Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് കടക്കുമെന്ന് ഭാസ്‌കര മൂർത്തി ഭയന്ന് വിറച്ചപ്പോൾ യൂറോപ്പിലേക്ക് മുങ്ങിയെന്ന് കരുതിയ സുദർശൻ പത്മനാഭൻ മിസോറമിൽ നിന്ന് അതിവേഗം പറന്നെത്തി; മുങ്ങിയ അദ്ധ്യാപകന്റെ തിരിച്ചുവരവിൽ നിറയുന്നത് ഐഐടിയിലെ ഒത്തുകളി രാഷ്ട്രീയം; ഇനി ക്യാമ്പസ് വിട്ടു പോകരുതെന്ന നിർദ്ദേശത്തോടെ സുദർശൻ പത്മനാഭൻ കഴിയുന്നത് പൊലീസിന്റെ വലയത്തിന് നടുക്ക്; മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാൽ ഏത് നിമിഷവും അറസ്റ്റ്; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ കാരണക്കാരൻ കുടുങ്ങുമ്പോൾ

ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് കടക്കുമെന്ന് ഭാസ്‌കര മൂർത്തി ഭയന്ന് വിറച്ചപ്പോൾ യൂറോപ്പിലേക്ക് മുങ്ങിയെന്ന് കരുതിയ സുദർശൻ പത്മനാഭൻ മിസോറമിൽ നിന്ന് അതിവേഗം പറന്നെത്തി; മുങ്ങിയ അദ്ധ്യാപകന്റെ തിരിച്ചുവരവിൽ നിറയുന്നത് ഐഐടിയിലെ ഒത്തുകളി രാഷ്ട്രീയം; ഇനി ക്യാമ്പസ് വിട്ടു പോകരുതെന്ന നിർദ്ദേശത്തോടെ സുദർശൻ പത്മനാഭൻ കഴിയുന്നത് പൊലീസിന്റെ വലയത്തിന് നടുക്ക്; മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാൽ ഏത് നിമിഷവും അറസ്റ്റ്; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ കാരണക്കാരൻ കുടുങ്ങുമ്പോൾ

എം മനോജ് കുമാർ

ചെന്നൈ: ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ സുദർശൻ പത്മനാഭനെ മിസോറാമിൽ നിന്നും വിളിച്ചു വരുത്തിയത് ഐഐടി ഡയറക്ടറുടെ ഇടപെടൽ. ഐഐടിയുടെ ഡയരക്ടർ ഭാസ്‌കരമൂർത്തിയുടെ ഇടപെടൽ വന്നപ്പോഴാണ് സുദർശൻ പത്മനാഭൻ മിസോറാമിൽ നിന്നും മടങ്ങിയത് എന്നാണ് സൂചന. അറസ്റ്റിന്റെ സാഹചര്യത്തിന്റെ വെളിച്ചത്തിൽ നിലവിൽ ക്യാമ്പസിൽ കരുതൽ തടങ്കലിലാണ് സുദർശൻ പത്മനാഭൻ. വലിയ സംഘം പൊലീസും ക്യാമ്പസിലുണ്ട്.

ക്യാമ്പസ് വിട്ടു പോകരുത് എന്ന് പൊലീസ് അദ്ധ്യാപകന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് നിമിഷവും അറസ്റ്റ് വന്നേക്കാം എന്ന സൂചനയാണ് പൊലീസിന്റെ നീക്കങ്ങളിൽ നിന്നും ലഭിക്കുന്നത്. ഐഐടി മദ്രാസിലെ ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ, ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ ആണ് സുദർശൻ പത്മനാഭൻ. സുദർശൻ പത്മനാഭന്റെ മാനസിക പീഡനം താങ്ങാൻ കഴിയാതെയാണ് തങ്ങളുടെ മകൾ ആത്മഹത്യ ചെയ്തതെന്നാണ് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഫാത്തിമയുടെ ഫോണിന്റെ വാൾ പേപ്പറിൽ തന്നെ മരണത്തിനു കാരണക്കാരൻ സുദർശൻ പത്മനാഭൻ എന്ന് രേഖപ്പെടുത്തിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ഫാത്തിമയുടെ മരണത്തിൽ അദ്ധ്യാപകന് ഊരിപ്പോരാനുള്ള സാധ്യതകൾ വിരളവുമാണ്. അറസ്റ്റിനു പൊലീസ് കാത്തു നിൽക്കുന്നത് ഫോണിന്റെ ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കാൻ വേണ്ടിയാണ്.

വാൾ പേപ്പറിൽ തന്നെ ഫോണിലെ സാംസഗ് നോട്ടിൽ എല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഫാത്തിമ വ്യക്തമാക്കിയിരുന്നു. ഈ പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് അറസ്റ്റുകൾ പൊലീസ് ആരംഭിച്ചേക്കും. അതെ സമയം ഫാത്തിമ എഴുതിയ ഒരു കത്ത് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫിന്റെ കയ്യിലുണ്ട് എന്ന് സൂചനയുണ്ട്. ലെറ്ററോ ഒരു ഇമെയിലോ ആണിത്. ഇത് തന്റെ കൈവശം എത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ഫാത്തിമ പൂർത്തിയാക്കിയിരുന്നു എന്നാണ് പിതാവ് മറുനാടനോട് വെളിപ്പെടുത്തിയത്.

പക്ഷെ ഫാത്തിമയുടെ മരണം കാമ്പസിനെ ഉലയ്ക്കാൻ വേണ്ടതെല്ലാം കാമ്പസ് അധികൃതർ ചെയ്യുന്നുണ്ട്. പരീക്ഷ നടത്താതെ ഒന്നാംവർഷ വിദ്യാർത്ഥികളെ അധികൃതർ വീട്ടിലേക്ക് അയച്ചപ്പോൾ മറ്റു വർഷക്കാർക്ക് പരീക്ഷയ്ക്ക് ഉള്ള തയ്യാറെടുപ്പുകൾ അധികൃതർ പൂർത്തിയാക്കുന്നുണ്ട്. മരണം കാമ്പസിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള യത്‌നവും ഇതിനു പിന്നിലുണ്ട്. കാമ്പസിൽ എല്ലാം സാധാരണ പോലെ നടപ്പാക്കുന്നു എന്ന് തെളിയിക്കാനുള്ള വ്യഗ്രത കാമ്പസിൽ ഇപ്പോൾ വിമർശിക്കപ്പെടുന്നുമുണ്ട്. വിദ്യാർത്ഥികളിൽ നിന്നും ഇതിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രി പളനി സാമിയെ സന്ദർശിക്കാൻ എത്തിയ കുടുംബം ഇപ്പോഴും ചെന്നൈയിൽ തങ്ങുകയാണ്. എന്തെങ്കിലും തുടർ നടപടികൾ സുദർശൻ പത്മനാഭന്റെ അറസ്റ്റ് ഉൾപ്പെടെ നടക്കുമോ എന്നുള്ള കാര്യം അറിയാനാണ് കുടുംബം ഇപ്പോഴും ചെന്നൈയിൽ തങ്ങുന്നത്. അതേസമയം മുക്കുത്തിയണിഞ്ഞു നീല സാരി ധരിച്ച സ്ത്രീയെ ഇന്നലെ കുടുംബം നേരിൽക്കണ്ടു. ഏറ്റവും ഒടുവിലായി രാത്രിയിൽ ഫാത്തിമയോട് സംസാരിച്ചത് ഈ സ്ത്രീ ആയിരുന്നു. പക്ഷെ എന്താണ് ഫാത്തിമയോട് സംസാരിച്ചത് എന്ന കാര്യം ഇവർ കുടുംബത്തിനോട് വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് ഈ സ്ത്രീയെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ചെന്നൈ അസിസ്റ്റന്റ്‌റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെന്നൈ പൊലീസ് കമ്മിഷണറും ഡിജിപിയുമെല്ലാം കേസിന്റെ മേൽനോട്ടം നടത്തുന്നുമുണ്ട്. കേസിൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ടു കേരളം തമിഴ്‌നാടിനു കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് കേസ് നടപടികൾ ശക്തമാക്കിയത്. അന്വേഷണം ചെന്നൈ പൊലീസ് കമ്മിഷണർക്ക് വിടുകയും ചെയ്തിരുന്നു.

ആത്മഹത്യാക്കുറിപ്പിൽ അദ്ധ്യാപകന്റെ പേരുണ്ടായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മദ്രാസ് ഐഐടിയുടേതെന്ന് പിതാവ് ലത്തീഫിന്റെ ആരോപണം. അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് എഫ് ഐ ആറിൽ ചേർത്തിട്ടില്ലെന്നും പിതാവ് ലത്തീഫ് പറഞ്ഞു. മൊബൈൽ ഫോണുകളിലെ ഡാറ്റ നശിപ്പിച്ചതായും കുടുംബം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർത്ഥിനി ആയിരുന്നു കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ്.

കഴിഞ്ഞവർഷം സെന്റർ സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസിൽ പ്രവേശനം നേടിയത്. തങ്ങളുടെ മകളായ ഫാത്തിമ ലത്തീഫ് മരിച്ചതുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ അദ്ധ്യാപകരോ ഉദ്യോഗസ്ഥരോ തന്നെയോ ഭാര്യയെയോ വിളിച്ച് ഒരു വിവരവും അന്വേഷിച്ചിട്ടില്ലെന്ന് ഫാത്തിമയുടെ പിതാവ് ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്നെയോ തന്റെ ഭാര്യയെയോ ആരും വിളിച്ചിട്ടില്ല. ഒരു വിവരവും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരണത്തിനു മുമ്പ് അമ്മയുമായി സംസാരിക്കുമ്പോൾ എസ് പി എന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും അത് സുദർശൻ പത്മനാഭനാണെന്ന് ഇപ്പോളാണ് മനസിലായതെന്നും ഫാത്തിമയുടെ ബന്ധുക്കളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്റെ മകൾക്ക് അവളുടെ അദ്ധ്യാപകരിൽ നിന്ന് മതപരവും ജാതീയവുമായ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പിതാവിന്റെ ആരോപണം. . തന്റെ പേരു തന്നെ അവിടെ ഒരു പ്രശ്‌നമായിരുന്നെന്ന് ഫാത്തിമ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ചില അദ്ധ്യാപകരും വിദ്യാർത്ഥികളും തന്നെ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഫാത്തിമയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ വിശദമായ ആത്മഹത്യാക്കുറിപ്പിൽ ഹേമചന്ദ്രൻ, ബ്രഹ്മെ എന്നിവരുടെ പേരും പരാമർശിച്ചിട്ടുണ്ട്.

19 വയസുള്ള ഫാത്തിമയെ ഐഐടിയിലെ തന്റെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ജൂലൈയിൽ അഡ്‌മിഷൻ എടുത്ത ഫാത്തിമയാണ് നവംബർ ഒമ്പതിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിലുള്ള വിഷമമാണ് ഫാത്തിമ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സംശയിക്കുന്നതെന്നാണ് പൊലീസ് പ്രതികരിച്ചത്. പക്ഷെ മൊബൈൽ ഫോണിന്റെ വാൾ പേപ്പറിലെ വാക്കുകൾ വെളിയിൽ വന്നതോടെ ആത്മഹത്യ മാനസിക പീഡനം കാരണമാണെന്ന ആരോപണം ഉയരുകയായിരുന്നു. പക്ഷെ സാംസംഗ് നോട്ടിൽ എന്താണ് ഫാത്തിമ കുറിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല. ആ ഫോറൻസിക് റിപ്പോർട്ട് ആണ് ഫാത്തിമയുടെ മരണത്തിൽ നിർണ്ണായകമായി മാറുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP