Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടം വാങ്ങിയ ഒന്നരലക്ഷവും ഏട്ടിരട്ടിയും തിരിച്ചു നൽകിയിട്ടും ഈട് നൽകിയ ഭൂമി നൽകിയില്ല; ചോദ്യം ചെയ്തപ്പോൾ തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ച് മർദ്ദിച്ചു; പരാതിപ്പെട്ടപ്പോൾ പൊലീസ് കൈമലർത്തി; ഒന്നരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്; മറുനാടന്റെ ഇടപെടലിന് മറ്റൊരു വിജയം കൂടി

കടം വാങ്ങിയ ഒന്നരലക്ഷവും ഏട്ടിരട്ടിയും തിരിച്ചു നൽകിയിട്ടും ഈട് നൽകിയ ഭൂമി നൽകിയില്ല; ചോദ്യം ചെയ്തപ്പോൾ തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ച് മർദ്ദിച്ചു; പരാതിപ്പെട്ടപ്പോൾ പൊലീസ് കൈമലർത്തി; ഒന്നരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്; മറുനാടന്റെ ഇടപെടലിന് മറ്റൊരു വിജയം കൂടി

എം പി റാഫി

കോഴിക്കോട്: ഓപ്പറേഷൻ കുബേരയിൽ വീണ്ടും കുടുങ്ങി പ്രമുഖ ജൂവലറി മുതലാളി ബോബി ചെമ്മണ്ണൂർ. ബാലുശ്ശേരി എം.എം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ ഭാസ്‌കരൻ നൽകിയ പരാതിയെ തുടർന്നാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് ഭൂമി തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കിയാണ് ഡിവൈ എസ് പി, വി പി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ബാലുശേരി എസ്.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എഫ്.ഐ.ആറിന്റെ പകർപ്പ് മറുനാടൻ മലയാളിക്കു ലഭിച്ചു.

കഴിഞ്ഞ ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ബോബിക്കെതിരെ പൊലീസ് കേസെടുക്കാൻ നിർബന്ധിതരായത്. 59 സെന്റ് ഭൂമി ഈടിനു നൽകി ഒന്നര ലക്ഷം രൂപ കടമായി പലിശക്കുവാങ്ങിയ ശേഷം തിരിച്ചടവായി മുതലും അതിന്റെ എട്ടിരട്ടിയും ഭാസ്‌കരൻ അടച്ചെങ്കിലും ഭൂമിയുടെ ആധാരം തിരിച്ചു രജിസ്റ്റർ ചെയ്തു നൽകാൻ ബോബി തയ്യാറായിരുന്നില്ല. ഭൂമി തിരിച്ച് ആവശ്യപ്പെടുമ്പോഴൊക്കെ വീട്ടിൽ ഗുണ്ടകളെ വിട്ട് വിരട്ടലും ഭീഷണിയുമായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ ഒരിക്കൽ ഭാസ്‌കരന്റെ വീട്ടിലെത്തി ഭാസ്‌കരനെ തട്ടിക്കൊണ്ടു പോകുകയും കോഴിക്കോട്ടെ ജൂവലറിയുടെ ഗോഡൗണിലെ രഹസ്യമുറിയിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. മേലിൽ ഭൂമി ചോദിച്ച് വരരുതെന്ന് പറഞ്ഞ് ഇവിടെ വച്ച് ഭാസ്‌കരനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും വരെ ചെയ്തിരുന്നു.

എന്നാൽ വിഷയം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് പല കാരണങ്ങൾ പറഞ്ഞ് മുതലാളിക്കെതിരെ കേസ് എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. കർഷകനായ ഭാസ്‌കരന്റെ ദുരിതം മറുനാടൻ മലയാളി പുറത്തു കൊണ്ടുവരികയും തുടക്കം മുതൽ പിന്തുടരുകയും ചെയ്തിരുന്നു. 2015 ഡിസംബറിലാണ് ആദ്യമായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഭാസ്‌കരൻ പരാതി നൽകിയത്. എന്നാൽ ഈ പരാതി പിന്നീട് അപ്രത്യക്ഷമായി. തുടർന്ന് വീണ്ടും പരാതി സമർപ്പിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കമ്മീഷണറെ കൂടാതെ റൂറൽ എസ്‌പി മുതൽ എസ്.ഐ വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തിരുന്നില്ല. തുടർന്ന് 2016 ഡിസംബർ 23 കോഴിക്കോട് റൂറൽ ഡിവൈ.എസ്‌പി വിപി സുരേന്ദ്രന് ഭാസ്‌കരനും കുടുംബവും വീണ്ടും പരാതി നൽകുകയുണ്ടായി. ഡിവൈഎസ്‌പി സുരേന്ദ്രൻ ഉടൻ ബാലുശ്ശേരി പൊലീസിന് പരാതി ഫോർവേഡ് ചെയ്യുകയും ഓപ്പറേഷൻ കുബേര ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ രേഖാമൂലം നിർദ്ദേശം നൽകുകയും ചെയ്തു. ഇതേതുടർന്ന് ബാലുശേരി എസ്.ഐ വി ഷിജിത്ത് ഡിസംബർ 24ന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ബാലുശേരി എസ്.ഐക്ക് മുമ്പ് പലതവണ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ മേൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശം വന്നതോടെ ബോബിക്കെതിരെ കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. കേസെടുത്ത വിവരം പരാതിക്കാരനെ അറിയിക്കണമെന്നും എഫ്.ഐ.ആർ പകർപ്പ് നൽകണമെന്നുമാണ് ചട്ടം. എന്നാൽ ആഴ്ചകൾ പിന്നിട്ട് ജനുവരി അവസാനത്തോടെയാണ് ബോബിക്കെതിരെ കേസെടുത്ത വിവരം പൊലീസ് ഭാസ്‌കരനെ അറിയിക്കുന്നത്. ക്രൈം നമ്പർ 1035/16 നമ്പർ പ്രകാരം ബാലുശേരി എസ്.ഐ രജിസ്റ്റർ ചെയ്ത കേസിൽ മണിലെൻഡർ ആക്ട് അണ്ടർ സെക്ഷൻ 3,4 ൃ/ം 17, കേരള പ്രൊഹിബിഷൻ ഓഫ് ചാർജിങ് എക്സോർബിറ്റൻഡ് ആക്ട് 2012 3 ൃ/ം 9 (മ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ഒന്നാം പ്രതിയായി സി.ഡി ബോബി, വില്ല നമ്പർ 8, സ്‌കൈലൈൻ മഡോസ്, സിവിൽ സ്റ്റേഷൻ കോഴിക്കോട് എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വട്ടിപ്പലിശയുടെ പേരിൽ അമിത പലിശ ഈടാക്കുകയും ഒടുവിൽ ഭൂമി തിരിച്ചു രജിസിറ്റർ ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ രണ്ടു കേസുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ കോഴിക്കോട്ട് രജിസ്റ്റർ ചെയ്തത്. ഓട്ടോ തൊഴിലാളിയായ ജോതീന്ദ്രൻ കൊടുത്ത പരാതിയിൽ 2014 ൽ ക്രൈം നമ്പർ 567/14 നമ്പർ പ്രകാരം ബോബിക്കെതിരെ ഓപ്പറേഷൻ കുബേരപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ രണ്ടു കേസുകളും മറുനാടൻ മലയാളിയാണ് പുറത്തു കൊണ്ടുവന്നത്.

1996 ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും പലിശക്ക് വാങ്ങിയത്. കെ.എഫ്.സിയിൽ നിന്നും ലോണെടുത്ത് ഹോളോബ്രിക്സ് നിർമ്മാണം നടത്തിയിരുന്ന ഭാസ്‌കരന്റെ ബിസിനസ് നഷ്ടത്തിലാവുകയും കടബാധ്യത വരികയും ചെയ്തപ്പോഴായിരുന്നു ഭാസ്‌കരൻ ഒന്നര ലക്ഷം രൂപ ബോബിയിൽ നിന്നും കടം വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ.

ഇതനുസരിച്ച് ഭാസ്‌കരൻ 2180/1986 നമ്പറിൽ ജ•ം തീറാധാര പ്രകാരം കൈവശം വച്ചു വന്നിരുന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപയിൽ അധികം തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്‌കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്ട്രേഷൻ മാറ്റുകയും ചെയ്തു. തിരിച്ചടവ് വൈകിച്ച സമയങ്ങളിലെല്ലാം ഗുണ്ടകളെ വിട്ട് ഭീഷണിയും അക്രമവുമായിരുന്നു. ബോബിയുടെ ജീവനക്കാരായ ബൈജു കുറ്റിയിൽ, ജയപ്രകാശ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുതും വലുതുമായ സംഘങ്ങൾ രാപകൽ വ്യത്യാസമില്ലാതെ വീട്ടിലെത്തി അസഭ്യം പറയുകയും കയ്യിലുണ്ടായിരുന്ന പണം പിടിച്ചു പറിച്ചു കൊണ്ടു പോകുകയും ചെയ്തതായി ഭാസ്‌കരൻ നൽകിയ പരാതിയിലുണ്ട്. തിരിച്ചടവ് വൈകിയെന്ന പേരിൽ ഒരു ദിവസം ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ വീട്ടിൽ നിന്നും ഇറക്കി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും കോഴിക്കോട് എം.എം അലി റോഡിലുള്ള ചെമ്മണ്ണൂർ ജൂവലറി ഗോഡൗണിൽ കൊണ്ടു പോയി തന്നെ മർദിക്കുകയും തുടർന്ന് നിരവധി പേപ്പറുകളിൽ ബലംപ്രയോഗിച്ച് ഒപ്പിടുവിക്കുകയും ചെയ്തതായി ഭാസ്‌കരൻ പറയുന്നു.

ബോബിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ചില രാഷ്ട്രീയക്കാരിൽ നിന്നും പൊലീസിൽ നിന്നുമെല്ലാം ഭാസ്‌കരനും കുടുംബത്തിനും എതിർപ്പുകൾ നേരിടേണ്ടി വന്നു. ബോബി മുതലാളിയുടെ പേരിനു കളങ്കമുണ്ടാക്കിയെന്നു കാണിച്ച് ബാലുശേരി പൊലീസ് ഭാസ്‌കരനെതിരെ കള്ളക്കേസ് എടുക്കുക വരെയുണ്ടായി. പൊലീസിലും നിയമത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന നിസ്സഹായരായ ഈ കുടുംബത്തിന് പ്രതീക്ഷയായിരിക്കുകയാണ് ബോബിക്കെതിരെയുള്ള കേസ്. ബോബി കൈവശം വച്ചിരിക്കുന്ന വീടിനോട് ചേർന്ന ഭൂമി മാത്രമാണ് ഭാസ്‌കരന്റെ ആകെയുള്ള സമ്പാദ്യം. ഇതു തിരികെ ലഭിക്കും വരെ നിയമ പോരാട്ടം നടത്താനാണ് ഭാസ്‌കരന്റേയും കുടുംബത്തിന്റേയും തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP