ്റൂരിലെ കരുണയിലും കണ്ണാടിയിലെ പാലനയിലും രക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല; കെട്ടിടങ്ങൾക്കുള്ള അംഗീകാരം റദ്ദാക്കണമെന്ന് ശുപാർശ; ടോമിൻ തച്ചങ്കരിയുടെ നീക്കം പ്രതിസന്ധിയിലാക്കുന്നത് മൂന്ന് വമ്പൻ ആശുപത്രി ഗ്രൂപ്പുകളെ; രക്ഷിക്കാൻ കള്ളക്കളികളും സജീവം

ആശുപത്രികൾ 30 മീറ്ററിന് അപ്പുറം ഉയരാൻ പാടില്ല; തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലിന്റെ മെയിൻ ബ്ലോക്കിന് 35.5 മീറ്ററും സൗത്ത് ബ്ലോക്കിന് 30.8 മീറ്ററും ഉയരം; ചിറ്റൂരിലെ കരുണയിലും കണ്ണാടിയിലെ പാലനയിലും രക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല; കെട്ടിടങ്ങൾക്കുള്ള അംഗീകാരം റദ്ദാക്കണമെന്ന് ശുപാർശ; ടോമിൻ തച്ചങ്കരിയുടെ നീക്കം പ്രതിസന്ധിയിലാക്കുന്നത് മൂന്ന് വമ്പൻ ആശുപത്രി ഗ്രൂപ്പുകളെ; രക്ഷിക്കാൻ കള്ളക്കളികളും സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രിയായ കിംസ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായ കെട്ടിടത്തിലെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ റിപ്പോർട്ട്. കിംസ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ മതിയായ രക്ഷാ സംവിധാനമില്ലെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിൽ അധികം ഉയരും തിരുവനന്തപുരത്തെ കിംസ് ആശുപത്രിക്കുണ്ടെന്നാണ് കണ്ടെത്തൽ. അടിയന്തര നടപടികൾ ഈ ആശുപത്രിക്കെതിരെ എടുക്കണമെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ഡിജിപിയായ ടോമിൻ തച്ചങ്കരിയുടെ ആവശ്യം. ഇക്കാര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ അടിയന്തര നടപടിയെടുത്താൽ ആശുപത്രിയുടെ പ്രവർത്തനം നിർത്തേണ്ടി വരും. പാലക്കാട്ടെ കണ്ണാടിയിലെ കരുണാ ആശുപത്രിയും കണ്ണാടിയിലെ പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലന ആശുപത്രിയും ക്രമക്കേട് കാട്ടിയെന്നാണ് കണ്ടെത്തൽ.

തിരുവനന്തപുരത്ത് ആരും തൊടാൻ മടിക്കുന്ന ഗ്രൂപ്പാണ് കിംസ് ആശുപത്രി. റോഡിന് കുറികെ രണ്ട് ബിൽഡിംഗുകളെ ബന്ധിക്കാൻ പാലം കെട്ടിയത് ഉൾപ്പെടെ പല ആരോപണങ്ങൾ ഉയർന്നു. ദക്ഷിണ വ്യാമ കാമണ്ടിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഈ പാലമെന്നും വാദമുയർന്നു. ഇതിനൊപ്പം പല ആരോപണങ്ങളും ആശുപത്രിക്കെതിരെ ഉയർന്നു. ഇതെല്ലാം വെറും പരാതികളിൽ ഒതുങ്ങി. അത്തരമൊരു ആശുപത്രിക്കെതിരെയാണ് ടോമിൻ തച്ചങ്കരി നടപടിക്കൊരുങ്ങുന്നത്. കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കെട്ടിട നിയമത്തിന് വിരുദ്ധമായി നിർമ്മിച്ചതു കൊണ്ടാണിത്. അതിനിടെ കിംസിനെ രക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ഉന്നതർ ചരടുവലികൾ തുടങ്ങിയതായും സൂചനയുണ്ട്.

തിരുവനന്തപുരം ആനയറ കിംസ് ആശുപത്രിയുടെ മെയിൻ ബ്ലോക്കിന്റെ ഉയരം 35.5 മീറ്റർ ആണെന്നും സൗത്ത് ബ്ലാക്കിന്റെ ഉയരം 30.8 മീറ്റർ ആണെന്നും കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇത് നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് അനുവദിനീയമല്ലാത്തതിനാൽ കെട്ടിടത്തിന് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ടോമിൻ തച്ചങ്കരിയുടെ ആവശ്യം. കെട്ടിത്തിന്റെ ഒക്കുപ്പിൻസി ക്യാൻസൽ ചെയ്ത് നിയമപ്രകാരമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് തിരുവനന്തപുരം കോർപ്പറേഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫയർഫോഴ്‌സ് ഡിവിഷണൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ടോമിൻ തച്ചങ്കരി ശുപാർശ നൽകിയത്.

കലാനുസൃതമായ മാറ്റങ്ങൾ അനുസരിച്ച് ആശുപത്രി തുടങ്ങിയ ഇൻസ്റ്റിറ്റിയൂഷണൽ, അസംബ്ലി വിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങളുടെ ഉയരം വർദ്ധിപ്പിച്ച് ഉത്തരവാകേണ്ടതിന്റെ ആവശ്യകതയാണ് ഇതിനൊപ്പം തച്ചങ്കരി ചൂണ്ടിക്കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ കെട്ടിടങ്ങളുടെ ഉയരം കൂട്ടിയിട്ടുണ്ട്. കെഎംബിആർ പരിഷ്‌കരിക്കുമ്പോൾ ഇതും പരിഗണിക്കണമെന്നും നിർദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ ചട്ടത്തിൽ മാറ്റം വരുത്തി കിംസിന് വേണ്ടി മുൻകാല പ്രാബല്യം നൽകാനും നീക്കമുണ്ട്. കേരളാ മുനിസിപ്പിലിറ്റി ബിൽഡിങ് റൂൾസും കേരളാ പഞ്ചായത്ത് ബിൽഡിങ് റൂളുമാണ് കെട്ടിടങ്ങളുടെ ഉയരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. നാഷണൽ ബിൽഡിങ് റൂളിന്റെ പാർട്ട് 4 പ്രകാരമായിരിക്കണം അഗ്നിശമനാ സുരക്ഷാ അനുമതിയെന്നാണ് ഇവിടെ പറയുന്നത്.

നാഷണൽ ബിൽഡിങ് റൂൾ പ്രകാരം വിവിധ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് വിവിധ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക-വ്യവാസ കെട്ടിടങ്ങൾക്ക് മാത്രമേ 30 മീറ്ററിന് മുകളിൽ അനുവദിക്കുന്നുള്ളൂ. ആശുപത്രികളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം 30 മീറ്ററിൽ താഴെ ഉയരമുള്ള കെട്ടിടങ്ങളേ പണിയാവൂവെന്നാണ് ചട്ടം. എന്നാൽ സംസ്ഥാന പരിസ്ഥിതി ആഘാത പഠനം നടത്തുന്ന അഥോറിറ്റിയായ എസ് ഇ ഐ എഎയും ഇത് പരിഗണിക്കുന്നില്ല. അതുകൊണ്ട് ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഥോറിറ്റിയോടും ഡിജിപി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ക്രമക്കേട് നടക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ടോമിൻ തച്ചങ്കരിയുടെ നോട്ടീസിൽ തിരുവനന്തപുരം കോർപ്പറേഷനാണ് നടപടി എടുക്കേണ്ടത്.

എന്നാൽ കിംസ് ആശുപത്രിക്ക് കോടതിയിൽ നിന്ന് സ്‌റ്റേ ഉണ്ടാക്കിയെടുക്കാനുള്ള അവസരം ഒരുക്കാൻ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. ഒക്കുപ്പൻസി റദ്ദാക്കിയാൽ കെട്ടിടം നിയമവിരുദ്ധമാകും. നിയമവിരുദ്ധ കെട്ടിടത്തിൽ ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാനുമാകില്ല. ഈ സാഹചര്യത്തിൽ എല്ലാ അനുമതിയും വാങ്ങിയാണ് കെട്ടിടം നിർമ്മിച്ചതെന്ന് കോടതിയിൽ വാദിച്ച് സ്‌റ്റേ നേടാനാണ് കിംസിന്റെ നീക്കമെന്നാണ് സൂചന. തച്ചങ്കരിയുടെ അപ്രതീക്ഷിത നീക്കം ആശുപത്രിയെ ഞെട്ടിച്ചിട്ടുണ്ട്.

ചിറ്റൂർ കരുണ ആശുപത്രിയിലും പാളിച്ചകൾ കണ്ടെത്തി. അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് 15 ദിവസത്തെ നോട്ടീസ് നൽകി 60 ദിവസം കഴിഞ്ഞിട്ടും ക്രമീകരണങ്ങൾ ഒരുക്കിയില്ല. ഈ കെട്ടിടത്തിനും ഫയർ എൻഒസിയില്ല. കൂടാതെ എമർജൻസി എസ്‌കേപ്പ് റൂട്ട്, എക്‌സിറ്റ്, സ്റ്റെയർ, ലൈറ്റിങ് എന്നിവയും ഏർപ്പെടുത്തിയതായി കണ്ടെത്തിയില്ല. ഇതെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. അതുകൊണ്ട് ഒക്കുപ്പൻസി ക്യാൻസൽ ചെയ്യണമെ്‌നാണ് പെരുമാട്ടി ഗ്രാമപഞ്ചായത്തിനോട് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാട്ടെ കണ്ണാടിയിലെ പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലന ആശുപത്രിയിലും സമാനമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ ഒക്കുപ്പൻസി റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP