Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ജാതീയതയും പുരുഷാധിപത്യവും അരങ്ങുവാഴുന്നുവെന്ന് ഫെമിനിസ്റ്റുകൾ; സർക്കാർ സ്ഥാപനങ്ങളിലും, പൊതുസമൂഹത്തിലും സെൽ ഭരണം; ദളിതനെ മരുമകനായി അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് നേതാവിന്റെ സവർണ ജാതിചിന്ത; അനുപമയുടെ കുഞ്ഞിന്റെ അനധികൃത ദത്തെടുക്കലിനെക്കുറിച്ച് സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തലുകൾ

കേരളത്തിൽ ജാതീയതയും പുരുഷാധിപത്യവും അരങ്ങുവാഴുന്നുവെന്ന് ഫെമിനിസ്റ്റുകൾ; സർക്കാർ സ്ഥാപനങ്ങളിലും, പൊതുസമൂഹത്തിലും സെൽ ഭരണം; ദളിതനെ മരുമകനായി അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് നേതാവിന്റെ സവർണ ജാതിചിന്ത; അനുപമയുടെ കുഞ്ഞിന്റെ അനധികൃത ദത്തെടുക്കലിനെക്കുറിച്ച് സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തലുകൾ

വരുൺ ചന്ദ്രൻ

തിരുവനന്തപുരം: പേരൂർക്കടയിലെ അനുപമ ചന്ദ്രന്റെ കുഞ്ഞിനെ അനധികൃതമായി തട്ടിയെടുത്ത് ദത്തെടുക്കൽ ഏജൻസിക്ക് കൈമാറിയ സംഭവത്തെക്കുറിച്ച് ഫെമിനിസ്റ്റുകളും, അക്കാദമിക് വിദഗ്ധരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ രാജ്യത്തെ മറ്റ് ഏതൊരു പ്രദേശത്തെയും പോലെ ജാതീയതയുടെയും, പുരുഷാധിപത്യത്തിന്റെയും കോട്ടകളെ വെല്ലുവിളിക്കാൻ സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ധൈര്യപ്പെടുന്നില്ലെന്ന് അഞ്ചംഗ സ്വതന്ത്ര കമ്മീഷന്റെ റിപ്പോർട്ട്.

കേരളത്തിൽ നടന്ന അനധികൃത ദത്തെടുക്കൽ സംഭവത്തിൽ ജാതി, പുരുഷാധിപത്യ- രാഷ്ട്രീയ അവിശുദ്ധ കൂട്ടുക്കെട്ട് നടന്നുവെന്നാണ് ഡോ. കല്യാണി മേനോൻ, ഡോ. നിവേദിത മേനോൻ, അഡ്വ. ജെ എം രുഗ്മ, സിന്ധ്യ സ്റ്റീഫൻ, എനാക്ഷി ഗാംഗുലി എന്നിവരടങ്ങിയ കമ്മീഷന്റെ കണ്ടെത്തൽ. ഇടതുപക്ഷവുമായി പ്രത്യേകിച്ച്, സിപിഎമ്മുമായി വളരെ അടുപ്പം പുലർത്തുന്നവരാണ് കമ്മീഷൻ അംഗങ്ങൾ. ഈ വർഷം മാർച്ച് അഞ്ചിനാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വിവാഹത്തിന് പുറത്തുള്ള ബന്ധം ഒരു പാപമായിട്ടാണ് മലയാളി സമൂഹം കണക്കാക്കുന്നത്. വിവാഹത്തിന് പുറത്തുള്ള ഗർഭധാരണം കുടുംബത്തിന് വലിയ നാണക്കേടാണ്. ഒരു സവർണ സ്ത്രീയും, ദളിത് പുരുഷനും തമ്മിലുള്ള ബന്ധം ആത്യന്തികമായ കുറ്റകൃത്യമാണെന്നും ഈ സമൂഹം വിലയിരുത്തുന്നു. ഈ വിശ്വാസ പ്രമാണങ്ങൾ സമൂഹത്തിന്റെ സംരക്ഷണത്തിന് അടിസ്ഥാനപരമായ ആവശ്യമാണെന്നും കരുതുന്നു.

ദളിത് പുരുഷനുമായുള്ള മകളുടെ വിവാഹം കമ്യൂണിസ്റ്റുകാരനായ പിതാവിന് സഹിക്കാൻ കഴിഞ്ഞില്ല. - കുടുംബത്തിന്റെ മാനത്തിന്മേലുള്ള കളങ്കം ഒഴിവാക്കാൻ അവളുടെ വയറ്റിൽ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ദളിത് മരുമകനെക്കുറിച്ചുള്ള ചിന്ത അനുപമയുടെ കുടുംബത്തിന് അസഹനീയമായിട്ടാണ് തോന്നിയത്. നിയമവിരുദ്ധ കുട്ടികളെ ഒഴിവാക്കി കുടുംബത്തിന്റെ മാനം സൂക്ഷിക്കുന്ന ശ്രേഷ്ഠ ജാതികുലപതികളുടെ നിലവാരത്തിലേക്കാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ മാറിയത്.

കേരളത്തിന്റെ സമസ്ത മേഖലയിലും, സർക്കാർ സ്ഥാപനങ്ങളിലും, സിപിഎമ്മിന്റെ ശക്തമായ സാന്നിധ്യവും അച്ചടക്കവുമുള്ള കേഡറുകൾ പ്രവർത്തിക്കുന്ന സെൽ സംസ്‌കാരം നിലനിൽക്കുന്നു. കേരളത്തിലെ വനിതാ കമ്മീഷന്റെ മുൻ ചെയർപേഴ്‌സണും, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ജോസഫൈൻ നടത്തിയ ആക്രോശത്തോടുകൂടിയുള്ള പ്രസ്താവന കേരളീയ സമൂഹത്തിൽ നിലനിൽക്കുന്ന സെൽ സംസ്‌കാരത്തെ തുറന്നുകാണിക്കുന്നു. ഞാൻ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സണായിരിക്കാം. പക്ഷേ, ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ്. സ്ത്രീകൾക്കെതിരായ കേസുകളിൽ എന്റേതല്ലാത്ത മറ്റൊരു പാർട്ടിയും ഇതുപോലെ കർശന നടപടികൾ സ്വീകരിക്കാറില്ല. ഞങ്ങളുടെ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണ്. മറ്റൊരു കേസിൽ, ഒരു സഹപ്രവർത്തകൻ ലൈംഗികമായി ഉപദ്രവിച്ച ഒരു വനിതാ ഓഫീസർ തന്റെ പരാതി മേലുദ്യോഗസ്ഥരുടെ മുന്നിൽ നൽകുന്നതിന് പകരം പാർട്ടിയുടെ ലോക്കൽ കമ്മിറ്റിക്ക് നൽകാനാണ് ഇഷ്ടപ്പെടുന്നത്-.

അനുപമ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത എഫ്‌ഐആറിൽ പരാമർശിക്കപ്പെട്ട ഒരു വ്യക്തിക്കെതിരെ പോലും പാർട്ടിയോ സർക്കാരോ യാതൊരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണ്. എഫ്‌ഐആറിൽ പരാമർശിക്കപ്പെട്ട ജയചന്ദ്രനും, ഷിജു ഖാനും, സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ ഉന്നത പദവികൾ വഹിക്കുന്നവരാണ്. അതുപോലെ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരി ജയചന്ദ്രന്റെ അടുത്ത അനുയായി ആണ്. ഇവർക്കെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ, ഡിവൈഎഫ്‌ഐ അംഗമായ അജിത്തിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി അയാളുടെ പിതാവിനെ പാർട്ടി ചർച്ചകളിൽ നിന്നും ഒഴിവാക്കുകയും, പാർട്ടി സഹപ്രവർത്തകർ അയാളെ ബഹിഷ്‌കരിക്കുകയും, അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.

നിയമവിരുദ്ധമായ ദത്തെടുക്കലിനെക്കുറിച്ച് ശിശു വികസന വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തിയില്ല. ദത്തെടുക്കലിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടാൽ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് പരിഹാസ്യമായ മറുപടിയാണ് സർക്കാർ പറഞ്ഞത്. ഡയറക്ടറുടെ അന്വേഷണത്തിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയെങ്കിലും സർക്കാരിനും മുഖ്യമന്ത്രിക്കും വ്യക്തിപരമായി കൂടുതൽ നാണക്കേടുണ്ടാകാതിരിക്കാൻ റിപ്പോർട്ട് മൂടിവെച്ചിരിക്കുകയാണ്.

അനുപമയുടെ കുഞ്ഞിനെ കണ്ടെത്തി നൽകാൻ മുഖ്യമന്ത്രിയുടെ സഹായം തേടിയ സിപിഎം ദേശീയ കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ ശ്രീമതി ഈ വിഷയത്തിൽ പ്രകടിപ്പിച്ച നിസ്സഹായതയും കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്. അനുപമയുടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ - അത് കുടുംബപ്രശ്‌നമാണെന്നും അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി ശ്രീമതി ടീച്ചർ അനുപമയോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി കുടുംബ തർക്കത്തിൽ ഇടപ്പെടാൻ തന്റെ നിസ്സഹായാവസ്ഥ അവർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുപമയെയും ഭർത്താവിനെക്കുറിച്ചും പൊതുവേദികളിൽ അശ്ലീലവും, ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങൾ പറയുകയും പ്രകടിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ അജിത്തിനെ ട്രോളുകയും ചെയ്തു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്ത് വിഷയമുണ്ടായാലും പെട്ടെന്ന് പ്രതികരിക്കുന്ന ദേശീയ വനിത- ബാലാവകാശ കമ്മീഷനുകൾ ഒരു ദളിത് ക്രിസ്ത്യൻ പുരുഷനുമായുള്ള ബന്ധത്തിൽ ജനിച്ച ഒരു അമ്മയുടെയും കുട്ടിയുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഇടപ്പെട്ടില്ലായെന്നത് ശ്രദ്ധേയമാണ്.

ശിശുക്ഷേമ സമിതിപോലുള്ള സംസ്ഥാന ഏജൻസികളുടെ സംവിധാനത്തിലും നടത്തിപ്പിലും വന്ന ജീർണതയും, നിയമവിരുദ്ധതയുമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. ദത്തെടുക്കലിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ശിശുക്ഷേമ സമിതിയും, ബാലാവകാശ കമ്മീഷനും ബോധപൂർവ്വവും, മനഃപൂർവ്വവും ലംഘിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP