Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൃഷി ചെയ്യാനെടുത്തത് ഒന്നരയേക്കർ പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ; കാർഷിക ലോണിൽ തിരിച്ചടവ് മുടങ്ങിയപ്പോൾ കോടതി പറഞ്ഞത് 10 ലക്ഷം അടയ്ക്കാൻ; ദൈവദൂതനായെത്തി ഏഴ് ലക്ഷത്തിന് കോപ്ലിമെന്റാക്കാമെന്ന് മാനേജർ; എല്ലാം വിശ്വസിച്ച് കോവളത്തെ ലോഡ്ജ് പണയം വച്ച് പണം അടച്ച തുക ആവിയായി; പന്ത്രണ്ട് ലക്ഷം കൈക്കലാക്കാൻ വളഞ്ഞ വഴിയിലെ തന്ത്രമൊരുക്കൽ ചന്ദ്രന്റെ പ്രതിരോധത്തിൽ പൊളിഞ്ഞു; ഫെഡറൽ ബാങ്കിന്റെ കാട്ടക്കട ശാഖ കർഷകനോട് കാട്ടിയ ക്രൂരതയുടെ കഥ

കൃഷി ചെയ്യാനെടുത്തത് ഒന്നരയേക്കർ പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ; കാർഷിക ലോണിൽ തിരിച്ചടവ് മുടങ്ങിയപ്പോൾ കോടതി പറഞ്ഞത് 10 ലക്ഷം അടയ്ക്കാൻ; ദൈവദൂതനായെത്തി ഏഴ് ലക്ഷത്തിന് കോപ്ലിമെന്റാക്കാമെന്ന് മാനേജർ; എല്ലാം വിശ്വസിച്ച് കോവളത്തെ ലോഡ്ജ് പണയം വച്ച് പണം അടച്ച തുക ആവിയായി; പന്ത്രണ്ട് ലക്ഷം കൈക്കലാക്കാൻ വളഞ്ഞ വഴിയിലെ തന്ത്രമൊരുക്കൽ ചന്ദ്രന്റെ പ്രതിരോധത്തിൽ പൊളിഞ്ഞു; ഫെഡറൽ ബാങ്കിന്റെ കാട്ടക്കട ശാഖ കർഷകനോട് കാട്ടിയ ക്രൂരതയുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: കാർഷിക ലോൺ എടുത്ത് പ്രതിസന്ധിയിലായ കർഷകനെ ഊരാക്കുടുക്കിലാക്കാൻ ശ്രമിച്ച ബാങ്ക് അധികൃതർക്ക് ലഭിച്ചത് എട്ടിന്റെ പണി. കുരുങ്ങിയ കുരുക്കിൽ നിന്ന് ഊരാനും പ്രതിസന്ധി പരിഹരിക്കാനും കഴിയാതെ വലയുകയാണ് ഇപ്പോൾ ബാങ്ക് അധികൃതർ. കേരളത്തിലെ മികച്ച ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കാണ് കാർഷിക ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങിയ കർഷകനെ അഞ്ചു ലക്ഷം രൂപ വാങ്ങി കുരുക്കാൻ ശ്രമിച്ച് പണി വാങ്ങിയത്. ബാങ്ക് അധികൃതരുടെ ചെയ്തികൾ കാരണമുള്ള പ്രശ്‌നങ്ങളെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് കാട്ടാക്കട ഫെഡറൽ ബാങ്ക് അടയ്ക്കാനും സാധിച്ചത്.

കാട്ടാക്കട സ്വദേശിയായ ചന്ദ്രൻ 2007-ൽ എടുത്ത കാർഷിക ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പണം ഈടാക്കാൻ ബാങ്ക് കാണിച്ച അതിസാമർഥ്യമാണ് കാട്ടാക്കട ഫെഡറൽ ബാങ്കിന് കുരുക്കായത്. 2007 ലാണ് ചന്ദ്രൻ കാട്ടാക്കട ഫെഡറൽ ബാങ്കിൽ നിന്ന് നാലരലക്ഷം രൂപ വായ്പ എടുക്കുന്നത്. കാർഷിക ലോൺ ആയാണ് ഒന്നരയേക്കർ സ്ഥലം പണയപ്പെടുത്തി ചന്ദ്രൻ വായ്പയെടുത്തത്. പ്രതിസന്ധിയിലായതിനെ തുടർന്ന് ലോണിന്റെ തിരിച്ചടവ് മുടങ്ങി. തുടർന്ന് പണം ഈടാക്കാനായി ചന്ദ്രനെതിരെ ഫെഡറൽ ബാങ്ക് കേസ് നൽകി. കേസിൽ വിജയം ഫെഡറൽ ബാങ്കിനായിരുന്നു. ആറര ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ആയിരുന്നു വിധി. അറരലക്ഷം രൂപയും പലിശയും ചേർത്ത് 10 ലക്ഷം രൂപ അടയ്ക്കാൻ ആയിരുന്നു വിധി വന്നത്. 2017-ൽ ഫെഡറൽ ബാങ്ക് പെറ്റിഷൻ .ഫയൽ ചെയ്തു. പത്ത് ലക്ഷം രൂപ ചന്ദ്രനിൽ നിന്ന് ഈടാക്കാനാണ് കേസ് ഫയൽ ചെയ്തത്.

വസ്തു വിൽക്കുന്നതിന്റെ ഭാഗമായി കോടതി നോട്ടീസും ബാങ്ക് വസ്തുവിൽ പതിച്ചു. പരിഭ്രാന്തനായി ഓടി നടന്ന ചന്ദ്രന്റെ മുന്നിലേക്ക് ദൈവദൂതന്റെ റോളിൽ ഫെഡറൽ ബാങ്ക് മാനേജർ മുന്നിൽ വന്നു. ആറു ലക്ഷം രൂപ ബാങ്കിൽ അടച്ചാൽ നമുക്ക് വൺ ടൈം സെറ്റിൽമെന്റ് നടത്താം എന്ന് പറഞ്ഞു. രണ്ടു ലക്ഷം രൂപ എടുക്കാനില്ലാത്ത ചന്ദ്രനോടാണ് ബാങ്ക് മാനേജർ ആറു ലക്ഷം രൂപ അടയ്ക്കാൻ പറഞ്ഞത്. ചന്ദ്രനു കാര്യങ്ങൾ മനസിലായില്ല. 10 ലക്ഷം കോടതി അടയ്ക്കാൻ പറഞ്ഞ കേസ്, വിധി വന്ന കേസ് എങ്ങിനെ ആറു ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാൻ കഴിയും. പക്ഷെ ബാങ്ക് മാനേജരുടെ നിർബന്ധം കൂടിവന്നപ്പോൾ കാശ് ചന്ദ്രൻ തിരിച്ചടയ്ക്കാൻ തീരുമാനിച്ചു. കാരണം ലോൺ ഒഴിവായാൽ ഒന്നര ഏക്കർ കണ്ണായ സ്ഥലത്തെ ജപ്തിയും ലേലവും ഒഴിവാക്കാം. അതിനു ചന്ദ്രൻ കണ്ട ഉപായം കോവളത്ത് ഉള്ള ലോഡ്ജ് പണയപ്പെടുത്തുകയായിരുന്നു. അങ്ങിനെ ലോഡ്ജ് പണയപ്പെടുത്തിയ അഞ്ചു ലക്ഷം രൂപയാണ് ചന്ദ്രൻ ബാങ്കിൽ അടച്ചത്. ചന്ദ്രൻ അടയ്ക്കുകയായിരുന്നില്ല. ബാങ്ക് മാനേജർ തന്നെ സ്ലിപ്പ് എഴുതി പണം നേരിട്ട് അടയ്ക്കുകയായിരുന്നു. എട്ടാം തീയതിയാണ് പണം അടച്ചത്. തൽക്കാലത്തേക്ക് ലേലം ഒഴിവാക്കാൻ തീരുമാനിച്ച ആശ്വാസത്തിൽ ചന്ദ്രൻ മടങ്ങുകയും ചെയ്തു.

രണ്ടു ദിവസത്തിനുള്ളിൽ കേസ് കോടതിയിൽ വന്നു. കോടതിയിൽ പക്ഷെ ഈ തുക അടച്ച കാര്യം ബാങ്ക് പരാമർശിച്ചതേയില്ല. ചന്ദ്രൻ ബാങ്കിൽ എത്തി സ്റ്റേറ്റ്മെന്റ് ചോദിച്ചു. പക്ഷെ കേസിൽ ഉള്ള അകൗണ്ട് ആയതിനാൽ സ്റ്റേറ്റ്മെന്റ് ഫെഡറൽ ബാങ്ക് നൽകിയതേയില്ല. അടച്ച പണം എവിടെ എന്ന് ചോദിച്ചപ്പോൾ ബാങ്ക് പറഞ്ഞു. ആ പണം അകൗണ്ടിൽ വരില്ല. ആ പണം ബാങ്ക് സേഫ് കസ്റ്റഡിയിലേക്ക് മാറ്റുകയാണ് ചെയ്തത്. ബാക്കി എത്ര അടയ്ക്കണം എന്ന് ചോദിച്ചപ്പോൾ ബാങ്ക് പറഞ്ഞത് കേട്ട് ചന്ദ്രൻ ഞെട്ടി. ഇനി അടയ്ക്കാനുള്ളത് ഏഴു ലക്ഷം രൂപ. കോടതി അടയ്ക്കാൻ പറഞ്ഞ തുക മുഴുവൻ തുക പത്ത് ലക്ഷം രൂപയാണ്. ബാങ്ക് പറയുന്നത് കോടതിക്കും മുകളിൽ നിന്ന് 12 ലക്ഷം രൂപ. കാർഷിക ലോൺ ആയിരുന്നു ഇത് എന്നതുകൂടി ഓർക്കേണ്ടതുണ്ട്. ബാങ്ക് വഞ്ചിക്കുകയാണ് എന്ന് മനസിലായതോടെ നിയമവിദഗ്ദനായ സിജു രാജന്റെയും ജനപക്ഷം നേതാവായ പാലപ്പൂർ സുരേഷിന്റെയും സഹായം കൂടി ചന്ദ്രൻ തേടി. ഉച്ച കഴിഞ്ഞു സിജു രാജനും ചന്ദ്രനും സുരേഷും അടക്കമുള്ളവർ ബാങ്കിൽ ചെന്നു. സെറ്റിൽമെന്റ് ആണെങ്കിൽ കോടതി കേസ് നിർത്തിവയ്ക്കണം. അഞ്ചു ലക്ഷം രൂപ ബാങ്കിന്റെ കയ്യിലുണ്ട്. അതിന്റെ രസീതുമുണ്ട്. 10 ലക്ഷം രൂപയ്ക്ക് ആണെങ്കിൽ മാത്രമേ കോടതിയിൽ പോകാൻ കഴിയൂ. കേസ് 10 ലക്ഷത്തിന്റേത് ആണ്. ഇപ്പോൾ ഉന്നയിച്ച ആവശ്യപ്രകാരം ബാങ്കിന് നിയമപരമായി കേസിനു പോകാൻ കഴിയില്ല. ഇത് വിശദമാക്കിയപ്പോൾ ബാങ്ക് പറഞ്ഞു.

അന്നത്തെ മാനേജർ ലീവിലാണ്. ബാങ്കിന്റെ തൊടുന്യായങ്ങൾ ഇവർ തള്ളിക്കളഞ്ഞു. അടുത്ത ബാങ്കിന്റെ മാനേജർ, അല്ലെങ്കിൽ ബാങ്കിന്റെ ഉന്നതർ വന്നേ തീരൂ എന്ന് ചന്ദ്രനും ഒപ്പമുള്ളവരും ശഠിച്ചു. കാരണം മാനേജർ സ്വന്തം കൈപ്പടയിൽ രസീതാക്കിയ പണം ആണിത്. അതുകൊണ്ടു ഉത്തരവാദിത്തം ബാങ്കിന്റേതാണ്. ഇങ്ങിനെ ഒരു രസീത് വാങ്ങിക്കാൻ ബാങ്കിന് അധികാരമുണ്ടോ എന്ന് കൂടി ഇവർ ആരാഞ്ഞു, കാരണം കേസിലുള്ള ഒരു അകൗണ്ട് ആണിത്. ആ അകൗണ്ടിൽ എങ്ങിനെ ബാങ്ക് പണം വാങ്ങും. അപ്പോൾ ബാങ്ക് പറഞ്ഞു. ഞങ്ങൾ തുക മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഇതും ചോദ്യം ചെയ്തതോടെ ബാങ്ക് കുഴഞ്ഞു.

കോടതി പറഞ്ഞ തുകയിൽ നിന്നും കൂടുതൽ വാങ്ങാൻ ബാങ്കിന് എങ്ങിനെ കഴിയും എന്ന് ചോദിച്ചപ്പോഴും ബാങ്കിന് ഉത്തരം മുട്ടി. നിങ്ങൾക്ക് 12 ലക്ഷം രൂപ വേണം. കോടതി പറഞ്ഞത് 10 ലക്ഷം. കാർഷിക വായ്പയാണ്. ഇങ്ങിനെ അടിയന്തരമായി ജപ്തി നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന നിയമം അനുസരിച്ചും റിസർവ് ബാങ്ക് നിയമമനുസരിച്ചും ബാങ്കിന് കഴിയില്ല. ബാങ്ക് ചട്ടങ്ങൾ മുഴുവൻ ലംഘിച്ചിരിക്കുന്നു. എന്തുകൊണ്ട് അഞ്ചു ലക്ഷം രൂപ വാങ്ങി എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനും ബാങ്ക് അധികൃതർക്ക് മറുപടി വന്നില്ല.

അവസാനം ബാങ്ക് അധികൃതർ പൊലീസിനെ വിളിച്ചു വരുത്തി. സംഭവത്തിൽ പ്രതികൾ ബാങ്ക് ആണെന്നും കാട്ടാക്കട പൊലീസിന് ബോധ്യമായി. ഒടുവിൽ രാത്രി ഏഴായപ്പോൾ ശാഖ അടയ്ക്കാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ബാങ്ക് അധികൃതർ എല്ലാവരും എത്തി. അവർ പരസ്പരം ചർച്ചയിൽ മുഴുകി. എത്ര രൂപ സെറ്റിൽമെന്റിനു അടയ്ക്കാൻ കഴിയും എന്ന് ബാങ്ക് ആരാഞ്ഞു. ഏഴു ലക്ഷം രൂപ മാക്‌സിമം എന്ന് മറുപടി പറഞ്ഞു.

അതിനു ബാങ്ക് പറഞ്ഞത്, നിങ്ങൾ അപേക്ഷ നൽകിയാൽ പരിഹരിക്കാം എന്നാണ് പറഞ്ഞത്. അപേക്ഷയിൽ ഉള്ള കുടുക്ക് മനസിലായ ചന്ദ്രനും കൂട്ടരും അതിനു വഴങ്ങിയില്ല.അപേക്ഷ നൽകിയാൽ മുൻപ് നൽകിയ അഞ്ചു ലക്ഷം രൂപ ഈ അപേക്ഷയുടെ പേരിൽ എന്ന് വരും. അതിനാൽ ഈ നിർദ്ദേശം പരാതിക്കാർ തള്ളിക്കളഞ്ഞു. ഒടുവിൽ ബാങ്ക് പറഞ്ഞു. അടച്ച അഞ്ചു ലക്ഷം രൂപ തിരികെ നൽകാം. പക്ഷെ അതിനു ചന്ദ്രൻ തയ്യറായതുമില്ല. അഞ്ചു ലക്ഷം രൂപ വാങ്ങിയത് പിഴവാണെന്നു ബാങ്കിലെ ഉന്നതർക്ക് മനസിലായി. അതുകൊണ്ട് തന്നെ ഇപ്പോൾ വഞ്ചനാക്കേസ് നൽകാതിരിക്കാൻ ബാങ്ക് അധികൃതർ ചന്ദ്രന് പിറകെയാണ്.

ചന്ദ്രനാണെങ്കിൽ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതിക്കും റിസർവ് ബാങ്കിനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. ഫെഡറൽ ബാങ്ക് അധികൃതർ ആണെങ്കിൽ അഞ്ചു ലക്ഷം അകൗണ്ടിൽ അടയ്ക്കാൻ വാങ്ങി സേഫ് കസ്റ്റഡിയിൽ വെച്ച സംഭവം എങ്ങിനെ പരിഹരിക്കാം സാധിക്കും എന്നോർത്ത് തലപുകയുകയുമാണ്. ഇതു സംബന്ധിച്ച് ബാങ്കിന്റെ പ്രതികരണം മറുനാടൻ തേടിയെങ്കിലും ലഭ്യമായില്ല. പ്രതികരിക്കാൻ കാട്ടക്കട ബ്രാഞ്ചിലെ ആരും തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP